ചോദ്യം : സാധാരണയായി ഒരു മരണവാർത്ത കേൾക്കുമ്പോൾ നാം മുസ്ലിം കൾ ചൊല്ലാറുള്ള ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന വാക്യം ഒരു അമുസ്ലിമിന്റെ മരണവാർത്ത കേട്ടാൽ ചൊല്ലാമോ?
ഉത്തരം : പ്രസ്തുത വാക്യം മരണവാർത്ത കേൾക്കുമ്പോൾ മാത്രം ചൊല്ലാനുള്ളതല്ല. കഷ്ടനഷ്ടങ്ങൾ നേരിടുമ്പോൾ ക്ഷമാശീലരായ വിശ്വാസികളുടെ നിലപാട് എന്തായിരിക്കുമെന്ന് വിശദീകരിച്ചുകൊണ്ട് ഖുർആൻ അതുസംബന്ധിച്ച് പറഞ്ഞതിങ്ങനെയാണ്: “അവർ ഏതാപത്തു ബാധിക്കുമ്പോഴും “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ നാം അല്ലാഹുവിന്നുള്ള വരല്ലോ, അവനിലേക്ക് തന്നെ മടങ്ങേണ്ടവരല്ലോ എന്നു പറയുന്നവരാകുന്നു” (അൽബഖറഃ 156). മുസ്ലിംകൾ മരണമല്ലാത്ത കഷ്ടനഷ്ടങ്ങൾ നേരിടുമ്പോഴും ഈ വാക്യം ചൊല്ലാവുന്നതും ചൊല്ലേണ്ടതുമാണ്.
മുസ്ലിമല്ലാത്തവരുടെ മരണവും ചിലപ്പോൾ മുസ്ലിമിന്ന് വ്യക്തിപരമോ സാമൂഹികമോ ആയ നഷ്ടത്തിനും കഷ്ടത്തിനും ഇടയായിക്കൂടായ്കയില്ല. അത്തരം സന്ദർഭങ്ങളിലും ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി…’ ചൊ ല്ലാവുന്നതാണ്. അതുപോലെ മുസ്ലിമായി അറിയപ്പെടുന്ന ചിലരുടെ മരണം വ്യക്തിക്കോ സമൂഹത്തിനോ ആശ്വാസമായെന്നുമിരിക്കും. അത്തരം സന്ദർഭങ്ങളിൽ ഇന്നാലില്ലാഹി ചൊല്ലിക്കൊള്ളണമെന്നുമില്ല. ആശ്വാസവും സമാധാനവും ലഭിക്കുമ്പോൾ ‘അൽഹംദു ലില്ലാഹ്’ (അല്ലാഹുവിനു സ്തുതി) എന്നാണല്ലോ ചൊല്ലേണ്ടത്.