ചോദ്യം: മുസ്ലിംകളുടെ ഖിബ് ല കഅ്ബയാണെന്നാണല്ലോ സാധാരണ പറഞ്ഞു വരുന്നത്. എന്നാൽ വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലും ഖിബ് ലയായി നിർദേശിക്കപ്പെട്ടുകാണുന്നത് മസ്ജിദുൽ ഹറാമാണ്. കഅ്ബയും മസ്ജിദുൽ ഹറാമും ഒന്നാണോ? രണ്ടും വ്യത്യസ്തമാണെങ്കിൽ വ്യത്യാസ മെന്താണെന്നും മസ്ജിദുൽ ഹറാമിനെ ഖിബ് ലയാക്കാത്തതെന്തുകൊണ്ടാണെന്നും ഒന്നു വിശദീകരിക്കാമോ? ജനങ്ങൾക്കുവേണ്ടി നിർമിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയിലുള്ളതാണ്… എന്ന സൂക്തത്തിലെ ‘ബൈത്തിൽ മസ്ജിദുൽ ഹറാം ഉൾപ്പെടുമോ?
ഉത്തരം: മസ്ജിദുൽ ഹറാമിന്റെ ഹൃദയഭാഗത്താണ് കഅ്ബ. അതുകൊണ്ട് മസ്ജിദുൽ ഹറാമിനെ ഖിബ് ലയാക്കലും കഅ്ബയെ ഖിബ് ലയാക്കലും ഒന്നു തന്നെ. കഅ്ബ നിർമിക്കുമ്പോൾ തന്നെ മസ്ജിദുൽ ഹറാമും നിർമിച്ചുവോ എന്നു വ്യക്തമായി പറയാനാവില്ല. എങ്കിലും ഇസ്ലാമിനുമുമ്പു തന്നെ മസ് ജിദുൽ ഹറാം നിലവിലുണ്ട്. കഅ്ബ നിർമിച്ചപ്പോൾ തന്നെ മസ്ജിദുൽ ഹറാമും നിർമിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത സൂക്തത്തിലെ ബൈത്തി’ൽ (മന്ദിരം) മസ്ജിദുൽ ഹറാം മുഴുവൻ ഉൾപ്പെടും. കഅ്ബയുടെ നാലുഭാഗത്തും ഒരു കവചമെന്നോണം നിലകൊള്ളുന്ന കെട്ടിടവും, കഅ്ബക്കും ഈ കെട്ടിടങ്ങൾക്കും ഇടയിലുള്ള തളവും കഅ്ബയും ഉൾപ്പെട്ടതാണ് മസ്ജിദുൽ ഹറാം. മസ്ജിദുൽ ഹറാമിന്റെ അകത്തു നമസ്കരിക്കുന്നവർ നാലുഭാഗത്തുനിന്നും കഅ്ബയിലേക്കു തിരിഞ്ഞു നമസ്കരിക്കുന്നുവെന്നതുതന്നെ യഥാർത്ഥ ഖിബ് ല കഅ്ബയാണെന്നു സൂചിപ്പിക്കുന്നു. മസ്ജിദുൽ ഹറാമും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഹറം. കഅ്ബയിൽ നിന്ന് മദീനയുടെ ഭാഗത്തേക്ക് തൻഈം (ഇന്നത്തെ മസ്ജിദുൽ ആഇശഃ) വരെയും യമൻ ഭാഗത്തേക്ക് അദാത് ലിബ്ൻ വരെയും ജിദ്ദ ഭാഗത്തേക്ക് ഹുദൈബിയാ വരെയും ഇറാഖ് ഭാഗത്തേക്ക് ജബൽ മുഖത്വഅ് വരെയും ത്വാഇഫ് ഭാഗത്തേക്ക് അറഫ വരെയും വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ് ഹറം. ഇത് പഴയ കാലത്തെ അതിർത്തി നിർണയമാണ്. ഇന്ന് പുതിയ പേരുകളിൽ അറിയപ്പെടുന്ന ഹറമിന്റെ അതിർത്തികളിൽ വിവിധ ഭാഷകളിലുള്ള അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0