ചോദ്യം: ഒരു മാസികയിൽ ഇപ്രകാരം വായിക്കാനിടയായി. ജനാസ കൊണ്ടുപോകുമ്പോൾ എഴുന്നേൽക്കൽ നിർബന്ധമില്ല. സുന്നത്തുമില്ല. മറിച്ചു കറാഹത്താണ്. ഇതു ശരിയാണോ?
ഉത്തരം: ജനാസ കൊണ്ടുപോകുന്നത് കണ്ടാൽ, അതു കടന്നുപോകുന്നതു വരെ എഴുന്നേറ്റു നിൽക്കുക സുന്നത്താകുന്നു. ബുഖാരി, മുസ്ലിം എന്നിവരുൾപ്പെടെയുള്ള മുഹദ്ദിസുകൾ ഉദ്ധരിച്ച് നിരവധി പ്രബലമായ ഹദീസുകൾ അതിന്നു തെളിവായുണ്ട്. ഉദാഹരണത്തിനു അവയിലൊന്ന് താഴെ ഉദ്ധരിക്കുന്നു. നബി (സ) പ്രസ്താവിച്ചതായി ആമിറുബ്നു റബീഅഃ നിവേദനം ചെയ്യുന്നു.
اذا رأيتم الجنازة فقوموا لها حتى تخلفكم او توضع (مسلم)
(നിങ്ങൾ ജനാസ കണ്ടാൽ അതു നിങ്ങളെ പിന്നിടുന്നതു വരെ അല്ലെങ്കിൽ താഴെ വെക്കപ്പെടുന്നതുവരെ എഴുന്നേറ്റു നിൽക്കണം.) അമുസ്ലിംകളുടെ മൃതദേഹങ്ങളായാൽ പോലും ഈ വിധിക്കു മാറ്റമില്ലെന്ന് പ്രവാചകൻ (സ) തന്റെ ചര്യയിലൂടെ പഠിപ്പിച്ചിട്ടുള്ളതായി ബുഖാരി ഉദ്ധരിച്ച് ചില ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. ഇത്തരം ഹദീസുകളുടെ വെളിച്ചത്തിൽ ധാരാളം പണ്ഡിതൻമാർ അതു സുന്നത്താണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, ഈ വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ മൂന്നഭിപ്രായങ്ങളുണ്ട്.
ഒന്ന്, നേരത്തെ സൂചിപ്പിച്ച പോലെ സുന്നത്താണെന്നു തന്നെ. സുന്നത്തോ കറാഹത്തോ ഇല്ലെന്നും ഇഷ്ടം പോലെ ചെയ്യാമെന്നുമാണ് മറ്റൊരഭിപ്രായം. കറാഹത്താണെന്നാണ് മൂന്നാമത്തെ അഭിപ്രായം. ഖണ്ഡിതമായ പ്രമാണങ്ങളുടെ പിൻബലമുള്ളത് സുന്നത്താണെന്ന വീക്ഷണത്തിന്നാകുന്നു. മറ്റു രണ്ടഭിപ്രായങ്ങളും വ്യാഖ്യാനങ്ങളിൽ നിന്നുദ്ഭൂതമായതാകുന്നു. എഴുന്നേൽക്കൽ കറാഹത്താണ് എന്ന അഭിപ്രായമാണ് ഏറ്റവും ബാലിശം. ശാഫിഈ മദ്ഹബിലെ ഏറ്റവും ആധികാരിക പണ്ഡിതന്മാരായ ഇമാം നവവി, ഖാദി ഇയാള് തുടങ്ങിയവർ അതിനെതിരാണ്. മുസ്തഹബ്ബാണെന്ന വീക്ഷണമാണ് ഏറ്റം പ്രബലമായതെന്നു ഇമാം നവവി ശർഹുമുസ്ലിമിലും ശർഹുൽ മുഹദ്ദബിലും പ്രസ്താവിച്ചിട്ടുണ്ട്. ഇവരെ അപേക്ഷിച്ച് പ്രാബല്യം കുറഞ്ഞ പണ്ഡിതൻമാരാണ് കറാഹത്താണെന്നഭിപ്രായപ്പെട്ടിട്ടുള്ളത്.