Sunday, May 12, 2024
Homeഇബാദത്ത്ഉദ്ഹിയ്യത്ത്- സംശയങ്ങളും മറുപടിയും

ഉദ്ഹിയ്യത്ത്- സംശയങ്ങളും മറുപടിയും

ചോദ്യം- ബലിയറുക്കുന്നതിന്റെ ഇസ്‌ലാമികവിധി എന്താണ്?

ഉത്തരം- അല്ലാഹുവിന്റെ സാമീപ്യവും കൂടുതൽ പ്രതിഫലവും കരസ്ഥമാക്കാൻ സാധിക്കുന്ന സുന്നത്തായ കർമമാണ് ഉദ്ഹിയ്യത്ത്. ഇബ്‌റാഹീമി(അ)ന്റെ ത്യാഗത്തെ അയവിറക്കലും പാവങ്ങളെ സഹായിക്കലും കൂട്ടുകുടുംബാദികളെയും സ്‌നേഹിതരെയും സന്തോഷിപ്പിക്കലും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കലുമൊക്കെ ഒത്തുചേരുന്ന മഹത്തായ പുണ്യകർമവുമാണ് ഉദ്ഹിയ്യത്ത്, അഥവാ ബലികർമം. അല്ലാഹു നൽകിയ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനവുമാണത്.

”(ആകയാൽ) നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്‌കരിക്കുകയും ബലി അർപ്പിക്കുകയും ചെയ്യുക” (അൽകൗസർ 2). ”(ബലി) ഒട്ടകങ്ങളെ നാം നിങ്ങൾക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് അവയിൽ നന്മയുണ്ട്. അതിനാൽ അവയെ വരിവരിയായി നിർത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലി നൽകുക” (അൽ ഹജ്ജ് 36).

ഇവിടെ മൃഗബലി സംബന്ധിച്ച് നൽകിയ വിധി ഹാജിമാർക്കു മാത്രം ബാധകമായതല്ല. ഹജ്ജ്‌വേളയിൽ മക്കയിൽ വെച്ച് നിർവഹിക്കാനുള്ളത് മാത്രവുമല്ല. കഴിവുള്ള എല്ലാ മുസ്ലിംകൾക്കും ബാധകമായ വിധിയാണിത്. താന്താങ്ങളുടെ പ്രദേശങ്ങളിൽ ഓരോരുത്തരും ഹാജിമാരോട് മാനസികമായി പങ്കുചേരുകയും ഐക്യപ്പെടുകയും ചെയ്യുകയാണ്.

നബി (സ) മദീനയിലായിരുന്ന കാലത്ത് ബലിപെരുന്നാളിൽ ബലികർമം നടത്തുകയും മുസ്ലിംകൾക്കിടയിൽ ആ ചര്യ നടപ്പാക്കുകയും ചെയ്തിരുന്നുവെന്ന് അവലംബനീയമായ നിരവധി നിവേദനങ്ങളിൽ കാണാം. അബൂഹുറയ്റ(റ)യിൽനിന്ന് ഇമാം അഹ്മദും ഇബ്നുമാജയും ഉദ്ധരിക്കുന്നു: ”നബി (സ) പറഞ്ഞു: ഉദ്ഹിയ്യ അറുക്കാൻ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദ്ഹിയ്യ) അറുക്കുന്നില്ലെങ്കിൽ അവൻ നമ്മുടെ നമസ്‌കാര സ്ഥലത്തേക്ക് അടുക്കരുത്” (അഹ്മദ്: 8273).

‘നബി (സ) മദീനയിൽ പത്തു വർഷം താമസിച്ചു, എല്ലാ വർഷവും അവിടുന്ന് മൃഗബലി നടത്തി’ എന്ന് ഇബ്‌നു ഉമറിൽനിന്ന് തിർമിദി ഉദ്ധരിക്കുന്നു.
നബി (സ) ബലിപെരുന്നാൾ ദിനത്തിൽ ഇങ്ങനെ പ്രസ്താവിച്ചതായി അനസുബ്നു മാലികിൽനിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”നമസ്‌കാരത്തിനു മുമ്പ് അറവ് നടത്തിയവൻ സ്വന്തത്തിനു വേണ്ടിയാണ് അത് നടത്തിയത്. നമസ്‌കാരത്തിനു ശേഷം അറവ് നടത്തിയവൻ തന്റെ ബലികർമം പൂർത്തീകരിക്കുകയും മുസ്ലിംകളുടെ ചര്യയുമായി താദാത്മ്യപ്പെടുകയും ചെയ്തു” (ബുഖാരി 5546).

ബലിപെരുന്നാൾ ദിനത്തിൽ മുസ്ലിംകൾ നടത്തുന്ന ‘ഉദ്ഹിയ്യത്ത്’ നബിയുടെ ചര്യയാണെന്ന് ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു. ബലി ഐഛികമാണോ നിർബന്ധമാണോ എന്ന കാര്യത്തിലേ തർക്കമുള്ളൂ.

ഇബ്റാഹീമുന്നഖഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം മുഹമ്മദ് (ഒരു റിപ്പോർട്ടനുസരിച്ച്), ഇമാം അബൂയൂസുഫ് എന്നിവർ അത് നിർബന്ധമാണെന്ന അഭിപ്രായക്കാരാണ്. ഇമാം ശാഫിഈ, ഇമാം അഹ്മദുബ്നു ഹമ്പൽ എന്നിവരുടെ വീക്ഷണത്തിൽ മുസ്ലിംകളുടെ ചര്യ (സുന്നത്ത്) മാത്രമാണത്. ആരെങ്കിലും അത് നിർവഹിച്ചില്ലെങ്കിൽ തെറ്റൊന്നുമില്ല എന്ന നിലപാടാണ് സുഫ്യാനുസ്സൗരിക്കും.

എന്നാൽ, മുഴുവൻ മുസ്ലിംകളും ഈ കർമത്തെ ഉപേക്ഷിക്കുകയാണെങ്കിൽപോലും ഒരു കുഴപ്പവുമില്ലെന്ന് മുസ്ലിം പണ്ഡിതന്മാരിൽ ആരുംതന്നെ വാദിച്ചിട്ടില്ല. ആ പുത്തൻവാദം ചിലയാളുകൾ സ്വയം മെനഞ്ഞുണ്ടാക്കിയതാണ്. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം അവരുടെ ഖുർആനും സുന്നത്തുമെല്ലാം അവരുടെ മനസ്സുതന്നെയാണ് (തഫ്ഹീമുൽ ഖുർആൻ: സൂറത്തുൽ ഹജ്ജ്: 36, വ്യാഖ്യാന കുറിപ്പ് നമ്പർ: 74).
ഖുർആൻ സൂക്തങ്ങളിലൂടെയും ഹദീസുകളിലൂടെയും ബലികർമത്തിന്റെ മഹത്വവും പ്രതിഫലവും പ്രാധാന്യവുമൊക്കെ വ്യക്തമാണ്. കഴിവുള്ളവർ, തന്റെ കഴിവിന്റെ തോത് അനുസരിച്ച് വർഷാവർഷം ഉദ്ഹിയ്യ അറുക്കണം. കഴിവുണ്ടായിരുന്നിട്ടും ബലിയറുക്കാത്തവരുടെ വിഷയത്തിലുള്ള തിരുദൂതരുടെ താക്കീത് നാം മറന്നുപോകരുത്. കഴിവുണ്ടായിട്ടും ബലിയറുക്കാത്തവൻ പെരുന്നാൾ നമസ്‌കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്!

ചോദ്യം- ബലിയറുക്കുന്നതിന്റെ വിധി എന്താണ്? സാമ്പത്തിക ശേഷിയുള്ള എല്ലാവർക്കും അത് നിർബന്ധമാണോ?

ഉത്തരം- ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തിൽ പെരുന്നാൾ ദിവസം തന്റെ ആവശ്യങ്ങൾ കഴിച്ച്, ബലി കൊടുക്കാനുള്ള അത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂർത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ്യത്ത് (ബലികർമം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്. എന്നാൽ പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചേടത്തോളം കുടുംബത്തിലെ ഒരാൾ ഉദ്ഹിയ്യത്ത് നിർവഹിച്ചാൽ ബാക്കിയുള്ളവർ ആ ബാധ്യതയിൽനിന്ന് ഒഴിവാകും. ഇതിന് ഉപോദ്ബലകമായി ഒരു ഹദീസ് ഇങ്ങനെ കാണാം: ”അത്വാഇബ്‌നു യാസിർ (റ) പറയുന്നു. ഞാൻ അബൂ അയ്യൂബുൽ അൻസ്വാരി(റ)യോട് ചോദിച്ചു: നബിയുടെ കാലത്ത് ഉദ്ഹിയ്യത്ത് എപ്രകാരമായിരുന്നു? അദ്ദേഹം പറഞ്ഞു: ഒരാൾ തനിക്കും തന്റെ കുടുംബാദികൾക്കുമായി ഒരു ആടിനെ അറുത്ത്, അവർ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ നീ കാണുന്ന മാതിരി ജനങ്ങൾ പരസ്പരം പൊങ്ങച്ചക്കാരായി മാറി” (തിർമിദി 1587).

ബലികർമം നടത്തൽ സാമ്പത്തിക ശേഷിയുള്ളവർക്ക് ഏറ്റവും പ്രബലമായ സുന്നത്താണ് എന്നാണ് മഹാഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വഹാബിമാരായ അബൂബക്ർ(റ), ഉമർ (റ), ബിലാൽ (റ), അബൂമസ്ഊദ് അൽബദ്രി (റ) എന്നിവരും, താബിഉകളായ സുവൈദുബ്നു ഉഖ്ബ (റ), സഈദുബ്നുൽ മുസ്വയ്യിബ് (റ), അസ്വദ് (റ), അത്വാഅ് (റ) എന്നിവരും ശേഷക്കാരായ ഇമാം ശാഫിഈ (റ), ഇസ്ഹാഖ് (റ), അബൂസൗർ (റ), ഇബ്നുൽ മുൻദിർ (റ) തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായക്കാരാണ്. എന്നാൽ, ഇമാം മാലിക് (റ), സുഫ്യാനുസ്സൗരി (റ), ലൈസ് (റ), അബൂഹനീഫ (റ), ഇബ്നുതൈമിയ്യ (റ) തുടങ്ങിയവർ ഇത് നിർബന്ധമാണ് എന്ന പക്ഷക്കാരാണ്. നിർബന്ധമാണ് എന്ന് അഭിപ്രായം പറഞ്ഞവരുടെ തെളിവുകൾ അത്ര പ്രബലമല്ലാത്തതിനാലും പ്രബലമായാൽ തന്നെയും അവ നിർബന്ധമാണ് എന്നതിന് വ്യക്തമായ തെളിവാകുന്നില്ല എന്നതിനാലും പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് കൂടുതൽ ശരി.

ചോദ്യം- എത്ര ദിവസം വരെ ബലികർമം നിർവഹിക്കാം?

ഉത്തരം- അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തെ (ദുൽഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിർവഹിക്കാവുന്നതാണ്.

ചോദ്യം- ബലിമൃഗത്തിന് വല്ല നിബന്ധനകളുമുണ്ടോ? ഏതു പ്രായത്തിലുള്ള ഉരുവിനെയാണ് അറുക്കേണ്ടത്?

ഉത്തരം- പല മൃഗങ്ങൾക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്. ചെമ്മരിയാടാണെങ്കിൽ ആറു മാസം പൂർത്തിയായി ഏഴാം മാസത്തിൽ പ്രവേശിച്ചാൽ മതി. കോലാടാണെങ്കിൽ ഒരു വയസ്സ് പൂർത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. മാട് രണ്ട് വയസ്സ് പൂർത്തിയായി മൂന്നാം വയസ്സിൽ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂർത്തിയായി ആറാം വയസ്സിൽ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്.

ചോദ്യം- ബലിമൃഗത്തിന്റെ കൊമ്പും തോലുമെല്ലാം എന്തു ചെയ്യണം?

ഉത്തരം- ബലിമൃഗത്തിന്റെ തോൽ, കൊമ്പ് തുടങ്ങി അതിന്റെ ഒരു ഭാഗവും വിൽക്കാനോ വാടകക്ക് നൽകാനോ അറവുകാരന് കൂലിയായി നൽകാനോ പാടില്ല. മറിച്ച് അവ ദാനം ചെയ്യുകയാണ് വേണ്ടത്. ബലിമൃഗത്തിന്റെ യാതൊന്നും വിൽക്കാവതല്ല. തോൽ വിൽക്കുന്നുവെങ്കിൽതന്നെ അതിന്റെ വില ദരിദ്രർക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തോൽ നൽകാവുന്നതല്ല.
അലി (റ) പറയുന്നു: ”നബി (സ) എന്നോട് ബലിമൃഗത്തെ കൈകാര്യം ചെയ്യാൻ കൽപിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതിൽനിന്ന് നൽകാതിരിക്കാനും നബി (സ) എന്നോട് കൽപിച്ചു.” മറ്റൊരു റിപ്പോർട്ടിൽ ‘ദരിദ്രർക്ക് നൽകാൻ കൽപിച്ചു’ എന്നാണുള്ളത് (ബുഖാരി: 1717, മുസ്ലിം: 3241).

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) പറയുന്നു: ”നമ്മുടെ മദ്ഹബനുസരിച്ച് ബലിമൃഗത്തിന്റെയോ ഹജ്ജിൽ ബലിയറുക്കുന്നവയുടെയോ ഉദ്ഹിയ്യത്തിന് അറുക്കുന്നവയുടെയോ തോലോ, അതിൽനിന്നുള്ള മറ്റേതെങ്കിലും ഭാഗങ്ങളോ വിൽക്കാൻ പാടുള്ളതല്ല. അവയൊന്നും തന്നെ സ്വന്തം വീട്ടിലോ മറ്റോ പ്രയോജനപ്പെടുത്താൻ പാടില്ല; അത് ഐഛിക ബലിയാവട്ടെ, നിർബന്ധ ബലിയാവട്ടെ ഒരുപോലെയാണ്. എന്നാൽ ഐഛിക ബലിയാണെങ്കിൽ അവയുടെ തോൽ ഉടുക്കാൻ ഉപയോഗിക്കാവുന്നതാണ്. അതുപോലെത്തന്നെ അറവു നടത്തിയതിനുള്ള പ്രതിഫലമായി അതിൽനിന്ന് യാതൊന്നും നൽകാവതല്ല. ഇതാണ് നമ്മുടെ മദ്ഹബ്” (ശർഹു മുസ്‌ലിം 2320).

ചോദ്യം- നാട്ടിലെ ഉദ്ഹിയ്യത്തിന് അര ഷെയറും കാൽ ഷെയറുമൊക്കെ പിരിക്കുന്നതായി കാണുന്നു. ഇത് കർമശാസ്ത്രപരമായി സാധുവാണോ? ഒരു ഉരുവിന്റെ മൊത്ത വിലയുടെ ഏഴിലൊന്നിൽ കുറഞ്ഞ സംഖ്യ ഉദ്ഹിയ്യത്തിന്റെ വിഹിതമായി സ്വീകരിക്കാമോ?

ഉത്തരം- ആട് ഒരാൾക്കും മാട്, ഒട്ടകം എന്നിവ പരമാവധി ഏഴു പേർക്കുമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഒരാൾ അറവു നടത്തിയാൽ അയാൾക്കും കുടുംബത്തിനും അത് മതിയാകുന്നതാണ്. അബൂ അയ്യൂബുൽ അൻസ്വാരി (റ) പറയുന്നു: ”നബി(സ)യുടെ കാലത്ത് ഒരാൾ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആടിനെ അറുക്കുമായിരുന്നു. അവർ അതിൽനിന്ന് ഭക്ഷിക്കുകയും ധർമം ചെയ്യുകയുമായിരുന്നു പതിവ്.”
ഒട്ടകത്തിലും മാടിലും ഏഴ് ആളുകൾക്കു വരെ പങ്കുചേരാവുന്നതാണ്. ഒരാൾ സ്വന്തമായി അറുക്കുകയാണെങ്കിൽ അതാണ് നല്ലത്. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അറുക്കുമ്പോൾ എല്ലാവർക്കും തുല്യവിഹിതം തന്നെയാവണമെന്നില്ല. എന്നാൽ ചുരുങ്ങിയ പക്ഷം 1/7 വിഹിതമെങ്കിലും ഓരോരുത്തർക്കും ഉണ്ടായേ പറ്റൂ. ഉദാഹരണമായി 42000 രൂപ വിലയുള്ള മൃഗത്തെയാണ് അറുക്കുന്നതെങ്കിൽ ചുരുങ്ങിയത് 6000 രൂപയെങ്കിലും ഷെയർ ചേരേണ്ടതുണ്ട്. ഒരാൾ 40000 രൂപയും മറ്റൊരാൾ 2000 രൂപയും എടുത്താണ് മൃഗത്തെ വാങ്ങുന്നതെങ്കിൽ അത് അനുവദനീയമല്ല.

പത്തും പതിനഞ്ചും അതിലധികവും മൃഗങ്ങളെ ധാരാളം ആളുകൾ ചേർന്ന് പള്ളികളുടെയോ സ്ഥാപനങ്ങളുടെയോ മഹല്ലിന്റെയോ ആഭിമുഖ്യത്തിൽ അറുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. അതിൽ പലപ്പോഴും മേൽപറഞ്ഞ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ഷെയർ വില ആദ്യം നിശ്ചയിക്കുകയും കിട്ടിയ സംഖ്യക്ക് മുഴുവൻ മൃഗങ്ങളെ വാങ്ങുകയും ചെയ്യുന്നു. പല മൃഗങ്ങളും പല വിലയുടേതായിരിക്കും. ഒരു മൃഗത്തിന് പരമാവധി ഏഴു പേർ എന്നത് പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നു. ഉദാഹരണമായി 5000 രൂപ വീതം ഷെയർ നിശ്ചയിക്കുമ്പോൾ ഏഴു പേരിൽനിന്ന് 35000 രൂപയാണല്ലോ ലഭിക്കുക. എന്നാൽ 38000 രൂപയുടെ മൃഗത്തെയാണ് വാങ്ങിയതെങ്കിൽ കുറവു വന്ന 3000 രൂപ എട്ടാമന്റെ പണത്തിൽനിന്നായിരിക്കും ഇതിലേക്ക് ചേരുന്നത്. അപ്പോൾ ആകെ പങ്കുകാർ എട്ടായി. അതിൽതന്നെ ഒരാളുടേത് 1/7-ൽ താഴെയുമായി. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ല.

ചോദ്യം- ബലിമാംസം എന്തു ചെയ്യണം?

ഉത്തരം- ബലിമാംസം മൂന്നു തരത്തിൽ ഉപയോഗിക്കാമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്: സ്വയം ഭക്ഷിക്കുക, ദരിദ്രർക്ക് ദാനമായി നൽകുക, അയൽവാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നൽകുക. അല്ലാഹു പറയുന്നു: ”അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകാനും അല്ലാഹു അവർക്ക് നൽകിയിട്ടുള്ള നാൽക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയിൽനിന്ന് നിങ്ങൾ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക” (സൂറ: അൽഹജ്ജ് 28).

”ബലി ഒട്ടകങ്ങളെ നാം നിങ്ങൾക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്ക് അവയിൽ ഗുണമുണ്ട്. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട് അവയുടെ മേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയർപ്പി)ക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽനിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദികാണിക്കാൻ വേണ്ടി അവയെ നിങ്ങൾക്ക് അപ്രകാരം നാം കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു” (സൂറ: അൽഹജ്ജ് 36).

ഈ മൂന്ന് വഴികളിലായി മാംസം വിനിയോഗിക്കപ്പെടുകയാണ് വേണ്ടത്. എന്നാൽ മൂന്നിനും തുല്യഭാഗമായി വീതിക്കണമെന്നോ, മൂന്നിൽ ഒന്ന് നിർബന്ധമായും ബലിയറുത്തയാൾ എടുക്കണമെന്നോ, മൂന്നിൽ ഒന്നിനേക്കാൾ കൂടുതൽ എടുക്കരുതെന്നോ പറയാൻ തെളിവുകളില്ല. ധാരാളം പണ്ഡിതന്മാർ ഏറ്റവും അഭികാമ്യമായി പറഞ്ഞത് മൂന്നാക്കി വിഭജിക്കണമെന്നാണ്; ചിലർ സൂറത്തുൽ ഹജ്ജിലെ 28-ാം വചനപ്രകാരം 1/3 ഭക്ഷിക്കുക, 1/3 കുടുംബത്തിന് നൽകുക, 1/3 ദാനം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്നു.

ബലിയറുക്കുന്നയാൾ ബലിമാംസത്തിൽനിന്ന് ഭക്ഷിക്കൽ നിർബന്ധമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ടെങ്കിലും നിർബന്ധമില്ലെന്നതാണ് കൂടുതൽ പ്രബലം. നബി (സ) അറുത്ത അഞ്ച് ഒട്ടകങ്ങളിൽനിന്ന് നബി (സ) ഒന്നും ഭക്ഷിച്ചില്ല എന്നതാണ് നിർബന്ധമില്ലെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്.

ചോദ്യം- ഉദ്ഹിയ്യത്തിനു പകരം അതിന്റെ വില ദാനം നൽകുന്നതല്ലേ കൂടുതൽ ഉത്തമം എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം- പോരാ എന്നാണ് ഉത്തരം. ഒന്നാമതായി, അതു വഴി പ്രവാചകൻ പഠിപ്പിച്ച ഒരു സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായിപ്പോകാനും ഇടവരും. രണ്ടാമതായി, പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരുംതന്നെ ഈ സുന്നത്ത് നിർത്തലാക്കുകയോ, എന്നിട്ട് അതിനു പകരം ദാനധർമങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. നിർബന്ധമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും എന്നു ഭയന്ന് ചില സന്ദർഭങ്ങളിൽ അബൂബക്‌റും (റ) ഉമറും (റ) ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും വരൾച്ചയും വറുതിയും ക്ഷാമവും ഉള്ള കാലത്തു പോലും ആ സുന്നത്ത് അവരാരും നിർത്തൽ ചെയ്തിട്ടില്ല. ബലിമാംസം അഗതികൾക്കും ദരിദ്രർക്കും കൂടി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് ദാനധർമത്തിന്റെ തലം കൂടി ഈ സുന്നത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് യാഥാർഥ്യം. അപ്പോൾ പിന്നെ ബലി നിർത്തിവെച്ച്, ആ സംഖ്യകൊണ്ട് അഗതികളെ സഹായിച്ചുകൂടേ, അതല്ലേ നല്ലത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം ബലിമാംസത്തിന്റെ അവകാശികളിൽ ഒരു വിഭാഗം പാവപ്പെട്ടവർ കൂടിയാണല്ലോ. എന്നുവെച്ചാൽ രണ്ടു സുന്നത്തും ഒരു കർമത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നർഥം.

Recent Posts

Related Posts

error: Content is protected !!