ചോദ്യം: അനാഥരോ അഗതികളോ ആയ കുട്ടികളെ ദത്തെടുക്കുന്നതിനെക്കുറിച്ച് ഇസ്ലാമിന്റെ വിധിയെന്താണ്?
ഉത്തരം: കുട്ടികളെ ദത്തെടുക്കുന്നതിനു രണ്ടു രൂപങ്ങളുണ്ട്. ഒന്ന്, ദത്തെടുക്കുന്ന കുട്ടിയെ സ്വസന്താനമായി പരിഗണിക്കുകയും അനന്തരാവകാശം, വിവാഹനിയമങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള പെരുമാറ്റച്ചട്ടങ്ങൾ എന്നിവയിൽ ആ കുട്ടിയോട് പുത്രസമാനമായ സമീപനം സ്വീകരിക്കുകയും ചെയ്യുക. ഇത് ഒരു തരം ആത്മവഞ്ചനയാണ്. ഒരു വ്യക്തിയുടെ ബീജത്തിൽ നിന്നു പിറന്ന ഒരു കുഞ്ഞിന്റെ പിതാവാകാൻ ഒരു കാരണവശാലും വേറൊരാൾക്ക് കഴിയില്ല. അയാളുടെ ഭാര്യ ആ കുഞ്ഞിന്റെ മാതാവുമാകയില്ല. ശർഇന്റെ വീക്ഷണ ത്തിൽ ഒരു കുട്ടിയും അവനെ ദത്തെടുത്ത മാതാപിതാക്കളും തമ്മിൽ കുടുംബ പരമായ യാതൊരു ബന്ധവുമില്ല. അതുകൊണ്ട് അനന്തരാവകാശം, വിവാഹനിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പുത്രനു ബാധകമാകുന്ന നിയമങ്ങളൊന്നും ദത്തുപുത്രനു ബാധകമല്ല. ബാധകമാക്കുന്നത് അനുവദനീയവുമല്ല. പുത്ര ബാധകമാകുന്ന ശർഈ നിയമങ്ങൾ ബാധകമാക്കിക്കൊണ്ട് അന്യ കുട്ടിയെ സ്വന്തം പുത്രനായി ദത്തെടുക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാകുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ ദത്തു പുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടില്ല. നിങ്ങളുടെ വായ് കൊണ്ടുള്ള നിങ്ങളുടെ ജല്പനമാണത്. സത്യം പറയുന്നതോ, അല്ലാഹുവാകുന്നു. നേർമാർഗ്ഗത്തിലേക്കു നയിക്കുന്നതും അവൻ തന്നെ. നിങ്ങൾ അവരെ (ദത്തുപുത്രൻമാരെ) അവരുടെ യഥാർത്ഥ പിതാക്കളിലേക്കു ചേർത്തു വിളിക്കുക. അല്ലാഹുവിങ്കൽ ഏറ്റവും നീതിയായിട്ടുള്ളത് അത്. ഇനി അവരുടെ പിതാക്കളെ നിങ്ങൾക്കറിയില്ലെങ്കിലോ, അപ്പോൾ അവർ ദീനിൽ നിങ്ങളുടെ സഹോദരങ്ങളും സഹകാരികളുമാകുന്നു. (വി.ഖു. 33: 4-5)
അഗതികളും അനാഥരുമായ കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുക്കുകയാണ് ദത്തെടുക്കലിന്റെ രണ്ടാമത്തെ രൂപം. വമ്പിച്ച പ്രതിഫല മർഹിക്കുന്ന മഹത്തായ പുണ്യ കർമ്മമാണത്. സ്വർഗത്തിൽ എന്റെ തൊട്ടടുത്തായിരിക്കും അനാഥസംരക്ഷകന്റെ സ്ഥാനമെന്ന് നബി (സ) അരുളി യിട്ടുണ്ട്. ഇത്തരം ദത്തുപുത്രൻമാരെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യാവുന്നതാണ്. സ്വപുത്രൻമാർക്കും ബാധകമാകുന്ന നിയമങ്ങളൊന്നും അവർക്കു ബാധകമാക്കരുതെന്നുമാത്രം.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp