Monday, May 13, 2024
Homeമന്ത്രം-മാരണംസിഹ്റിന് യാഥാർത്ഥ്യമുണ്ടോ?

സിഹ്റിന് യാഥാർത്ഥ്യമുണ്ടോ?

ചോദ്യം: സിഹ്ർ (ആഭിചാരം) യാഥാർത്ഥ്യമാണോ? സിഹ്റുമൂലം മനുഷ്യർക്കു വിപത്തുകൾ സംഭവിക്കുമോ? നബി (സ) യെ ഒരിക്കൽ ഒരു ജൂതന്റെ ആഭിചാരം ബാധിച്ചു എന്നു പറയുന്നതു ശരിയാണോ?

ഉത്തരം: സിഹ്റ് (ആഭിചാരം) എന്നത് ഒരു കപട തന്ത്രമാണെന്നും അതിന്നു യാഥാർത്ഥ്യമൊന്നുമില്ലെന്നുമാണ് വിശുദ്ധ ഖുർആനിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. സൂറഃ യൂനുസി (സൂക്തം 77) ൽ മൂസാ (അ) യെ ഉദ്ധരിച്ചുകൊണ്ട് ഖുർആനിൽ പറയുന്നു.

قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ ٱلسَّٰحِرُونَ
(മൂസാ പറഞ്ഞു: യാഥാർത്ഥ്യം നിങ്ങൾക്കു വന്നുകിട്ടിയപ്പോൾ നിങ്ങൾ ഇതു ആഭിചാരമാണോ എന്നു പറയുകയോ? എന്നാൽ ആഭിചാരക്കാർ വിജയിക്കു കയില്ലതന്നെ. മൂസാനബിയും ആഭിചാരകന്മാരും തമ്മിൽ നടന്ന മത്സരത്ത സംബന്ധിച്ചു സൂറഃ ത്വാഹായി(സൂക്തം 69)ൽ പറയുന്നു.

وَأَلْقِ مَا فِى يَمِينِكَ تَلْقَفْ مَا صَنَعُوٓاْ ۖ إِنَّمَا صَنَعُواْ كَيْدُ سَٰحِرٍۢ ۖ وَلَا يُفْلِحُ ٱلسَّاحِرُ حَيْثُ أَتَىٰ
(നിന്റെ വലം കയ്യിലുള്ളതിനെ നീയും എറിയുക. അവർ നിർമ്മിച്ചതിനെ അത് വിഴുങ്ങിക്കൊള്ളും. ആഭിചാരകന്റെ കുതന്ത്രം മാത്രമാണ് അവർ ചെയ്തത്. ആഭിചാരകൻ എവിടെയും വിജയിക്കുകയില്ല താനും.)

ഈ രണ്ടു സൂക്തങ്ങളിലും സാഹിറുകളുടെ (ആഭിചാരകന്മാരുടെ വിജയത്തെ ഖുർആൻ ഖണ്ഡിതമായി നിഷേധിച്ചിരിക്കുകയാണ്. ആഭിചാരകന്മാർ വിജയിക്കുകയില്ല എന്നു പറഞ്ഞാൽ ആഭിചാരം വിജയിക്കുകയില്ല എന്നു തന്നെയാണല്ലോ അർത്ഥം. ആഭിചാരകന്മാരുടെ വിജയത്തെ നിഷേധിക്കുവാൻ ഖുർആൻ പ്രയോഗിച്ചിട്ടുള്ള يُفْلِحُ എന്ന പദവും ശ്രദ്ധേയമാണ്. ഉദ്ദേശ്യം ഫലിക്കുക, ലക്ഷ്യം സാക്ഷാത്കരിക്കുക, യഥാർത്ഥ വിജയമുണ്ടാവുക എന്നീ ആശയങ്ങൾ ദ്യോതിപ്പിക്കുന്ന പദമാണത്. ആഭിചാരം യഥാർത്ഥത്തിൽ ഫലിക്കുകയില്ല എന്ന് ഈ പദപ്രയോഗവും സൂചിപ്പിക്കുന്നുണ്ട്.

ഒരു മിഥ്യ എന്ന നിലക്ക് ആഭിചാരം മനുഷ്യനെ എന്നല്ല ഒരു വസ്തുവിനെയും ബാധിക്കുകയില്ല. പക്ഷേ മനശ്ശാസ്ത്രപരമായ ഒരു തന്ത്രം എന്ന നി ലക്ക് ആഭിചാരത്തിന്റെ ശക്തിയിൽ വിശ്വസിക്കുകയും അതിനെ ഭയപ്പെടുകയും ചെയ്യുന്ന ദുർബ്ബലമനസ്കരെ വശീകരിക്കുവാനും വിഭ്രാന്തരാക്കുവാനും അതിന് കഴിയും. അജ്ഞതയിലും അന്ധ വിശ്വാസങ്ങളിലും അകപ്പെട്ടവരിലാണ് താരതമ്യേന സിഹ്റ് വിശ്വാസവും കൂടുതലുള്ളത്. ആഭിചാരത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് താൻ ആഭിചാരം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തോന്നിയാൽ വലിയ മനോവിഭ്രാന്തിയും അസ്വാസ്ഥ്യവുമുണ്ടാവുക സ്വാഭാവികമാണ്. തനിക്കോ കുടുംബത്തിന്നോ ഉണ്ടാകുന്ന സാമ്പത്തികമോ ആരോഗ്യപരമോ ആയ എല്ലാ കഷ്ടനഷ്ടങ്ങളുടെയും പിതൃത്വം അത്തരക്കാർ ആഭിചാരത്തിലാണാരോപിക്കുക. താൻ ആഭിചാരം ചെയ്യപ്പെട്ടു എന്നു വിശ്വസിക്കുന്ന ചിലർക്ക് തനിക്കിനി രക്ഷയില്ലെന്നുകൂടി തോന്നുകയും അങ്ങനെ സമചിത്തത തീരെ വിനഷ്ടമാവുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുവാൻ യാഥാർത്ഥത്തിൽ അവരെ ആരെങ്കിലും ആഭിചാരം ചെയ്തുകൊള്ളണമെന്നില്ല, അവർക്ക് അങ്ങനെ തോന്നിയാൽ മാത്രം മതി. എന്നാൽ യഥാർത്ഥത്തിൽ ആഭിചാരം ചെയ്യപ്പെട്ടിട്ടും ഒരാൾ അത് അറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവിടെ ഏതു വമ്പന്റെ ആഭിചാരവും പരാജയപ്പെടുന്നു. ആഭിചാരത്തിൽ തീരെ വിശ്വാസമില്ലാത്തവരുടെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

മങ്ങിയ വെളിച്ചത്തിൽ നടന്നു പോകുന്ന ഒരാളുടെ കാലിൽ ഒരു മുള്ളു കൊള്ളുന്നു. കുനിഞ്ഞുനോക്കിയപ്പോൾ അടുത്ത് ഒരു കയർ കിടക്കുന്നതു കണ്ടു. അയാൾ ഒരു ഭീരുവാണെങ്കിൽ ആ കയർ പാമ്പാണെന്നു ധരിക്കുവാനും അതു തന്നെ ദംശിച്ചിരിക്കുന്നുവെന്നു ഭയപ്പെടാനും ഇടയുണ്ട്. സർപ്പ ദംശനമേറ്റുവെന്ന വിഭ്രാന്തിയോടെ ഓടുന്ന അയാൾ ചിലപ്പോൾ ആ ഭയം മൂലം സിദ്ധികൂടിയെന്നും വരാം. എന്നാൽ അയാൾ കണ്ട കയർ ഈ മരണത്തിൽ വല്ല സ്വാധീനവും ചെലുത്തിയിട്ടുണ്ടോ? അതു പാമ്പാണെന്നു ഭയന്ന മനുഷ്യൻ മരിച്ചു എന്നതുകൊണ്ട് കയറിന്നു ജീവനുണ്ടായിരുന്നുവെന്നോ വിഷമുണ്ടായിരുന്നുവെന്നോ കരുതാമോ? ഇതുതന്നെയാണ് സിഹ്റിന്റെയും അവസ്ഥ. അതു വെറും മിഥ്യയാണ്. അതിനു ശക്തിയും ഊറ്റവും നല്കുന്നത് അതിൽ വിശ്വസിക്കുന്നവരുടെ മനസ്സാണ്.

ചുരുക്കത്തിൽ ആഭിചാരബാധ എന്നു പറയുന്നത് ഒരു മനോ വിഭ്രാന്തിയാണ്. ആളുകളിൽ മനോഭ്രമം സൃഷ്ടിക്കാനുള്ള സാമർഥ്യം മാത്രമാണ് ആഭിചാരകന്റെ കൈമുതൽ. ദുർബ്ബല മനസ്കരായ അന്ധവിശ്വാസികളിലാണ് ഈ സാമർഥ്യം എളുപ്പത്തിൽ ഫലിക്കുക. അതുകൊണ്ടാണ് ശാസ്ത്രപുരോഗതിയും ഉദ്ബുദ്ധതയുമുള്ള സമൂഹങ്ങളിൽ സിഹ്റിനും സിഹ്റ് വിശ്വാസത്തിനും വേരോട്ടമില്ലാത്തത്.

മുഹമ്മദ് നബി(സ)ക്ക് ഒരിക്കൽ സിഹ്റ് ബാധിച്ചു എന്നു സൂചിപ്പിക്കുന്ന ഒരു ഹദീസ് ബുഖാരിയിലും മറ്റും ഉണ്ട്. അതിന്റെ നിവേദന പരമ്പരക്ക് കോട്ടങ്ങളൊന്നുമില്ലതാനും. എങ്കിലും, പല കാരണങ്ങളാലും ആ ഹദീസിന്റെ ആശയത്തെ അപ്പടി അംഗീകരിക്കുവാൻ നിർവ്വാഹമില്ല. വിശുദ്ധ ഖുർആനിന്റെ ഖണ്ഡിതമായ പ്രസ്താവനക്കു വിരുദ്ധമാണത്. നബി (സ) ആഭിചാരം ബാധിച്ച ഒരു വ്യക്തിയാണെന്നത് മക്കാമുശ്രിക്കുകൾ പ്രവാചകന്നും ഇസ്ലാമിന്നും എതിരിൽ ഉന്നയിച്ചിരുന്ന സുപ്രധാനമായ ആരോപണങ്ങളിലൊന്നായിരുന്നു. ഈ ആരോപണങ്ങളെ നിശിതമായി നിഷേധിച്ചുകൊണ്ട് ഖുർആൻ സൂറഃ ബനീഇസ്രാഈലി (47-48)ൽ പറയുന്നു.

نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴿٤٧﴾ انظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا ﴿٤٨﴾

(അവർ നിന്റെ ഭാഷണം ശ്രവിക്കുമ്പോൾ അവർ ശ്രവിക്കുന്നതും അവർ രഹസ്യഭാഷണം നടത്തുമ്പോൾ, അതായത് ആഭിചാരം ബാധിച്ച ഒരുവനെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് ആ അക്രമികൾ പറയുമ്പോൾ അതും നാം നന്നായറിയുന്നു. നോക്കുക, എങ്ങനെയെല്ലാമാണ് അവർ നിന്നെ ചിത്രീകരിക്കുന്നത്. അവർ വഴിപിഴച്ചു പോയിരിക്കുന്നു. ഇനി സൻമാർഗ്ഗം പ്രാപിക്കുവാൻ അവർക്കു സാധ്യമല്ലതന്നെ. ഇതേ കാര്യം സൂറഃ അൽഫുർഖാനി(89) ലും അല്ലാഹു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു.

وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا ﴿٨﴾ انظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا ﴿٩﴾

(അക്രമികൾ പറഞ്ഞു: നിങ്ങൾ പിൻപറ്റുന്നത് ആഭിചാരം ബാധിച്ച ഒരു മനുഷ്യനെ മാത്രമാകുന്നു. നോക്കുക, എങ്ങനെയെല്ലാമാണ് അവർ നിന്നെ ചിത്രീകരിക്കുന്നത്. അവർ വഴിപിഴച്ചു പോയി. മാർഗ്ഗം പ്രാപിക്കുവാൻ ഇനി യവർക്കു സാധിക്കുകയില്ല തന്നെ. നബി (സ)ക്ക് ആഭിചാരം ബാധിച്ചി രിക്കുന്നു എന്നത് കടുത്ത അക്രമികളുടെ വ്യാജാരോപണമാണെന്നും ഇത്തരം ആരോപണങ്ങൾ പ്രചരിപ്പിക്കുക വഴി ആ അക്രമികൾ എന്നെന്നേക്കുമായി വഴിപിഴച്ചുപോയിരിക്കുന്നുവെന്നും ഈ ഖുർആൻ സൂക്തങ്ങൾ അർത്ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നു. അന്ധവിശ്വാസികളെയും ദുർബ്ബലമനസ്കരേയും പോലെ ആഭിചാരം പോലുള്ള കുതന്ത്രങ്ങൾക്ക് വിധേയമാകുന്ന തരത്തിലുള്ളതാണ് നബി (സ) തിരുമേനിയുടെയും വ്യക്തിത്വമെങ്കിൽ, ഒരിക്കലെങ്കിലും, യഥാർഥത്തിൽ അവിടത്തെ ആരുടേയോ ആഭിചാരം ബാധിച്ചിട്ടുണ്ടെങ്കിൽ, അവിടത്തെ സംബന്ധിച്ച് മുശ് രിക്കുകൾ ഉന്നയിച്ച, ആഭിചാരം ബാധിച്ചവൻ എന്ന ആരോപണത്തെ ഖുർആൻ ഇത്ര നിശിതമായും ഗൗരവമായും നിഷേധിക്കേണ്ടതില്ലെന്നും നിഷേധിക്കുകയില്ലെന്നുമല്ലേ കുരുതേണ്ടത്? ഖുർആനിൽ ഖണ്ഡിതമായി പറഞ്ഞ ഒരാശയത്തിനു വിരുദ്ധമായ ആശയ മുൾക്കൊള്ളുന്ന ഹദീസുകളെ അവയുടെ നിവേദന പരമ്പരക്കു കോട്ടമില്ല എന്ന ന്യായത്തിന്മേൽ മാത്രം സ്വീകരിച്ചുകൂടാ എന്ന് പൂർവ്വിക പണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

നബി (സ) യുടെ സുബോധത്തെയും സ്വഭാവഗുണങ്ങളേയും മാനസികാരോഗ്യത്തെയും സംബന്ധിച്ചുള്ള വിശ്വാസം ഇസ്ലാമിന്റെ ഒരടിസ്ഥാന പ്രമാണമാണ്. നബിയുടെ പ്രബോധനത്തിന്റെയും പ്രവർത്തനത്തിന്റെയും യാഥാർത്ഥ്യത്തിന്നും വിശ്വസ്തതക്കും അനുകരണീയതക്കമുള്ള പ്രബലമായ തെളിവാണ് അവിടത്തെ മനസ്സിന്റെയും സ്വഭാവത്തിന്റെയും ഔത്കൃഷ്ട്യവും സന്തുലിതത്വവും. സിഹ്റിന്ന് യഥാർത്ഥത്തിൽ അദൃശ്യമായ ഒരു ശക്തി ഉണ്ടെന്ന് അംഗീകരിച്ചാലും ഇല്ലെങ്കിലും നബി (സ) ക്ക് അത് ബാധിക്കുകയില്ലെന്നുറപ്പാണ്. കാരണം, സിഹ്റിന്നു വല്ല ശക്തിയുമുണ്ടെങ്കിൽ അതു പൈശാചിക ശക്തിയായിരിക്കുമെന്നതിൽ സംശയമില്ല. ദൈവേതരമായ ശക്തി കൾക്ക് – അത് യഥാർത്ഥത്തിൽ ഉള്ളതാകട്ടെ സങ്കൽപിതമാകട്ടെ- വിധേയനായി മതിഭ്രമം ബാധിക്കുകയും സമചിത്തത നഷ്ടപ്പെടുകയും ചെയ്യുക എന്നത് പ്രവാചകത്വ പദവിയോട് ഒരിക്കലും നിരക്കുന്നതുമല്ല. ഇടക്കിടെ സമചിത്തതയോ സുബോധമോ നഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ വാക്കുകളും പ്രവൃത്തികളും പൂർണമായും സത്യവും പ്രാമാണികവുമാണെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും. അതിനാൽ നബി (സ)ക്ക് സിഹ്റ് ബാധിക്കുക എന്നത് ഇഅ്തിഖാദി (വിശ്വാസപ്രമാണപരമായ) യായ ഒരു കാര്യമാണ്. വിശ്വാസ പ്രമാണപരമായ വിധികൾ നൽകുവാൻ ഖബറുൽ വാഹിദ് (ഒറ്റപ്പെട്ട നിവേദന പരമ്പരകളിലൂടെ വന്ന ഹദീസുകൾ) മതിയാവില്ല എന്നതും ഒരംഗീകൃത തത്വമാണ്. നബിക്ക് സിഹ്റ് ബാധിച്ചു എന്നു കുറിക്കുന്ന ഹദീസാവട്ടെ അത്തരത്തിലുള്ളതാണ് താനും.

അദൃശ്യമായ വഴികളിലൂടെ മനുഷ്യന് ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിവുള്ള ദൈവേതര ശക്തികളെ സേവിച്ച് അവയുടെ സംഹാരശക്തി ഉദ്ദിഷ്ട വ്യക്തിക്കെതിരിൽ തിരിച്ചുവിടുക എന്നതാണല്ലോ സിഹ്റിന്റെ അടിസ്ഥാന സങ്കൽപം. യഥാർത്ഥത്തിൽ അത്തരം ദൈവേതര ശക്തികൾ ഇല്ല. ഉണ്ടെന്നു വിശ്വസിക്കലാവട്ടെ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾക്കു നിരക്കുന്നതുമല്ല. സിഹ്റ് വെറും കുതന്ത്രം മാത്രമല്ല ഒരു തരം കുഫ്റ് (സത്യനിഷേധം) കൂടിയാണെന്ന് വിശുദ്ധഖുർആൻ വ്യക്തമാക്കിയിട്ടുമുണ്ട്.

സിഹ്ർ വിശ്വാസികളും അതിന്റെ പ്രചാരകൻമാരുമായിരുന്ന ജൂതന്മാരെക്കുറിച്ച് സൂറഃ അൽ ബഖറഃ(102)യിൽ അല്ലാഹു പറയുന്നു.

وَٱتَّبَعُواْ مَا تَتْلُواْ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُواْ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ ..
(സുലൈമാന്റെ ആധിപത്യത്തിന്റെ പേരിൽ പിശാചുക്കൾ പറഞ്ഞു പരത്തുന്നതിനെ അവർ പിന്തുടർന്നു. എന്നാൽ സുലൈമാൻ സത്യനിഷേധിയായിട്ടില്ല. ജനങ്ങൾക്ക് ആഭിചാരം പഠിപ്പിക്കുന്ന പിശാചുക്കളാണ് സത്യനിഷേധികളായത്.

സുലൈമാൻ നബി (അ) ക്കുണ്ടായ പ്രതാപൈശ്വര്യങ്ങൾ അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ സേവകരായ ജിന്നു പിശാചുക്കൾക്കും ആഭിചാരത്തിലുണ്ടായിരുന്ന പ്രാവീണ്യത്തിന്റെയും പ്രാഗല്ഭ്യത്തിന്റെയും ഫലമായിരുന്നു വെന്ന പ്രചാരണത്തെ നിഷേധിച്ചുകൊണ്ട് അതിന് അനിഷേധ്യമായ ഒരു ന്യായമെന്നോണം അല്ലാഹു പറയുന്നത് സുലൈമാൻ സത്യനിഷേധിയായിട്ടില്ല’ എന്നാണ്. ആഭിചാരവൃത്തിയിലേർപ്പെടുന്നത് കുഫ്റ് സത്യ നിഷേധം ആണെന്നാണ് ഈ വാക്യം സ്പഷ്ടമാക്കുന്നത്. മറിച്ച്, ജനങ്ങളെ ആഭിചാരം പഠിപ്പിക്കുകയും അതിനു പ്രമാണമായി, സുലൈമാന്റെ ആധിപത്യം ആഭിചാര ശക്തിയാലായിരുന്നുവെന്ന് കുപ്രചരണം നടത്തുകയും ചെയ്യുന്ന പിശാചുക്കളാണ് സത്യനിഷേധികളായത് എന്നു തുടർന്നു പറയുന്നതിൽ നിന്ന് ഈ ആശയം കൂടുതൽ വ്യക്തമാകുന്നു.

കണ്ണിനു കണ്ണ്, അടിക്ക് അടി, വെട്ടിനു വെട്ട് എന്ന ക്രമത്തിലാണല്ലോ ഇസ്ലാമിലെ പ്രതിക്രിയാ നിയമം. ആഭിചാരത്തിന് ശക്തിയുണ്ടായിരിക്കു ന്നതോടൊപ്പം ആഭിചാരവൃത്തി കുഫ്റാണ് എന്നു വന്നാൽ ഈ പ്രതിക്രിയാ നിയമം അവിടെ അപ്രായോഗികമാകുന്നു. കാരണം ആഭിചാരം കുഫ്റ ണെന്നു വരുമ്പോൾ ആഭിചാരശക്തികൊണ്ട് ഒരാൾ മറ്റൊരാളെ ദ്രോഹിച്ചാൽ ദ്രോഹിക്കപ്പെട്ടവൻ അതിന്നു യഥാവിധി പ്രതിക്രിയ ചെയ്യുന്നത് നിഷിദ്ധമായിത്തീരുന്നു.

ഫലപ്രദമായ കാര്യങ്ങളെ പ്രയോജനപ്പെടുത്തുവാൻ പ്രോത്സാഹിപ്പിക്കുകയാണ് വിശുദ്ധ ഖുർആനിന്റെ പൊതു സ്വഭാവം. എന്നാൽ സിഹ്റാകട്ടെ ഇങ്ങോട്ട് ആരെങ്കിലും പ്രയോഗിച്ചാൽ അതിനു പ്രതിക്രിയയായിപ്പോലും പ്രയോജനപ്പെടുത്തുന്നത് വിലക്കുമാറ് കുഫ്റായി പ്രഖ്യാപിക്കുകയാണ് ഖുർആൻ ചെയ്തിട്ടുള്ളത്. സിഹ്റിനെ സിഹ്റ് കൊണ്ട് മാത്രമേ തടുക്കാനാവൂ എന്നാണല്ലോ വിശ്വാസം. എന്നിരുന്നിട്ടും ഒരു ചികിത്സ എന്ന നിലക്കു പോലും അല്ലാഹു അതനുവദിച്ചിട്ടില്ല. സിഹ്റ് വെറുമൊരു മിഥ്യ മാത്രമാണ് എന്നത്രെ ഇതെല്ലാം കുറിക്കുന്നത്. ആഭിചാരത്തിന്ന് ശാസ്ത്രീയമായ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതും പരിഗണിക്കേണ്ടതാണ്.

സിഹ്റിനെ സംബന്ധിച്ച് ഖുർആനികാധ്യാപനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതാണ് മുകളിലെഴുതിയത്. നബി (സ)ക്ക് സിഹ്റ് ഫലിച്ചുവോ എന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. നബി (സ) ക്ക് സിഹ്റ് ഫലിച്ചു എന്നു സൂചിപ്പിക്കുന്ന ഹദീസിന്റെ നിവേദന പരമ്പര കുറ്റമറ്റതായതിനാൽ അതിനെ തീരെ അവഗണിക്കാവതല്ലെന്നും ബുദ്ധിഭ്രംശം ബാധിക്കാത്ത രീതിയിൽ ആഭിചാരം പ്രവാചകന്മാരിലും ഫലിക്കാമെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാധാരണ രോഗബാധയുടെ ഇനത്തിലാണ് അവർ അതിനെ ഉൾപ്പെടുത്തുന്നത്. ആധുനിക പണ്ഡിതനായ മർഹൂം മൗലാനാ മൗദൂദിയും ഈ അഭിപ്രായത്തെയാണ് പിന്താങ്ങിയിട്ടുള്ളത്. എന്നാൽ നേരത്തെ വിശദീകരിച്ച് കാരണങ്ങളാൽ ഉപര്യുക്ത ഹദീസ് ബുഖാരി ഉദ്ധരിച്ചതാണെങ്കിലും സ്വീകാരയോഗ്യമല്ലെന്നും നബി (സ)ക്ക് ആഭിചാരം ബാധിച്ചു എന്നു അംഗീകരിക്കാവതല്ലെന്നുമാണ് ഇമാം മുഹമ്മദ് അബ്ദു, സയ്യിദ് ഖുത്ബ് തുടങ്ങിയ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!