ചോദ്യം – ഞങ്ങളുടെ മൂത്തുമ്മ മരണപ്പെട്ടു. വിധവയാണ്. അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. 4 സഹോദരിമാര്‍ ഉണ്ടായിരുന്നതില്‍ 2 പേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. മരണപ്പെട്ടുപോയ സഹോദരിമാരുടെ മക്കള്‍ ജീവിച്ചിരിപ്പുണ്ട്. മൂത്തുമ്മയുടെ എളാപ്പയുടെ 6 ആണ്‍മക്കളും 2 പെണ്‍മക്കളും ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ ഇവരുമായി കാലങ്ങളായി ഒരു സഹകരണവുമില്ല. മൂത്തുമ്മയുടെ പിതൃസഹോദരിയുടെ മക്കളും ജീവിച്ചിരിപ്പുണ്ട്. ഇതില്‍ ആര്‍ക്കൊക്കെയാണ് സ്വത്ത് ഓഹരി ലഭിക്കുക. എത്ര വീതം?
ഉത്തരം – പരേതയ്ക്ക് മാതാപിതാക്കള്‍, ഭര്‍ത്താവ്, മക്കള്‍ എന്നിങ്ങനെ ആരും ജീവിച്ചിരിക്കുന്നില്ല. അതിനാല്‍ പിന്നെ പരിഗണിക്കുക സഹോദരങ്ങളെയാണ്. ഇവിടെ 2 സഹോദരികള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പരേതയുടെ മുമ്പേ മരണപ്പെട്ടുപോയവരെ അവകാശിയായി പരിഗണിക്കില്ല. സഹോദരികള്‍ 2 പേര്‍ ആയതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഓരോരുത്തര്‍ക്കും മൂന്നിലൊന്ന് വീതം ലഭിക്കും. ബാക്കിയുള്ള മൂന്നിലൊന്ന് മരണപ്പെട്ടുപോയ പിതൃസഹോദരന്‍റെ ആണ്മക്കള്‍ 6 പേര്‍ക്കിടയില്‍ തുല്യമായി വീതിക്കും.
“നിര്‍ണിത ഓഹരി അവകാശികള്‍ക്ക് അവരുടെ ഓഹരി പൂര്‍ത്തിയാക്കി കൊടുത്ത ശേഷം ബാക്കിയാവുന്നത് ഏറ്റവും അടുത്ത പുരുഷന് നല്കുക” എന്നാണ് തിരുവചനം. അതനുസരിച്ച്, പിതൃസഹോദരന്‍റെ പെണ്‍മക്കള്‍ക്കും, നേരത്തെ മരണപ്പെട്ടുപോയ സഹോദരിമാരുടെ മക്കള്‍ക്കും, പിതൃസഹോദരിയുടെ മക്കള്‍ക്കും ഓഹരി ലഭിക്കില്ല.
മൊത്തം സ്വത്തിനെ 18 ഓഹരിയാക്കി, അതിന്‍റെ മൂന്നില്‍ രണ്ടായ 12 ഓഹരികള്‍ 6 വീതം ഓരോ സഹോദരിക്കും, ബാക്കിയുള്ള 6 ഓഹരികള്‍ പിതൃസഹോദരപുത്രന്മാര്‍ ഓരോരുത്തര്‍ക്കും ഓരോ ഓഹരി വീതവും നല്കുക.
രക്തബന്ധം, വൈവാഹികബന്ധം, കുടുംബബന്ധം എന്നിവയാണ് സ്വത്ത് ഓഹരി ലഭിക്കാനുള്ള അടിസ്ഥാനം. അവകാശികളുടെ സഹകരണമോ സഹായമോ വിരോധമോ ഒന്നും ഓഹരി ലഭിക്കുന്നതില്‍ തടസ്സമാവുന്നില്ല. അവര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ അവര്‍ അല്ലാഹുവിന്‍റെ മുന്നില്‍ അതിനു മറുപടി പറയേണ്ടി വരും.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL