ചോദ്യം: സ്ത്രീകൾ മരിച്ചാൽ മൃതദേഹം അന്യ പുരുഷൻമാരും നേരെ മറിച്ചും കാണാൻ പാടില്ല എന്നു കേൾക്കുന്നു. ഇസ്ലാമിൽ അങ്ങനെയുണ്ടോ?
ഉത്തരം: അന്യ സ്ത്രീ-പുരുഷൻമാർ പരസ്പരം നോക്കാൻ പാടില്ലാത്തത് അവർ ജീവിച്ചിരിക്കുമ്പോഴാണ്. സദാചാര സംശുദ്ധിക്ക് വേണ്ടിയാണ് ഇസ്ലാം ഇങ്ങനെ അനുശാസിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോഴത്തെ ഈ നിയമം മരണ ശേഷവും പ്രാബല്യത്തിലുണ്ട് എന്ന നിലക്ക് സ്ത്രീയുടെ മൃതദേഹം അന്യ പുരുഷൻമാരും നേരെ മറിച്ചും കാണാൻ പാടില്ലെന്ന് ചിലർ നിർദേശിച്ചിട്ടുണ്ട്. ഇത് അത്ര ശരിയാണെന്ന് തോന്നുന്നില്ല. കാരണം മരണവീട് സന്ദർശിക്കുവാനും മയ്യിത്തു സംസ്കരണത്തിൽ പങ്കെടുക്കുവാനും ഇസ്ലാം എല്ലാ മുസ് ലിംകളോടും ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പുരുഷൻമാർ അന്യ സ്ത്രീകൾ മരിച്ചാൽ പോകേണ്ടതില്ലെന്നോ മറിച്ചോ പറയുന്നില്ല. മരണവീട് സന്ദർശിക്കുന്നതിന്റെ ഒരു ഭാഗമാണല്ലോ, മയ്യിത്തു ദർശിക്കുക എന്നതും. രണ്ടാമതായി മയ്യിത്തു കാണുമ്പോൾ മൃതദേഹത്തിന്റെ മുഖ ഭാഗം മാത്രമേ കാണാറുള്ളൂ. സ്ത്രീയുടെതാവട്ടെ, പുരുഷന്റെതാവട്ടെ, ആരും മൃതദേഹം മുഖമല്ലാത്ത ഭാഗങ്ങൾ ദർശിക്കാറില്ല. മുഖമാകട്ടെ, ജീവിച്ചിരിക്കുമ്പോൾ തന്നെ അന്യ സ്ത്രീ-പുരുഷൻമാർ പരസ്പരം കാണുന്നതിൽ വിരോധമില്ലെന്നാണ് അധിക പണ്ഡിതരുടെയും വീക്ഷണം.
മൃതദേഹം സന്ദർശിക്കുന്നതും കാണുന്നതും പരേതരോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനും അവരുടെ സന്തപ്തകുടുംബത്തോട് അനുശോചന മറിയിക്കാനുമാണല്ലോ. മൃതദേഹം അന്യപുരുഷനോ സ്ത്രീയോ കാണുക മൂലം ഒരു തിൻമയും ഭയപ്പെടാനില്ല. മരണപ്പെട്ട ഒരു സ്ത്രിയുടെയോ പുരുഷന്റെയോ മൃതദേഹം ആളുകൾ ദുരുദ്ദേശ്യത്തോടെ സന്ദർശിക്കുമെന്നോ, അതല്ലെങ്കിൽ മൃതദേഹം കണ്ടാൽ ജനമനസ്സുകളിൽ ദുരുദ്ദേശ്യം ഉണരുമെന്നോ വിചാരിക്കുന്നതും അതനുസരിച്ച് നിയമങ്ങൾ ഉണ്ടാക്കുന്നതും ഒരു സമുദായത്തിന്റെ അവസ്ഥയുടെ അപഹാസ്യതയാണ് സൂചിപ്പിക്കുക. ഒരുപക്ഷേ ഒറ്റപ്പെട്ട വല്ല മനുഷ്യാധമന്മാരും അങ്ങനെയും ഉണ്ടെങ്കിൽ തന്നെ അത്തരം അപൂർവ്വ സാധ്യതകളെ മുൻനിർത്തി പൊതുവായ നിയമമുണ്ടാക്കുന്നത് ശരിയല്ല. ഉമ്മപെങ്ങൻമാരെ മാനഭംഗപ്പെടുത്താൻ തുനിയുന്നവരും അപൂർവ്വമായെങ്കിലും എല്ലാ വിഭാഗത്തിലും ഉണ്ടാകാമല്ലോ. അതു കരുതി, ഉമ്മയും മകനും തമ്മിലും സഹോദര സഹോദരികൾ തമ്മിലും പിതാവും പുത്രിയും തമ്മിലും ഒക്കെ പരസ്പരം കാണാൻ പാടില്ലെന്ന് നിയമമുണ്ടാക്കാമോ? ഇസ്ലാമിൽ അങ്ങനെയില്ല.