‘വിഭവങ്ങളില്‍ വിശാലത ആഗ്രഹിക്കുന്നവരും, ആയുസ്സ് നീട്ടികിട്ടാന്‍ ആഗ്രഹിക്കുന്നവരും കുടുംബബന്ധം ചേര്‍ക്കട്ടെ.’ എന്ന് ഒരു ഹദീസില്‍ കാണാം. കുടുംബബന്ധം ചേര്‍ക്കുന്നത് കൊണ്ട് യഥാര്‍ഥത്തില്‍ ആയുസ്സ് വര്‍ധിക്കുമോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആലങ്കാരിക പ്രയോഗമാണോ അത്?
മറുപടി: ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഒരാള്‍ക്ക് അയാളുടെ സമയത്തില്‍ ദൈവാനുഗ്രഹം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ കാലം ജീവിച്ചത് പോലെ തന്നെയാണ് അത് എന്നതാണ് ഒന്നാമത്തെ അഭിപ്രായം. യഥാര്‍ഥത്തില്‍ തന്നെ ആയുസ്സ് നീട്ടും എന്നാണ് രണ്ടാമത്തെ വീക്ഷണം. ഈ രണ്ട് ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് പ്രവാചകന്‍(സ) മേല്‍പറഞ്ഞിട്ടുള്ള വാക്യം. കുടുംബബന്ധത്തിന്റെ ഫലമായി ഒരാളുടെ സമയത്തെ അല്ലാഹു അനുഗ്രഹിക്കും. അപ്രകാരം ദീര്‍ഘായുസ്സും ലഭിക്കും.
ആളുകളുമായുള്ള നല്ല ബന്ധങ്ങള്‍ മനസ്സിന് സ്വസ്ഥതയും ശാന്തതയും നല്‍കുമെന്നതായിരിക്കാം അതിന്റെ ഉദ്ദേശ്യം. അല്ലെങ്കില്‍ അതിന്റെ കാരണങ്ങളില്‍ ഒരു കാരണം നല്ല ബന്ധങ്ങളാണ്. സ്വസ്ഥവും ശാന്തവുമായ മനസ്സിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദര്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ തന്നെ ദീര്‍ഘായുസ്സ് പ്രധാനം ചെയ്യുന്ന കാരണങ്ങള്‍ അതില്‍ നിന്നും ലഭിക്കുന്നു. കുടുംബബന്ധം ചേര്‍ക്കുന്ന ഒരാള്‍ക്ക് ആദ്യം പറഞ്ഞ അര്‍ഥത്തില്‍ മാത്രമല്ല, രണ്ടാമത് പറഞ്ഞ അര്‍ഥത്തിലും ദീര്‍ഘായുസ് ലഭിക്കും.