Friday, May 3, 2024
Homeസമൂഹം, സംസ്കാരംബ്യൂട്ടി പാർലറും കൃത്രിമ മുടിയും

ബ്യൂട്ടി പാർലറും കൃത്രിമ മുടിയും

ചോദ്യം- സാമൂഹിക പുരോഗതി സൗന്ദര്യവൽക്കരണത്തിന്റെ രൂപഭാവങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ആധുനിക വനിതക്ക് സ്വഭവനത്തിൽവെച്ചുള്ള സൗന്ദര്യവൽക്കരണത്തിൽ ഒതുങ്ങിനിൽക്കുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ അമുസ്‌ലിംകൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിൽ ചെന്ന് സൗന്ദര്യവൽക്കരണം നടത്തുന്നത് ഒരു മുസ്‌ലിംസ്ത്രീയെ സംബന്ധിച്ചിടത്തോളം അഭികാമ്യമാണോ? സ്ത്രീകൾ കൃത്രിമമുടി ധരിക്കുന്നത് ശർഇൽ അനുവദനീയമാകുമോ? അത് യഥാർഥ മുടിക്ക് ഒരാവരണം മാത്രമാണെന്നും യഥാർഥ മുടി മറയ്ക്കപ്പെടേണ്ടതാകയാൽ പ്രസ്തുത ധർമം കൃത്രിമമുടി നിർവഹിക്കുന്നുവെന്നും ചിലർ വാദിക്കുന്നു.

ഉത്തരം- ചില മതങ്ങളും തത്ത്വസംഹിതകളും വൈകൃതങ്ങളെയും വൈരൂപ്യങ്ങളെയും പ്രോൽസാഹിപ്പിക്കുന്നു. അത്തരം ചിന്താഗതികളുടെ കൊടിയ ശത്രുവാണിസ്‌ലാം. അമിതത്വവും ധൂർത്തും ഒഴിവാക്കിക്കൊണ്ട് സൗന്ദര്യവൽക്കരണവും അലങ്കാരവും നടത്തുവാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. അല്ലാഹു സ്വദാസന്മാർക്കു വേണ്ടി ഉൽപാദിപ്പിച്ച അലങ്കാരവസ്തുക്കളെ നിഷിദ്ധമാക്കുന്നവരെ അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് സൗന്ദര്യവൽക്കരണത്തെ നമസ്‌കാരത്തിന്റെ മുന്നുപാധികളിലൊന്നായി ഇസ്‌ലാം നിശ്ചയിച്ചത്. ‘എല്ലാ ആരാധനാസ്ഥലങ്ങളിലും നിങ്ങൾ സ്വന്തം അലങ്കാരങ്ങൾ സ്വീകരിച്ചുകൊള്ളുക'( അൽ അഅ്റാഫ് 31 ) എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.

സ്ത്രീപുരുഷന്മാരുടെ സൗന്ദര്യവൽക്കരണം പ്രോൽസാഹിപ്പിച്ച ഇസ്‌ലാം സ്ത്രീയുടെ പ്രകൃതിയും അവളുടെ സ്ത്രീത്വവും പ്രത്യേകം കണക്കിലെടുക്കുന്നു. തന്നിമിത്തം പുരുഷന് നിഷിദ്ധമാക്കിയ പല അലങ്കാരവസ്തുക്കളും സ്ത്രീക്ക് അനുവദിച്ചുകൊടുത്തിരിക്കുന്നു. പുരുഷന് നിഷിദ്ധമായ പട്ടും സ്വർണവും സ്ത്രീക്ക് അനുവദനീയമാണല്ലോ. എന്നാൽ, സൗന്ദര്യവൽക്കരണത്തിന്റെ ചില പ്രത്യേക രൂപങ്ങൾ ഇസ്‌ലാം സ്ത്രീക്കും പുരുഷന്നും നിഷിദ്ധമാക്കിയിട്ടുണ്ട്. മനുഷ്യപ്രകൃതിയെയും ദൈവസൃഷ്ടിപ്പിനെയും മാറ്റിക്കളയുന്ന തരത്തിലുള്ള സൗന്ദര്യവൽക്കരണം അക്കൂട്ടത്തിൽപെടുന്നു. മനുഷ്യരെ പിഴപ്പിക്കുവാൻ പിശാച് സ്വീകരിക്കുന്ന മാർഗങ്ങളിലൊന്ന് അതാണ്. ‘ഞാനവരോട് കൽപിക്കും. അപ്പോഴവർ ദൈവം സൃഷ്ടിച്ച പ്രകൃതിയെത്തന്നെ മാറ്റി മറിക്കും’ എന്ന് പിശാച് പ്രഖ്യാപിച്ചത് ഖുർആൻ എടുത്തുപറഞ്ഞിട്ടുണ്ട്.

കൂടാതെ ഇവ്വിഷയത്തിൽ സ്വീകാര്യമായ തിരുവചനങ്ങളുമുണ്ട്. പച്ചകുത്തുന്നവരെയും പച്ചകുത്തിക്കുന്നവരെയും പല്ലുകൾ മൂർച്ച കൂട്ടുന്നവരെയും മൂർച്ച കൂട്ടിക്കുന്നവരെയും പുരികം വടിക്കുന്നവരെയും വടിപ്പിക്കുന്നവരെയും കൃത്രിമമുടി ധരിക്കുന്നവരെയും ധരിക്കാനാവശ്യപ്പെടുന്നവരെയും തിരുദൂതർ ശപിച്ചതായി കാണാം. ഇതിൽനിന്നും കൃത്രിമമുടി ഉപയോഗിക്കുന്നത് സംബന്ധിച്ച വിധി വ്യക്തം. അത് തലമുടിക്ക് ഒരാവരണം മാത്രമാണെന്ന വാദം ഒരു വിതണ്ഡാവാദമാണ്. തലമുടിയുടെ ആവരണം എങ്ങനെയുള്ളതാണെന്ന് ഏവർക്കുമറിയാം. ഇതാകട്ടെ, യഥാർഥ മുടി നൽകുന്നതിലേറെ അലങ്കാരവും സൗന്ദര്യവും ഉദ്ദേശിച്ചുള്ളതാണ്. ഒരുവശത്ത് അത് വഞ്ചനയും തട്ടിപ്പുമാണ്. മറുവശത്ത് ധൂർത്തും ആഡംബരവുമാണ്. മൂന്നാമതായി സൗന്ദര്യപ്രകടനവും പ്രലോഭനവും. ഇവയെല്ലാം തീർത്തും നിഷിദ്ധമാണ്.

സഈദുബ്‌നുൽ മുസയ്യബ് ഉദ്ധരിക്കുന്ന ഒരു സംഭവം: മുആവിയ ഒരിക്കൽ മദീനയിൽ വന്നു. അദ്ദേഹത്തിന്റെ ഒടുവിലത്തെ വരവ്. ഞങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഒരു കെട്ട് മുടി പുറത്തെടുത്തു. എന്നിട്ടദ്ദേഹം പറഞ്ഞു: ‘ജൂതന്മാരല്ലാതെ മറ്റാരും ഇത് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.’ വ്യാജം എന്നാണ് തിരുദൂതർ ഇതിനെ വിളിച്ചത്. കൃത്രിമമുടിയായിരുന്നു ഉദ്ദേശ്യം.

മറ്റൊരു റിപ്പോർട്ടിൽ മുആവിയ ഇപ്രകാരം പറഞ്ഞതായി കാണാം: ‘നിങ്ങളുടെ പണ്ഡിതന്മാരെവിടെ? ഇമ്മാതിരി കാര്യങ്ങൾ ചെയ്യുന്നത് തിരുദൂതർ നിരോധിച്ചിരിക്കുന്നു.’ അദ്ദേഹം തുടർന്നു: ‘ജൂതസ്ത്രീകൾ ഇത് ഉപയോഗിക്കുവാൻ തുടങ്ങിയപ്പോഴാണ് ഇസ്രാഈൽ സന്തതികൾക്ക് നാശം ഭവിച്ചത്.'( ബുഖാരി )

ഈ ഹദീസ് രണ്ടു കാര്യങ്ങൾ പഠിപ്പിക്കുന്നു. ഒന്ന്, ജൂതന്മാരാണ് ഈ ദുർവൃത്തിയുടെ ഉറവിടം. അവരാണതിന്റെ പ്രചാരകർ. സർവ ദുർവൃത്തിയുടെയും പിന്നിൽ ജൂതന്മാരെ കണ്ടെത്താനാവും. രണ്ട്, ഈ ദുർവൃത്തിയെ തിരുദൂതർ ‘വ്യാജം’ എന്നു വിളിച്ചു. അത് നിഷിദ്ധമായിത്തീരാനുള്ള കാരണം എന്തെന്ന് പ്രസ്തുത നാമകരണം വ്യക്തമാക്കുന്നു. ഒരുതരം വഞ്ചനയും തട്ടിപ്പുമാണത്. ഇസ്‌ലാം വഞ്ചന തടയുന്നു. ലൗകികമോ അലൗകികമോ ആയ ഏതിടപാടിലും വഞ്ചന നടത്തുന്നവനെ സംബന്ധിച്ച് അത് ബാധ്യത ഒഴിയുന്നു. ‘വഞ്ചകൻ നമ്മിൽ പെട്ടവനല്ല’ എന്നത്രെ തിരുദൂതരുടെ പ്രഖ്യാപനം.

ചുരുക്കത്തിൽ കൃത്രിമമുടി ധരിക്കുന്നത് നിഷിദ്ധമാണ്. സ്വഭവനത്തിൽ പോലും. കാരണം, തിരുദൂതർ അവരെ ശപിച്ചിരിക്കുന്നു. ശിരസ്സിൽ ആവരണമില്ലാതെ വീട്ടിന് പുറത്തു പോകുന്നതാകട്ടെ, അതിലും വലിയ നിഷിദ്ധമാണ്. കാരണം ‘അവർ സ്വന്തം ശിരോവസ്ത്രം മാറിലേക്ക് താഴ്ത്തിയിടട്ടെ’ എന്ന ഖുർആൻ വാക്യത്തിലടങ്ങിയ ആജ്ഞയുടെ വ്യക്തമായ ലംഘനമാണത്. കൃത്രിമമുടി ഖുർആൻ വാക്യത്തിൽ പറഞ്ഞ ‘ഖിമാർ’ ആണെന്ന് ആരും വാദിക്കുകയില്ലല്ലോ. സ്ത്രീകൾക്കുതന്നെ നിഷിദ്ധമാക്കിയിരിക്കെ പുരുഷന്മാർ അതുപയോഗിക്കുന്നത് കൂടുതൽ ഗുരുതരമായ കുറ്റമാണെന്ന് പറയേണ്ടതില്ല.

ഇനി മുസ്‌ലിം സ്ത്രീകൾ, അമുസ്‌ലിംകൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിൽ പോകുന്ന കാര്യം: ഇത് തീരെ നിഷിദ്ധമാണ്. ഭർത്താവോ വിവാഹബന്ധം പാടില്ലാത്തവരോ അല്ലാത്ത പുരുഷൻ മുസ്‌ലിംസ്ത്രീയെ സ്പർശിച്ചു കൂടാ. തന്നെ സ്പർശിക്കുവാൻ അന്യപുരുഷന് സൗകര്യം ചെയ്തുകൊടുക്കാനും പാടില്ല. ‘തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിലും ഭേദം നിങ്ങളുടെ ശിരസ്സിൽ ഇരുമ്പാണി അടിച്ചു കയറ്റുന്നതാണ്'( ത്വബ്റാനി, ബൈഹഖി ) എന്ന് തിരുദൂതർ പറയുകയുണ്ടായി.

മിതത്വവും ഋജുത്വവും പ്രകൃതിയോടുള്ള ഇണക്കവുമാണ് ഇസ്‌ലാമിന്റെ മാർഗം. അത് കൈവിട്ടതാണ് ഇതിനെല്ലാം ഹേതു. അതിനാൽ മതനിഷ്ഠയിൽ തൽപരരും ദൈവതൃപ്തിയിൽ കൊതിയുള്ളവരുമായ സ്ത്രീകൾ അനുവദനീയമായ രീതിയിൽ സ്വഭവനങ്ങളിൽവെച്ച് അണിഞ്ഞൊരുങ്ങിക്കൊള്ളട്ടെ. അത് സ്വന്തം ഭർത്താക്കന്മാർക്കുവേണ്ടി ആയിരിക്കുകയും ചെയ്യട്ടെ. തെരുവുകൾക്കുവേണ്ടിയാവരുത്. തെരുവുകൾക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നത് ജൂതജനത പ്രചരിപ്പിക്കുന്ന പുത്തൻ നാഗരികതയുടെ രീതിയത്രെ.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!