ചോദ്യം- ”ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വർഗജീവിതം സമ്പന്ന സമൂഹത്തിന്റെ സുഖസമൃദ്ധമായ ജീവിതത്തിന് സമാനമായാണനുഭവപ്പെട്ടത്. ഭൂമിയിലെ ജീവിതം പോലെത്തന്നെയാണോ സ്വർഗജീവിതവും?”
ഉത്തരം- അഭൗതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാൽ ദൈവം, സ്വർഗം, നരകം, മാലാഖമാർ, പിശാചുക്കൾ എന്നിവയെക്കുറിച്ച് ദൈവദൂതന്മാരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആർക്കും അറിയുകയില്ല. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയിൽനിന്നുകൊണ്ട് അവന് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൗതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നൽകിയത്. അതിനാൽ സ്വർഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത സംതൃപ്തവും ആഹ്ലാദഭരിതവുമായ ജീവിതമാണ് അവിടെ ഉണ്ടാവുകയെന്ന വസ്തുത വ്യക്തമാക്കിയ വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: ”അവിടെ നിങ്ങൾ ആശിക്കുന്നതെല്ലാം ലഭിക്കും. നിങ്ങൾക്കു വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടേതാകും.” (41: 31)
മനുഷ്യന്റെ സകല സങ്കല്പങ്ങൾക്കും ഉപരിയായ സ്വർഗീയ സുഖത്തെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞത്, ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനസ്സും മനനം ചെയ്തിട്ടില്ലാത്തതുമെന്നാണ്. അതിനാൽ സ്വർഗജീവിതം ഏതു വിധമായിരിക്കുമെന്ന് ഇവിടെവച്ച് നമുക്ക് കണക്കുകൂട്ടുക സാധ്യമല്ല. എന്നാൽ പ്രയാസമൊട്ടുമില്ലാത്തതും മോഹങ്ങളൊക്കെയും പൂർത്തീകരിക്കപ്പെടുന്നതും സുഖവും സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതുമായിരിക്കുമെന്നതിൽ സംശയമില്ല.
സ്വർഗജീവിതം മടുക്കില്ലേ?
ചോദ്യം- ”അങ്ങനെയാണെങ്കിൽ അൽപകാലം കഴിയുമ്പോൾ സ്വർഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?”
ഉത്തരം- ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അൽപകാലം സ്വർഗീയ സുഖജീവിതം നയിക്കുമ്പോൾ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയിൽ നമുക്ക് സന്തോഷവും സന്താപവും സ്‌നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാൽ സ്വർഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുർആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉൾപ്പെടെ എന്തെങ്കിലും അഹിതകരമായ അനുഭവമുണ്ടാവുന്ന ഇടമൊരിക്കലും സ്വർഗമാവുകയില്ല. ‘ആഗ്രഹിക്കുന്നതെന്തും അവിടെ ഉണ്ടാകു’മെന്ന് (41: 31) പറഞ്ഞാൽ മടുപ്പില്ലാത്ത മാനസികാവസ്ഥയും അതിൽ പെടുമല്ലോ.