Tuesday, July 23, 2024
Homeഅനുഷ്ഠാനംകോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തറാവീഹ് നമസ്‌കാരം

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തറാവീഹ് നമസ്‌കാരം

ചോദ്യം: കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ തറാവീഹ് നമസ്‌കരിക്കുന്നതിന്റെ വിധി?

ഉത്തരം: റമദാനിലെ രാത്രികളിൽ നമസ്‌കരിക്കുന്ന നമസ്‌കാരമാണ് തറാവീഹ്. തർവീഹ എന്നതിന്റെ ബഹുവചനമാണ് തറാവീഹ്. പൂർവികരുടെ നമസ്‌കാരം ദൈർഘ്യമേറിയതായിരുന്നു. നാല് റകഅത്ത് നമസ്‌കരിച്ച് (രണ്ട് റകഅത്തിൽ സലാം വീട്ടി) വിശ്രമിക്കുകയും, പിന്നീട് നമസ്‌കാരം തുടരുകയും ചെയ്യുന്നതിനാലാണ് തറാവീഹ് എന്ന പേരിൽ അത് അറിയപ്പെടുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രബലമായ സുന്നത്താണ് തറാവീഹ് നമസ്‌കാരം. ഇശാഅ് നമസ്‌കാര ശേഷം റമദാനിന്റ രാത്രികളിലാണ് തറാവീഹ് നമസ്‌കരിക്കുക. അതിന്റെ സമയം ഫജറിന് (സ്വുബ്ഹ് ബാങ്കിന്) തൊട്ടുമുമ്പ് വരെയാണ്. റമദാനിൽ രാത്രി നമസ്‌കാരത്തിന് (ഖിയാമുല്ലൈൽ) പ്രവാചകൻ പ്രോത്സാഹനം നൽകിയതായി കാണാൻ കഴിയുന്നതാണ്. പ്രവാചകൻ(സ) പറയുന്നു: ‘വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനിൽ നമസ്‌കരിക്കുകയാണെങ്കിൽ അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.’ (ബുഖാരി, മുസ്‌ലിം)

പ്രവാചകൻ(സ) തറാവീഹ് ജമാഅത്തായിട്ടാണ് നമസ്‌കരിച്ചിരുന്നത്. മുസ്‌ലിം സമൂഹത്തിന് നിർബന്ധമാകുമോ എന്ന ഭയത്താൽ പിന്നീട് അത് ഒഴിവാക്കിയതായി ആയിശ(റ) റിപ്പോർട്ട് ചെയ്യുന്നു. തറാവീഹിന്റെ റകഅത്തുകളുടെ കാര്യത്തിൽ ശ്രേഷ്ഠമായത് പ്രവാചകന്റെ സുന്നത്ത് സ്വീകരിക്കുകയെന്നതാണ്. പതിനൊന്നോ പതിമൂന്നോ റകഅത്തിൽ അധികരിക്കുമായിരുന്നില്ലെന്ന് ആയിശ(റ) റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് -19 കാരണമായി രാഷ്ട്രങ്ങൾ സംരക്ഷണ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനാൽ ആളുകൾ അവരുടെ കുടുംബത്തോടൊപ്പം വീട്ടിൽവെച്ച് നമസ്‌കരിക്കുകയാണ് വേണ്ടത്. ഒറ്റക്ക് നമസ്‌കരിക്കുന്നതിലും പ്രശ്‌നമില്ല. കാരണം തറാവീഹ് ഐച്ഛിക നമസ്‌കാരമാണ്. എന്നാൽ ആരെങ്കിലും ജമാഅത്തായി നമസ്‌കരിക്കുകയാണെങ്കിൽ ‘ഖിയാമുല്ലൈലി’ന്റെ ശ്രേഷ്ഠത പൂർണമായും ലഭിക്കുന്നതാണ്. പ്രവാചകൻ(സ) പറയുന്നു: ‘ഇമാം പിൻവാങ്ങുന്നതുവരെ ഇമാമിനൊപ്പം ആർ നമസ്‌കരിക്കുന്നുവോ അവന് ‘ഖിയാമുല്ലൈൽ’ രേഖപ്പെടുത്തുന്നതാണ്.’ (അഹ്മദ്, തുർമുദി, ഇമാം അൽബാനി ‘ഇർവാഉൾ ഗലീൽ വസ്വഹീഹുൽ ജാമിഇ’ൽ ഹദീസ് സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു)
നമസ്‌കാരത്തിൽ മുസ്ഹഫിൽ നോക്കിയോതുന്നതിന് തടസ്സമൊന്നുമില്ല. ആയിശ(റ) റമദാനിൽ അടിമയായ ദക്‌വാനൊപ്പം നമസ്‌കരിക്കാറുണ്ടായിരുന്നു. ദക്‌വാൻ മുസ്ഹഫിൽ നോക്കിയാണ് പാരായണം ചെയ്തിരുന്നത്.

അവലംബം: iumsonline.org
വിവ- അർശദ് കാരക്കാട്

Recent Posts

Related Posts

error: Content is protected !!