Thursday, May 9, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംപിതാവിന്റെയും ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് പണിയുമ്പോൾ

പിതാവിന്റെയും ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് പണിയുമ്പോൾ

ചോദ്യം – എന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥലത്ത് (എനിക്ക് മൂന്ന് മക്കൾ- രണ്ട് ആണും ഒരു പെണ്ണും) ഇളയ മകൻ പൈസ മുടക്കി വീട് വെക്കാൻ ഉദ്ദേശിക്കുന്നു. ഭാവിയിൽ എന്റെയോ ഭാര്യയുടെയോ മരണശേഷം അനന്തരാവകാശ പ്രകാരം ബാഗിക്കുമ്പോൾ പൈസ മുടക്കിയ ഇളയ മകന് അവൻ മുടക്കിയ പൈസ നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി എന്താണ് ചെയ്യുക. എന്തെങ്കിലും രേഖ ഉണ്ടാക്കി വച്ചാൽ ഇസ്ലാമിക ശരീഅത്ത് പ്രകാരം അനന്തരാവകാശം ബാ​ഗിക്കുമ്പോൾ മറ്റു നിയമ തടസ്സം വല്ലതുമുണ്ടാകുമോ. മകൻ പൈസ മുടക്കി വെക്കുന്ന വീടും എന്റെയും ഭാര്യയുടെയും പേരിൽ തന്നെ ആയിരിക്കും.

ഉത്തരം- നിലവില്‍ ഈ സ്ഥലം നിങ്ങളുടെയും ഭാര്യയുടെയും പേരിലാണ്. നിങ്ങളാണ് ഇതിന്റെ പൂര്‍ണ്ണ ഉടമസ്ഥര്‍. ഉടമസ്ഥന്‍ ജീവിച്ചിരിക്കെ അതില്‍ ഹലാലായ ഏത് കൈകാര്യങ്ങളും ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ് നിങ്ങളുടെ സ്ഥലത്തു വീട് വെക്കുവാന്‍ മകനെയെന്നല്ല, ആരെയും അനുവദിക്കുക എന്നത്. എന്നാല്‍ വീട് വെക്കുന്നതിന് മുമ്പേ നിങ്ങള്‍ക്കിടയില്‍ ഒരു എഗ്രിമെന്‍റ് ഉണ്ടാവല്‍ നിര്‍ബന്ധമാണ്. അതില്‍ ഇത് സംബന്ധമായ എല്ലാ വിധ നിബന്ധനകളും വിശദമായി രേഖപ്പെടുത്തണം. നിലവില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥര്‍ ആരാണ്, ആരാണ് അതില്‍ വീട് വെക്കാന്‍ ഉദ്ദേശിക്കുന്നത്, സ്ഥലത്തിന് നിലവില്‍ എത്ര വിലയുണ്ട്, മകന്‍ വെക്കുന്ന വീടിന് എന്തു ചെലവ് വരും, ഉടമസ്ഥരില്‍ ആരെങ്കിലും ആദ്യം മരണപ്പെട്ടാല്‍ ഈ വീടിന്‍റെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കണം, മകനാണ് ആദ്യം മരണപ്പെടുന്നതെങ്കില്‍ എന്തു തീരുമാനം എടുക്കും എന്നൊക്കെ വിശദമായി ആ എഗ്രിമെന്റില്‍ എഴുതണം. ഈ എഗ്രിമെന്‍റ് രജിസ്റ്റര്‍ ചെയ്യുകയും വേണം. മകന്‍റെ കയ്യില്‍ നിന്ന് ഇത്രയും സംഖ്യ പിതാവ് കടമായി വാങ്ങി എന്ന് ഒരു എഗ്രിമെന്‍റ് ഉണ്ടാക്കിയാലും മതിയാവും. അപ്പോള്‍ പിതാവ് ആദ്യം മരണപ്പെട്ടാല്‍ പിതാവിന്‍റെ സ്വത്തില്‍ നിന്ന് ഈ കടം വീട്ടിയ ശേഷം ബാക്കിയുള്ളതേ അനന്തരസ്വത്തായി പരിഗണിക്കൂ. പിതാവാണ് ആദ്യം മരണപ്പെടുന്നതെങ്കില്‍, സ്വത്ത് വീതം വെക്കുമ്പോള്‍ പണം മുടക്കി വീട് വെക്കുന്ന മകന് കിട്ടുന്ന അവകാശം ഈ വീട് നില്‍ക്കുന്ന ഭാഗത്ത് നല്കണം എന്നും വ്യവസ്ഥ ചെയ്തു വെക്കുന്നതാണ് നല്ലത്. നിലവില്‍ ഉടമസ്ഥരായ നിങ്ങള്‍ രണ്ടുപേരും ഇളയ മകനുമായി മാത്രമാണ് ഈ ഇടപാട് എങ്കിലും, മറ്റ് മക്കള്‍ അതില്‍ സാക്ഷിയായി ഒപ്പ് വെക്കുന്നതാണ് ഉചിതം. ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാകാന്‍ അത് സഹായിക്കും.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!