ചോദ്യം – ഞങ്ങളുടെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന് മാതാവ് (വാര്‍ദ്ധക്യത്തിലാണ്), ഭാര്യ, 2 ആണ്‍മക്കള്‍, 3 പെണ്‍മക്കള്‍ എന്നിവരാണ് ഉള്ളത്. പിതാവ് ജീവിച്ചിരിക്കെ രണ്ടാമത്തെ മകന് 25 സെന്‍റ് സ്ഥലം വീട് വെക്കാനായി കൊടുത്തു. സാധാരണ മൂത്ത മകനാണ് വീടുവെച്ച് ആദ്യം മാറുന്നത്. എന്നാല്‍ അയാള്‍ക്ക് അതിനുള്ള കഴിവില്ലാത്തതിനാലാണ് രണ്ടാമത്തെ മകന് ആ സ്ഥലം കൊടുത്ത് അവിടെ വീട് എടുപ്പിച്ചത്. പെണ്‍മക്കള്‍ 3 പേരെയും മാന്യമായി വിവാഹം ചെയ്തു അയച്ചു. അതിന് പകരമെന്നോണം ആണ്‍കുട്ടികള്‍ രണ്ടുപേര്‍ക്കുമായി 15 സെന്‍റ് സ്ഥലം വാങ്ങി നല്കി. പിതാവിന്റെ സ്വത്ത് എങ്ങിനെ വീതിക്കും?
ഉത്തരം – ആദ്യം സ്വത്തിന്‍റെ ഓഹരി വെക്കല്‍ നോക്കാം.
പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് മാതാവിനും, എട്ടിലൊന്ന് ഭാര്യക്കും ലഭിക്കും. ബാക്കിയുള്ളത് മക്കള്‍ക്കാണ് ലഭിക്കുക. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍, 2 പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ അത് അവര്‍ക്കിടയില്‍ വീതിക്കണം.
മൊത്തം സ്വത്തിനെ, 168 ഭാഗമാക്കുക. അതില്‍ നിന്നു ആറിലൊന്നായ 28 ഓഹരികള്‍ മാതാവിനും, എട്ടിലൊന്നായ 21 ഓഹരികള്‍ ഭാര്യക്കും, 17 ഓഹരികള്‍ വീതം ഓരോ മകള്‍ക്കും, 34 ഓഹരികള്‍ വീതം ഓരോ മകനും നല്കുക.
പരിഗണിക്കപ്പെടേണ്ട മറ്റ് വസ്തുതകള്‍:
• പിതാവ് ജീവിച്ചിരിക്കെ രണ്ടാമത്തെ മകന് 25 സെന്‍റ് സ്ഥലം വീട് വെക്കാനായി നല്കിയത്, നാട്ടുനടപ്പ് അനുസരിച്ച് അത് ആദ്യ മകന് കൊടുക്കാനായിരുന്നു പിതാവ് ആഗ്രഹിച്ചത്, എന്നാല്‍ അയാള്‍ക്ക് അതിനുള്ള ശേഷി ഇല്ലാത്തതിനാല്‍ രണ്ടാമത്തെ മകന് അത് നല്‍കുകയായിരുന്നു.
• അപ്പോള്‍ പിതാവിന്‍റെ വീടും അതിനോടനുബന്ധിച്ച് നില്‍ക്കുന്ന സ്ഥലവും ആദ്യത്തെ മകന് കൊടുക്കാനാണ് പിതാവ് ഉദ്ദേശിച്ചത് എന്നു വ്യക്തമാണ്.
• അതിനാല്‍ ആ വീടും അനുബന്ധസ്ഥലവും ആദ്യത്തെ മകന് നല്‍കുന്നതാണ് നീതി.
• പിതാവിന്‍റെ വീടിന് മാര്‍ക്കറ്റ് വില കണക്കാക്കി, അതും രണ്ടാം മകന് നല്കിയ 25 സെന്‍റ് സ്ഥലത്തിന്റെ വിലയും തമ്മിലുള്ള അന്തരം കണ്ട്, അതിനുള്ള സ്ഥലം മാത്രം വീടിനോടനുബന്ധിച്ച് ആദ്യ മകന് കൊടുക്കലാണ് കൂടുതല്‍ സൂക്ഷ്മത.
• പെണ്‍മക്കളുടെ കല്യാണത്തിന് അവര്‍ക്ക് നല്കിയതിന് തുല്യമായി ആണ്‍കുട്ടികള്‍ക്കായി 15 സെന്‍റ് സ്ഥലം വാങ്ങി റെജിസ്റ്റര്‍ ചെയ്തത് വളരെ അനുകരണീയമായ മാതൃകയാണ്.
• അങ്ങിനെ പിതാവ് ആണ്‍മക്കള്‍ക്ക് നല്കിയ സ്വത്ത് അവര്‍ക്ക് മാത്രം സ്വന്തമായതാണ്. അതിന്റെ ഉടമസ്ഥര്‍ അവരാണ്. മറ്റ് അവകാശികള്‍ക്ക് ഈ സ്വത്തില്‍ അവകാശമില്ല.
• മേല്‍പ്പറഞ്ഞ പ്രകാരം മൂത്ത മകന് വീടും സ്ഥലവും കൊടുത്തുകഴിഞ്ഞു ബാക്കിയാവുന്ന സ്വത്താണ് മുകളില്‍ പറഞ്ഞ കണക്കില്‍ ഓഹരി വെക്കേണ്ടത്.
• പരേതന്‍റെ മാതാവ് വാര്‍ദ്ധക്യത്തിന്‍റെ അവശതയിലാണ് എങ്കിലും അവരുടെ ഓഹരി അവകാശം നഷ്ടമാവുന്നില്ല. അത് അവര്‍ക്ക് തന്നെ നല്കണം. അവരുടെ കാലശേഷം ആരാണോ അവരുടെ അവകാശികളായി ജീവിച്ചിരിക്കുന്നത് അവര്‍ക്ക് അത് ലഭിക്കും.
• അവകാശിയുടെ പ്രായമോ ആവശ്യമോ സാമ്പത്തികശേഷിയോ ഒന്നും ഓഹരി ലഭിക്കുന്നതില്‍ തടസ്സമാവുകയില്ല; പരേതനുമായുള്ള രക്തബന്ധം, വൈവാഹികബന്ധം, കുടുംബബന്ധം എന്നിവയാണ് പരിഗണിക്കുക.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE