Home കച്ചവടം ബിസിനസ്സ് പ്രൊമോഷന്‍റെ ഭാഗമായി നൽകുന്ന സമ്മാനങ്ങൾ

ബിസിനസ്സ് പ്രൊമോഷന്‍റെ ഭാഗമായി നൽകുന്ന സമ്മാനങ്ങൾ

ചോദ്യം – ഒരു പ്രമുഖ സ്ഥാപനം നടത്തുന്ന സാംസ്കാരിക പരിപാടിക്ക് ടിക്കറ്റ് എടുക്കുന്ന കൂട്ടത്തില്‍ ഒരു കാര്‍ സമ്മാനം വച്ചിട്ടുണ്ട്. ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്?

ഉത്തരം – സ്ഥാപനങ്ങളും കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ വേണ്ടി ചില സമ്മാനങ്ങള്‍ നല്‍കാറുണ്ട്. അത് അവരുടെ ബിസിനസ്സ് പ്രൊമോഷന്‍റെ ഭാഗമായി ചെയ്യുന്നതാണ്. അതിനുള്ള പണം കണ്ടെത്തുന്നത് അവരുടെ ലാഭത്തിന്‍റെ ഒരു ഭാഗത്തില്‍ നിന്നാണ്. കസ്റ്റമര്‍ ഇതിന് വേണ്ടി പ്രത്യേകമായി അധികം പണം നല്‍കേണ്ടതില്ല. ധാരാളം ഉപഭോക്താക്കളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാന്‍ വേണ്ടി നറുക്കെടുപ്പ് നടത്തുന്നു എന്നേയുള്ളൂ. ഇതില്‍ സ്ഥാപനത്തിനൊ ഉപഭോക്താവിനോ തെറ്റൊന്നുമില്ല.

എന്നാല്‍ ഇതില്‍ കുറേയേറെ കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ ഉണ്ടാവേണ്ടതുണ്ട്.
• ഒരേ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറേയേറെ സ്ഥാപനങ്ങള്‍ ഒരേ സ്ഥലത്തു ഉണ്ടായിരിക്കുമ്പോള്‍ ഒരു സ്ഥാപനം മാത്രം ഇങ്ങിനെ ആളെ കൂട്ടാന്‍ വേണ്ടി ഓഫറുകള്‍ വെക്കുന്നത് തെറ്റല്ല എങ്കിലും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ല.
• ഇങ്ങിനെ മല്‍സരിക്കാന്‍ കഴിയാത്ത ചെറുകിടക്കാരുടെ ബിസിനസ്സ് നഷ്ടപ്പെടുത്തുകയാണ് അതുവഴി ചെയ്യുന്നത്.
• ഈ സമ്മാനങ്ങള്‍ക്കുള്ള ചെലവ് കൂടി തങ്ങളുടെ കച്ചവടച്ചരക്കുകളില്‍ വില കുറച്ച് എല്ലാ കസ്റ്റമേഴ്സിനും ഒരുപോലെ അതിന്റെ പ്രയോജനം കിട്ടുന്നതാണ് കൂടുതല്‍ കരണീയം.
• വില കുറവുള്ള സ്ഥാപനങ്ങളില്‍ നിന്ന് പര്‍ച്ചേസ് നടത്തുന്നത് കസ്റ്റമേഴ്സിനെ സംബന്ധിച്ചിടത്തോളം ലാഭകരമാണ്.
• എന്നാല്‍ അവിടെ ഒരു കാറ് വെച്ചിട്ടുണ്ട്, അത് ലഭിക്കാന്‍ വേണ്ടി മാത്രം മറ്റുള്ള ഷോപ്പുകളില്‍ ഉള്ള വിലയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി ഈ കട തന്നെ തെരഞ്ഞെടുക്കുകയും അതിനു വേണ്ടി അധിക ദൂരം താണ്ടുകയും തന്‍റെ ഏറ്റവും അടുത്ത കച്ചവടക്കാരനെ തഴയുകയും ചെയ്യുന്നത് ഭൂഷണമല്ല.
• ചോദ്യത്തില്‍ ചോദിച്ചതു പ്രകാരം ടിക്കറ്റ് വാങ്ങുന്ന വ്യക്തി പരിപാടിക്ക് വരുന്നതിന് വേണ്ടിയാണ് ടിക്കറ്റ് പണം കൊടുത്ത് വാങ്ങുന്നത്; കാറിന് വേണ്ടി എടുക്കുന്ന ടിക്കറ്റ് അല്ല. അതുകൊണ്ട് തന്നെ അതില്‍ തെറ്റില്ല.
• എന്നാല്‍ പരിപാടിക്ക് പോകാനൊന്നും ഞാനില്ല, കാറിന്‍റെ നറുക്കില്‍ എന്‍റെ പേര് വരണം എന്ന് മാത്രമാണ് ടിക്കറ്റ് എടുക്കുന്ന ആളുടെ നിയ്യത്ത് എങ്കില്‍, അയാളുടെ ചെലവാക്കല്‍ ഹറാമാണ്, അയാള്‍ക്ക് കാറ് കിട്ടിയാല്‍ അതും ഹറാമാണ്.
• ആളെ കൂട്ടാന്‍ വേണ്ടി ഇങ്ങിനെ ഒരു ഓഫര്‍ മാനേജ്മെന്‍റ് കൊടുക്കുന്നതില്‍ തെറ്റില്ല; പരിപാടിക്ക് വന്നവരില്‍ ഒരാള്‍ക്ക് അങ്ങിനെ കിട്ടുന്ന കാറ് ഹറാമുമല്ല.
• കുറെ വ്യക്തികള്‍ ഒരു കാറിന് വേണ്ടി ടിക്കറ്റ് എടുക്കുകയും അതില്‍ ഒരാള്‍ക്ക് മാത്രം നറുക്കെടുപ്പിലൂടെ കാറ് നല്‍കുന്ന ലോട്ടറി ഇനത്തില്‍ മേല്‍പ്പറഞ്ഞ കാറിനെ പെടുത്താന്‍ കഴിയില്ല.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

error: Content is protected !!