Wednesday, May 8, 2024
Homeകാലികംപ്രേമവും വീട്ടുകാരുടെ സമ്മതവും

പ്രേമവും വീട്ടുകാരുടെ സമ്മതവും

ചോദ്യം: ഞാൻ ഒരു യുവതിയാണ്. എന്റെ പിതാവ് എന്നെ ഒരു യുവാവിനു വിവാഹം ചെയ്തുകൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നു. പിതാവ് തെരഞ്ഞെടുത്ത വരനെ എനിക്കിഷ്ടമല്ല. ഞാൻ മറ്റൊരു യുവാവിനെ സ്നേഹിക്കുന്നു. ഈ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്നുപദേശിച്ചാലും.

ഉത്തരം: ഒരു പെൺകുട്ടിയെ സംബന്ധിച്ചേടത്തോളം അവളുടെ ദാമ്പത്യത്തിന്റെ ഉത്തമ താൽപര്യങ്ങൾ പരിരക്ഷിക്കുന്നതിൽ ഏറെ ജാഗ്രതയും കഴിവും ഉണ്ടാവുക അവളുടെ പിതാവിനു തന്നെയാണ്. ആ സ്ഥിതിക്ക് നിങ്ങളുടെ പിതാവ് നിങ്ങൾക്കായി തിരഞ്ഞെടുക്കുന്ന വരൻ നിങ്ങൾക്ക് ഏറെ യോജിച്ചവനായിരിക്കാനാണ് സാധ്യത. എങ്കിലും ചില പിതാക്കൾക്ക് തങ്ങളുടെ മക്കളെ ശരിക്കും മനസ്സിലാക്കാൻ കഴിയാറില്ല. അതിന്റെ ഫലമായി അവർക്ക് അനുയോജ്യരായ വരന്മാരെയും വധുക്കളെയും തിരഞ്ഞെടുക്കുന്നതിൽ അവർ പരാജയപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ തിരഞ്ഞെടുത്ത ബന്ധത്തിന്റെ ദൂഷ്യങ്ങൾ മക്കൾക്ക് നേരിട്ടോ സുഹൃത്തുക്കൾ മുഖേനയോ വീട്ടുകാരെ ബോധ്യപ്പെടുത്താവുന്നതും മറ്റൊരു ബന്ധം അന്വേഷിക്കാൻ പ്രേരിപ്പിക്കാവുന്നതുമാണ്. അങ്ങനെ ദൂഷ്യമൊന്നും ചൂണ്ടിക്കാണിക്കാനില്ലെങ്കിൽ രക്ഷിതാക്കൾ നിർദേശിക്കുന്ന ബന്ധത്തിനു സമ്മതിക്കുന്നതാണുത്തമം.

നിങ്ങൾ മറ്റൊരു യുവാവിനെ സ്നേഹിക്കുന്നു എന്നു പറഞ്ഞത് ഏതു തരത്തിലുള്ള സ്നേഹമാണെന്നു വ്യക്തമായില്ല. ആ യുവാവിന്റെ സ്വഭാവ മഹിമയിലും ഉത്തമ ഗുണങ്ങളിലുമുള്ള മതിപ്പും താൽപര്യവും നിമിത്തം അയാളെ ജീവിത പങ്കാളിയാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് തികച്ചും ആരോഗ്യകരമാണ്. നിങ്ങൾ തന്റേടത്തോടെ, നേരിട്ടോ അല്ലാതെയോ വീട്ടുകാർക്ക് അയാളെ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതാണ്. നിങ്ങളുടെ ആഗ്രഹത്തിന് പ്രഥമ പരിഗണന നൽകുവാൻ രക്ഷിതാക്കൾക്ക് ബാധ്യതയുണ്ട്.

ആധുനിക വിദ്യാഭ്യാസ രീതിയുടെയും പത്രമാസികകളുടെയും പൈങ്കിളി സാഹിത്യങ്ങളുടെയും സ്വാധീന ഫലമായി യുവജനങ്ങളെ ബാധിക്കാറുള്ള പ്രേമമാണ് ഉദ്ദേശിച്ചതെങ്കിൽ, അതെപ്പറ്റി യുക്തിപൂർവം നിങ്ങൾ സ്വയം ചിന്തിക്കേണ്ടതാണ്. പ്രേമം, അനുരാഗം എന്നൊക്കെ പറയുന്നത്, അതു ബാധിച്ചവർ വിചാരിക്കുന്നപോലെ അത്ര മഹത്തരമോ പരിശുദ്ധമോ ഒന്നുമല്ല. ഒരു തരം സംസ്കരിക്കപ്പെട്ട കാമം തന്നെയാണത്. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ നിലനിൽപ്പ് മറ്റൊരാളുടെ ഇഷ്ടത്തോടും സഹവാസത്തോടും ബന്ധിപ്പിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്. നിങ്ങൾ പ്രേമിക്കുന്ന യുവാവിനോട് നിങ്ങൾക്കുള്ള ഇഷ്ടത്തിന് പലപ്പോഴും യുക്തിപരമായ അടിസ്ഥാനമുണ്ടാവില്ല.

ഒരു കമിതാവ് തന്റെ കാമുകനിൽ, അല്ലെങ്കിൽ കാമുകിയിൽ കാണുന്ന അതുല്യ സൗന്ദര്യവും അസാധാരണ ഗുണങ്ങളും കേവലം ഭ്രമമായിരിക്കും. മറ്റു മനുഷ്യരെപ്പോലെ ഗുണദോഷങ്ങൾ നിറഞ്ഞ ഒരു മനുഷ്യൻ മാത്രമായിരിക്കും, അയാളും.

അനുരാഗം ഏകപക്ഷീയമാവുകയോ കമിതാക്കളിൽ ഒരാൾ അപരനെ വഞ്ചിക്കുകയോ ചെയ്താൽ വഞ്ചിക്കപ്പെട്ടയാളിന്റെ ജീവിതം മോഹഭംഗം നിമിത്തം താറുമാറാകുന്നു. പ്രേമപ്പനി പിടിച്ചവർക്ക് തങ്ങളുടെ മുമ്പിലുള്ള പ്രയാസങ്ങളെയും പ്രശ്നങ്ങളെയും ജീവിത യാഥാർത്ഥ്യങ്ങളെയും കാണാൻ കഴിയാറില്ല. പിൽക്കാലത്ത് അവ ജീവിതത്തിന്റെ താളം പിഴപ്പിക്കുമ്പോഴേ അവർ കണ്ണുതുറക്കൂ. യഥേഷ്ടം പ്രേമിച്ചു വിവാഹം കഴിക്കാൻ സൗകര്യമുള്ള പരിഷ്കൃത സമൂഹങ്ങളിൽ ദാമ്പത്യ ബന്ധങ്ങളുടെ തകർച്ച അനുദിനം വർധിച്ചു വരുന്നത് ഇതുകൊണ്ടത്രെ.

അനുരാഗം ഉണ്ടാവേണ്ടത് വിവാഹത്തിനു മുമ്പല്ല, അതിനു ശേഷമാണ്. എങ്കിലേ പുതുമയും ചൈതന്യവുമുള്ള ഒരു കുടുംബം നിലനിർത്താൻ കഴിയൂ. കമിതാക്കളിൽ ഏറെപ്പേരെ സംബന്ധിച്ചിടത്തോളവും പ്രേമത്തിന്റെ പരിസമാപ് തിയാണ് വിവാഹം. തുടർന്നങ്ങോട്ടുള്ളത് ദൈനംദിന ചടങ്ങു ജീവിതമാണ്. അതുകൊണ്ടാണ് കാലക്രമത്തിൽ അത് വിരസമാവുകയും ചിലപ്പോൾ ജീർണിച്ചു തകരുകയും ചെയ്യുന്നത്.

ഈ വക സംഗതികളെക്കുറിച്ചു ബുദ്ധിപൂർവം ആലോചിച്ചാൽ നിങ്ങൾക്കു തന്നെ ബോധ്യപ്പെടും. വിവാഹത്തിനു മുമ്പുള്ള പ്രേമം ഒരു മനോദൗർബല്യമാണ്. കഴിയുമെങ്കിൽ ആ ദുർബല വികാരത്തെ അവഗണിച്ച് വീട്ടുകാർ ആലോചിച്ചു തിരഞ്ഞെടുക്കുന്ന വിവാഹ ബന്ധത്തിന് വഴങ്ങുന്നതാണ് ഉത്തമം.

ഒരാളുമായി പ്രേമബന്ധത്തിലകപ്പെട്ട പെൺകുട്ടിയെ വീട്ടുകാർ അവളിഷ്ടപ്പെടാത്ത മറ്റൊരാൾക്കും കെട്ടിച്ചു കൊടുക്കുന്നതു ശരിയല്ല. അങ്ങനെ ചെയ്യേണ്ട തനിവാര്യമായ പരിതഃസ്ഥിതിയുണ്ടെങ്കിൽ പോലും, കാര്യകാരണ സഹിതം അതവളെ ബോധ്യപ്പെടുത്തുകയും അവളുടെ സമ്മതം വാങ്ങുകയും ചെയ്ത ശേഷമായിരിക്കണം ചെയ്യുന്നത്. സമ്മതം തേടേണ്ടത് നിർബന്ധിച്ചും മർദിച്ചിട്ടുമല്ല. ശറഇയായ വിലക്കുകളില്ലെങ്കിൽ പെൺകുട്ടിയെ അവളിഷ്ടപ്പെടുന്ന പുരുഷന്നു തന്നെ വിവാഹം ചെയ്തു കൊടുക്കുന്നതായിരിക്കും നല്ലത്. കാരണം, ഒരു പുരുഷനെ മനസാവരിച്ചു കഴിഞ്ഞ സ്ത്രീക്ക് മറ്റൊരു പുരുഷനു മായി ആത്മാർത്ഥതയോടും സംതൃപ്തിയോടും കൂടി ജീവിതം പങ്കിടുവാൻ വളരെ വിഷമമായിരിക്കും. കുട്ടികൾ പ്രേമബന്ധങ്ങൾ പോലുള്ള അനഭിലഷണീയ പ്രവണതകളിൽ ചെന്നു ചാടാതിരിക്കാനാണ് രക്ഷിതാക്കൾ ശ്രദ്ധി ക്കേണ്ടത്.

പെൺകുട്ടിയുടെ വിവാഹത്തിന് അവളുടെ സമ്മതത്തെപ്പോലെത്തന്നെ രക്ഷിതാവിന്റെ സമ്മതവും അനിവാര്യമാണെന്ന് നബി (സ) പഠിപ്പിക്കു ന്നത്. രക്ഷിതാവിന്റെ സമ്മതമില്ലാതെ ഒരു സ്ത്രീ വിവാഹിതയായാൽ അവളു ടെ വിവാഹം അസാധുവാണെന്ന് ഒരു തിരുവചനത്തിൽ സ്പഷ്ടമായിത്തന്നെ വന്നിട്ടുണ്ട്. അതുകൊണ്ട് പെൺകുട്ടികൾ രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നിഷ്ടം മാത്രം നോക്കി വിവാഹബന്ധത്തിലേർപ്പെടുന്നത് ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമാകുന്നു. പെൺകുട്ടി വരിച്ചിരിക്കുന്നത് തികച്ചും അനാശാസ്യനായ വരനെയാണെന്ന് രക്ഷിതാവിന് ബോധ്യപ്പെട്ടാൽ അയാൾക്ക് ആ വിവാ ഹം ദുർബലപ്പെടുത്താൻ അധികാരമുണ്ട്. പെൺകുട്ടിയും കാമുകനും തമ്മിലു ള്ള പ്രേമം വിഛേദിക്കാനാവാത്ത വിധം വളർന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ, അപ്പോൾ വിട്ടുവീഴ്ചക്കു തയ്യാറാവാൻ വീട്ടുകാരും അല്ലാത്തപ്പോൾ വീട്ടുകാരുടെ തൃപ്തിക്കും ഉപദേശത്തിനും വഴങ്ങാൻ പെൺകുട്ടിയും തയ്യാറാവുകയാണ് ഇത്തരം സന്ദർഭങ്ങളിൽ അഭിലഷണീയമായ മാർഗം.

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!