Home ഫിഖ്ഹ്- വൈദ്യശാസ്തം പന്നിയുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ അനുവദനീയമാണോ?

പന്നിയുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ അനുവദനീയമാണോ?

പന്നിയുടെ ഹൃദയം ഒരു മനുഷ്യനിൽ വിജയകരമായി മാറ്റിവെച്ച വാർത്ത ഈയടുത്താണ് പുറത്തുവന്നത്. ഉടനെ അതിൻ്റെ അനുവദനീയതയെക്കുറിച്ച് പലരും അന്വേഷിക്കുന്നതും കണ്ടു. പ്രസ്തുത സംശയത്തെ അനാവരണം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

1. മൃഗങ്ങളുടെ അവയവം മനുഷ്യ ശരീരത്തിൽ മാറ്റിവെക്കൽ:
മൃഗങ്ങളുടെ അവയവങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ അനുവദനീയമാണെന്നാണ് ആധുനിക പണ്ഡിതന്മാരിൽ ഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം. നായയുടെതും പന്നിയുടെതും അനുവദനീയമാണെന്നും അഭിപ്രായമുള്ളവരുണ്ട്. യൂസുഫുൽ ഖറദാവി പറയുന്നു: വിശുദ്ധ ഖുർആനിൽ നാലോളം സൂക്തങ്ങളിൽ പറഞ്ഞത് പോലെ പന്നിയുടെ മാംസം കഴിക്കൽ മാത്രമാണ് നിഷിദ്ധം. അതിൻ്റെ ഒരു അവയവം മനുഷ്യനിൽ മാറ്റിവെക്കുന്നത് അതിൻ്റെ മാംസം കഴിക്കലല്ല, മറിച്ച് അതുകൊണ്ട് ഉപകാരമെടുക്കലാണ്. ചത്തവയുടെ ചില ഭാഗങ്ങൾകൊണ്ട് ഉപകാരമെടുക്കാമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ശവത്തോട് ചേർത്താണ് വിശുദ്ധ ഖുർആനിൽ പന്നിയുടെ മാംസം നിഷിദ്ധമാണെന്ന് പറഞ്ഞത്; “ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്ത ദൈവങ്ങളുടെ പേരുച്ചരിച്ചറുക്കപ്പെട്ടത്-ഇവ മാത്രമാണവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളത്”(ബഖറ: 173).

മേൽപറഞ്ഞവയിൽ ഭക്ഷണമല്ലാത്തവകൊണ്ട് ഉപകാരമെടുക്കാമെങ്കിൽ പന്നിയിലും അതുതന്നെയാണ് നിയമമായി വരിക.
അത് അനുവദനീയമാണെന്ന അഭിപ്രായം തന്നെയാണ് ഇബ്നു ഉസൈമീനുമുള്ളത്. പന്നിയുടെ ധമനികൾ മനുഷ്യ ഹൃദയത്തിൽ മാറ്റിവെക്കാമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെയാണ് മറുപടി നൽകിയത്: അതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. ഹൃദയത്തിന് ഏറ്റവും അനുയോജ്യമെന്താണെന്നാണ് ഇവിടെ നോക്കുന്നത്. അത് പന്നിയുടെ മാംസം ഭക്ഷിക്കുന്നത് പോലെയല്ല. അവ അനിവാര്യമായ കാര്യങ്ങളിൽ പെട്ടവയാണുതാനും.

ശുദ്ധിയുള്ള ഒന്നുകൊണ്ടു ചികിത്സ പൂർണ്ണമാകുന്നില്ലെങ്കിൽ പന്നി പോലെയുള്ളവരുടെ അവയവങ്ങൾ ഉപയോഗിക്കാം എന്നർഥം. അതേസമയം, ശുദ്ധിയുള്ളവകൊണ്ട് ആവശ്യം തീരുമെങ്കിൽ നജസുള്ളവ ഉപയോഗിക്കൽ നിഷിദ്ധമായിത്തന്നെ തുടരും.

മൃഗം ജീവനുള്ളതാണെങ്കിൽ:
ജീവനുള്ള മൃഗത്തിൻ്റെതാണെങ്കിൽ പ്രശ്നമില്ല, അതിൽനിന്നും മുറിക്കപ്പെടുന്നത് ജീവനില്ലാത്തതായി മാറുമെങ്കിലും. അബൂ വാഖിദുല്ലൈസിയെത്തൊട്ട് മഹാനായ ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു; ഒരിക്കൽ നബി(സ്വ) മദീനയിൽ പ്രവേശിക്കുമ്പോൾ ആടുകളുടെ ഊരഭാഗവും ഒട്ടകത്തിൻ്റെ പൂഞ്ഞയും പിടിച്ചു നിൽക്കുന്ന സ്വഹാബികളെയാണ് കണ്ടത്. ഉടനെ അവിടുന്ന് അരുളി: “ജീവനുണ്ടായിരിക്കെത്തന്നെ ഒരു മൃഗത്തിൽനിന്നും വേർപെടുത്തപ്പെട്ട ഭാഗം ശവം തന്നെയാണ്.” ഉപകാരമുണ്ടെങ്കിൽ മൃഗത്തിൻ്റെ അവയവം മനുഷ്യന് ഉപയോഗിക്കാവുന്നതാണ്. മൃഗം ഒരാളുടെ സമ്പത്താണെങ്കിലും അതിനേക്കാൾ അയാൾ പ്രാധാന്യം നൽകേണ്ടത് ശരീര സംരക്ഷണത്തിനാണ്.

മൃഗം ശവമാണെങ്കിൽ:
മത്സ്യം പോലെ ഭക്ഷിക്കൽ അനുവദനീയമായവ ജീവനുണ്ടായിരിക്കെയും അല്ലാതെയും ചികിത്സക്കായി ഉപയോഗിക്കുന്നത് അനുവദനീയമാണ്. കടൽവെള്ളത്തെക്കുറിച്ച് നബി(സ്വ) പറഞ്ഞതിങ്ങനെയാണ്: “അതിലെ വെള്ളം ശുദ്ധിയാണ്, അവയിലെ ശവങ്ങളും ഹലാലാണ്.”

മൃഗം അശുദ്ധമായവയാണെങ്കിൽ:
(1) നായ നജസാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഹനഫീ മദ്ഹബിൽ നായ എന്ന ജീവി നജസല്ല, എന്നാൽ അതിൻ്റെ നനവും തലയിട്ട വെള്ളവും നജസാണ്. മാലികീ മദ്ഹബിലും നായ നജസല്ല. ഒരു വസ്തുവിൻ്റെ അടിസ്ഥാനം അത് ശുദ്ധമാണ് എന്ന തത്വമാണ് അവരതിന് അവലംബിക്കുന്നത്. അവരുടെ അടുക്കൽ നായ, പന്നി എന്നിവയടക്കം എല്ലാ ജീവനുള്ളവയും ശുദ്ധമാണ്. അവയുടെ വിയർപ്പും കണ്ണുനീരും ഉമിനീരും ശുദ്ധമാണ്. എന്നാൽ, അവ ചത്തതിന് ശേഷം ലഭിക്കുന്ന വിയർപ്പും മുട്ടയുമെല്ലാം നജസാണ്. ഹൻബലി, ശാഫിഈ മദ്ഹബുകളിൽ നായ എന്ന ജീവി തന്നെ നജസാണ്.

(2) പന്നി അടിസ്ഥാനപരമായി നിഷിദ്ധമാണ്. പന്നികൊണ്ട് ചികിത്സ നടത്താൻ പാടില്ലെന്നതിൽ പണ്ഡിതന്മാർക്ക് ഏകസ്വരമാണ്. ഹലാലായ മറ്റു ചികിത്സ രീതികൾ ഉണ്ടായിരിക്കെ പന്നിയെ അവലംബിക്കുന്നതിനാണ് വിലക്ക്. “അശുദ്ധമായവകൊണ്ട് ചികിത്സ നടത്തുന്നത് പ്രവാചകൻ വിലക്കിയെന്ന” അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഹദീസാണ് അതിന് തെളിവ്. അബൂ ദർദാഅ്(റ) നിവേദനം ചെയ്യുന്നു; നബി(സ്വ) പറഞ്ഞു: “രോഗവും മരുന്നും ഇറക്കിയവൻ അല്ലാഹുവാണ്. എല്ലാ രോഗത്തിനും ചികിത്സയുണ്ട്. അതുകൊണ്ട് നിങ്ങൾ ചികിത്സ തേടുക. എന്നാൽ നിഷിദ്ധമായവകൊണ്ട് നിങ്ങൾ ചികിത്സിക്കരുത്.” മഹാനായ അബൂ യൂസുഫ് പറയുന്നു: നായ, പന്നി എന്നിവയുടെതടക്കം എല്ലാ ശവങ്ങളുടെയും തോൽ ഊറക്കിടൽകൊണ്ട് അതിൻ്റെ അകവും പുറവും ശുദ്ധിയാകും. മജ്മൂഇൽ ഇമാം നവവി പറയുന്നു: ഒരാളുടെ എല്ല് പൊട്ടിയാൽ അതിനു പകരമായി ശുദ്ധിയുള്ള മറ്റൊരു എല്ല് വെക്കണം. അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ പറയുന്നു: ശുദ്ധിയുള്ളത് ഉണ്ടായിരിക്കെ നജസായ എല്ല് ഉപയോഗിക്കാൻ പാടില്ല. എന്നാൽ, അങ്ങനെയൊന്ന് ലഭ്യമാകാതിരിക്കുകയും പകരം വെക്കൽ അനിവാര്യമാവുകയും ചെയ്താൽ അതിന് ഇളവ് നൽകപ്പെടുന്നതാണ്. ആവശ്യമില്ലാതെ ഒരാൾ അതുപയോഗിച്ചാൽ അതിനവൻ കുറ്റക്കാരനാകും. അവയവത്തിനോ ശരീരത്തിനോ നാശം ഭയക്കുന്നില്ലെങ്കിൽ അതൂരിക്കളയൽ നിർബന്ധമാണ്.

2. വിമർശനവും മറുപടിയും:
പന്നി നജസായ ജീവിയായിരിക്കെ എങ്ങനെയാണ് ഒരാൾക്ക് നജസ് ശരീരത്തിൻ്റെ ഉള്ളിൽവെച്ച് അല്ലാഹുവിന് മുന്നിൽ നമസ്കരിക്കാനാവുക എന്ന് വിമർശനം ഉന്നയിക്കുന്നവരുണ്ട്. അതിന് നൽകുന്ന മറുപടി ഇങ്ങനെയാണ്: ബാഹ്യമായി, അഥവാ ശരീരത്തിന് പുറത്ത് നജസ് ചുമക്കുന്നതാണ് ശരീഅത്ത് വിലക്കിയിട്ടുള്ളത്. ശരീരത്തിന് അകത്ത് വിലക്ക് വന്നതിന് തെളിവുകളൊന്നുമില്ല. അകത്ത് രക്തം, മൂത്രം, മലം പോലെ മറ്റു നജസുകളുമുണ്ട്. ഇതെല്ലാം ഉള്ളിൽ ഉണ്ടായിരിക്കെത്തന്നെയല്ലെ ഒരാൾ നമസ്കരിക്കുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും ഹറമിൽ ത്വവാഫ് ചെയ്യുന്നതും. ചുരുക്കത്തിൽ, അകത്തെ നജസ് പ്രസ്തുത കർമങ്ങൾക്ക് തടസ്സമായി വരുന്നില്ലെന്നർഥം.

ഇബ്നു തൈമിയ പറഞ്ഞതിനോട് ചേർത്ത് യൂസുഫുൽ ഖറദാവി പറയുന്നു: പാലും ഉദരദ്രാവകവും നശിക്കാത്ത വസ്തുക്കളാണ്. നജസിൻ്റെ പാത്രത്തിൽ ആയതുകൊണ്ടാണ് അവ രണ്ടും നജസാണെന്ന് പറയുന്നത്. നജസിൻ്റെ പാത്രത്തിൽ വെച്ചാണ് അവ രണ്ടും രൂപപ്പെട്ടുവരുന്നത്. അതുകൊണ്ട് തന്നെ രണ്ടു കാര്യങ്ങൾകൊണ്ടാണവ നജസാകുന്നത്; ഒന്ന്, ദ്രാവകം നജസിൻ്റെ പാത്രവുമായി ചേരുന്നു. രണ്ട്, അതങ്ങനെ നജസുള്ളിടത്തിൽ തന്നെ നിൽക്കുന്നതുകൊണ്ടും നജസായി മാറുന്നു. അതിനുള്ള മറുപടി: (1) ദ്രാവകം നജസുമായി കണ്ടുമുട്ടിയതുകൊണ്ട് നജസാകണമെന്നില്ല. മാത്രവുമല്ല, അത് ശുദ്ധിയാണെന്നതിന് തെളിവുണ്ട്. (2) അകത്തെ നജസിന് പ്രത്യേക നിയമമില്ല. അല്ലാഹു പറയുന്നു: “അവയുടെ ഉദരത്തിലുള്ളവയില്‍ നിന്ന് – കാഷ്ഠത്തിനും രക്തത്തിനും മധ്യേ നിന്ന് – പാനംചെയ്യുന്നവര്‍ക്ക് സുഖപ്രദമായ ശുദ്ധപാല്‍ നിങ്ങളെ നാം കുടിപ്പിക്കുന്നു”(നഹ് ല് : 66). അതുകൊണ്ടുതന്നെ, ചെറിയകുട്ടികളെ ചുമന്നുകൊണ്ടു നമസ്കരിക്കുന്നതിനും, അവരുടെ വയറ്റിൽ പാലായിരിക്കെ, പ്രശ്നമില്ല.

3. മൃഗാവയവം മനുഷ്യനിൽ മാറ്റിവെക്കുന്നതിനുള്ള നിബന്ധനകൾ:

(1) അനിവാര്യ ഘട്ടമായിരിക്കണം. അതോടൊപ്പം ഉപകാരം വ്യക്തവുമായിരിക്കണം, സാധ്യത പരിഗണനീയമല്ല. ഭംഗി വരുത്താൻ വേണ്ടി ചെയ്യുന്നത് ഒരിക്കലും അനുവദനീയമല്ല.

(2) കെമിക്കൽ മരുന്നുകളോ പ്രകൃതി വിഭവങ്ങളോ ചികിത്സക്ക് ഫലപ്രദമല്ലാത്ത സാഹചര്യമായിരിക്കണം. അവരണ്ടും മൂല്യമുള്ളതാണെങ്കിലും അതിന് സൈഡ് എഫക്റ്റ് ഇല്ലാത്തിടത്തോളം അതുതന്നെ ഉപയോഗിക്കണം.

(3) നിഷിദ്ധമായ ജീവികളെക്കാൾ ഹലാലായതിന് പ്രാധാന്യം നൽകണം.

(4) നായ, പന്നി എന്നിവയെക്കാൾ മറ്റുള്ളവക്ക് പ്രാധാന്യം നൽകണം. കാരണം, പന്നി നജസും നായ നജസാണെന്നതിൽ അഭിപ്രായ തർക്കം ഉള്ളതുമാണ്.

(5) അവയവം എടുക്കുമ്പോൾ ജീവികളോട് കരുണയോടെ പെരുമാറണം. അവയെ ശിക്ഷിക്കൽ നിഷിദ്ധമാണ്.

(6) അവയവം എടുക്കുമ്പോൾ ജീവിയുടെ ജീവന് നാശമോ വൈകല്യമോ സംഭവിക്കരുത്. അത്തരം അംഗച്ഛേദം ശരീഅത്ത് വിലക്കിയതാണ്. അബ്ദുല്ലാഹ് ബിൻ യാസീദുൽ അൻസാരിയെത്തൊട്ട് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: “കൊള്ളയും അംഗച്ഛേദവും നബി(സ്വ) വിലക്കിയിരിക്കുന്നു.” ഇബ്ൻ ഉമറിനെത്തൊട്ട് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: “മൃഗങ്ങളെ അംഗച്ഛേദനടത്തുന്നവരെ നബി(സ്വ) ശപിച്ചിരിക്കുന്നു.

(7) അനിവാര്യ ഘട്ടങ്ങളിലല്ലാതെ മൃഗങ്ങളെ കൊല്ലരുത്. നബി(സ്വ) പറഞ്ഞിരിക്കുന്നു: “ആരെങ്കിലും ഒരു പക്ഷിയെ അകാരണമായി കൊന്നാൽ അന്ത്യനാളിൽ അത് അല്ലാഹുവിനോട് പൊട്ടിക്കരഞ്ഞ് പറയും: അല്ലാഹുവേ, ഈ മനുഷ്യൻ യാതൊരു ഉപകാരവും ഇല്ലാതെയാണ് എന്നെ വധിച്ചത്.”

രത്നച്ചുരുക്കം: ഹാലാലായവകൊണ്ട് ചികിത്സ സാധ്യമാകുന്നില്ലെങ്കിൽ പന്നിയുടെ അവയവംകൊണ്ട് ചികിത്സ നടത്താവുന്നതാണ്. അനിവാര്യമോ ആവശ്യമോ ആയ ഘട്ടങ്ങളിൽ മാത്രം നിബന്ധനകൾ അനുസരിച്ച് മാത്രമേ ട്രാൻസ്‌പ്ലാൻ്റേഷൻ ചെയ്യാവൂ.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

error: Content is protected !!