ചോദ്യം: “ജീവിച്ചിരിക്കുന്നവർക്കു മരിച്ചവരുടെ ഗുണത്തിനു വേണ്ടി ദാനധർമങ്ങൾ ചെയ്യാം എന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. മരിച്ചവർക്കു ചെയ്യാവുന്ന കാര്യത്തിൽ ഒരു പണ്ഡിതനും ഭിന്നാഭിപ്രായമില്ല. (ഖറദാവിയുടെ ഫത് വകൾ ഭാ. 2, പേ. 15) ഈ ഫത് വ ശരിയാണോ? ശാഫിഈ മദ്ഹബിൽ തന്നെ ഇതു സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളില്ലേ?
ഉത്തരം: ഉസ്താദ് ഖറദാവിയുടെ ഫത് വ തീരെ ശ്രദ്ധിക്കാതെയാണ് ചോദ്യകർത്താവ് വായിച്ചതെന്ന് തോന്നുന്നു. ഖറദാവി പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ഉത്ഭവിക്കുമായിരുന്നില്ല. ചോദ്യകർത്താവ് ഉദ്ധരിച്ച ഭാഗം യഥാർത്ഥത്തിൽ ഇങ്ങനെയാണുള്ളത്. “ജീവിച്ചിരിക്കുന്നവർ മരിച്ചവരുടെ ഗുണത്തിനുവേണ്ടി ദാനധർമ്മങ്ങൾ ചെയ്യാം എന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. മരിച്ചവർക്കുവേണ്ടി ചെയ്യാവുന്ന കാര്യങ്ങളിൽ ഒരു പണ്ഡിതന്നും ഭിന്നാഭിപ്രായമില്ലാത്ത രണ്ടു സംഗതികളുണ്ട്. ഒന്ന്, മരിച്ചവരുടെ ഗുണത്തിന് വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് ദാനധർമങ്ങൾ ചെയ്യാം. രണ്ട്, മരിച്ചവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർക്ക് പ്രാർത്ഥിക്കാം. ഇതല്ലാത്ത എല്ലാ കാര്യങ്ങളിലും- മരിച്ചയാൾക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുക, ബലിയറുക്കുക തുടങ്ങിയവയിലെല്ലാം- അഭിപ്രായ ഭിന്നതയുണ്ട്. പണ്ഡിതൻമാർക്കിടയിൽ യോജിപ്പുള്ള കാര്യം സ്വീകരിക്കുന്നതാണ് ഭിന്നാഭിപ്രായമുള്ളവയുടെ പിന്നാലെ പോകുന്നതിനേക്കാൾ ഭേദം.” (ഖറദാവിയുടെ ഫത് വകൾ പേ. 15-16)