Monday, May 13, 2024
Homeകാലികംപരസ്യങ്ങൾക്കു മോഡലായി ജോലി?

പരസ്യങ്ങൾക്കു മോഡലായി ജോലി?

ചോദ്യം: പുരുഷന്മാർ പരസ്യങ്ങൾക്കു മോഡലായി ജോലി നോക്കുന്നത് ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമാണോ?

ഉത്തരം: അനുവദനീയമായ സംഗതികൾ അനുവദനീയമായ രീതിയിൽ പരസ്യപ്പെടുത്തുന്നതിൽ മോഡലായോ മറ്റു നിലക്കോ ജോലിചെയ്യുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും അനുവദനീയമാണ്. മദ്യം, വ്യഭിചാരം തുടങ്ങിയ നിഷിദ്ധ കാര്യങ്ങളാണ് പരസ്യപ്പെടുത്തുന്നതെങ്കിൽ അതിൽ സഹകരിക്കാൻ പാടുള്ളതല്ല.

അനുവദനീയ കാര്യങ്ങൾ തന്നെ, ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന്ന്, ഇല്ലാത്ത ഗുണഗണങ്ങളും അളവുകളും വർണ്ണിച്ചുകൊണ്ട് പരസ്യം ചെയ്യുന്നത് അനിസ്ലാമികമാകുന്നു. മോഡലുകൾ ഒരു ഉൽപന്നം മൂലം തങ്ങൾക്ക് ഒട്ടും തന്നെ ലഭിച്ചിട്ടില്ലാത്ത പ്രയോജനങ്ങളും ആദായങ്ങളും ലഭിച്ചതായി വിളംബരം ചെയ്യുന്നതും തങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത വസ്തുക്കളുടെ മെച്ചങ്ങൾ സ്വയം അനുഭവിച്ചതായി അവകാശപ്പെടുന്നതും ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള ശ്രമത്തിൽ പെടുന്നു.

അനിസ്ലാമികവും സഭ്യേതരവുമായ വേഷഭൂഷാദികളെയും പ്രവർത്തനങ്ങളെയും സംസാരങ്ങളെയും പ്രതിനിധീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമിക ദൃഷ്ട്യാ അനുവദനീയമല്ല. ഇത്തരം ദൂഷ്യങ്ങളിൽ നിന്ന് മുക്തമായ പരസ്യങ്ങളിലെ മോഡലായോ മറ്റു നിലക്കോ സഹകരിക്കുന്നതും പ്രതിഫലം പറ്റുന്നതും അനുവദനീയമാവുകയുള്ളൂ.

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

ടി.കെ ഉബൈദ്
ജനനം 1948-ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയില്‍. പിതാവ്: ഐ.ടി.സി. മുഹമ്മദ് അബ്ദുല്ല നിസാമി. മതാവ്: ടി.കെ. ആഇശ. 1964-1972 -ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി. ബിരുദങ്ങള്‍ നേടി. പഠനാനന്തരം 1972 -ല്‍ പെരിന്തല്‍മണ്ണയില്‍നിന്ന് അബുല്‍ ജലാല്‍ മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. 1974-ല്‍ വെള്ളിമാടുകുന്നിലെത്തി പ്രബോധനം മാസികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജ്, 1987 മുതല്‍ പ്രബോധനം വാരിക എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ പ്രബോധനം വാരിക എഡിറ്റര്‍, മലര്‍വാടി ദ്വൈവാരിക ചീഫ് എഡിറ്റര്‍, ഇസ്‌ലാമിക വിജ്ഞാനകോശം അസോസിയേറ്റ് എഡിറ്റര്‍, ഇത്തിഹാദുല്‍ ഉലമാ കേരള പ്രവര്‍ത്തക സമിതിയംഗം, ശാന്തപുരം അല്‍ജാമിഅഃ അല്‍ഇസ്‌ലാമിയ അലുംനി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പൊന്നാനി കാഞ്ഞിരമുക്ക് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ്, ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ ചുമതലകള്‍ വഹിക്കുന്നു. ഇടക്കാലത്ത് മാധ്യമം ദിനപത്രം കൊച്ചി യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററും ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. മൗലിക ചിന്തയുള്ള എഴുത്തുകാരനാണ് ടി.കെ. ഉബൈദ്. ഖുര്‍ആന്‍ വ്യാഖ്യാന മായ ഖുര്‍ആന്‍ ബോധനമാണ് പ്രധാന രചന. അതിന്റെ എട്ട് വാല്യങ്ങള്‍ ഇതുവരെ പുറത്തിറങ്ങി. ബാക്കി ഭാഗങ്ങള്‍ പ്രബോധനം വാരികയില്‍ ഖണ്ഡശഃ തുടരുന്നു. ഹദീഥ് ബോധനം, പ്രശ്‌നവും വീക്ഷണവും, സ്വാതന്ത്ര്യത്തിന്റെ ഭാരം, ഇസ്‌ലാമിക പ്രവര്‍ത്തനം: ഒരു മുഖവുര, മനുഷ്യാ! നിന്റെ മനസ്സ്, അല്ലാഹു, ആദം ഹവ്വ, ലോക സുന്ദരന്‍ എന്നിവയാണ് മറ്റ് സ്വതന്ത്ര കൃതികള്‍. ഖുര്‍ആന്‍ ഭാഷ്യം, തഫ്ഹീമുല്‍ ഖുര്‍ആന്‍ (വിവിധ വാല്യങ്ങള്‍), ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍, ഫിഖ് ഹുസ്സുന്ന എന്നിവ വിവര്‍ത്തനങ്ങളാണ്. കലീലയും ദിംനയും എന്ന കൃതിയുടെ പുനരാഖ്യാനവും ഇസ്‌ലാമിക ശരീഅത്തും സാമൂഹിക മാറ്റങ്ങളും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിട്ടുണ്ട്. ഖുര്‍ആന് നല്‍കിയ സേവനങ്ങളെ പരിഗണിച്ച് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ടി.കെ. ഉബൈദിനെ പ്രത്യേകം ആദരിച്ചു. പി.സി. മാമു ഹാജി പ്രഥമ അവാര്‍ഡ് ലഭിച്ചു. സുഊദി അറേബ്യ, ഖത്വര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് യാസിര്‍, അബ്ദുല്‍ ഗനി, ബുശ്‌റാ, തസ്‌നിം ഹാദി.

Recent Posts

Related Posts

error: Content is protected !!