Sunday, May 5, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംമകന്‍റെ മകന്‍ ഉള്ളതിനാല്‍ സഹോദരപുത്രന്മാര്‍ അവകാശത്തില്‍ നിന്ന് തടയപ്പെടും

മകന്‍റെ മകന്‍ ഉള്ളതിനാല്‍ സഹോദരപുത്രന്മാര്‍ അവകാശത്തില്‍ നിന്ന് തടയപ്പെടും

ചോദ്യം – ഒരു ഉമ്മാക്ക് അഞ്ചു മക്കൾ, ഒരു ആണും നാല് പെണ്ണും. ഉമ്മാക്ക് മുൻപേ ഇതിൽ ആൺകുട്ടി മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയും രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ട്. ഈ അടുത്ത കാലത്ത് ഉമ്മയും മരണപ്പെട്ടു. അപ്പോൾ മക്കളിൽ ജീവിച്ചിരിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായി ആണോ അവകാശം അതോ മുൻപേ മരണപ്പെട്ടു പോയ മകന്റെ മക്കൾക്കും അവകാശം ഉണ്ടാകുമോ?
ഉമ്മാന്റെ സഹോദരൻ മുൻപേ മരണപ്പെട്ടതാണ് അവ‌ർക്ക് നാല് ആൺകുട്ടികൾ ഉണ്ട് .

ഉത്തരം – പരേതയുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക് മാത്രമാണ് സ്വത്തില്‍ ഓഹരി ലഭിക്കുക. മകന്‍ നേരത്തെ മരണപ്പെട്ടുപോയതിനാല്‍ അയാള്‍ക്ക് സ്വത്തില്‍ ഓഹരി ലഭിക്കില്ല.

നിലവില്‍ ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കള്‍ 4 പെണ്‍മക്കളും നേരത്തെ മരണപ്പെട്ട മകന്‍റെ ഭാര്യയും 2 പെണ്‍മക്കളും 1 മകനും, പരേതയുടെ സഹോദരപുത്രന്മാരുമാണ്. ഇവരില്‍ 4 പെണ്‍മക്കളും നേരത്തെ മരണപ്പെട്ട മകന്‍റെ 2 പെണ്‍മക്കളും 1 മകനും മാത്രമാണ് ഈ സ്വത്തില്‍ അവകാശികളായി വരുന്നത്. മകന്‍റെ ഭാര്യയോ മകളുടെ ഭര്‍ത്താവോ ഒരിയ്ക്കലും അവകാശികള്‍ ആവുകയില്ല. മകന്‍റെ മകന്‍ ഉള്ളതിനാല്‍ സഹോദരപുത്രന്മാര്‍ അവകാശത്തില്‍ നിന്ന് തടയപ്പെട്ടു. പരേതയോട് കൂടുതല്‍ അടുത്തത് പൌത്രനാണ് എന്നതാണു അതിനു കാരണം.

പരേതയ്ക്ക് മക്കളായി 4 പെണ്‍മക്കളാണല്ലോ ഉള്ളത്. മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ളത് മകന്‍റെ മക്കള്‍ക്ക് ലഭിക്കും. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍ ആ ഓഹരി അവര്‍ക്കിടയില്‍ 2 പെണ്ണിന് കിട്ടുന്നത് ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ വീതിക്കും.

മൊത്തം സ്വത്തിനെ 12 ഓഹരിയാക്കുക. പെണ്‍മക്കള്‍ക്ക് ലഭിക്കുന്ന മൂന്നില്‍ രണ്ട് ഓഹരിയായ 8 ഓഹരി അവര്‍ക്കിടയില്‍ 4 വീതം വീതിക്കാം. ബാക്കിയുള്ള 4 ഓഹരികളില്‍ 1 ഓഹരി വീതം ഓരോ പൌത്രിക്കും 2 ഓഹരികള്‍ പൌത്രനും നല്കാം.

പൌത്രന്മാര്‍ക്ക് സ്വത്തില്‍ ഒരിയ്ക്കലും ഓഹരി ലഭിക്കില്ല എന്ന വിമര്‍ശനം തെറ്റാണ് എന്ന് തെളിയിക്കുന്ന ഒരു കേസ് ആണിത്.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

അബ്ദുസ്സലാം അഹ്മദ് നീർക്കുന്നം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

Recent Posts

Related Posts

error: Content is protected !!