ചോദ്യം – എന്റെ പിതാവ് മരണപ്പെട്ടു പോയി. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ് (വിവാഹിതർ) മക്കൾ രണ്ടുപേരും തൊഴിൽരഹിതരാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം പിതാവിന് വേണ്ടി ചിലവഴിക്കുകയും സാമ്പത്തിക പരാധീനതകളിൽ കൈത്താങ്ങായി കൂടെ നിൽക്കുകയും രോഗിയായിരുന്നപ്പോഴെല്ലാം രാപ്പകൽ ഇല്ലാതെ പരിചരിക്കുകയും ചെയ്ത വ്യക്തിയാണ് ഞങ്ങളുടെ മാതാവ്. ജീവിതകാലത്ത് ബാധ്യതകൾ തീർക്കുവാനും വീട് നിർമ്മിക്കുവാനും പിതാവ് തന്റെ ഭാര്യയുടെ വിവാഹ സമ്മാനമായി വീട്ടുകാർ കൊടുത്ത 45 പവൻ സ്വർണാഭരണങ്ങളും അവരുടെ വീട്ടിൽ നിന്നുള്ള അനന്തരാവകാശ വിഹിതവും ഉപയോഗിച്ചിരുന്നു. ഇതിനു പകരമായി ഭാര്യയ്ക്ക് ഭൂമി കൊടുക്കണം എന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. ഇത് പിതാവിന്റെ ഭാര്യയോടുള്ള ബാധ്യത ആവില്ലേ? പിതാവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഉമ്മാക്ക് അനന്തരാവകാശ വിഹിതമായ എട്ടിലൊന്ന് മാത്രം നൽകുന്നത് ശരിയാകുമോ? പിതാവിന് മൂന്ന് സഹോദരന്മാരും രണ്ട് സഹോദരികളും ഉണ്ട്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നില്ല. എല്ലാവരും സാമ്പത്തികമായി ഉയർന്ന നിലയിലാണ്.
ഉമ്മയോടുള്ള ഈ ബാധ്യത നിർവഹിച്ചിട്ടല്ലേ അനന്തരാവകാശ സ്വത്ത് വീതിക്കേണ്ടത്? ഇതിലൂടെ അവർക്ക് ഒരു വരുമാന മാർഗം ആക്കിക്കൊണ്ട് അവരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതല്ലേ? അനന്തരാവകാശം സ്വത്ത് എങ്ങിനെ ആണ് വീതം വെക്കേണ്ടത്? ഒരു സഹോദരി മാത്രം വിഹിതം വേണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു സഹോദരങ്ങൾ വേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്.
ഉത്തരം- ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ നടക്കേണ്ട കാര്യങ്ങള്‍ അയാളുടെ മയ്യിത്ത് സംസ്കരണവും, കടം വീട്ടലും, വസ്വിയ്യത്ത് ഉണ്ടെങ്കില്‍ അത് നടപ്പാക്കലുമാണ്. അത് കഴിഞ്ഞ് ബാക്കിയുള്ളതേ അവകാശികള്‍ക്ക് ഓഹരിയായി ലഭിക്കൂ.
ഇവിടെ ചോദ്യത്തില്‍ തന്നെ വ്യക്തമായതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ബാധ്യതകള്‍ വീട്ടിയതും വീട് നിര്‍മ്മിച്ചതും. ഭര്‍ത്താവിന്‍റെ കടം വീട്ടലും വീട് നിര്‍മ്മിക്കലും ഭാര്യയുടെ ഉത്തരവദിത്തമല്ല. അതിന് ഉപയോഗപ്പെടുത്തിയ പണത്തിന് പകരമായി ഭൂമി കൊടുക്കണം എന്ന് ഭര്‍ത്താവ് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങിനെ ചെയ്യുന്നതിന് മുമ്പേ മരണം സംഭവിച്ചു. അതിനാല്‍ അത് ഭര്‍ത്താവിന്‍റെ കടമായി പരിഗണിച്ച് അത് ആദ്യം വീട്ടേണ്ടതുണ്ട്.
ഇപ്പോള്‍ ഏറ്റവും പ്രായോഗികമായ രൂപം, ഭാര്യ ചെലവാക്കിയ പണം എത്രയാണെന്ന് കണക്കാക്കി അത് ഭര്‍ത്താവ് ഭാര്യക്ക് കൊടുത്തു വീട്ടേണ്ട കടമായി പരിഗണിക്കുക. നിര്‍മ്മിച്ച വീടും അതിനോടു ചേര്‍ന്ന സ്ഥലവും അവരുടെ കടം തിരിച്ചുകൊടുക്കുന്നതിലേക്ക് വകയിരുത്തുക. സ്വത്ത് ഓഹരി വെക്കുമ്പോള്‍ ഭാര്യയുടെ ഓഹരിയും ഈ വീടിനോട് ചേര്‍ന്ന് അളന്നു കൊടുക്കുക. അപ്പോള്‍ അവര്‍ക്ക് ഒരു വാസസ്ഥലമായി; അവരുടെ താമസം സുരക്ഷിതമായി. ബാക്കിയുള്ള സ്വത്ത് മാത്രം അവകാശികള്‍ക്കിടയില്‍ വീതിക്കുക.
സ്വത്ത് ഓഹരി വെക്കുന്ന കണക്ക് താഴെ പറയുന്നു.
പരേതന് മക്കള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ (മുകളില്‍ പറഞ്ഞ കടം വീട്ടിയ ശേഷം ബാക്കിയാവുന്നത്) എട്ടിലൊന്ന് ഭാര്യക്ക് ലഭിക്കും. മക്കളായി 2 പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ളത്, പരേതന് പിതാവും ആണ്‍മക്കളും ഇല്ലാത്തതിനാല്‍, സഹോദരങ്ങള്‍ക്ക് ലഭിക്കും. അവര്‍ 3 ആണും 2 പെണ്ണും ഉള്ളതിനാല്‍ 2 പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ അവര്‍ക്കിടയില്‍ വീതിക്കും.
ഒരു സഹോദരി മാത്രമാണ് സ്വത്തില്‍ ഓഹരി വേണമെന്ന് പറയുന്നത്. മറ്റുള്ള സഹോദരങ്ങള്‍ അവരുടെ ഓഹരിയും കൂടി ഭാര്യക്കും മക്കള്‍ക്കും വിട്ടുകൊടുത്തിരിക്കുന്നു.
മൊത്തം സ്വത്തിനെ 192 ഭാഗമാക്കി, അതില്‍ നിന്ന് എട്ടിലൊന്നായ 24 ഓഹരികള്‍ ഭാര്യക്കും, മൂന്നില്‍ രണ്ടായ 128 ഓഹരികള്‍ രണ്ടാക്കിയ 64 ഓഹരികള്‍ വീതം ഓരോ മകള്‍ക്കും, 5 ഓഹരികള്‍ അവകാശം വേണമെന്ന് പറയുന്ന സഹോദരിക്കും നല്കുക.
ബാക്കിയാവുന്ന 35 ഓഹരികള്‍ തങ്ങള്‍ക്ക് സ്വത്തില്‍ അവകാശം വേണ്ട എന്ന് പറയുന്ന സഹോദരങ്ങള്‍ പരേതന്‍റെ ഭാര്യക്കും മക്കള്‍ക്കുമായി വിട്ടുകൊടുത്തതാണ്. അതിനെ മൂന്നാക്കി ഓരോ ഭാഗം ഭാര്യക്കും മക്കള്‍ ഓരോരുത്തര്‍ക്കും നല്‍കുക.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL