Friday, May 3, 2024
Homeഅനുഷ്ഠാനംയാത്രക്ക് മുമ്പ് നമസ്‌കാരം 'ജംആ'ക്കാമോ?

യാത്രക്ക് മുമ്പ് നമസ്‌കാരം ‘ജംആ’ക്കാമോ?

ഞാന്‍ വിമാന യാത്ര ഉദ്ദേശിക്കുന്നു. അസ്വറിന്നു മുമ്പാണ് വിമാനം പുറപ്പെടുന്നത്. രണ്ടാം വിമാനമാകട്ടെ, ആദ്യത്തേത് ഇറങ്ങിയ ഉടനെയും. അതിനാല്‍, നാട്ടില്‍ വെച്ച്, ദുഹറിന്റെ സമയത്ത് തന്നെ അസ്വറിനെയും കൂട്ടി ‘ജംആ’ക്കി നമസ്‌കരിക്കാന്‍ എനിക്ക് അനുവാദമുണ്ടോ? ഖസ്ര്‍ ആക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്യുന്നതിന്റെ വിധിയെന്താണ്?
 
മറുപടി: രണ്ടാമത്തെ നമസ്‌കാരം, സമയത്ത് നിര്‍വഹിക്കാന്‍ പ്രയാസമാണെന്നു കണ്ടാല്‍, യാത്രക്കാരനല്ലാത്തയാള്‍ക്ക് തന്നെ, രണ്ടു നമസ്‌കാരത്തെയും ഒന്നിന്റെ സമയത്ത് ‘ജംഅ്’ ആക്കി നമസ്‌കരിക്കാവുന്നതാണ്. ‘ജംഅ്’ ആക്കുന്നതിന്നുള്ള അനുമതി ‘ഖസ്വര്‍’ ആക്കുന്നതിന്റേതിനെ അപേക്ഷിച്ചു വിശാലമാണ്. ഖസ്വ്ര്‍ യാത്രക്കാര്‍ക്ക് മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളു. എന്നാല്‍, രണ്ടാമത്തെ നമസ്‌കാരം സമയത്ത് നിര്‍വഹിക്കുക പ്രായാസമാണെന്നു കണ്ടാല്‍ ‘ജംആ’ക്കാവുന്നതാണ്. ഇതില്‍ യാത്രകാരനും അല്ലാത്തവനും വ്യത്യാസമില്ല.
ഈ അടിസ്ഥാനത്തില്‍, താങ്കള്‍ക്ക് നാട്ടില്‍ വെച്ചു തന്നെ, ദുഹറിന്റെ സമയത്ത് രണ്ടിനെയും ‘ജംഅ്’ ആക്കി നമസ്‌കരിക്കാം. വിമാനത്താവളം, താങ്കളുടെ നഗരത്തിന്നു പുറത്താണെങ്കില്‍, ഖസ്വ്‌റിന് കൂടി നിങ്ങള്‍ക്ക് അനുവാദമുണ്ട്. വീട് വിമാനത്താവളത്തിന്നടുത്താണെങ്കില്‍, ‘ജംഅ്’ ചെയ്യാന്‍ മാത്രമെ അനുവാദമുള്ളൂ.

ശൈഖ് ഇബ്‌നു ഉഥൈമീന്‍ പറയുന്നു:
ചോദ്യം: ഖസീമിലെ ഒരു വ്യക്തി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍, അവിടെ വെച്ച് അയാള്‍ക്ക് നമസ്‌കാരം ഖസ്വ്ര്‍ ആക്കാമോ?

മറുപടി: അതെ, അയാള്‍ക്ക് ഖസ്വ്ര്‍ ആക്കാം. അയാള്‍ തന്റെ നഗരത്തിന്റെ കെട്ടിട പ്രദേശം വിട്ടുപോയല്ലൊ. വിമാനത്തിന്നു ചുറ്റുഭാഗത്തുമുള്ള ഗ്രാമങ്ങള്‍, തന്റെ നഗരത്തില്‍ നിന്നും വെര്‍പെട്ടു കിടക്കുന്നവയത്രെ. എന്നാല്‍, വിമാന താവളത്തിന്നടുത്ത് താമസിക്കുന്നവനാണെങ്കില്‍, ഖസ്വ്‌റിന്ന് അനുവാദമില്ല. നഗരത്തിന്റെ കെട്ടിട ഭാഗങ്ങള്‍ അയാള്‍ വിട്ടുപോയിട്ടില്ലല്ലോ.
ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ഭീതിയോ യാത്രയൊ ഇല്ലാതെ, നബി(സ) മദീനയില്‍ വെച്ച്, ദുഹറും അസ്വറും ‘ജംഅ’ ആക്കി നമസ്‌കരിക്കുകയുണ്ടായി.
അബൂ സുബൈര്‍ പറയുകയാണ്: ‘അവിടുന്ന് അങ്ങനെ ചെയ്‌തെതെന്തിനായിരുന്നുവെന്ന്, സഈദിനോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു; ഇബ്‌നു അബ്ബാസിനോടും ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍, ‘തന്റെ സമുദായത്തില്‍ ആര്‍ക്കും വിഷമമുണ്ടാകരുതെന്ന് ആഗ്രഹിച്ചത് കൊണ്ടായിരുന്നു പ്രവാചകന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു മറുപടി. (മുസ്‌ലിം)
യാത്രയാണ് ഖസ്വ്‌റിന്റെ ഹേതുവെന്നും, അതിന്റെ അഭാവത്തില്‍ അത് അനുവദനീയമല്ലെന്നും ഇബ്‌നു തൈമിയ്യ പറയുന്നു.  എന്നാല്‍, എന്തെങ്കിലും ആവശ്യകതയോ വിഷമമോ ഉണ്ടായാല്‍ ‘ജംഅ്’ ആക്കാം.  അപ്പോള്‍, ഒരാള്‍ക്ക് യാത്രയില്‍ ‘ജംഅ്’ ആക്കാം. യാത്രയുടെ ദൂരം പ്രശ്‌നമല്ല. മഴ, രോഗം തുടങ്ങിയ പല കാരണങ്ങളാലും ‘ജംഅ്’ അനുവദനീയമാണ്. മുസ്ലിംകള്‍ക്ക് വിഷമമൊഴിവാക്കുകയാണ് ഉദ്ദേശ്യം. (ഫതാവാ ഇബ്‌നു തൈമിയ്യ. 22/293)

അവലംഭം: Islamweb.org
വിവ: കെ.എ ഖാദര്‍ ഫൈസി
 

Recent Posts

Related Posts

error: Content is protected !!