Friday, April 26, 2024
Homeഅനുഷ്ഠാനം'വ്യാജ' മഹ്‌റമിന്റെ കൂടെയുള്ള ഹജജ്

‘വ്യാജ’ മഹ്‌റമിന്റെ കൂടെയുള്ള ഹജജ്

ഞങ്ങളുടെ പ്രദേശത്ത് നിന്നും ഒരു സ്വകാര്യ ഹജ്ജ്ഗ്രൂപ്പിന് കീഴില്‍ ‘വ്യാജ’ മഹ്‌റമിന്റെ കൂടെ ഹജ്ജിനും ഉംറക്കുമായി ചില സ്ത്രീകള്‍ പുറപ്പെടുകയുണ്ടായി. അതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? അങ്ങനെ നിര്‍വഹിക്കുന്ന ഹജ്ജും ഉംറയും മഖ്ബൂലും മബ്‌റൂറുമായി സ്വീകരിക്കപ്പെടുമോ? ശഹ്‌ല തിരൂര്‍

ഉന്നതമൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന, അവക്ക് വേണ്ടി നിലകൊള്ളുന്ന ദര്‍ശനമാണ് ഇസ്‌ലാം. മാത്രമല്ല, വിശ്വാസീ സമൂഹത്തില്‍ പ്രസ്തുത മൂല്യങ്ങളും, ധര്‍മങ്ങളും പ്രസരിക്കുന്നതിന് വേണ്ടിയാണ് നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. മാത്രമല്ല ഹജ്ജിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ മാസങ്ങളില്‍ ഹജ്ജില്‍ പ്രവേശിച്ചവന്‍ സ്ത്രീ പുരുഷവേഴ്ചയോ, ദുര്‍വൃത്തിയോ വഴക്കോ പാടില്ല.’ ‘(അല്‍ ബഖറ: 197)

ഇഹ്‌റാം കെട്ടി ഹജ്ജില്‍ പ്രവേശിച്ചവന് വിലക്കപ്പെട്ട കാര്യങ്ങളാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നതെങ്കിലും ദുര്‍വൃത്തിയും വഞ്ചനയും വഴക്കും ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കാത്ത തിന്മയാണെന്ന കാര്യമാണെന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ ചോദ്യത്തിലുന്നയിച്ച പോലെ ‘വ്യാജ’ മഹ്‌റമുമായി ഹജ്ജിന് പോകുന്നത് ഇസ്‌ലാം പൊതുവായും, ഹജ്ജ് പ്രത്യേകമായും ഉദ്ദേശിക്കുന്ന നന്മകള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധവും സ്വീകാര്യതക്ക് പ്രതികൂലവുമായി ബാധിക്കുന്ന കാര്യമാണ്. അല്ലാഹു അനുവദിച്ചതോ, നിര്‍ബന്ധമാക്കിയതോ ആയ കര്‍മങ്ങള്‍ക്ക് അവന്‍ വിലക്കിയ, നിഷിദ്ധമാക്കിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കൂടാ. കാരണം പരിശുദ്ധ കഅ്ബാലയത്തില്‍ എത്തി ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തികവും, ശാരീരികവും, ശര്‍ഈയായും സാധിക്കുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമായതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ‘അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.’ (ആലു ഇംറാന്‍ 97)

എന്നാല്‍ മഹ്‌റമിന്റെ അഭാവത്തില്‍ സുരക്ഷയുറപ്പാണെങ്കില്‍ സ്ത്രീക്ക് ഹജ്ജിന് പുറപ്പെടാം എന്ന അഭിപ്രായം സ്വീകരിച്ച് നിയമപരമായ മാര്‍ഗത്തില്‍ ഹജ്ജിനും ഉംറക്കും പുറപ്പെടുന്നത് ഇതില്‍ നിന്നും ഭിന്നമാണ്. പ്രവാചകന്‍ (സ)യുടെ പത്‌നിമാര്‍ ഇപ്രകാരം മഹ്‌റമിന്റെ അഭാവത്തില്‍ ഹജ്ജ് നിര്‍വഹിച്ചിരുന്നുവെന്നും ഉമര്‍ ബിന്‍ ഖത്താബ്(റ) അതിന് അനുമതി നല്‍കിയിരുന്നുവെന്നും ഇമാം ബുഖാരി(1860) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാവുന്നതാണ് ഇസ്‌ലാമിക ലോകത്തെ പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ക്ക് ഈ അഭിപ്രായമുണ്ട്. ശാഫിഈ പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ഈ അഭിപ്രായത്തെയാണ് പിന്തുണക്കുന്നത്. ‘സ്ത്രീ തന്റെ കാര്യത്തില്‍ സുരക്ഷിതയാണെങ്കില്‍ മഹ്‌റമില്ലാതെ തന്നെ ഹജ്ജ് ചെയ്യാമെന്ന്’ ഇമാം നവവി(റ) അഭിപ്രായപ്പെടുന്നു.(ശറഹ് മുസ്‌ലിം 9/98) ആധുനിക പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായവും ഇതു തന്നെയാണ്. ഈ ഇളവും പ്രായമായ സ്ത്രീകള്‍ക്കും, സ്ത്രീകള്‍ മാത്രം ഹജ്ജിന് പുറപ്പെടുന്ന ഗ്രൂപ്പുകള്‍ക്കും മാത്രം ബാധകമാണെന്നുമാണ് അനുകൂലിക്കുന്നവരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

Recent Posts

Related Posts

error: Content is protected !!