ചോദ്യം- ഭാര്യക്കും താൻ ചെലവിന്ന് കൊടുക്കാൻ ബാധ്യസ്ഥമായവർക്കും സമ്പന്നരായ സ്വസഹോദരങ്ങൾക്കും സകാത്തിന്റെ വിഹിതം നല്കുന്നത് അനുവദനീയമാകുമോ?
ഉത്തരം- ഭാര്യക്ക് ഭർത്താവിന്റെ സകാത്തിൽ വിഹിതം നല്കുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ പണ്ഡിതൻമാരുടെ അഭിപ്രായം ഏകകണ്ഠമാണ്. കാരണം, ഒരാളുടെ ഭാര്യ അയാളുടെത്തന്നെ ഭാഗമാണ്. “”നിങ്ങൾക്കു വേണ്ടി നിങ്ങളിൽനിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു തന്നു എന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു”( അർറൂം- 21 ) എന്ന് അല്ലാഹു പറയുന്നു. അതിനാൽ, ഭാര്യ ഭർത്താവിന്റെ ഭാഗമാണ്. ഭർതൃഗൃഹം ഭാര്യയുടെ കൂടി ഗൃഹവുമാണ്. “”നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അത് അവരുടെ ശുദ്ധികാലത്ത് ചെയ്യുക. ശുദ്ധികാലം കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ നാഥനായ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങളവരെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കാതിരിക്കുക…” എന്ന് അത്ത്വലാഖ് എന്ന അധ്യായത്തിൽ കാണാം. “അവരുടെ വീടുകൾ’ എന്ന് പറഞ്ഞത് ഭർതൃഗൃഹത്തെ ഉദ്ദേശിച്ചാണ്. അത് അവളുടെ വീടാണ്. ഭർത്താവിന്റെ ധനം ഭാര്യയുടെയും ധനമാണ്. അപ്പോൾ ഭാര്യക്ക് സകാത്ത് നല്കുക എന്നതിനർഥം സകാത്ത് തനിക്കുതന്നെ നല്കുക എന്നാണ്. തനിക്കുതന്നെ സകാത്ത് നല്കുന്നത് അനുവദനീയമാകുമോ? അതിനാൽ ഒരാളുടെ ധനത്തിന്നുള്ള സകാത്തിന്റെ വിഹിതം സ്വന്തം ഭാര്യക്ക് നല്കുന്നത് അനുവദനീയമല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
അപ്രകാരം തന്നെ, സ്വന്തം മക്കൾക്കും സകാത്തിൽ വിഹിതം നല്കാവതല്ല. അവരും അയാളുടെ ഭാഗമാണ്. നിങ്ങളുടെ സന്താനങ്ങൾ നിങ്ങളുടെ പ്രയത്ന ഫലമാണ് എന്നു തിരുവചനമുണ്ട്. മാതാപിതാക്കളുടെ അവസ്ഥയും ഇതുതന്നെ. അവരും അയാളുടെ ഭാഗമാണ്. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ ഇക്കാര്യത്തിൽ ഭിന്നവീക്ഷണം പുലർത്തുന്നു: മാതാപിതാക്കൾ ദരിദ്രരായിരിക്കുകയും അവർക്ക് ജീവനാംശം നല്കുവാൻ അയാൾക്ക് കഴിയാതെ വരുകയുമാണെങ്കിൽ അയാളുടെ സകാത്തിന്റെ വിഹിതം അവർക്കു നല്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിൽ തെറ്റില്ല. എന്നാൽ സഹോദരൻമാർ ദരിദ്രരാണെങ്കിൽ അവർക്ക് സകാത്തിന്റെ വിഹിതം നല്കാമോ എന്ന കാര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ ഭേദങ്ങളുണ്ട്. സഹോദരൻമാർ ദരിദ്രരായിരിക്കുകയും അവരുടെ ജീവിതച്ചെലവുകൾ നിർവഹിക്കുവാൻ ബാധ്യസ്ഥനായിരിക്കുകയും ചെയ്യുന്ന ഒരാളുടെ സകാത്തിൽ പ്രസ്തുത സഹോദരന്മാർക്ക് വിഹിതം നല്കാമോ ഇല്ലയോ? ഇതിലുമുണ്ട് ഭിന്നാഭിപ്രായങ്ങൾ. അവയിൽ, “പാടുണ്ട്’ എന്ന അഭിപ്രായത്തിന്നാണ് ഇൗയുള്ളവൻ പ്രാബല്യം നല്കുന്നത്. പ്രമാണങ്ങളുടെ വ്യാപകാർഥം അതാണ് കുറിക്കുന്നത്. ഇൗ അർഥവ്യാപ്തിയിൽനിന്ന് ഭാര്യ, സന്താനങ്ങൾ, മാതാപിതാക്കൾ എന്നിവരെയെല്ലാം ഒഴിവാക്കിയാൽ പോലും സഹോദരങ്ങളെ ഒഴിവാക്കാനാവില്ല. അതിനാൽ ഒരാളുടെ സകാത്തിൽ സ്വന്തം സഹോദരന്ന് വിഹിതം നല്കുന്നത് അനുവദനീയമാണ്. അവരുടെ ജീവിതച്ചെലവുകൾ വഹിക്കുവാൻ അയാൾ ബാധ്യസ്ഥനാണെങ്കിൽ പോലും. മാതൃസഹോദരി, പിതൃസഹോദരി, മാതൃസഹോദരന്റെയും മാതൃസഹോദരിയുടെയും പിതൃസഹോദരിയുടെയും പുത്രിമാർ തുടങ്ങിയ ബന്ധുക്കൾക്ക് സകാത്തിൽ വിഹിതം നൽകാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിക്കുന്നു.
ഇനി, സമ്പന്നരായ സഹോദരങ്ങൾക്ക് സകാത്ത് നല്കാമോ എന്നതാണ് ചോദ്യം. തീരെ പാടില്ല. കാരണം, സമ്പന്നർക്ക് സകാത്ത് നല്കാനേ പാടില്ല. സ്വന്തം സഹോദരനാവട്ടെ അല്ലാതിരിക്കട്ടെ “”സമ്പന്നനും ആരോഗ്യമുള്ള ശരീരവും അവയവങ്ങളും ഉള്ളവന്നും സകാത്ത് നല്കാൻ പാടുള്ളതല്ല” എന്ന് തിരുദൂതർ പറഞ്ഞിട്ടുണ്ട്. സമ്പന്നരിൽനിന്ന് പിടിച്ചെടുത്ത് ദരിദ്രർക്ക് നല്കാനുള്ളത് എന്നാണ് തിരുമേനി സകാത്തിനെ വിശദീകരിച്ചിട്ടുള്ളത്. അതിനാൽ, സമ്പന്നർക്ക് സകാത്ത് നല്കുന്നത് സകാത്ത് നിയമമാക്കിയതിന്റെ ഉദ്ദേശ്യത്തെത്തന്നെ ഹനിച്ചുകളയും.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL