ചോദ്യം- ചികിത്സാർഥം പേശികളിലോ ധമനികളിലോ നല്കുന്ന *കുത്തിവെപ്പ്, എനിമ**, ഔഷധലേപനം, ഹെമറോയ്ഡ്സ്*** കാരണമോ മറ്റോ മലദ്വാരത്തിൽ ഡ്രസ്സിംഗ് നടത്തൽ, ചെകിടുവേദന തടയുവാൻ ചെവിയിൽ മരുന്നുറ്റിക്കൽ, ഗ്ലൂക്കോസ് ഇഞ്ചക്ഷൻ, സുറുമയിടൽ തുടങ്ങിയവ നോമ്പു മുറിക്കുമോ?
ഉത്തരം- വ്രതത്തിന്റെ സാക്ഷാൽ അർഥം അറിയാത്തവർ ആരുമില്ല. ഭക്ഷ്യപാനീയങ്ങളും ലൈംഗികബന്ധങ്ങളും ഉപേക്ഷിക്കുക എന്നതത്രേ അത്. ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം. നോമ്പിൽ നിഷിദ്ധമായ തിന്നുക, കുടിക്കുക, ലൈംഗികബന്ധം പുലർത്തുക തുടങ്ങിയ കാര്യങ്ങളുടെ ഉദ്ദേശ്യമെന്ത് എന്നതും ആർക്കും അവ്യക്തമല്ല. തിരുദൂതരുടെ കാലത്തെ അപരിഷ്കൃതനായ അറബിക്ക് അതു മനസ്സിലായിരുന്നു. തിന്നുക, കുടിക്കുക തുടങ്ങിയവ വിശദീകരിച്ചുകൊടുക്കുവാൻ, ന്യായശാസ്ത്രാധിഷ്ഠിതമായ നിർവചനങ്ങൾ ആവശ്യമായിരുന്നില്ല. അപ്രകാരംതന്നെ നോമ്പിലന്തർഭവിച്ചിട്ടുള്ള പ്രഥമയുക്തിയെന്തെന്നും ഏവർക്കുമറിയാം. ദൈവതൃപ്തി മുൻനിറുത്തി ശാരീരികാവശ്യങ്ങളുപേക്ഷിച്ച് ദൈവത്തോടുള്ള വിധേയത്വം പ്രകടമാക്കുക എന്നുള്ളതാണ് അത്. “”ആദം സന്തതികളുടെ സർവകർമങ്ങളും അവന്നുള്ളതാണ്. നോമ്പൊഴിച്ച്. അതെനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്കുക. കാരണം, അവൻ എനിക്കുവേണ്ടിയാണ് ഭക്ഷണവും പാനീയവും വികാരങ്ങളും ഉപേക്ഷിക്കുന്നത്” എന്ന് ഒരു ഖുദ്സിയ്യായ ഹദീസിൽ കാണാം. ഇത് വ്യക്തമായിക്കഴിഞ്ഞാൽ, ഏതു തരത്തിൽപ്പെട്ട കുത്തിവെപ്പും ലേപനവും, ഭാഷാപരമായോ അനുഭവത്തിലോ തിന്നലോ കുടിക്കലോ അല്ല എന്നു കാണാം. വ്രതാനുഷ്ഠാനം കൊണ്ട് നിയമനിർമാതാവുദ്ദേശിച്ച ലക്ഷ്യപ്രാപ്തിയെ അതൊന്നും തടയുന്നില്ല. അതിനാൽ അവയൊന്നും തന്നെ വ്രതത്തെ ദുർബലമാക്കുകയില്ല. അല്ലാഹു ദോഷം കാണാത്ത ഒരു കാര്യത്തിൽ കാർക്കശ്യത്തിന്റെ ആവശ്യമില്ല. അല്ലാഹു എളുപ്പമാണുദ്ദേശിക്കുന്നത്; ക്ലേശമല്ല.
കുത്തിവെപ്പ് പല വിധമുണ്ട്. ചിലത് രോഗചികിത്സാർഥമുള്ള ഔഷധങ്ങളുടെ കുത്തിവെപ്പാണ്. അത് പേശിയിലോ ധമനിയിലോ തൊലിക്ക് താഴെയോ ആവാം. ഈ കുത്തിവെപ്പിന്റെ കാര്യത്തിൽ അഭിപ്രായഭേദമില്ല. അത് ആമാശയത്തിലേക്കെത്തുകയോ ഭക്ഷണമായിത്തീരുകയോ ഇല്ല. അതുകൊണ്ട് അത്തരം കുത്തിവെപ്പുകൾ നോമ്പിന് ഒരു ദോഷവും ചെയ്യുന്നതല്ല.
മറ്റൊരു തരം കുത്തിവെപ്പുണ്ട് – ഗ്ലൂക്കോസ് കുത്തിവെപ്പുപോലെ ശരീരത്തിൽ ആഹാരത്തിന്റെ രീതിയിൽ പ്രവർത്തിക്കുന്നവ. അത് നേരിട്ട് രക്തത്തിലെത്തുന്നു. ഇത്തരം കുത്തിവെപ്പുകളുടെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. പൂർവികർക്ക് ഇത്തരം ചികിത്സാവിധികളെയും ഔഷധങ്ങളെയും പറ്റി അറിവുണ്ടായിരുന്നില്ല. അതിനാൽ തിരുദൂതരിൽനിന്നോ സഹാബികളിൽനിന്നോ താബിഇകളിൽനിന്നോ ആദ്യകാല പണ്ഡിതരിൽനിന്നോ ഇവ്വിഷയകമായി ഒന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. നൂതനമായ ഒരു ചിക്തിസാ രീതിയായതുകൊണ്ടാണ് ഇവ്വിഷയത്തിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നത്. ഈ കുത്തിവെപ്പ് ആഹാരത്തോടു ചേർന്ന് നേരിട്ട് രക്തത്തിൽ പ്രവേശിക്കുന്നതിനാൽ അത് നോമ്പിനെ ദുർബലപ്പെടുത്തുമെന്ന് ഒരു വിഭാഗം പണ്ഡിതർ കരുതുന്നു. അത് നോമ്പിന് ദോഷമൊന്നും ചെയ്യുകയില്ലെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. രക്തത്തോട് ചേരുന്നുണ്ടെന്നല്ലാതെ ആമാശയത്തിലെത്തുന്നില്ലല്ലോ എന്നാണവരുടെ വാദം. ആമാശയത്തിലെത്തുന്നതും തൻമൂലം വിശപ്പടങ്ങിയതായും ദാഹം തീർന്നതായും അനുഭവപ്പെടുന്നതും മാത്രമേ നോമ്പിനെ ദുർബലപ്പെടുത്തൂ. വിശപ്പിന്റെ വികാരവും ലൈംഗിക വികാരവും നിയന്ത്രിക്കപ്പെടുക എന്നതാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം. അന്നിലക്ക് ഈ കുത്തിവെപ്പ് നോമ്പിന് ഒരു കേടും വരുത്തില്ലെന്ന് ഈ വിഭാഗം പണ്ഡിതർ വാദിക്കുന്നു.
ഈ അഭിപ്രായത്തോട് ഈയുള്ളവന് ആഭിമുഖ്യമുണ്ടെങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ റമദാനിലെ പകലിൽ അതൊഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. അസ്തമയത്തിനുശേഷവും അതിന് സമയമുണ്ടല്ലോ. ആൾ രോഗിയാണെങ്കിൽ അയാൾക്ക് നോമ്പൊഴിവാക്കാൻ അനുമതിയുണ്ട്. ഈ കുത്തിവെപ്പുമൂലം തിന്നുകയും കുടിക്കുകയും ചെയ്യുമ്പോഴെന്നപോലെ പോഷണം ലഭിക്കുകയോ കുത്തിവെപ്പിന്നുശേഷം വിശപ്പും ദാഹവും അടങ്ങിയതായി അനുഭവപ്പെടുകയോ ചെയ്യുകയില്ലെങ്കിലും അത് ഒരുതരം ഉൻമേഷം ജനിപ്പിക്കുന്നുണ്ടെന്ന് തീർച്ച. തൻമൂലം നോമ്പെടുത്തവൻ അനുഭവിക്കുന്ന ക്ഷീണവും തളർച്ചയും അയാൾക്ക് അനുഭവപ്പെടുന്നില്ല. വിശപ്പും ദാഹവും വഴി അല്ലാഹു തനിക്കേകിയ അനുഗ്രഹങ്ങളുടെ വിലയും പാവങ്ങളുടെയും അഗതികളുടെയും പൈദാഹത്തിന്റെ വൈഷമ്യങ്ങളും സ്വയം അനുഭവിച്ചറിയുക എന്നതാണ് നോമ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഈ കുത്തിവെപ്പിന്റെ കവാടം നാം തുറന്നുകൊടുത്താൽ സാമ്പത്തികശേഷിയുള്ളവർ ദിനേന ഗ്ലൂക്കോസ് ഇഞ്ചക്ഷൻ സ്വീകരിച്ച് നോമ്പിന്റെ ക്ഷീണവും തളർച്ചയും അകറ്റാൻ മുതിർന്നു എന്നു വരാം. അതിനാൽ, ഗ്ലൂക്കോസ് ഇഞ്ചക്ഷൻ നോമ്പ് തുറന്ന ശേഷം സ്വീകരിക്കുന്നതാണ് ഉത്തമം.
ചെവിയിൽ മരുന്നുറ്റിക്കുക, കണ്ണിൽ സുറുമയിടുക, എനിമ കൊടുക്കുക തുടങ്ങിയവയിൽ ചിലത് ശരീരത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, അവ ഉള്ളിലെത്തുന്നത് സ്വാഭാവിക പ്രവേശനദ്വാരത്തിലൂടെയല്ല. അവ ആഹാരം കഴിക്കുന്നതിന്റെ ഫലം ഉളവാക്കുകയുമില്ല. അവയ്ക്കുശേഷം രോഗിക്കു പ്രത്യേകം ഉൻമേഷമോ ഓജസ്സോ അനുഭവപ്പെടുന്നതുമല്ല. എങ്കിലും, പ്രാചീനരും ആധുനികരുമായ പണ്ഡിതൻമാർക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായഭേദങ്ങളുണ്ട്. ചിലർ അവയെ ശക്തിയായെതിർക്കുന്നു. ചിലർ ഇളവു നൽകുന്നു. എന്റെ അഭിപ്രായത്തിൽ, സുറുമയിടൽ, കണ്ണിലോ ചെവിയിലോ മരുന്നുറ്റിക്കൽ, ലേപനം, മൂലക്കുരുവിന് ഗുദദ്വാരത്തിൽ മരുന്നുവെച്ച് ഡ്രസ്സ് ചെയ്യൽ, എനിമ തുടങ്ങിയ കാര്യങ്ങളൊന്നും നോമ്പിന് ഒരു ദോഷവും ചെയ്യുന്നതല്ല.
ഇബ്നുഹസ്മ് പറയുന്നു: “”കുത്തിവെപ്പ്*, പൊടിവലി, ചെവിയിലോ മൂത്രദ്വാരത്തിലോ മൂക്കിലോ മരുന്ന് ഇറ്റിക്കൽ തുടങ്ങിയവ നോമ്പിനെ ദുർബലമാക്കുകയില്ല. വുദൂവെടുക്കുമ്പോൾ മൂക്കിലൂടെ വെള്ളം വലിച്ചു കയറ്റുമ്പോഴോ കുലുക്കുഴിയുമ്പോഴോ വെള്ളം ബോധംപൂർവമല്ലാതെ തൊണ്ടയിലെത്തിയാൽ നോമ്പ് മുറിയില്ല. വല്ല ഔഷധമോ മറ്റോ ഉപയോഗിച്ച് രാത്രിയോ പകലോ കണ്ണെഴുതുകയും അത് തൊണ്ടക്കുഴിയിലെത്തുകയും ചെയ്താലും നോമ്പുമുറിയുന്നതല്ല. പൊടിപടലങ്ങളോ ധാന്യപ്പൊടിയോ മൈലാഞ്ചിയോ സുഗന്ധദ്രവ്യങ്ങളോ മറ്റു വല്ലതുമോ നോമ്പിനെ ദുർബലമാക്കുന്നതല്ല. ഒരീച്ച ശക്തിയോടെ തൊണ്ടക്കുഴിയിലേക്ക് പാറി വീണാലും നോമ്പിന് കേടു പറ്റുന്നതല്ല.”
തന്റെ ഈ അഭിപ്രായത്തെ ഇബ്നുഹസ്മ് ഇപ്രകാരം ന്യായീകരിക്കുന്നു: “”നോമ്പിൽ തിന്നുക, കുടിക്കുക, സംയോഗം നടത്തുക, ഛർദിവരുത്തുക, കുറ്റകൃത്യങ്ങൾ ചെയ്യുക എന്നിവ മാത്രമേ അല്ലാഹു നിരോധിച്ചിട്ടുള്ളൂ. മലദ്വാരത്തിലൂടെയോ യോനീദ്വാരത്തിലൂടെയോ കണ്ണിലൂടെയോ ചെവിയിലൂടെയോ തലയിലോ വയറിലോ ഉള്ള മുറിവിലൂടെയോ തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന ഒരേർപ്പാട് നമുക്ക് അറിഞ്ഞുകൂടാ. തിന്നുകയോ കുടിക്കുകയോ വഴിയല്ലാതെ ഉള്ളിലേക്ക് വല്ലതും എത്തിക്കുന്നത്, നിഷിദ്ധമാക്കപ്പെടാത്ത കാലത്തോളം അത് നാം നിരോധിക്കുന്നില്ല.”
ഈ വീക്ഷണത്തിന് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ തന്റെ ഫത് വകളിൽ പ്രാബല്യം നല്കിയിരിക്കുന്നു. ഇവ്വിഷയകമായി പണ്ഡിതൻമാർക്കിടയിലുള്ള തർക്കവിതർക്കങ്ങൾ പരാമർശിച്ച ശേഷം അദ്ദേഹം പറയുന്നു: “”ഇക്കാര്യങ്ങളൊന്നും നോമ്പിനെ ദുർബലപ്പെടുത്തുകയില്ലെന്നതാണ് വസ്തുത. ഇസ്ലാമിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് സാമാന്യജനങ്ങളും പണ്ഡിതവൃന്ദവും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. മുൻചൊന്ന കാര്യങ്ങൾ അല്ലാഹുവും റസൂലും നിരോധിച്ചതും നോമ്പിനെ നിഷ്ഫലമാക്കുന്നതുമാണെങ്കിൽ അത് വിശദീകരിക്കേണ്ട ചുമതല തിരുദൂതർക്കുണ്ട്. അദ്ദേഹം അത് വിശദീകരിച്ചിട്ടുണ്ടെങ്കിൽ സഹാബികൾ അത് അറിയുമായിരുന്നു. അവരത്, മറ്റു നിയമങ്ങൾ അറിയിച്ചതുപോലെ, സമുദായത്തെ അറിയിക്കുമായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒരാളും തന്നെ തിരുദൂതരിൽനിന്ന് സ്വീകാര്യമോ ദുർബലമോ മുസ്നദോ മുർസലോ** ആയ ഒരൊറ്റ ഹദീസും ഉദ്ധരിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം അതൊന്നും പറഞ്ഞിട്ടില്ലെന്ന് വേണം മനസ്സിലാക്കുവാൻ!” അദ്ദേഹം തുടരുന്നു: “”സുറുമയിടൽ സംബന്ധിച്ച് ഉദ്ധൃതമായ ഹദീസാകട്ടെ ദുർബലമാണ്.”
ഇബ്നുതൈമിയയുടെ ഈ ഫത് വ രണ്ട് അടിസ്ഥാനങ്ങളിൽ നിലകൊള്ളുന്നു. ഒന്ന്: പൊതു പ്രാധാന്യമുള്ളതും ജനങ്ങളിൽ ഭൂരിപക്ഷവും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ വിശദീകരിക്കേണ്ടത് തിരുദൂതരുടെ ബാധ്യതയാണ്. കാരണം ജനങ്ങൾക്ക് അല്ലാഹു അവതരിപ്പിച്ചവയുടെ വ്യാഖ്യാതാവാണ് അദ്ദേഹം. അല്ലാഹു പറയുന്നു: “”നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചുതന്നിരിക്കുന്നു – അവർക്ക് അവതരിക്കപ്പെട്ടത് നീ അവർക്ക് വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി.” പ്രവാചകൻ നല്കുന്ന വിശദീകരണം അദ്ദേഹത്തിനു ശേഷം നിർവഹിക്കേണ്ടുന്ന ബാധ്യത മുസ്ലിം സമൂഹത്തിന്റേതാണ്.
രണ്ട്: സുറുമയിടൽ, ചെവികഴുകൽ തുടങ്ങി പ്രാചീന കാലം മുതൽ ജനങ്ങൾ ചെയ്തുവന്ന കാര്യങ്ങൾ പൊതു പ്രാധാന്യമുള്ളവയാണ്. കുളി, എണ്ണതേപ്പ്, സാമ്പ്രാണി പുകയ്ക്കൽ, സുഗന്ധദ്രവ്യങ്ങൾ പുരട്ടൽ തുടങ്ങിയ കാര്യങ്ങളെപ്പോലെയാണതും. ഇവയെല്ലാം നോമ്പിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങളായിരുന്നുവെങ്കിൽ തിരൂദൂതർ, നോമ്പ് മുറിക്കുന്ന കാര്യങ്ങൾ വിശദീകരിച്ചതുപോലെ, അക്കാര്യങ്ങളും വിശദീകരിക്കുമായിരുന്നു. അതൊന്നും അദ്ദേഹം പരാമർശിച്ചിട്ടില്ലാത്തതിനാൽ അവ സുഗന്ധദ്രവ്യങ്ങളുടെയും സാമ്പ്രാണിയുടെയും എണ്ണയുടെയും ഗണത്തിൽ പെട്ടതാണെന്ന് മനസ്സിലാക്കണം. ഇബ്നു തൈമിയ്യ പറയുന്നു: “”സാമ്പ്രാണിയുടെ പുക മൂക്കിൽ കയറും; തലച്ചോറിലേക്കു പ്രവേശിക്കും; ഖരരൂപം പ്രാപിക്കും; ശരീരം എണ്ണ വലിച്ചെടുക്കും; ഉള്ളിലേക്കു കടക്കും; അതുമൂലം ബലം വർധിക്കും. അതുപോലെ സുഗന്ധദ്രവ്യങ്ങളുപയോഗിക്കുന്നതുവഴി നവോൻമേഷം കൈവരും. നോമ്പുകാരന് ഇവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ല എന്നത് അവ ഉപയോഗിക്കുന്നതിനുള്ള അനുവാദത്തെ കുറിക്കുന്നു.” ഈ ഫത് വയിൽ ഇബ്നു തൈമിയ്യ പറഞ്ഞ കാര്യങ്ങളിൽ ഇത്ര കൂടി കാണാം:
“”സുറുമയിടൽ ഒരിക്കലും പോഷകദായകമല്ല; ആരുംതന്നെ സുറുമ മൂക്കിലൂടെയോ വായിലൂടെയോ ഉള്ളിലേക്ക് കഴിക്കാറില്ല. എനിമയും അപ്രകാരം തന്നെ. അത് ആഹാരം നല്കില്ല. മറിച്ച് ആമാശയത്തിലുള്ളതിനെ പുറത്തൊഴിക്കുകയാണ് ചെയ്യുക – വല്ല വിരേചനൗഷധവും വാസനിച്ചതുപോലെ. അല്ലെങ്കിൽ വയറ്റിലുള്ളത് പുറത്തുപോകത്തക്കവണ്ണം ഭയപ്പെട്ടതുപോലെ! അതൊന്നും ആമാശയത്തിലേക്കെത്തുകയില്ലല്ലോ…” ഓജസ്സുള്ള വാക്യങ്ങൾ! ഇസ്ലാമിക കർമശാസ്ത്രത്തിൽ അഗാധമായ ഉൾക്കാഴ്ച! ഈയുള്ളവൻ അത് തെരഞ്ഞെടുക്കുന്നു; അതനുസരിച്ച് വിധി നല്കുകയും ചെയ്യുന്നു.