Sunday, March 24, 2024
Homeഅനുഷ്ഠാനംതറാവീഹ് നമസ്കാരവും സ്ത്രീകളും

തറാവീഹ് നമസ്കാരവും സ്ത്രീകളും

ചോദ്യം- ചില സ്ത്രീകൾ തറാവീഹ് നമസ്കാരത്തിന് പള്ളിയിൽ പോകുന്നത് പതിവാക്കിയിട്ടുണ്ട്. ഭർത്താവിനോട് അനുവാദം വാങ്ങാതെയാണ് ചിലർ പോകാറ്. ചിലർ പള്ളിയിൽ സംസാരിക്കുന്നത് കേൾക്കാം. അവർ തറാവീഹ് പള്ളിയിൽവെച്ച് നമസ്കരിക്കേണ്ടതുണ്ടോ?

ഉത്തരം- തറാവീഹ് നമസ്കാരം സ്ത്രീകൾക്കോ പുരുഷൻമാർക്കോ നിർബന്ധമല്ല. വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പ്രബലമായ ഒരു സുന്നത്ത് മാത്രമാണ്. “ആർ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാൻ മാസത്തിലെ രാത്രികളിൽ നിന്നു നമസ്കരിക്കുന്നുവോ അവന്റെ മുൻകാല പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കും’ എന്ന് തിരുദൂതർ പറഞ്ഞത് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തിട്ടുണ്ട്. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി, ഭയഭക്തിയോടെയും സാവകാശത്തോടെയും തറാവീഹ് നമസ്കരിക്കുകയും സുബ്ഹ് നമസ്കാരം യഥാസമയം അനുഷ്ഠിക്കുകയും ചെയ്തവൻ റമദാനിൽ “നിന്നു നമസ്കരിച്ചു’ എന്നു പറയാം. നിന്നു നമസ്കരിച്ചവർക്കുള്ള പ്രതിഫലത്തിന് അയാൾ അർഹനാവുകയും ചെയ്തു.

ഈ കൽപന സ്ത്രീകളെയും പുരുഷൻമാരെയും ഉൾക്കൊള്ളുന്നു. എന്നാൽ, വീട്ടിൽവെച്ച് നമസ്കരിക്കുന്നതാണ് പള്ളിയിൽവെച്ച് നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം. പക്ഷേ, വൈജ്ഞാനികമോ സാംസ്കാരികമോ ആയ വല്ല ഉദ്ദേശ്യവും ഉണ്ടെങ്കിൽ അവർ പള്ളിയിൽ പോകുന്നതു തന്നെയാണുത്തമം. ഇക്കാലത്ത് സ്ത്രീകൾക്ക് മതവിജ്ഞാനം നല്കുവാൻ മിക്ക പുരുഷൻമാരും മെനക്കെടാറില്ല. വല്ലവരും അതിന്നാഗ്രഹിച്ചാൽത്തന്നെ സ്വന്തം നിലയിൽ അതിന്നുള്ള കഴിവ് അവർക്ക് ഉണ്ടാവുകയില്ല. പിന്നെ ശേഷിക്കുന്നത് പള്ളികളാണ്. അതിനാൽ, സ്ത്രീകൾക്ക് അതിന്ന് അവസരം നൽകുകയാണ് വേണ്ടത്. മാത്രമല്ല, സ്ത്രീകൾ വീട്ടിൽ തന്നെയായിരിക്കുമ്പോൾ ഒറ്റക്ക് തറാവീഹ് നമസ്കരിക്കുവാനുള്ള ആവേശമോ സൗകര്യമോ ഉണ്ടായെന്നു വരില്ല. പള്ളിയിൽ വെച്ച് ജമാഅത്തായി നമസ്കരിക്കുമ്പോൾ സ്ഥിതി വ്യത്യസ്തമായിരിക്കും.

എന്നാൽ, സ്ത്രീ പുറത്തു പോകുന്നത് – പള്ളിയിലേക്കായാൽ പോലും – ഭർത്താവിന്റെ അനുമതിയോടെ ആവണം. കാരണം, ഭർത്താവ് കുടുംബനാഥനും അതിന്റെ ഭരണകർത്താവുമാണ്. അദ്ദേഹം സ്വകുടുംബത്തെക്കുറിച്ചും ചോദിക്കപ്പെടും. ഒരു നിർബന്ധകാര്യം ഉപേക്ഷിക്കുവാനോ നിഷിദ്ധം പ്രവർത്തിക്കുവാനോ ഭർത്താവ് ആവശ്യപ്പെടുന്ന ഘട്ടത്തിലൊഴിച്ച് ഭർത്താവിനെ അനുസരിക്കുവാൻ ഭാര്യ ബാധ്യസ്ഥയുമാണ്. എന്നാൽ ന്യായമായ തടസ്സമുണ്ടെങ്കിലല്ലാതെ പള്ളിയിൽ പോകുന്നതിൽനിന്ന് ഭാര്യയെ തടയുവാൻ ഭർത്താവിന് അവകാശമില്ല. “പള്ളിയിൽ പോകുന്നതിൽ നിന്ന് ദൈവദാസിമാരെ നിങ്ങൾ തടയരുത്’ എന്ന് നബി (സ) പറഞ്ഞത് മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. ഭർത്താവ് രോഗിയാവുകയും പരിചരണത്തിന് ഭാര്യയുടെ സാമീപ്യവും സാന്നിധ്യവും ആവശ്യമായി വരുകയും ചെയ്യുക എന്നത് ന്യായമായ – ശർഇയ്യായ – തടസ്സമാണ്. നമസ്കാരസമയം മുഴുവൻ ഒറ്റക്കിട്ടുപോവാൻ വയ്യാത്ത കൊച്ചുകുട്ടികളുണ്ടാവുകയും അവരെ നോക്കാൻ ആരുമില്ലാതിരിക്കുകയും ചെയ്യുകയെന്നതും ശർഇന്റെ വീക്ഷണത്തിൽ അംഗീകരിക്കപ്പെട്ട തടസ്സമാണ്. ഇമ്മട്ടിലുള്ള, ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന മറ്റു തടസ്സങ്ങളുമുണ്ടാവാം.

മറ്റുള്ളവരുടെ നമസ്കാരത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം കരയുകയോ ബഹളം വെക്കുകയോ ചെയ്യുന്ന കുട്ടികളെ ഉമ്മമാർ കൂടെ കൊണ്ടുപോവാതിരിക്കലാണ് അഭികാമ്യം. താരതമ്യേന അല്പംസമയം മാത്രം മതിയാവുന്ന ഫർദ് നമസ്കാരങ്ങളിൽ അത് അനുവദിക്കാമെങ്കിലും ദീർഘസമയമെടുക്കുന്ന തറാവീഹ് നമസ്കാരങ്ങളിൽ ഒഴിവാക്കപ്പെടേണ്ടതാണ്. പള്ളിയിൽവെച്ച് സ്ത്രീകൾ സംസാരിക്കുന്നതും പുരുഷൻമാർ സംസാരിക്കുന്നതും ഒരുപോലെത്തന്നെ. അനാവശ്യമായി ശബ്ദമുയർത്തി സംസാരിക്കുന്നത് അനുവദനീയമല്ല. വിശിഷ്യാ ലൗകികവിഷയങ്ങൾ. പള്ളികൾ അതിന്നുള്ളതല്ലല്ലോ. അത് ആരാധനയുടെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. ചുരുക്കത്തിൽ, മതനിഷ്ഠയുള്ള സ്ത്രീ അന്യരുടെ നമസ്കാരത്തിനും പള്ളിയിലെ വിജ്ഞാന വിരുന്നുകൾക്കും തടസ്സം സൃഷ്ടിക്കുംവിധം ശബ്ദമുയർത്തി സംസാരിക്കുവാൻ പാടില്ലാത്തതാണ്. വല്ലതും സംസാരിക്കേണ്ടിവന്നാൽത്തന്നെ അത് പതിഞ്ഞ സ്വരത്തിലും ആവശ്യനിർവഹണത്തിന് മാത്രവും ആയിരിക്കണം.

ഇവിടെ മറ്റൊരു കാര്യം പ്രത്യേകം പരാമർശമർഹിക്കുന്നു: സ്ത്രീപുരുഷൻമാരെ പരസ്പരം വേർതിരിച്ചു നിർത്തുന്നതും പ്രവാചകന്റെയോ അനുചരൻമാരുടെയോ കാലത്ത് ഇല്ലാതിരുന്നതും സ്ത്രീകൾക്ക് ഇമാമിന്റെ ചലനങ്ങൾ അറിയുന്നതിന് തടസ്സം നില്ക്കുന്നതുമായ വൻ മറകൾ വലിച്ചിട്ട് സ്ത്രീകൾക്ക് ഇടുക്കമുണ്ടാക്കുകയും അവരുടെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ അതിതീവ്രത കാണിക്കുകയും ചെയ്യുന്ന ചില പുരുഷൻമാരുണ്ട്. സ്ത്രീ പള്ളിയിൽപോവുക എന്ന ആശയത്തെത്തന്നെ അവർ പ്രോത്സാഹിപ്പിക്കുന്നില്ല. പള്ളിയിൽ ഒച്ചവെച്ച് സംസാരിക്കാൻ സ്വയം അനുമതി നല്കുന്ന ഈ പുരുഷൻമാരിൽ ചിലർ ഒരു സ്ത്രീക്കും സ്വന്തം അയൽക്കാരിയുടെ ചെവിയിൽ ഒന്നു മന്ത്രിക്കാൻപോലും സ്വാതന്ത്ര്യം നല്കാറില്ല. ഇത് നീതിയല്ല. “അല്ലാഹുവും റസൂലും വെറുക്കുന്ന ചില നിയന്ത്രണങ്ങളുണ്ട്’ എന്ന് ഒരു തിരുവചനം കാണാം.

സംശയത്തിന് സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ. അത്തരത്തിൽപ്പെട്ട ആക്ഷേപാർഹമായ ജാഗ്രതയാണിത്.
ആധുനിക കാലഘട്ടം സ്ത്രീക്കു മുമ്പിൽ അനേകം കവാടങ്ങൾ തുറന്നിട്ടുണ്ട്. അവൾ വീട്ടിൽനിന്ന് പുറത്തിറങ്ങി സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും മാർക്കറ്റുകളിലും പോകുന്നു. എന്നാൽ, പരമോത്കൃഷ്ടവും അത്യുത്തമവുമായ ഒരിടം അവൾക്ക് നിഷിദ്ധമാണ്- പള്ളികൾ! ദൈവത്തിന്റെ ഭവനത്തിൽ സ്ത്രീകൾക്ക് വിശാലത നല്കുക എന്ന് ഞാൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. അവർ നല്ലത് കാണട്ടെ; ഉപദേശങ്ങൾ കേൾക്കട്ടെ; ദീൻ പഠിക്കട്ടെ. അതുവഴി അവർ കുറ്റകരമോ സംശയകരമോ അല്ലാത്ത രീതിയിൽ അല്പം ആശ്വാസവും മാനസികോല്ലാസവും നേടുന്നുവെങ്കിൽ അതിലും കുഴപ്പമൊന്നുമില്ല- നിഷിദ്ധമായ സൗന്ദര്യ പ്രകടനങ്ങളൊഴിവാക്കി തികഞ്ഞ ഗൗരവത്തോടും ലജ്ജാശീലത്തോടും കൂടിയാണ് അവർ പുറത്തിറങ്ങുന്നതെങ്കിൽ!

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!