Wednesday, May 22, 2024
Homeഅനുഷ്ഠാനംധൃതിപിടിച്ച തറാവീഹ്

ധൃതിപിടിച്ച തറാവീഹ്

ചോദ്യം- ധൃതിപ്പെട്ട് തറാവീഹ് നമസ്കരിച്ചു തീർക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?

ഉത്തരം- വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ നിന്നു നമസ്കരിച്ചവന്റെ മുൻകാലപാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും എന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു തിരുവചനത്തിൽ കാണാം. അല്ലാഹു ഖുർആനിലൂടെ റമദാനിലെ പകലിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കി. തിരുദൂതർ വഴി റമദാനിലെ രാത്രി നമസ്കാരവും നിയമമാക്കി. അതിനെയവൻ പാപങ്ങളിൽനിന്നും തെറ്റുകുറ്റങ്ങളിൽനിന്നും ശുദ്ധിയാവുന്നതിനുള്ള മാർഗമായി നിശ്ചയിച്ചു. എന്നാൽ, അത് പാപങ്ങൾ പൊറുത്തുകിട്ടുവാനും അഴുക്കുകളിൽനിന്ന് ശുദ്ധിയാകുവാനും കാരണമാകണമെങ്കിൽ അതിന്റെ പൂർണമായ ഉപാധികളും അച്ചടക്കവും ചട്ടങ്ങളും പാലിച്ചു തന്നെ നിർവഹിക്കേണ്ടതുണ്ട്. നമസ്കാരത്തിലെ “അടക്കം’ (ത്വുമഅ്നീനത്), ഫാതിഹയും റുകൂഉം സുജൂദുംപോലെ നിർബന്ധമായ ഒന്നാണെന്ന് നമുക്കറിയാം. തന്റെ മുമ്പിൽവെച്ച് വികൃതമായി നമസ്കരിച്ച ഒരാളോട് വീണ്ടും നമസ്കരിക്കുവാൻ തിരുദൂതർ ആജ്ഞാപിക്കുകയും എങ്ങനെയാണ് ശരിക്ക് നമസ്കരിക്കേണ്ടതെന്ന് പഠിപ്പിച്ചുകൊടുക്കുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു: “”അടങ്ങി നില്ക്കുവോളം റുകൂഇൽ തുടരുക. നിവർന്നുനിന്നാൽ അടക്കം കിട്ടുവോളം നിൽക്കുക; സുജൂദിലും അങ്ങനെത്തന്നെ; രണ്ടു സുജൂദുകൾക്കിടയിൽ അടങ്ങുവോളം ഇരിക്കുക…….” അപ്പോൾ “അടക്കം’ ഇതിലെല്ലാം ഒഴിക്കാനാവാത്ത ഉപാധിയാണ്. എത്രയാണീ “അടക്ക’ത്തിന്റെ സമയം? ഭിന്നാഭിപ്രായങ്ങളുണ്ട്. അടക്കത്തിന്റെ ഏറ്റവും കുറഞ്ഞ പരിധി “സുബ്ഹാനറബ്ബിയൽ അഅ്ലാ’ എന്ന് ഒരു പ്രാവശ്യം പറയുവാൻ വേണ്ടുന്ന സമയം എന്നാണൊരഭിപ്രായം. എന്നാൽ, ഇബ്നു തൈമിയ്യയെപ്പോലുള്ള ചില പണ്ഡിതരുടെ വീക്ഷണത്തിൽ അത്, പ്രസ്തുത വാക്യം മൂന്നുതവണ ചൊല്ലുന്നതിന് വേണ്ട സമയമാണ്- റുകൂഇലും സുജൂദിലും. തസ്ബീഹ് മൂന്നു തവണ ചൊല്ലുക എന്നതാണ് തിരുചര്യ. അതാണ് അതിന്റെ ഏറ്റവും കുറഞ്ഞ പരിധി. അതിനാൽ അത്രയും സമയം അടങ്ങിനിന്നെങ്കിലേ “ത്വുമഅ്നീനത്’ ഉണ്ടായി എന്നു പറയാനാവൂ. “”ആർ തങ്ങളുടെ നമസ്കാരങ്ങളിൽ ഭയഭക്തിയുള്ളവരാണോ ആ വിശ്വാസികൾ വിജയിച്ചു” എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.

എന്താണ് ഭയഭക്തി? അത് രണ്ടു വിധമുണ്ട്- ശാരീരികവും മാനസികവും. ശരീരത്തെ വേണ്ടവിധം അടക്കിനിറുത്തുകയും അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ശാരീരികമായ ഖുശൂഅ്. അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് ബോധമുണ്ടായിരിക്കുക എന്നതാണ് മാനസികമായ ഭയഭക്തി. നമസ്കാരത്തിൽ പാരായണം ചെയ്യുന്ന ഖുർആൻവാക്യങ്ങളുടെ അർഥവും അല്ലാഹുവിന്റെ മുമ്പിലാണ് താൻ നില്ക്കുന്നതെന്ന ഓർമയും പാരത്രിക സ്മരണയും മനസ്സിൽ നിലനിറുത്തിക്കൊണ്ട് ഇത് സാധിക്കാം. ഒരു ഖുദ്സിയ്യായ ഹദീസിൽ ഇപ്രകാരം കാണാം: “”ദാസൻ സർവസ്തുതിയും സർവലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോൾ അല്ലാഹു പറയും: “എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നു.’ അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോൾ അല്ലാഹു പറയും: “”എന്റെ ദാസൻ എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ എന്നു ദാസൻ പറയുമ്പോൾ അല്ലാഹു പറയും: “എന്റെ ദാസൻ എന്നെ പ്രകീർത്തിച്ചിരിക്കുന്നു.’ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം സഹായമർഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ അല്ലാഹു പറയും: “ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.’ ദാസൻ, ഞങ്ങളെ നീ സൻമാർഗത്തിലാക്കേണമേ എന്നു പറയുമ്പോൾ അല്ലാഹു പറയും: “അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവൻ ചോദിച്ചതുണ്ട്.”( മുസ് ലിം)

അല്ലാഹു നമസ്കരിക്കുന്ന ഒരു ദാസനിൽനിന്ന് അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്. നമസ്കരിക്കുന്ന മുസ്ലിം അല്ലാഹുവുമായി സംഭാഷണത്തിൽ ഏർപ്പെടുകയാണെന്നർഥം. അതിനാൽ ഓരോ ചലനത്തിലും നമസ്കരിക്കുന്നവന്റെ മനസ്സിൽ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടേ പറ്റൂ. മുതുകിലേറ്റിയ ചുമട് എത്രയും വേഗം ഇറക്കിവെക്കണമെന്ന് കൊതിക്കും മട്ടിൽ നമസ്കാരത്തിൽനിന്ന് എത്രയും വേഗം വിരമിച്ച് രക്ഷപ്പെടണമെന്ന് മാത്രമുദ്ദേശിച്ച് നമസ്കരിക്കുന്നവർ ഇസ്ലാം ആവശ്യപ്പെട്ട നമസ്കാരമല്ല നിർവഹിക്കുന്നത്.

റമദാനിലെ രാത്രികളിൽ ഇരുപതും ഇരുപത്തിമൂന്നും റക്അത്തുകൾ നിമിഷങ്ങൾക്കകം നമസ്കരിച്ചു തീർക്കുന്ന ധാരാളം ആളുകളുണ്ട്. നമസ്കാരത്തെ റാഞ്ചിയെടുക്കുകയാണ് അവരുടെ ഏക ലക്ഷ്യമെന്നുതോന്നും അതു കണ്ടാൽ. പരമാവധി കുറഞ്ഞ സമയംകൊണ്ട് അതിൽനിന്ന് വിരമിക്കാനാണ് അവർക്ക് വെമ്പൽ. അവരുടെ റുകൂഒാ സുജൂദോ പൂർണമല്ല; ഭയഭക്തി ഇല്ല; ആ നമസ്കാരത്തെപ്പറ്റി ഹദീസിൽ ഇങ്ങനെ കാണാം: “”കറുത്ത കരാളമായ അവസ്ഥയിൽ അത് ആകാശത്തേക്ക് കയറിപ്പോകും. അപ്പോഴത് ആ നമസ്കാരക്കാരനോട് പറയുന്നുണ്ടാവും: നീ എന്നെ പാഴാക്കിയതുപോലെ അല്ലാഹു നിന്നെയും പാഴാക്കട്ടെ. എന്നാൽ ഭയഭക്തിയോടെയും അടക്കത്തോടെയും നിർവഹിക്കപ്പെട്ട നമസ്കാരം തിളങ്ങുന്ന വെൺമയോടെ മാനത്തേക്കുയരും. ആ നമസ്കാരം അനുഷ്ഠിച്ചവനോട് അത് പറയും: നീ എന്നെ പരിരക്ഷിച്ചതുപോലെ അല്ലാഹു നിന്നെയും പരിരക്ഷിക്കട്ടെ!”

ഒതുക്കമോ അടക്കമോ ഭയക്തിയോ മനസ്സാന്നിധ്യമോ ഇല്ലാതെ കൂടിയ റക്അത്തുകൾ നമസ്കരിച്ചുതീർക്കുന്ന ഇമാമുകളോടും അവർക്കു പിന്നിൽ നില്ക്കുന്നവരോടും എന്റെ ഉപദേശമിതാണ്: ഒതുക്കത്തോടും അടക്കത്തോടും ഭയഭക്തിയോടും കൂടി എട്ട് റക്അത്ത് നമസ്കരിക്കുന്നതാണ് ഈ ഇരുപതിനേക്കാൾ എത്രയോ ശ്രേഷ്ഠം. റക്അത്തുകളുടെ സംഖ്യാധിക്യമല്ല, അത് നിർവഹിക്കപ്പെടുന്ന തരവും രീതിയുമാണ് പ്രധാനം. നമസ്കാരം എന്ന അനുഷ്ഠാനത്തിന്റെ സ്വഭാവമാണ് പ്രധാനം- അത് ഭയഭക്തിയുള്ളവരുടെ നമസ്കാരമാണോ? അതോ റാഞ്ചിയെടുക്കുന്നവരുടെ നമസ്കാരമാണോ?

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!