Friday, March 22, 2024
Homeഅനുഷ്ഠാനംവാർധക്യം, ഗർഭം, മുലയൂട്ടൽ

വാർധക്യം, ഗർഭം, മുലയൂട്ടൽ

ചോദ്യം- ഒരു പടുവൃദ്ധന് റമദാനിലെ നോമ്പ് ഒഴിവാക്കാമോ? നോമ്പുനോറ്റാൽ ഗർഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗർഭിണി നോമ്പ് നോൽക്കേണ്ടതുണ്ടോ? നോമ്പ് ഒഴിവാക്കുന്ന പക്ഷം ഇരുവരും നല്കേണ്ടുന്ന പ്രായശ്ചിത്തം എന്ത്? നോമ്പു കാലത്ത് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാമോ?

ഉത്തരം- നോമ്പ് നോറ്റാൽ കഠിനമായ പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്ന പടുവൃദ്ധന്നും വൃദ്ധക്കും റമദാനിലെ നോമ്പ് ഒഴിവാക്കാവുന്നതാണ്. രോഗം ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികൾക്കും നോമ്പ് ഒഴിവാക്കാം.

രോഗം ദീർഘകാല ചികിത്സ ആവശ്യമുള്ളതെന്നോ വിട്ടുമാറാൻ സാധ്യതയില്ലാത്തതെന്നോ ഡോക്ടർ വിധിച്ചാൽ ആ രോഗിക്ക് നോമ്പ് ഒഴിവാക്കാം. അവർ ഓരോ ദിവസത്തിനും ഓരോ അഗതിക്ക് ആഹാരം നല്കണം. അല്ലാഹു അനുവദിച്ച ഒരിളവാണിത്. അല്ലാഹു പറയുന്നു: “”അല്ലാഹു നിങ്ങൾക്ക് ലാഘവമാണ് ആഗ്രഹിക്കുന്നത്. ക്ലേശമുണ്ടാകണമെന്ന് അവനാഗ്രഹിക്കുന്നില്ല.”( അൽ ബഖറ 185 ) “”ദീനിൽ നിങ്ങൾക്കവൻ ഒരു ക്ലേശവും ഉണ്ടാക്കിയിട്ടില്ല.”( അൽ ഹജ്ജ് 78 ) ഇബ്നു അബ്ബാസ്(റ) പറയുന്നു: “”പടുവൃദ്ധനു നോമ്പ് ഒഴിവാക്കാനും പകരം ഓരോ ദിവസവും ഒരു അഗതിക്ക് ആഹാരം നൽകുവാനും അനുമതിയുണ്ട്. അയാൾ നോമ്പു നോറ്റുവീട്ടേണ്ടതില്ല.”( ദാറ ഖുത്വാനി, ഹാകിം) “”വഅലല്ലദീന യുത്വീഖൂനഹു ഫിദ്യതുൻ ത്വആമു മിസ്കീൻ”( അൽ ബഖറ 184 ) എന്ന ഖുർആൻ വാക്യം പടുവൃദ്ധൻമാരെയും തത്തുല്യരായ ആളുകളെയും സംബന്ധിച്ചാണ് അവതരിപ്പിച്ചത് എന്ന് ഇബ്നു അബ്ബാസ് പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പടുവൃദ്ധൻ, പടുവൃദ്ധ, വിട്ടുമാറാത്ത രോഗം ബാധിച്ചവർ എന്നിവർ നോമ്പെടുക്കേണ്ടതില്ല. ഓരോ ദിവസത്തിനും ഒരു അഗതിക്ക് ആഹാരം നല്കിയാൽ മതി.

നോമ്പുനോറ്റാൽ ഗർഭസ്ഥശിശു മരിച്ചുപോകുമെന്ന് ഭയപ്പെടുന്ന ഗർഭിണിയും നോമ്പെടുക്കേണ്ടതില്ല. പക്ഷേ, ഈ ഭയം മതനിഷ്ഠയുള്ള ഒരു വിദഗ്ധ ഭിഷഗ്വരൻ സ്ഥിരീകരിച്ചിരിക്കണം. എങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഗർഭിണിക്ക് നോമ്പ് ഒഴിവാക്കാം. “”നിങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലരുത്”( അൻആം 151, അൽ ഇസ് റാഅ് 31 ) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ആദരണീയമായ ഒരസ്തിത്വമാണ്. അതിന്റെ കാര്യം അവഗണിച്ച് അതിനെ മരണത്തിലേക്ക് തള്ളിവിടാൻ ഒരു സ്ത്രീക്കോ പുരുഷന്നോ അവകാശമില്ല. അല്ലാഹു തന്റെ ദാസൻമാരെ ഒരിക്കലും വിഷമിപ്പിക്കുന്നില്ല. “വ അലല്ലദീന യുത്വീഖൂനഹു ഫിദ്യതുൻ ത്വആമു മിസ്കീൻ’ എന്ന സൂക്തം ഗർഭിണികളെയും മുലയൂട്ടുന്നവരെയും കൂടി ഉൾപ്പെടുത്തുമെന്ന് ഇബ്നു അബ്ബാസി(റ)ൽനിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഗർഭിണിയും മുലയൂട്ടുന്നവളും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്കിക്കുന്ന പക്ഷം അവർക്ക് നോമ്പ് ഒഴിക്കാമെന്നും അവർ പിന്നീടത് നോറ്റുവീട്ടിയാൽ മാത്രം മതിയെന്നും ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയിൽ അവർ രോഗിയുടെ സ്ഥാനത്താണ്.

എന്നാൽ, ഗർഭസ്ഥശിശുവിന്റെയോ പാലുകുടിക്കുന്ന പ്രായത്തിലുള്ള കുട്ടിയുടെയോ കാര്യത്തിലാണ് ആശങ്കയെങ്കിൽ അവർക്ക് നോമ്പ് ഒഴിവാക്കാമെന്ന് ഏകകണ്ഠമായി സമ്മതിക്കുന്ന പണ്ഡിതർ, അവരത് നോറ്റുവീട്ടേണ്ടതുണ്ടോ അതോ അഗതിക്ക് ആഹാരം നല്കിയാൽ മതിയോ അതോ രണ്ടും വേണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം പുലർത്തുന്നു. ഇബ്നു ഉമർ, ഇബ്നു അബ്ബാസ് തുടങ്ങിയവർ അഗതിക്ക് ആഹാരം നല്കിയാൽ മതി എന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ ഭൂരിപക്ഷവും നോറ്റുവീട്ടുകയാണ് വേണ്ടത് എന്നു കരുതുന്നു. രണ്ടും വേണം എന്നു വാദിക്കുന്ന ഒരു വിഭാഗം പണ്ഡിതരുമുണ്ട്. എന്റെ അഭിപ്രായത്തിൽ ഗർഭവും മുലയൂട്ടലും തുടരെത്തുടരെയുണ്ടാവുന്ന ഒരു സ്ത്രീയെസ്സംബന്ധിച്ചിടത്തോളം അഗതിക്ക് ആഹാരം നല്കിയാൽ മത്രം മതിയാകും. കാരണം, നോറ്റുവീട്ടാനുള്ള ഒരവസരം അവർക്കുണ്ടാവില്ല. ഒരു വർഷം ഗർഭിണി; അടുത്ത വർഷം മുലയൂട്ടൽ; അതിന്നടുത്ത വർഷം വീണ്ടും ഗർഭിണി -ഇങ്ങനെയുള്ള ഒരു സ്ത്രീക്ക് നോമ്പു നോറ്റുവീട്ടാൻ സമയമെവിടെ. ഗർഭമോ മുലയൂട്ടലോ മൂലം വിട്ടുകളഞ്ഞ നോമ്പുകളെല്ലാം വീട്ടണമെന്ന് നിർബന്ധിക്കുന്ന പക്ഷം ഗർഭവും മുലയൂട്ടലും അവസാനിച്ചശേഷം വർഷങ്ങൾ തുടർച്ചയായി അവർ വ്രതം അനുഷ്ഠിക്കേണ്ടതായി വരും. ഇത് ക്ലേശകരമണ്. അല്ലാഹു തന്റെ ദാസൻമാർക്ക് ക്ലേശമുണ്ടാക്കണമെന്ന് ഉദ്ദേശിക്കുന്നില്ല.

റമദാനിൽ സുഗന്ധദ്രവ്യങ്ങളുപയോഗിക്കാമോ എന്നതാണ് മൂന്നാമത്തെചോദ്യം. ഉപയോഗിക്കാം. റമദാനിൽ സുഗന്ധദ്രവ്യങ്ങളുപയോഗിക്കുന്നത് നിഷിദ്ധമാണെന്നോ അത് നോമ്പിനെ ദുർബലമാക്കുമെന്നോ ആരും പറഞ്ഞിട്ടില്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!