Friday, April 26, 2024
Homeസാമ്പത്തികംബാങ്ക്-പലിശഈ വീട്പണയം ഹറാം തന്നെ

ഈ വീട്പണയം ഹറാം തന്നെ

ചോദ്യം: ഒരാൾ മറ്റൊരാൾക്ക് 5 ലക്ഷം 5 വർഷത്തേക്ക് കടം കൊടുക്കുന്നു. ആ കാലയളവിൽ അയാളുടെ വീട് ഇയാൾ സൗജന്യമായി ഉപയോഗിക്കുന്നു. അവധിയെത്തുമ്പോൾ കടം തിരിച്ചു നൽകുന്നു, വീട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഈ ഇടപാടിന്റെ വിധി എന്താണ് ?

മറുപടി: ഇവിടെ ഉത്തമർണൻ കടം നൽകി എന്നതിന്റെ പേരിൽ അധമർണന്റെ വീട് സൗജന്യമായി ഉപയോഗിക്കുകയാണ്. വീടിന് ചുരുങ്ങിയത് 2500 രൂപ വാടക കിട്ടുമെന്ന് സങ്കൽപ്പിച്ചാൽ പ്രതിവർഷം 30000 രൂപ. അത് അഞ്ച് വർഷമായാൽ 150000 രൂപ. അഞ്ച് വർഷം കഴിഞ്ഞ് അഞ്ച് ലക്ഷം തരുമ്പോൾ വീടൊഴിഞ്ഞ് കൊടുക്കുന്നു. 5 ലക്ഷം കടം കൊടുത്ത് 5 വർഷം കഴിഞ്ഞ് 5 ലക്ഷം മാത്രമേ തിരിച്ച് വാങ്ങിച്ചുള്ളൂ, ഇവിടെ എവിടെ പലിശ എന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞ വാടകക്ക് തുല്ല്യമായ സംഖ്യ പ്രസ്തുത കാലയളവിൽ ഉപയോഗിച്ചു എന്നതാണുത്തരം.
അഥവാ, അഞ്ച് വർഷം ഇദ്ദേഹത്തിന്റെ വീട് സൗജന്യമായി ഉപയോഗിച്ചു എന്നത്. സുമാർ ഒന്നര ലക്ഷം അതുവഴി ഉത്തമർണൻ അനുഭവിച്ചു. അതായത് കടം കൊടുത്ത വ്യക്തിക്ക് 5 ലക്ഷം കൊണ്ട് ആറര ലക്ഷത്തിന്റെ ഫലമുണ്ടായി.

ഈ ഇടപാട് ‘പണയം’ എന്ന ഗണത്തിൽ പ്പെടുത്താൻ നിർവ്വാഹമില്ല. കാരണം പണയ വസ്തു, പണയം സ്വീകരിച്ചവന് ഉപയോഗിക്കാവതല്ല എന്നതാണ് ഇസ്‌ലാമിക നിയമം. പരസ്പര തൃപ്തിയും അനുവാദവും ഹറാമിനെ ഹലാലാക്കുകയില്ല.

തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നൽകുന്ന പണത്തിന് കടം എന്നാണു പറയുക, കടത്തിന്മേൽ ഉപാധിവെച്ചുകൊണ്ട് ലഭിക്കുന്ന ഏതൊരു ആനുകൂല്യവും പലിശയാണ് എന്നതാണ് സർവാംഗീകൃതമായ തത്വം.

« كُلُّ قَرْضٍ جَرَّ مَنْفَعَةً فَهُوَ وَجْهٌ مِنْ وُجُوهِ الرِّبَا ».-رَوَاهُ الْبَيْهَقِيُّ فِي السُّنَنِ الْكُبْرَى: 11252.
കടമിടപാടിന് ശരീഅത്ത് നിഷ്കർഷിച്ച വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാൽ ഇത് ആ ഗണത്തിൽ പെടുത്താനും നിർവ്വാഹമില്ല. ഇത് പത്തരമാറ്റ് പലിശയിടപാടാണ്. പലിശ എന്ന് പറയുന്നില്ലെങ്കിലും അതാണ് വസ്തുത.

പേരിലല്ല ഇടപാടുകളുടെ രീതിയും സ്വഭാവവും വ്യവസ്ഥയുമാണ് അവയുടെ വിധി നിർണയിക്കുന്നതിന്റെ മാനദണ്ഡം.
ഇടപാടുകളുമായി ബന്ധപ്പെട്ട് ഇസ്ലാമിക ശരീഅത്തിന്റെ ഒരു പ്രധാന തത്വമാണ്.
« الْعِبْرَةَ فِي الْعُقُودِ لِلْمَقَاصِدِ وَالْمَعَانِي لَا لِلْأَلْفَاظِ وَالْمَبَانِي ».
അതായത് ഇടപാടുകളിൽ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും ആശയത്തിനുമാണ് പരിഗണന, അല്ലാതെ പദങ്ങൾക്കോ വാക്യഘടനക്കോ അല്ല എന്നർത്ഥം. അതിനാൽ പലിശയിടപാട് എന്നു പറയുന്നില്ലെങ്കിലും.

❇❇❇
ഇനി ഇവ്വിഷയകമായി വിഖ്യാത പണ്ഡിതനൻ ഇമാം ഇബ്‌നു ഖുദാമ പറയുന്നത് കാണുക.:
” പണയം വെച്ച വസ്തു ഉപയോഗിക്കാനുള്ള അനുവാദം ഉടമസ്ഥൻ പണയം സ്വീകരിച്ചയാൾക്ക്, പകരമായി മറ്റൊന്നും ആവശ്യപ്പെടാതെ നൽകിയെന്നിരിക്കട്ടെ, കടം വാങ്ങിയതിന്റെ ഗ്യാരണ്ടിയായിട്ട് പണയം വെച്ചതാണെങ്കിൽ അങ്ങനെ ചെയ്യുന്നത് അനുവദനീയമല്ല, കാരണം അത് ഒരു നിശ്ചിത ആനുകൂല്യം (പ്രയോജനം, ഉപകാരം) ഉളവാക്കുന്ന കടമിടപാടായിത്തീരുന്നു. അതാകട്ടെ വ്യക്തമായ ഹറാമുമാണ്” (മുഗ്‌നി 4/250).

അദ്ദേഹം തുടരുന്നു: ” ഇമാം അഹ്മദ് പറഞ്ഞു: വീട് പണയമാക്കി കൊണ്ടുള്ള കടമിടപാട് ഞാൻ വെറുക്കുന്നു. അത് ശുദ്ധമായ പലിശയാണ്” (മുഗ്‌നി 4/250).
( وَلَا يَنْتَفِعُ الْمُرْتَهِنُ مِنْ الرَّهْنِ بِشَيْءِ، إلَّا مَا كَانَ مَرْكُوبًا أَوْ مَحْلُوبًا، فَيَرْكَبُ وَيَحْلُبُ بِقَدْرِ الْعَلَفِ ) الْكَلَامُ فِي هَذِهِ الْمَسْأَلَةِ فِي حَالَيْنِ؛ أَحَدِهِمَا مَا لَا يَحْتَاجُ إلَى مُؤْنَةٍ، كَالدَّارِ وَالْمَتَاعِ وَنَحْوِهِ، فَلَا يَجُوزُ لِلْمُرْتَهِنِ الِانْتِفَاعُ بِهِ بِغَيْرِ إذْنِ الرَّاهِنِ بِحَالٍ. لَا نَعْلَمُ فِي هَذَا خِلَافًا؛ لِأَنَّ الرَّهْنَ مِلْكُ الرَّاهِنِ، فَكَذَلِكَ نَمَاؤُهُ وَمَنَافِعُهُ، فَلَيْسَ لِغَيْرِهِ أَخْذُهَا بِغَيْرِ إذْنِهِ، فَإِنْ أَذِنَ الرَّاهِنُ لِلْمُرْتَهِنِ فِي الِانْتِفَاعِ بِغَيْرِ عِوَضٍ، وَكَانَ دَيْنُ الرَّهْنِ مِنْ قَرْضٍ، لَمْ يَجُزْ؛ لِأَنَّهُ يُحَصِّلُ قَرْضًا يَجُرُّ مَنْفَعَةً، وَذَلِكَ حَرَامٌ. قَالَ أَحْمَدُ: أَكْرَهُ قَرْضَ، الدُّورِ، وَهُوَ الرِّبَا الْمَحْضُ.- الْمُغْنِي: مَسْأَلَةٌ: 3369.

ചുരുക്കത്തിൽ ഉത്തമർണന് ഉപയോഗിക്കാം എന്ന് പറഞ്ഞുകൊണ്ട് കടത്തിന്റെ ഗ്യാരണ്ടിയായി വീട് ഈട് വെച്ചാൽ അനുവദനീയമല്ല എന്നർഥം. എന്നാൽ അതിന് പ്രത്യേക വാടക നിശ്ചയിക്കുകയും അത് താൻ ഒടുക്കേണ്ട കടത്തിൽ നിന്ന് കുറക്കുകയോ, വാടക വസൂലാക്കുകയോ ചെയ്തുകൊണ്ടാണെങ്കിൽ അത് അനുവദനീയമാണ്. ‘പകരം ഒന്നും വാങ്ങാതെ’ എന്ന് പറഞ്ഞത് അതുകൊണ്ടാണ്.

കടം കൊടുക്കുന്നത് ഭൗതിക വീക്ഷണത്തിൽ നഷ്ടമാണ്. തനിക്ക് വരുമാനം വർധിപ്പിക്കാൻ കഴിയുന്ന തുകയാണല്ലോ നൽകുന്നത്. എന്നാൽ ഇസ്‌ലാമിക വീക്ഷണത്തിൽ ആവശ്യക്കാരന് കടം കൊടുക്കുന്നത് ദാനത്തേക്കാൾ പുണ്യം ലഭിക്കുന്ന സൽകർമ്മമാണ്. അതിന്റെ ലാഭം അല്ലാഹുവിന്റെ അടുക്കലാണ് വിശ്വാസി പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇന്ന് പലയിടത്തും നടപ്പുള്ളത് കടം മേടിച്ചവൻ അത് തിരിച്ചടക്കും വരെ താൻ ഈടായി സ്വീകരിച്ച വസ്തുവഹകൾ യഥേഷ്ടം ഒരു പൈസ പോലും വാടക കൊടുക്കാതെ ഉപയോഗിക്കുക എന്നതാണ്. അത് ഒട്ടും അനുവദനീയമല്ല എന്നാണ് ഇസ്‌ലാമിക ശരീഅത്തിന്റെ വിധി.
ഈ അഞ്ച് ലക്ഷം രൂപ നിർബന്ധമായും തിരിച്ചടക്കും എന്ന വ്യവസ്ഥയിൽ മാത്രം സ്വീകരിക്കുന്നതാണ്. അത് ബിസിനസ്സിൽ ഉള്ള പങ്കാളിത്തമോ, ദാനമോ, സമ്മാനമോ ഒന്നുമല്ല. അതുകൊണ്ട് തന്നെ കടവുമായി ബന്ധപ്പെട്ട എല്ലാ വിധികളും നിർബന്ധമായും അതിനും ബാധകമാകുന്നു. കടം കൊടുത്തവൻ ആ പേരിൽ പറ്റുന്ന എല്ലാതരം ആനുകൂല്യങ്ങളും പലിശയാണെന്ന കാര്യത്തിൽ ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല. വലിയ സംഖ്യ കടമായി നൽകാൻ സന്നദ്ധരാകുന്നവർക്ക് പലിശ വാങ്ങൽ ഹറാമാണെന്നറിയാം. 5 ലക്ഷം കടം കൊടുത്ത് 6 ലക്ഷം തിരിച്ച് വാങ്ങുന്നത് പലിശയാണല്ലോ. ഈയൊരു വിധിയെ മറികടക്കാൻ ചിലർ കണ്ടെത്തിയ കൗശലമാണ് ഇത്. റൊക്കം പണമായി വാങ്ങാതെ വാങ്ങിച്ചവന്റെ വീടോ മറ്റു വസ്തുവഹകളോ അനുഭവിക്കുക. അതിന് വാടകയോ മറ്റോ നൽകാതിരിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ താക്കീത് ഇവിടെ ഇത്തരക്കാർ ഓർക്കുന്നത് നന്ന്.

” ആർക്കെങ്കിലും തന്റെ നാഥനിൽനിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടിൽനിന്ന് വിരമിക്കുകയും ചെയ്താൽ, അയാൾ മുമ്പ് അനുഭവിച്ചത് അനുഭവിച്ചു കഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരാരോ, അവർ നരകാവകാശികൾ തന്നെയാകുന്നു.” (അൽബഖറ 275). ”ഇനി പശ്ചാത്തപിക്കുക(പലിശ വർജിക്കുക)യാണെങ്കിൽ സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു; നിങ്ങൾ അക്രമം പ്രവർത്തിക്കാതെയും അക്രമിക്കപ്പെടാതെയും. നിങ്ങളുടെ കടക്കാരൻ ഞെരുക്കത്തിലാണെങ്കിൽ അയാൾക്ക് ക്ഷേമമാകുന്നതു വരെ അവധി കൊടുക്കുക. അതു ദാനമായി നൽകുന്നതാണ് ഏറെ ഉത്തമം. നിങ്ങൾ ഗ്രഹിക്കുന്നവരാണെങ്കിൽ. അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്ന ആ നാളിലെ അപമാനത്തിൽനിന്നും ആപത്തിൽനിന്നും നിങ്ങൾ രക്ഷതേടുവിൻ. അന്ന്, ഓരോ മനുഷ്യന്നും അവൻ നേടിവച്ച നന്മതിന്മകളുടെ പരിപൂർണ പ്രതിഫലം നൽകപ്പെടുന്നതാകുന്നു. ആരുടെ നേരെയും യാതൊരക്രമവുമുണ്ടാകുന്നതല്ല” (അൽബഖറ 281).

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!