Saturday, April 27, 2024
Homeവിശ്വാസംകളവു പറയുന്ന മുസ്‌ലിം!

കളവു പറയുന്ന മുസ്‌ലിം!

ഒരു മുസ്‌ലിം ഇസ്‌ലാം നിര്‍ബന്ധമാക്കിയ കര്‍മങ്ങളെല്ലാം ചെയ്യുന്നു. അതോടൊപ്പം കളവ് പറയുന്നതില്‍ ഒരു സൂക്ഷ്മതയും അയാള്‍ പുലര്‍ത്തുന്നില്ലെങ്കില്‍ അയാളെ സദ്‌വൃത്തരുടെ കൂട്ടത്തില്‍ പരിഗണിക്കുമോ?

മറുപടി: വളരെ മോശപ്പെട്ട ഒരു സ്വഭാവമാണ് കളവു പറയല്‍. സദ്‌വൃത്തരുടെയോ വിശ്വാസികളുടെയോ ഗുണമല്ല അത്. മുനാഫിഖിന്റെ അടയാളമായിട്ടാണ് പ്രവാചകന്‍(സ) അതിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. നബി(സ) പറയുന്നു: ‘മുനാഫിഖിന്റെ അടയാളങ്ങള്‍ മൂന്നെണ്ണമാണ്. സംസാരിച്ചാല്‍ അവന്‍ കളവ് പറയും, വാക്കുപറഞ്ഞാല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ വഞ്ചിക്കും.’
മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നു: ‘നാല് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടെങ്കില്‍ അവന്‍ കറകളഞ്ഞ മുനാഫിഖായിരിക്കുന്നു. അതില്‍ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കില്‍ അതുപേക്ഷിക്കും വരെ അവനില്‍ നിഫാഖിന്റെ (കാപട്യം) അംശം ഉണ്ട്: സംസാരിച്ചാല്‍ അവന്‍ കളവ് പറയും, വിശ്വസിച്ചാല്‍ വഞ്ചിക്കും, കരാര്‍ ചെയ്താല്‍ ലംഘിക്കും, തര്‍ക്കിച്ചാല്‍ അസഭ്യം പറയും.’

കള്ളം പറയല്‍ വിശ്വാസിക്ക് ചേര്‍ന്ന ഗുണമല്ല. മുനാഫിഖുകളുടെ ലക്ഷണമാണത്. എപ്പോഴും കള്ളം പറയുന്ന അവര്‍ അതിനെ ശക്തിപ്പെടുത്താന്‍ ശപഥവും ചെയ്യും. എത്രത്തോളമെന്നാല്‍ ഭൂമിയില്‍ വിശ്വാസികളോട് ശപഥം ചെയ്തിരുന്ന പോലെ പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ മുന്നില്‍ കള്ളം പറഞ്ഞ് ശപഥം ചെയ്യാന്‍ പോലും അവര്‍ മടിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവര്‍ തന്നെ.’ (16: 105) ഒരിക്കല്‍ പ്രവാചകന്‍(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പുശുക്കനാകുമോ? അദ്ദേഹം പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവുപറയുന്നവനാവുമോ? പ്രവാചകന്‍ പറഞ്ഞു: ഇല്ല’. ജനങ്ങളില്‍ ദുര്‍ബല മനസ്‌കരായവരുണ്ടാവാം. അവരില്‍ ഭീരുത്വവും പേടിയുമുണ്ടാവും. അപ്രകാരം ചെലവഴിക്കാന്‍ അങ്ങേയറ്റം മടിയുള്ള പിശുക്കന്‍മാരും ഉണ്ടാകും. ഈ രണ്ട് ഗുണങ്ങളും പ്രകൃതത്തിന്റെ ഭാഗമായി വരുന്നതാണ്. എന്നാല്‍ കളവ് ആര്‍ജിച്ചെടുക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇസ്‌ലാം വളരെ കര്‍ശനമായി അതിനെ കൈകാര്യം ചെയ്യുന്നത്.

പ്രവാചകന്‍(സ) പറയുന്നു: നിങ്ങള്‍ സത്യസന്ധത മുറുകെ പിടിക്കുക. സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വര്‍ഗത്തിലേക്കും. നിരന്തരം സത്യസന്ധത പുലര്‍ത്തുന്ന ഒരാള്‍ അല്ലാഹുവിന്റെ അടുക്കല്‍ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം കളവ് അധര്‍മത്തിലേക്ക് നയിക്കും. അധര്‍മം നരകത്തിലേക്കും.
https://norgerx.com/viagra-norge.html

നിരന്തരം കളവ് പറയുന്ന ഒരാള്‍ അല്ലാഹുവിന്റെ അടുക്കല്‍ കള്ളനായി രേഖപ്പെടുത്തപ്പെടും.’

കളവ് സാവധാനം ഒരാളില്‍ ഉറച്ചു പോകുന്ന ശീലമാണ്. ഒരു മുസ്‌ലിം തന്റെ മക്കളെ ചെറുപ്രായത്തില്‍ തന്ന സത്യസന്ധത ശീലിപ്പിക്കുകയും കളവില്‍ നിന്ന് തടയുകയും വേണം. നബി(സ)യുടെ മുന്നില്‍ വെച്ച് ഒരു പിതാവ് കുട്ടിയെ നിനക്കിതാ ഒരു സാധനം തരാമെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അയാളോട് ചോദിച്ചു: അത് കൊടുക്കാന്‍ നീ ഉദ്ദേശിക്കുന്നുണ്ടോ? ഇല്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ഒന്നുകില്‍ അവനത് കൊടുക്കുക, അല്ലെങ്കില്‍ സത്യം പറയുക. കളവ് അല്ലാഹു വിലക്കിയതാണ്. അയാള്‍ ചോദിച്ചു: ഇത് കളവാകുമോ അല്ലാഹുവിന്റെ ദൂതരേ? നബി(സ) പറഞ്ഞു: എല്ലാ കാര്യങ്ങളും എഴുതപ്പെടുന്നുണ്ട്. കളവ് കളവായിട്ട് തന്നെ എഴുതപ്പെടും.

കളവില്‍ ഏറ്റവ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. അതുണ്ടാക്കുന്ന ദോഷത്തിന്റെ പെരുപ്പത്തിനനുസരിച്ച് തെറ്റിന്റെ ഗൗരവവും വര്‍ധിക്കും. അതുകൊണ്ട് ചില കളവുകള്‍ ചെറുപാപങ്ങളാണെങ്കില്‍ മറ്റു ചിലത് വന്‍പാപമായി മാറും. നബി(സ) പറയുന്നു: ‘അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധയായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ ദരിദ്രന്‍.’ (മുസ്‌ലിം) ഈ ഹഥീസില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ യാതൊരു ആവശ്യവുമില്ലാതെ തെറ്റ് ചെയ്യുന്നവരാണെന്നതാണ് അതിന്റെ കാരണം.

വിവ: നസീഫ്‌

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!