Friday, April 26, 2024
Homeവിശേഷദിനം- ആഘോഷംക്രിസ്മസ് ആശംസകളും വിരുന്നും അനുവദനീയമോ?

ക്രിസ്മസ് ആശംസകളും വിരുന്നും അനുവദനീയമോ?

ചോദ്യം: ക്രിസ്മസ് ആശംസകള്‍ അറിയിച്ചുകൊണ്ടു ഗ്രീറ്റിംഗ് കാര്‍ഡുകളോ സന്ദേശങ്ങളോ അയക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്? ക്രിസ്ത്യന്‍ സുഹൃത്തിന്റെ വീട്ടില്‍ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടോ?

മറുപടി: മറ്റ് മതസ്ഥര്‍ മുസ്‌ലിംകള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതു പോലെ തന്നെ മുസ്‌ലിംകള്‍ തിരിച്ചും അഭിവാദ്യങ്ങള്‍ ചെയ്യുന്നതിന് വിലക്കില്ല. ഇസ്‌ലാം പഠിപ്പിച്ച അഭിവാദ്യം സമാധാനം കാംക്ഷിച്ചു കൊണ്ടുള്ളതാണ്. അതിന്റെ അറബി രൂപമാണ് ‘അസ്സലാമു അലൈകും’ എന്നത്. ആദം(അ)യോട് മലക്കുകളോട് അഭിവാദ്യം ചെയ്യാന്‍ അല്ലാഹു പഠിപ്പിച്ചതും ഈ അഭിവാദന രീതിയായിരുന്നു. നിനക്കും നിന്റെ സന്താനങ്ങള്‍ക്കുമുള്ള അഭിവാദന രീതിയും ഇതാണെന്നും അല്ലാഹു പഠിപ്പിച്ചു കൊടുത്തു. പൊതുസമൂഹത്തില്‍ പ്രചാരത്തിലുള്ള അഭിവാദന രീതികള്‍ ഉപയോഗിക്കുന്നതിനും ഇസ്‌ലാമില്‍ വിലക്കില്ല. അതുപോലെ ക്രിസ്മസ് പോലുള്ള അന്യമതസ്ഥരുടെ ആഘോഷവേളകളില്‍ Happy Christmas എന്നോ Merry Christmas എന്നോ പറയാം. അതിനി പ്രാദേശിക ഭാഷകളില്‍ ആണെങ്കിലും വിരോധമില്ല. ഇങ്ങനെ അഭിവാദനങ്ങള്‍ നടത്തുന്നതിലൂടെ നാം അവരുടെ വിശ്വാസരീതികളോ ആചാരങ്ങളോ സ്വീകരിക്കുന്നില്ല. അവര്‍ നമ്മോടുള്ള സ്‌നേഹം പങ്കുവെച്ചു കൊണ്ടു ഈദാശംസകള്‍ നേരുന്നത് പോലെ നാമും സ്‌നേഹം പങ്കുവെക്കുന്നു.

അല്ലാഹു പറയുന്നു: ”മാന്യമായി അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി അല്ലെങ്കില്‍ ചുരുങ്ങിയത് അതുപോലെയെങ്കിലും നിങ്ങള്‍ പ്രത്യഭിവാദനം ചെയ്യണം. നിശ്ചയം, അല്ലാഹു സമസ്ത കാര്യങ്ങളും കണക്കുനോക്കുന്നവനായിരിക്കുന്നു.” (അന്നിസാഅ്: 86)
അതുപോലെ അവരുടെ സന്തോഷത്തില്‍ പങ്കുചേരുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആശംസാ കാര്‍ഡുകള്‍ അയക്കുന്നതിനും വിരോധമില്ല. എന്നാല്‍ നിങ്ങളുടെ വ്യാപകമായ ആശംസാ പ്രവാഹങ്ങള്‍ മൂലം മുസ്‌ലിംകളായ ആളുകള്‍ പോലും ഇത് ഒരു ആചാരമായി തെറ്റിദ്ധരിക്കുന്ന അവസ്ഥ ഉണ്ടാകരുത്.

ക്രിസ്തുമത വിശ്വാസികളായ സുഹൃത്തുക്കളുടെ ഭവനങ്ങളില്‍ ക്രിസ്മസ് വിരുന്നിനു പോകുന്നതും ഇസ്‌ലാം വിലക്കുന്നില്ല. വേദക്കാരായ ആളുകളുടെ ഭക്ഷണം അനുവദനീയമാണെന്ന് അല്ലാഹു പറയുന്നു: ”ഇന്ന് നല്ല വസ്തുക്കളൊക്കെയും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു.”(അല്‍-മാഇദ:5).
ക്രിസ്ത്യാനികള്‍ അവരുടെ ഭക്ഷണവസ്തുക്കള്‍ പ്രതിഷ്ഠകള്‍ക്ക് നേര്‍ച്ച ചെയ്യുന്നില്ല. അതുകൊണ്ട് പ്രതിഷ്ഠകള്‍ക്ക് നേര്‍ച്ച ചെയ്യപ്പെട്ട ഭക്ഷണങ്ങള്‍ക്കുള്ള വിലക്ക് അവരുടെ ഭക്ഷണങ്ങള്‍ക്ക് വരുന്നില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന പന്നിമാംസം, മദ്യം, വീഞ്ഞ് എന്നിവ നമുക്ക് അനുവദനീയമല്ല. മദ്യവും പന്നിമാംസവും ഖുര്‍ആനിലൂടെ അല്ലാഹു വ്യക്തമായി നിഷിദ്ധമാക്കിയ വസ്തുക്കളാണ്. നമ്മുടെ വിരുന്നുകള്‍ക്ക് ക്ഷണിക്കപ്പെട്ടാല്‍ അവര്‍ വരുന്നതുപോലെ തന്നെ അവര്‍ ക്ഷണിക്കുന്ന വിരുന്നുകള്‍ക്ക് നാം പങ്കെടുക്കുന്നതും മാന്യതയാണ്. അല്ലാഹുവാണ് ഏറ്റവും സൂക്ഷ്മമായി അറിയുന്നവന്‍. അവന്‍ നമ്മുടെ ഇടയില്‍ സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ് തരുമാറാകട്ടെ.

വിവ: അനസ് പടന്ന

Recent Posts

Related Posts

error: Content is protected !!