Saturday, April 27, 2024
Homeവിശ്വാസംവിധിവിശ്വാസം

വിധിവിശ്വാസം

ചോദ്യം- ലൗകിക ജീവിതത്തിലെ സംഭവങ്ങളെല്ലാം -മരണം, ആഹാരം, ജയാപജയങ്ങൾ, ഉൽക്കർഷാപകർഷങ്ങൾ- ആദിയിൽ രേഖപ്പെടുത്തപ്പെട്ടവയാണോ? എങ്കിൽ മനുഷ്യകർമത്തിന്റെ ആവശ്യമെന്ത്? ഒരപകടത്തിൽ പെട്ട മനുഷ്യനെ മരണത്തിൽനിന്നു രക്ഷിക്കുവാൻ ഒരു ഡോക്ടർ യത്നിക്കുന്നതെന്തിന്? പ്രയത്നത്തിന്നോ കഠിനാധ്വാനത്തിന്നോ നല്ല നിലയിലുള്ള വ്യാപാരത്തിന്നോ കൃഷിക്കോ ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിൽ പങ്കൊന്നുമില്ലേ? അതോ ഭക്ഷണം നിർണിതവും കണക്കാക്കപ്പെട്ടതുമാണോ – നാം പ്രയത്നിച്ചാലും ഇല്ലെങ്കിലും?

ഉത്തരം- ഏറെ കാലപ്പഴക്കമുള്ള ഒരു ചോദ്യം. കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളിൽ വീണ്ടും വീണ്ടും ഉയർന്നുവരാവുന്നതും ചർച്ചക്ക് വിഷയീഭവിക്കുന്നതുമായ ഒരു ചോദ്യം. ഇൗ പ്രശ്നത്തിൽ പരിഭ്രാന്തനാവാനൊന്നുമില്ല. ഇസ്ലാം ഇതിന്ന് തൃപ്തികരമായ മറുപടി നൽകിയിട്ടുണ്ട്.

1. പ്രപഞ്ചത്തിലെ സർവ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. അത് ദീനിൽ അനിവാര്യമായി അറിയപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രേ. പക്ഷേ, ആ രേഖപ്പെടുത്തലിന്റെയും ഗ്രന്ഥത്തിന്റെയും രീതിയും സ്വഭാവവും നമുക്കറിഞ്ഞുകൂടാ. നമുക്ക് ആകെക്കൂടി അറിയാവുന്നത് ഇത്രമാത്രമാണ്: ആകാശവും ഭൂമിയും, സചേതനവും അചേതനവും അടങ്ങുന്ന ഇൗ പ്രപഞ്ചത്തെ അല്ലാഹു തന്റെ മാത്രമായ ഇച്ഛയും ഭാവനയും അനുസരിച്ച് സൃഷ്ടിച്ചു. എല്ലാറ്റിനെയും കുറിച്ചുള്ള അറിവ് അവനെ ചൂഴ്ന്നു നിൽക്കുന്നു. എല്ലാം അവൻ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. പ്രവിശാലമായ ഇൗ പ്രപഞ്ചത്തിൽ നടക്കുന്നതെന്തും അവന്റെ അറിവോടും ഇഛയോടും കൂടിയാണ്. “”ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒരു കടുകുമണിത്തൂക്കവും നിന്റെ നാഥനിൽനിന്ന് മറഞ്ഞു നിൽക്കുന്നില്ല. അതിലും ചെറുതോ വലുതോ ആയ ഒന്നും വ്യക്തമായ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്താതെയുമില്ല.”( യൂനുസ് 61 ) “”അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല. മണ്ണിന്റെ ഇരുണ്ട മറകളിലിരിക്കുന്ന ഒരു ധാന്യമണിയും, പച്ചയോ ഉണങ്ങിയതോ ആയ ഒരു വസ്തുവും തന്നെ വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെടാതെയില്ല.”( അൽ അൻആം 59) “”ഭൂമിയിലോ നിങ്ങളിൽ തന്നെയോ സംഭവിക്കുന്ന ഒരാപത്തും, അതിന്ന് രൂപം നൽകും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്താതെയില്ല.”( അൽ ​ഹദീദ് 22)

2. സർവത്തെയും ചൂഴ്ന്നുനിൽക്കുന്ന ഇൗ അറിവും സൂക്ഷ്മമായ ഗണനവും വസ്തുക്കളെയും സംഭവങ്ങളെയും അവ ഉണ്ടാകുന്നതിന്നു മുമ്പേ തന്നെ രേഖപ്പെടുത്തുന്നു എന്നതും പ്രയത്നത്തെയോ കർമത്തെയോ ജീവിത മാർഗങ്ങൾ തേടുന്നതിനെയോ ഒട്ടും ബാധിക്കുന്നില്ല. കാരണം, കാര്യങ്ങൾ രേഖപ്പെടുത്തിയ അല്ലാഹു കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഫലങ്ങൾ കണക്കാക്കിയ അല്ലാഹു അതിലേക്കുള്ള വഴികളും നിശ്ചയിച്ചിട്ടുണ്ട്. ഏതു മാർഗമവലംബിച്ചും ഫലം കണ്ടെത്തുന്ന വിദ്യാർഥിക്ക് ജയം നിശ്ചയിക്കുകയല്ല, ശരിയായ വഴിയിലൂടെ ഫലത്തിലെത്തുന്നവർക്ക് വിജയം നൽകുക എന്നതാണവന്റെ രീതി. പ്രയത്നം, ആഗ്രഹം, ജാഗ്രത, ശ്രദ്ധ, ക്ഷമ, സഹനം തുടങ്ങി എല്ലാ മാർഗങ്ങളും അവലംബിച്ചേ തീരൂ. ഇത് രേഖപ്പെട്ടതും മുൻകൂട്ടി വിധിക്കപ്പെട്ടതുമാണ്.

മാർഗങ്ങൾ തേടുക എന്നത് വിധിയുടെ നിഷേധമല്ല; മറിച്ച് വിധിയിൽ പെട്ടതുതന്നെയാണ്. ഒൗഷധങ്ങളെയും അതുപയോഗിച്ച് രോഗം ഭേദമാക്കുന്നതിനെയും പറ്റി, “ദൈവവിധി തടുക്കാനാവുമോ?’ എന്ന് ആരോ ചോദിച്ചപ്പോൾ തിരമേനി “അതും വിധി തന്നെ'( ഇബ്നു മാജ,അഹ്മദ്, തിർമിദി) എന്ന നിർണായകമായ മറുപടി നല്കിയതിന്റെ പൊരുളും ഇതുതന്നെ. സിറിയയിൽ കോളറ പടർന്നു പിടിച്ചപ്പോൾ അവിടെ പ്രവേശിക്കാതെ തിരിച്ചുപോകുന്നത് സംബന്ധിച്ച് കൂട്ടുകാരുമായി പര്യാലോചിക്കുവാൻ ഉമർ നിശ്ചയിച്ചു. അപ്പോൾ ഒരാൾ ചോദിച്ചു: “”അമീറുൽ മുഅ്മിനീൻ! അങ്ങ് ദൈവവിധിയിൽ നിന്ന് ഒാടിപ്പോവുകയോ?” അദ്ദേഹം പറഞ്ഞു: “”അതെ. നാം അല്ലാഹുവിന്റെ വിധിയിൽനിന്ന് അല്ലാഹുവിന്റെ വിധിയിലേക്ക് ഒാടിപ്പോവുകയാണ്. പച്ചപിടിച്ച ഒരു പ്രദേശത്ത് നിങ്ങളെത്തിപ്പെട്ടെന്നിരിക്കട്ടെ, ആ പച്ചത്തഴപ്പിൽ നിങ്ങൾ മേയ്ക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലേ. വരണ്ട പ്രദേശത്താണ് നിങ്ങളെത്തിപ്പെടുന്നതെങ്കിൽ അവിടെ കാലികളെ നയിക്കുന്നതും അല്ലാഹുവിന്റെ വിധിയല്ലേ?”

3. വിധി നമുക്ക് അദൃശ്യവും അജ്ഞാതവുമായ ഒന്നാണ്. സംഭവങ്ങൾ നടന്നുകഴിഞ്ഞ ശേഷമല്ലാതെ അത് വിധിയായിരുന്നുവെന്നും നാം അറിയുന്നില്ല. സംഭവിക്കുന്നതിന്നു മുമ്പ് പ്രാപഞ്ചിക വ്യവസ്ഥയനുസരിച്ചും ശറഇൗ നിയമമനുസരിച്ചും പ്രവർത്തിക്കാനാണ് നാം ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. “”ലോകനാഥൻ സൃഷ്ടികളുടെ ദൃഷ്ടിയിൽനിന്ന് സംരക്ഷിച്ചു നിർത്തിയ ഗ്രന്ഥമാണ് അദൃശ്യം. അതിൽനിന്ന് ഇടക്കിടെ വർത്തമാന കാലത്തിന്റെ ഒാരോ പുറങ്ങളല്ലാതൊന്നും ജനങ്ങൾക്ക് വെളിവാകുന്നില്ല.”

അല്ലാഹു നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥയും നിയമസംഹിതയും ജീവിതമാർഗങ്ങളാരായാൻ നമ്മെ നിർബന്ധിക്കുന്നുണ്ട്. അല്ലാഹുവിന്റെ വിധിയിലും ദൈവനിശ്ചയത്തിലും ജനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ വിശ്വാസമുണ്ടായിരുന്ന ദൈവദൂതൻ കാണിച്ച മാതൃക സ്വീകരിക്കുകയാണ് നമുക്ക് അഭികാമ്യം. അദ്ദേഹം മുൻകരുതലെടുത്തു; സൈനികസന്നാഹം നടത്തി, പുരോഭടൻമാരെയും ചാരൻമാരെയും അയച്ചു. അങ്കി ധരിച്ചു. ഉരുക്കുതൊപ്പി വെച്ചു. മലഞ്ചെരുവുകളിൽ വില്ലാളികളെ കാവൽ നിർത്തി. മദീനക്കു ചുറ്റും കിടങ്ങു വെട്ടി. അബ്സീനിയയിലേക്ക് ഹിജ്റ പോകാനനുമതി നൽകി. സ്വയം മദീനയിലേക്ക് പലായനം ചെയ്തു. പലായന വേളയിൽ സുരക്ഷാമാർഗങ്ങളവലംബിച്ചു. യാത്രാവാഹനങ്ങളൊരുക്കി. വഴികാട്ടിയെ ഒപ്പം കൂട്ടി. പരിചിതമായ വഴിവിട്ടു മറ്റൊന്നു തിരഞ്ഞെടുത്തു. ഗുഹയിലൊളിച്ചിരുന്നു. ഭക്ഷണപാനീയങ്ങൾ കരുതി. സ്വകുടംബത്തിനു വേണ്ടി ഒരു വർഷത്തെ ആഹാരം സംഭരിച്ചു വെച്ചു. ആകാശത്തുനിന്നും ആഹാരം വരുന്നതും കാത്ത് അലംഭാവം പൂണ്ടില്ല. ഒട്ടകത്തെ കെട്ടണമോ അതോ കെട്ടാതെ തവക്കുൽ ചെയ്യണമോ എന്നു ചോദിച്ചവരോട് ഒട്ടകത്തെ കെട്ടുക എന്നിട്ട് തവക്കുൽ ചെയ്യുക എന്നു പറഞ്ഞു. കുഷ്ഠരോഗിയിൽ നിന്ന് സിംഹത്തിൽനിന്നെന്നപോലെ ഒാടുക എന്നു കൽപിച്ചു. രോഗിയായ ഒട്ടകത്തെ രോഗമില്ലാത്തവയുമായി കലർത്തരുതെന്നദ്ദേഹം പഠിപ്പിച്ചു.

4. അപ്പോൾ വിധി നാം ആഗ്രഹിക്കുന്ന ഭൗതിക നേട്ടങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനോ പ്രയത്നിക്കുന്നതിനോ വിഘാതം സൃഷ്ടിക്കുന്നില്ല. നാം ഭയപ്പെടുന്ന ഒരാപത്ത് തടയുന്നതിനെ വിലക്കുന്നില്ല. അലസനോ മടിയനോ സ്വന്തം ജീവതഭാരവും പാപഭാരവും വിധിയുടെ തലയിൽ കെട്ടിവെക്കുവാൻ ഒരവകാശവും ഇല്ല. അത് ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടവും ദൗർബല്യത്തിന്റെ പ്രകടനവുമത്രേ. “”ദുർബലനായ മുസ്ലിം എന്തിനും ന്യായീകരണമായി ദൈവവിധിയെ ഉയർത്തിപ്പിടിക്കുന്നു. ശക്തനായ മുസ്ലിം അത് അല്ലാഹുവിന്റെ എതിരറ്റ വിധിയും അജയ്യമായ നിശ്ചയവുമാണെന്ന് വിശ്വസിക്കുന്നു” എന്ന് പറഞ്ഞ ഇഖ്ബാലിന് ദൈവാനുഗ്രഹമുണ്ടാവട്ടെ. ആദ്യകാല മുസ്ലിംകൾ അങ്ങനെ വിശ്വസിച്ചവരായിരുന്നു.

ഇസ്ലാമിന്റെ മുന്നേറ്റഘട്ടത്തിലൊരിക്കൽ മുഗീറതുബ്നു ശുഅ്ബ റോമൻ സേനാനായകനെ സമീപിച്ചു. “”ആരാണു നിങ്ങൾ?”- സൈന്യാധിപൻ ചോദിച്ചു. മുഗീറ പറഞ്ഞു: “”ഞങ്ങൾ ദൈവത്തിന്റെ വിധിയാണ്, ഞങ്ങളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങൾ മേഘത്തിലായിരുന്നാൽ പോലും ഞങ്ങൾ അങ്ങോട്ട് കയറിയെത്തുമായിരുന്നു. ഇല്ലെങ്കിൽ നിങ്ങളിങ്ങോട്ടിറങ്ങിയെത്തും.”
സ്വന്തം കഴിവിന്റെയും സാധ്യതയുടെയും പരമാവധി വ്യയംചെയ്ത ശേഷമേ ഒരാൾക്ക് വിധിയെ പഴിക്കാൻ അർഹതയുള്ളൂ. അപ്പോൾ അയാൾക്ക് “ഇത് വിധിയാണ്’ എന്നാശ്വസിക്കാം. തിരുദൂതരുടെ മുന്നിൽ വെച്ച് ഒരാൾ പരാജിതനായി. അപ്പോൾ അയാൾ പറഞ്ഞു: “എനിക്ക് അല്ലാഹു മതി’. ആ വാക്യം പുറമേ വിശ്വാസത്തിന്റെ ലക്ഷണമാണെങ്കിലും അകമേ ഭീരുത്വമാണെന്ന് കണ്ട തിരുമേനി കുപിതനായി. അദ്ദേഹം പറഞ്ഞു: “”അല്ലാഹു ഭീരുത്വത്തെ അധിക്ഷേപിച്ചിരിക്കുന്നു. നീ ബുദ്ധി പ്രയോഗിക്കണം. എന്നിട്ടും പരാജയപ്പെടുന്നെങ്കിൽ “എനിക്ക് അല്ലാഹു മതി’ എന്നു പറഞ്ഞുകൊൾക!

5. സ്വന്തം കഴിവ് പരമാവധി വിനിയോഗിച്ചു കഴിഞ്ഞ് അല്ലാഹുവിൽ പ്രതീക്ഷ പുലർത്തുന്ന ഘട്ടമെത്തുമ്പോൾ വിധിവിശ്വാസം അയാൾക്ക് നിരാശക്കുപകരം ആശയും സംഘർഷമേഖലയിൽ മനോബലവും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മധൈര്യവും ദുരിതങ്ങളിൽ സഹനവും ക്ഷാമത്തിൽ ഉള്ളതിൽ തൃപ്തിപ്പെടാനുള്ള മാനസികാവസ്ഥയും പ്രദാനം ചെയ്യും. ദുരിതങ്ങൾ നേരിടുമ്പോൾ അയാൾ പറയും: “”അല്ലാഹു വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല!” സംഘർഷമേഖലയിൽ അയാൾ പറയും: “”നിങ്ങൾ സ്വഭവനങ്ങളിലായിരുന്നെങ്കിലും വധിക്കപ്പെടുവാൻ വിധിയുള്ളവർ തങ്ങൾ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു.” അതിക്രമിയായ ഭരണാധികാരിയോടയാൾ പറയും: “”എന്റെ അവധി എത്തുംമുമ്പ് നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല. എനിക്കു നിശ്ചയിക്കപ്പെട്ട ആഹാരം തടയാനും നിനക്കാവില്ല!” ആപത്തുവരുമ്പോൾ പറയും: “”ഇത് ദൈവത്തിന്റെ വിധിയാണ്, അവനിച്ഛിക്കുന്നത് അവൻ ചെയ്യുന്നു.”
വിധിവിശ്വാസത്തെ അതിന്റെ യഥാർഥ രൂപത്തിൽ ഉൾക്കൊള്ളാൻ സാധിച്ചാൽ നമ്മുടെ സമുദായത്തിൽനിന്ന് ചരിത്രത്തിന്റെ ചുക്കാൻ കയ്യിലെടുക്കാൻ കഴിവുള്ള ഉൗർജസ്വലരായ ഒരു സമരസംഘത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!