Saturday, March 23, 2024
Homeസാമ്പത്തികംബാങ്ക്-പലിശബാങ്ക് ജോലി അനുവദനീയമാണോ?

ബാങ്ക് ജോലി അനുവദനീയമാണോ?

ചോദ്യം: കൊമേഴ്‌സ് കോളേജിൽ നിന്നം ബിരുദമെടുത്ത് ഇറങ്ങിയ ശേഷം ഉപജീവനത്തിനായി ഞാൻ പല ജോലികൾക്കും ശ്രമിച്ചു. അവസാനമെനിക്ക് ഒരു ബാങ്കിലാണ് ജോലി ലഭിച്ചത്. പലിശ എഴുത്തുകാരനെ വിശുദ്ധ മതം ശപിച്ചിട്ടുണ്ടെന്നത് പോലെ പലിശ അടിസ്ഥാനമാക്കിയാണ് ബാങ്കുകളുടെ പ്രവർത്തനവുമെന്ന് എനിക്ക് നന്നായി അറിയാം. ഇതെന്റെ ഉപജീവനമാർഗമാണെന്നിരിക്കെ ഞാൻ ഈ ജോലി തുടരുകയാണോ അതോ ഉപേക്ഷിക്കുകയാണോ ചെയ്യേണ്ടത്?

മറുപടി: സർവസ്തുതിയും അല്ലാഹുവിന്നാണ്. തിരുനബി(സ്വ)യുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെയും സ്വഹാബത്തിന്റെയും മേലിൽ സമാധാനവും രക്ഷയുമുണ്ടാകട്ടെ. പലിശക്കെതിരെയാണ് ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥ നിലകൊള്ളുന്നത്. ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതാനുഗ്രഹത്തെ നശിപ്പിച്ചു കളയുകയും ഇഹലോകത്തും പരലോകത്തും ആപത്തുകൾ കൊണ്ടുവരികയും ചെയ്യുന്ന വൻദോഷങ്ങളിൽപെട്ട ഒന്നായാണ് പലിശ കണക്കാക്കപ്പെടുന്നത്. വിശുദ്ധ ഖുർആനും തിരുമൊഴികളും അതിന് തെളിവാണ്. മുസ്ലിം പണ്ഡിതന്മാർക്കതിൽ അഭിപ്രായയൈക്യവുമുണ്ട്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സാക്ഷാൽ മുഅ്മിനുകളാണെങ്കിൽ കിട്ടാനുള്ള പലിശ വിട്ടുകളയുകയും ചെയ്യുക. അങ്ങനെയനുവർത്തിക്കുന്നില്ലെങ്കിൽ അല്ലാഹുവിങ്കലും റസൂലിങ്കലും നിന്നുള്ള യുദ്ധത്തെപ്പറ്റിയറിയുക! പശ്ചാത്തപിക്കുന്നുവെങ്കിൽ മൂലധനം നിങ്ങൾക്കുണ്ടാകും. നിങ്ങൾ അക്രമികളോ അക്രമവിധേയരോ ആകരുത്.'(ബഖറ: 278, 279). പ്രവാചകൻ(സ്വ) പറയുന്നു: ‘ഒരു ഗ്രാമത്തിൽ വ്യഭിചാരവും പലിശയും പരസ്യമായിക്കഴിഞ്ഞാൽ അല്ലാഹുവിന്റെ ശിക്ഷ അവർ സ്വയം വിളിച്ചുവരുത്തിയിരിക്കുന്നു'(ഹാകിം).

മുസ്ലിമിനോട് എപ്പോഴും തിന്മയുടെ എതിർപക്ഷത്ത് നിൽക്കാൻ കൽപിക്കുകയെന്നത് വിശുദ്ധ ഇസ്ലാമിന്റെ ചര്യയാണ്. വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അതിനെയെല്ലാം പ്രതിരോധിക്കാൻ അവൻ സാധ്യമാകുന്നില്ലായെങ്കിൽ പിന്നെ അവന്റെ വ്യവഹാരങ്ങളും സർവ ഇടപാടുകളും ഹറാമാണെന്ന് മാത്രമല്ല അവൻ തിന്മയുടെയും അക്രമത്തിന്റെയും മേലുള്ള സഹകാരികൂടിയാണ്. തിന്മയുടെ മേൽ സഹകാരികയാവുകയെന്നാൽ ആ തിന്മയിൽ അവൻ പങ്കാളിയായെന്നാണർത്ഥം. ഭൗതികമോ അഭൗതികമോ വാചികമോ സാഹിത്യപരമോ അഭിപ്രായപരമോ തുടങ്ങി ഏത് രീതിയിലുള്ള സഹായമാണെങ്കിലും അതുപോലെത്തന്നെയാണ്.

കൊലപാതകത്തിന്റെ ഗൗരവത്തെക്കുറിച്ച് തിരുനബി(സ്വ) പറയുന്നു: ‘വാന-ഭുവനങ്ങളിലെ സർവ ആളുകളും ഒരു വിശ്വാസിയുടെ രക്തത്തിൽ പങ്കാളിയായാൽ അവരെയെല്ലാവരെയും അല്ലാഹു തലകീഴായി നരകത്തിലേക്ക് വലിച്ചെറിയും'(തിർമുദി). മദ്യം കുടിക്കുന്നതിനെക്കറിച്ച് നബി(സ്വ) പറയുന്നു: ‘മദ്യം അല്ലാഹു ശപിച്ചിരിക്കുന്നു. അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും അത് പിഴിഞ്ഞെടുക്കുന്നവനെയും പിഴിഞ്ഞെടുക്കുന്ന ഉപകരണത്തെയും ചുമക്കുന്നവനെയും അതിനായി ഉപയോഗിക്കുന്ന വാഹനത്തെയും അല്ലാഹു ശപിച്ചിരിക്കുന്നു'(അബൂ ദാവൂദ്, ഇബ്‌നു മാജ). കൈക്കൂലിയുടെ കാര്യത്തിൽ അവിടുന്ന് താക്കീത് നൽകി: ‘കൈക്കൂലി കൊടുക്കുന്നവനും വാങ്ങുന്നവനും അതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നവനും ശപിക്കപ്പെട്ടിരിക്കുന്നു'(ഇബ്‌നു ഹിബ്ബാൻ, ഹാകിം).

പലിശയെക്കുറിച്ച് പ്രവാചകൻ(സ്വ) പറഞ്ഞ ഹദീസ് ജാബിർ ബ്‌നു അബ്ദില്ലാഹ്(റ) ഉദ്ധരിക്കുന്നു; പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അതിന് സാക്ഷി നിൽക്കുന്നവനെയും പ്രവാചകൻ ശപിച്ചിരിക്കുന്നു. അവരെല്ലാം അതിൽ സമന്മാരാണ്(മുസ്ലിം). ഇബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു; പലിശ ഭക്ഷിക്കുന്നവനെയും ഭക്ഷിപ്പിക്കുന്നവനെയും അതിന് സാക്ഷി നിൽക്കുന്നവനെയും എഴുതുന്നവനെയും പ്രവാചകൻ ശപിച്ചിരിക്കുന്നു(അഹ്മദ്, അബൂ ദാവൂദ്, ഇബ്‌നു മാജ, തിർമുദി). ഈ പറഞ്ഞവരെല്ലാം തന്നെ അന്ത്യനാൾ വരെ പ്രവാചകനാൽ ശപിക്കപ്പെട്ടവരാണ്.

വ്യക്തവും ആധികാരികവുമായ ഈ ഹദീസുകളാണ് ബാങ്കുകളിലും കമ്പനികളിലും ജോലി ചെയ്യുന്ന മതവിശ്വാസികളുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്നത്. പലിശ എഴുത്തിൽ നിന്നോ അതിന്റെ ആനുകൂല്യങ്ങൾ കൈപറ്റുന്നതിൽ നിന്നോ അവരൊരിക്കലും മുക്തരാകുന്നില്ല. എന്നിരുന്നാലും, പലിശയുടെ നില ബാങ്കിലോ ഒരു ജീവനക്കാരനുമായോ കമ്പനിയിലെ ഗുമസ്തനുമായോ ബന്ധപ്പെടുന്നില്ല. അതെല്ലാം നമ്മുടെ മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയുടെയും ഘടനയുടെയും ഭാഗമാണെന്ന് മാത്രമല്ല, അതെല്ലാം സർവ സാധാരണമായ ഒരു പ്രതിസന്ധിയായി മാറുകയും ചെയ്തിരിക്കുന്നു. പ്രവാചകൻ(സ്വ) പറയുന്നത് നോക്കൂ: ‘പലിശ ഭക്ഷിക്കാത്ത ഒരാളും ഭൂലോകത്ത് ഉണ്ടാവാനിടയില്ലാത്ത ഒരു കാലം വരാനുണ്ട്. പലിശ ഭക്ഷിക്കാത്തവന്റെ ഭക്ഷണത്തിൽ അതിന്റെ ഗന്ധമെങ്കിലും ഉണ്ടാവുമെന്നുറപ്പാണ്'(അബൂ ദാവൂദ്, ഇബ്‌നു മാജ).

ഇത്തരമൊരു സാഹചര്യത്തിൽ ബാങ്കിലോ കമ്പനിയിലോ ജോലി ഏറ്റെടുക്കാനുള്ള ജീവനക്കാരുടെ വിമുഖത ഒട്ടും കുറവാകില്ല. ചൂഷണവർഗമായ മുതലാളിത്തത്തിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ഈ വ്യവസ്ഥയുടെ അഴിമതിയെക്കുറിച്ച് അധികാര സമൂഹത്തിന്റെ ബോധ്യപ്പെടുത്തുകയെന്ന താൽപര്യമിതിന് പിന്നിലുണ്ട്. രാജ്യത്തിനും ജനങ്ങൾക്കും ദുരന്തങ്ങൾ വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ ക്രമേണയായും ക്ഷമാപൂർവവും ഇതെല്ലാം മാറ്റാനുള്ള ശ്രമങ്ങളുണ്ടാകണം. മുതലാളിത്ത വർഗം സൃഷ്ടിക്കുന്ന ഈ ഗുരുതരമായ പ്രശ്‌നത്തെ പ്രതിരോധിക്കാൻ അനുയോച്യമായ പുരോഗതിയെ ഇസ്ലാം നിരാകരിക്കുന്നില്ല. മദ്യവും മറ്റും നിരോധിക്കുന്നതിൽ ഇസ്ലാം സ്വീകരിച്ച മാർഗം തന്നെയാണ് പലിശ നിരോധനത്തിലും നാം സ്വീകരിക്കേണ്ടത്. അതിനെക്കുറിച്ചുള്ള ബോധ്യവും ഇച്ഛാശക്തിയുമാണ് പ്രധാനം. ദൃഢനിശ്ചയം ശക്തമാണെങ്കിൽ വഴിയും എളുപ്പമാകും. ഓരോ മുസ്ലിം നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ വികാസത്തിന് സാധ്യമായ മാർഗങ്ങളിൽ തന്റെ വാക്കും ഹൃദയും ഊർജ്ജവും ചിലവഴിക്കണം. അത് തന്നെ ഇസ്ലാമിക അധ്യാപനങ്ങൾക്ക് അനുസൃതവുമായിരിക്കണം. ഈ ഉദ്ദ്യമം അത്ര വിദൂരമൊന്നുമല്ല. കാരണം, ലോകത്ത് പലിശ സമ്പ്രദായം സ്വീകരിക്കാത്ത ദശലക്ഷക്കണക്കിന് രാജ്യങ്ങൾ നിലവിലുണ്ട്.

ബാങ്ക് ജോലികളിൽ നിന്നും മുസ്ലിംകളെ വിലക്കിയിരുന്നുവെങ്കിൽ ആ സ്ഥാനത്തെല്ലാം ജൂതന്മാരും മറ്റിതര വിശ്വാസികളും അധികാരം കയ്യടക്കുമായിരുന്നു. ബാങ്ക് സമ്പ്രദായം എല്ലാം പലിശയല്ല. അവയിൽ മിക്കതും അനുവദനീയവും ഉപകാരപ്രദവുമാണ്. ഡെപ്പോസിറ്റ് അതിനുദാഹരണമാണ്. എന്നിരുന്നാലും, ബാങ്കിന്റെ ചെറിയ പക്ഷം ഹറാം തന്നെയാണ്. ഒരു മുസ്ലിം അത് സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ മതകീയ കാര്യങ്ങൾക്ക് വേണ്ടി അവ‍ർക്ക് ആ സമ്പാദ്യം ഉപയോഗിക്കാവുന്നതാണ്. അവന്റെ സ്വാദ്ദേശ്യത്തിന് അവന് പ്രതിഫലം നൽകപ്പെടും. ‘ഓരോ മനുഷ്യനും അവൻ ഉദ്ദേശിക്കുന്നതെന്തോ അതിനനുസരിച്ച് അവന് നൽപ്പെടും’.
ജീവിതത്തിന്റെ ആവശ്യകതയോ ആവശ്യത്തിന്റെ അവസ്ഥയോ മറക്കാനാകില്ല. ചിലരെ സംബന്ധിച്ചെടുത്തോളം അവർ ജീവിതോപാദിയായി ബാങ്ക് ജോലി സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. അല്ലാഹു പറയുന്നുണ്ടല്ലോ: ‘എന്നാൽ, തൽപരനും പരിധിവിട്ടവനുമായല്ലാതെ ഒരാൾ അതിന് നിർബന്ധിതനായാൽ കുറ്റമില്ല. അല്ലാഹു ഏറ്റം പൊറുക്കുന്നവനും കരുണാമയനുമത്രേ.'(ബഖറ: 173).

വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!