Thursday, July 25, 2024
Homeകച്ചവടംനായയെ വിൽക്കാൻ സഹായിക്കാമോ?

നായയെ വിൽക്കാൻ സഹായിക്കാമോ?

ചോദ്യം: ചൈനക്കാരനായ അവിശ്വാസിയായ ഒരു മനുഷ്യൻ തന്റെ നായയെ ചികിത്സിക്കുന്നതിന് വേണ്ടി മുസ്‌ലിമായ മൃഗ ഡോക്ടറുടെ അടുക്കലേക്ക് കൊണ്ടുപോയി. അസുഖം ഭേദമായപ്പോൾ നായ ഡോക്ടറുടെ അടുക്കൽ നിന്ന് ഓടിപ്പോയി. ഉടമസ്ഥൻ വന്നപ്പോൾ നായ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കി. അങ്ങനെ ഡോക്ടറിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും അദ്ദേഹം അയാൾക്ക് വില നൽകുകയും ചെയ്തു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം നായ ഡോക്ടറുടെ അടുക്കൽ തിരിച്ചെത്തി. ഡോക്ടർ ചൈനക്കാരനായ ഉടമസ്ഥന് കൈമാറി നൽകിയ പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. നിലവിൽ പണമില്ലെന്ന് അയാൾ ഒഴിവുകഴിവ് പറഞ്ഞു. എന്നാൽ, അയാൾ നായയെ വിൽക്കുന്നതിന് ഡോക്ടർക്ക് അനുമതി നൽകി. ഉടമസ്ഥന് മുമ്പ് നൽകിയ പണം തിരിച്ചുകിട്ടുന്നതിന് ഡോക്ടർക്ക് നായയെ വിൽക്കുന്നതിന് അയാളെ സഹായിക്കുന്നത് അനുവദനീയമാണോ?

മറുപടി: ആദ്യം പരിശോധിക്കേണ്ടത് നായയെ വിൽക്കുന്നതിന്റെ വിധിയെന്താണെന്നതാണ്. നായയെ വിൽക്കുന്നത് അനുവദനീയമല്ലെന്നതാണ് വിധി. പരിശീലിപ്പിക്കപ്പെട്ട നായയെ വേട്ടക്ക് ഉപയോഗിക്കുന്നത് അനുവദനീയമാണെങ്കിലും അതും വിൽക്കാൻ അനുവാദമില്ല. നായ വിൽപ്പന നിഷിദ്ധമാണെന്ന് ധാരാളം ഹദീസുകളിൽ കാണാവുന്നതാണ്. അബൂ ജുഹൈഫ(റ)വിൽ നിന്ന് ബുഖാരി (1944) റിപ്പോർട്ട് ചെയ്യുന്നു: ‘നായയെ വിൽക്കുന്നത് പ്രവാചകൻ(സ) നിരോധിച്ചിരിക്കുന്നു.’ അബൂ മസ്ഊദിൽ അൻസാരി(റ)വിൽ നിന്ന് ബുഖാരിയും (2083) മുസ്‌ലിമും (2930) റിപ്പോർട്ട് ചെയ്യുന്നു: ‘നായക്ക് വില നിർണയിക്കുന്നതും, വേശാവൃത്തിക്ക് പണം നൽകുന്നതും, ജോത്സ്യന് പണം നൽകുന്നതും പ്രവാചകൻ(സ) നിഷിദ്ധമാക്കിയിരിക്കുന്നു.’ അബ്ദുല്ലാഹി ബിൻ അബ്ബാസ് (റ)വിൽ നിന്ന് അബൂ ദാവൂദ് റിപ്പോർട്ട് ചെയ്യുന്നു: ‘നായയെ വിൽക്കുന്നത് പ്രവാചകൻ(സ) നിരോധിച്ചിരിക്കുന്നു. നായയുടെ വില ചോദിച്ച് ആരെങ്കിലും വരുകയാണെങ്കിൽ അവന്റെ ഇരുകൈയിലും മണ്ണ് നിറയ്ക്കുക.’ ഹാഫിദ് ഇബ്‌നു ഹജർ പറയുന്നു: ‘അതിന്റെ പരമ്പര ശരിയാണ്. സ്വഹീഹ് അബീ ദാവൂദിൽ അൽബാനി സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു.’

അബൂ ഹുറൈറയിൽ നിന്ന് അബൂ ദാവൂദ് റിപ്പോർട്ട് ചെയ്യുന്നു: ‘അല്ലാഹുവിന്റെ റസൂൽ പറയുന്നു: നായക്ക് വിലയിടുന്നതും, ജോത്സ്യന് പണം നൽകുന്നതും, വ്യഭിചാരവൃത്തിക്ക് പണം നൽകുന്നതും അനുവദനീയമല്ല.’ ഹാഫിദ് പറയുന്നു: ‘ഇതിന്റെ പരമ്പര ഹസനാണ്. സ്വഹീഹ് അബീ ദാവൂദിൽ അൽബാനി സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു.’ ശർഹുൽ മുസ്‌ലിമിൽ ഇമാം നവവി പറയുന്നു: ‘എന്നാൽ, നായക്ക് വില നിർണയിക്കുന്നത് നിഷിദ്ധമാണെന്നത് മോശം സമ്പാദനാണാണെന്നതിനാലാണ്. അത് മ്ലേച്ഛകരമാണ്. നായയെ വിൽക്കുന്നത് നിഷിദ്ധമാണെന്ന് അത് അറിയിക്കുന്നു. അതിന്റെ വിൽപ്പന സ്വീകാര്യമല്ല, വില നിർണയിക്കാനും അനുവാദമില്ല. പരിശീലനം നൽകപ്പെട്ടതായാലും അല്ലെങ്കിലും, വളർത്തുന്നത് അനുവദനീയമാണെങ്കിലും അല്ലെങ്കിലും അതിന് കേടുപാടുകൾ സംഭവിക്കുന്നതിൽ യാതൊരു മൂല്യവും നൽകേണ്ടതില്ല.’

ഈയൊരു അഭിപ്രായമാണ് അബൂ ഹുറൈറ, ഹസനുൽ ബസ്വരി, റബീഅ, ഔസാഈ, അൽഹകം, ഹമ്മാദ്, ശാഫിഈ, അഹ്മദ്, ദാവൂദ്, ഇബ്‌നു മുൻദിർ തുടങ്ങിയ ഭൂരിപക്ഷം പണ്ഡിതന്മാർക്കുള്ളത്. അബൂ ഹനീഫ പറയുന്നു: ‘ഉപകാരപ്രദമാകുന്ന നായകളെ വിൽക്കുന്നത് അനുവദനീയമാണ്. അതിന് കേടുപാടുകൾ വരുത്തുകയാണെങ്കിൽ വില നൽകൽ നിർബന്ധമാണ്. മറ്റൊന്നിനുമല്ലാതെ വേട്ട നായയെ വിൽക്കുന്നത് അനുവദനീയമാണെന്ന് അതാഅ്, നഹഈ, ജാബിർ എന്നിവരിൽ നിന്ന് ഇബ്‌നു മുൻദിർ റിപ്പോർട്ട് ചെയ്യുന്നു.’
ഇതിന്റെ അടിസ്ഥാനത്തിൽ നായയുടെ ഉടമസ്ഥന് ഡോക്ടർ പണം നൽകുകയെന്നത് നിർബന്ധമാകുന്നില്ല, കാരണം ഇസ്‌ലാമിക നിയമപപ്രകാരം നായക്ക് മൂല്യം നിശ്ചയിക്കാവതല്ല.

ഡോക്ടർ തന്റെ പണം തിരിച്ചു കിട്ടുന്നതിന് നായയെ വിൽക്കാൻ അയാളെ സഹായിക്കുന്നത് അനുവദനീയമല്ല. നായയുടെ ഉടമസ്ഥൻ ഡോക്ടർക്ക് പണം നൽകാൻ നിർബന്ധിതനാണ്. അയാൾ നായയെ വിൽക്കുകയും ഡോക്ടർക്ക് പണം തിരിച്ചുനൽകുകയുമാണ് വേണ്ടത്. പണത്തിന് പകരമായി നായയെ ഡോക്ടർക്ക് സ്വീകരിക്കാനും, പണം തരിച്ചുകിട്ടുന്നതിന് നായയെ വിൽക്കാൻ സഹായിക്കാനും ഡോക്ടർക്ക് അനുവാദമില്ല. കാരണം, മുമ്പ് വിശദീകരിച്ചതുപോലെ നായയെ വിൽക്കുകയെന്നത് നിഷിദ്ധമാണ്. നിഷിദ്ധമായ ഒന്നിൽനിന്ന് വിറ്റുകിട്ടുന്ന പണമാണെന്ന് അറിയുന്നതോടൊപ്പം ആ പണം സ്വീകരിക്കുന്നതിൽ ഡോക്ടർക്ക് യാതൊരു പ്രശ്‌നവുമില്ല. കാരണം, അമുസ്‌ലിംകൾക്ക് നായയെ വിൽക്കാവുന്നതാണെന്ന് ചില പണ്ഡിതർ നിരീക്ഷിക്കുന്നു. അപ്രകാരം വേട്ടക്കും, കാവൽനിർത്തുന്നതിനും നായയെ വിൽക്കാവുന്നതാണ്.

വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!