Tuesday, July 23, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംമക്കളില്ലാത്തത് ദൈവശാപമോ?

മക്കളില്ലാത്തത് ദൈവശാപമോ?

ഒരു സഹോദരി ചോദിക്കുന്നു: നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുന്ന ഒരു മുസ്‌ലിം സ്ത്രീയാണ് ഞാന്‍. അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ നിര്‍വഹിക്കാനും വിലക്കിയവയില്‍ നിന്ന് വിട്ടുനില്‍ക്കാനും പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുകയും കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്നു. ആറ് വര്‍ഷം മുമ്പ് വിവാഹിതയായെങ്കിലും ഇതുവരെ ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിട്ടില്ല. കുട്ടികളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഞാന്‍ മാതൃത്വം എന്ന അനുഗ്രഹം എനിക്ക് തടയരുതെന്ന് നാഥനോട് നിരന്തരം പ്രാര്‍ഥിക്കാറുണ്ട്. എങ്കിലും അല്ലാഹുവിന്റെ വിധിയെന്ന് കരുതി ആശ്വസിക്കുകയാണ് ഞാന്‍. ‘എന്നാല്‍ ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.” (അല്‍ബഖറ: 216) എന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്.

അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ഞാന്‍ നിരാശയാവുന്നില്ല. കാരണം എല്ലാറ്റിനും കഴിവുറ്റവനാണല്ലോ അവന്‍. അവനുദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ അവന്‍ നല്‍കും. അല്ലാഹുവിലുള്ള എന്റെ വിശ്വാസം വളരെ ശക്തമാണെന്നതില്‍ ഞാനവനെ സ്തുതിക്കുകയാണ്. അല്‍ഹംദുലില്ലാഹ്… അല്ലാഹുവോടുള്ള അനുസരണവും നന്ദിയും സ്മരണയും ജീവിതത്തിലുടനീളമുണ്ടാകാന്‍ തുണക്കണേയെന്ന് നിരന്തരം ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ ഭാഗത്തു നിന്നുള്ള ആക്ഷേപമാണ് ഞാന്‍ നേരിടുന്ന വലിയ പ്രശ്‌നം. കുട്ടികളുണ്ടാകാന്‍ വൈകുന്നത് ദൈവകോപത്തിന്റെ ഫലമാണെന്നാണ് അവര്‍ പറയുന്നത്. കുട്ടികളുണ്ടാവാത്തത് അല്ലാഹുവിന് എന്നോട് അതൃപ്തിയുണ്ടെന്നതിന് തെളിവാണോ?

മറുപടി: കുട്ടികളില്ലാത്തത് ദൈവകോപമാണെന്ന് പറയുന്നത് ശരിയല്ല. സഹോദരി പറഞ്ഞിട്ടുള്ളത് പോലെ അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു, അവനുദ്ദേശിക്കുന്നവര്‍ക്ക് തടയുന്നു. അല്ലാഹു പറയുന്നു: ”ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു. അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.” (അശ്ശൂറാ – 49-50) ചിലര്‍ക്ക് പെണ്‍കുട്ടികളെ നല്‍കുന്നു, മറ്റുചിലര്‍ക്ക് ആണ്‍കുട്ടികളെ നല്‍കുന്നു, ചിലര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്‍കുന്നു, എന്നാല്‍ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ നല്‍കപ്പെടാത്തവരുമുണ്ട്.

ചില പ്രവാചകന്‍മാര്‍ക്ക് അവരുടെ വാര്‍ധക്യത്തിലാണ് മക്കളുണ്ടാവുന്നത്. മഹാനായ ഇബ്‌റാഹീം നബിക്കും ഭാര്യ സാറക്കും ദീര്‍ഘകാലം മക്കളുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് മിസ്‌റിലെ രാജാവ് സമ്മാനിച്ച ഹാജറില്‍ ഇസ്മാഈല്‍ ജനിച്ചു. പിന്നെ അദ്ദേഹത്തിന്റെ സഹനത്തിനും സമര്‍പ്പണത്തിനും അല്ലാഹു പ്രതിഫലമായി സാറയില്‍ ഇസ്ഹാഖിനെയും നല്‍കി. രണ്ടു മക്കളെയും അദ്ദേഹത്തിന് വാര്‍ധക്യത്തിലാണ് ലഭിച്ചത്. ഖുര്‍ആന്‍ അക്കാര്യം വിവരിക്കുന്നത് കാണുക: ””വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്.” (ഇബ്‌റാഹീം: 39) മലക്കുകള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി ഇസ്ഹാഖിനെ കുറിച്ച് സന്തോഷവാര്‍ത്തയറിയിച്ച സന്ദര്‍ഭത്തെ കുറിച്ച് അല്ലാഹു പറയുന്നു: ‘ഇബ്‌റാഹീമിന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: ”എന്ത്! ഞാന്‍ പടുകിഴവിയായിരിക്കുന്നു. ഇനി പ്രസവിക്കുകയോ? എന്റെ ഭര്‍ത്താവും ഇതാ പടുവൃദ്ധനായിരിക്കുന്നു. ഇതൊരദ്ഭുതകരമായ കാര്യം തന്നെ. ആ ദൂതന്മാര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ വിധിയില്‍ നീ അദ്ഭുതപ്പെടുകയോ? ഇബ്‌റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമുണ്ടാവട്ടെ. അവന്‍ സ്തുത്യര്‍ഹനും ഏറെ മഹത്വമുള്ളവനുമാണ്.” (ഹൂദ്: 71-73)

അപ്രകാരം സകരിയ നബി(അ)ക്കും വളരെ വൈകിയാണ് സന്താനഭാഗ്യം ഉണ്ടാവുന്നത്. അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിച്ചു: ”അദ്ദേഹം പറഞ്ഞു: ”എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല. എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ! ”അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ.” ”സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.” (മര്‍യം: 4-7) സകരിയ നബി(അ)യുടെ ഭാര്യ വന്ധ്യയായിരുന്നു. എന്നാല്‍ അല്ലാഹു അവര്‍ക്ക് യഹ്‌യ എന്ന മകനെ നല്‍കി. അല്ലാഹു പറയുന്നു: ”സകരിയ്യാ തന്റെ നാഥനെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം ഓര്‍ക്കുക: ”എന്റെ നാഥാ, നീയെന്നെ ഒറ്റയാനായി വിടരുതേ. നീയാണല്ലോ അനന്തരമെടുക്കുന്നവരില്‍ അത്യുത്തമന്‍.” അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്‌യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്‌നിയെ നാമതിന് പ്രാപ്തയാക്കി.” (അല്‍അമ്പിയാഅ്: 89-90)

ഖദീജ(റ) ഒഴികെ ആഇശയും ഹഫ്‌സയും അടക്കമുള്ള പ്രവാചക പത്‌നിമാര്‍ക്കൊന്നും മക്കളുണ്ടായിരുന്നില്ല. ആഇശ നബിക്കൊപ്പം ഒമ്പത് വര്‍ഷം ജീവിച്ചു എന്നിട്ട് മക്കളുണ്ടായില്ല. ഹഫ്‌സ ബിന്‍ത് ഉമര്‍, സൈനബ് ബിന്‍ത് ജഹ്ശ്, മൈമൂന ബിന്‍ത് അല്‍ഹാരിസ്, ജുവൈരിയ ബിന്‍ത് അല്‍ഹാരിസ്, സ്വഫിയ ബിന്‍ത് ഹയ്യ് ബിന്‍ അഖ്തബ്, ഉമ്മു ഹബീബ ബിന്‍ത് അബൂസുഫ്‌യാന്‍ എന്നീ വിശ്വാസികളുടെ മാതാക്കളായി അറിയപ്പെടുന്ന നബിയുടെ പത്‌നിമാര്‍ക്കൊന്നും മക്കളുണ്ടായിരുന്നില്ല. ഉമ്മുല്‍ മുഅ്മിനീങ്ങളുടെ തെറ്റിന്റെ ഫലമാണോ അത്? അതല്ല മുഹമ്മദ് നബി(സ)യുടെ തെറ്റ് കാരണമായിരുന്നോ അത്? എത്ര വലിയ ആരോപണമാണത്!

എല്ലാ കാര്യത്തിലും അല്ലാഹുവിന് അവന്റെ യുക്തിയുണ്ട്. അത് തിരിച്ചറിയുന്നവര്‍ അറിയുന്നു, അല്ലാത്തവര്‍ അതിനെ കുറിച്ച് അജ്ഞരായിരിക്കും. മക്കളെ നല്‍കുന്നത് അല്ലാഹുവിന്റെ തൃപ്തിയുടെ അടയാളമല്ല. അല്ലാഹു അത് നല്‍കാതിരിക്കുന്നത് അവന്റെ കോപത്തിന്റെ അടയാളവുമല്ല. മുസ്‌ലിമിനും നിഷേധിക്കും സുകൃതനും അധര്‍മിക്കും അല്ലാഹു നല്‍കുന്നു. നിഷേധികളെ കുറിച്ച് അല്ലാഹു പറയുന്നു: ”അവര്‍ വിചാരിക്കുന്നോ, സമ്പത്തും സന്താനങ്ങളും നല്‍കി അവരെ നാം സഹായിച്ചുകൊണ്ടിരിക്കുന്നത് നാമവര്‍ക്ക് നന്മവരുത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണെന്ന്? അല്ല; അവര്‍ സത്യാവസ്ഥ തിരിച്ചറിയുന്നില്ല.” (അല്‍മുഅമിനൂന്‍: 55-56) ചോദ്യം ഉന്നയിച്ച സഹോദരിയോട് എനിക്ക് പറയാനുള്ളത്, നീ ദുഖകരുത്, അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിരാശയാവുകയും അരുത്.

എന്നാല്‍ മക്കളില്ലാത്തതിന്റെ പേരില്‍ ആളുകള്‍ നിങ്ങളെ ആക്ഷേപിക്കുന്നുവെങ്കില്‍ ദീനിനെയും അല്ലാഹുവിന്റെ ചര്യകളെയും കുറിച്ച അവരുടെ അജ്ഞതയുടെ അടയാളമാണ്. അല്ലാഹുവിന്റെ പരീക്ഷണത്തിന്റെ പേരില്‍ തന്റെ സഹോദരനെ ആക്ഷേപിക്കുന്നത് ഒരു മുസ്‌ലിമിന് ചേര്‍ന്നതല്ല. മറ്റുള്ളവരെ ആക്ഷേപിച്ച കാര്യം കൊണ്ട് തന്നെ അല്ലാഹു അവരെ പരീക്ഷിച്ചെന്നും വരാം. മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത ഒരു അനുഗ്രഹം ആര്‍ക്കെങ്കിലും ലഭിക്കുന്നെങ്കില്‍ അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയാണവര്‍ വേണ്ടത്. അതുപറഞ്ഞ് മറ്റുള്ളവരെ ആക്ഷേപിക്കുകയല്ല. സഹോദരി പ്രാര്‍ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ നല്ല ഒരു ഡോക്ടറെ സമീപിച്ച് ചികിത്സയും തേടുക. മരുന്നും ഭക്ഷണത്തിലെ മാറ്റവും കൊണ്ട് ഒരുപക്ഷേ നിങ്ങള്‍ തേടുന്നത് ലഭിച്ചേക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ.

മൊഴിമാറ്റം: അബൂഅയാശ്

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!