ചോദ്യം- ഭർത്താവ് മരിച്ചുപോയ സ്ത്രീകളുടെ ഇദ്ദയും ഹിദാദും സംബന്ധിച്ച് ജനങ്ങളിൽ വിചിത്രമായ വിശ്വാസങ്ങളുണ്ട്. അവർ പുരുഷന്മാരോടോ മറിച്ചോ സംസാരിച്ചുകൂടാ; പുരുഷന്മാർ- വിവാഹം നിഷിദ്ധമായവർ പോലും- അവരെ കണ്ടുകൂടാ; പുരുഷനെ കണ്ടുപോയാൽ കുളിക്കണം; അവൾ ചന്ദ്രനെ കണ്ടുകൂടാ; വാനം നോക്കിക്കൂടാ; ഉപ്പോ മുളകോ തൊട്ടുകൂടാ; മണ്ണിൽ കാല് കുത്തിക്കൂടാ- എന്നിങ്ങനെ ഒരു പാടുണ്ട് അവ. ഇദ്ദാകാലം കഴിഞ്ഞാൽ അവളുടെ കണ്ണുകെട്ടി കടൽക്കരയിലേക്ക് കൊണ്ടുപോകണമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇദ്ദയിലും ഹിദാദിലും ഒരു വിധവക്ക് നിഷിദ്ധമായിട്ടുള്ളത് എന്തെല്ലാമാണ്?
ഉത്തരം- വിധവകളെ വ്യത്യസ്ത ജനസമൂഹങ്ങൾ വിഭിന്നരീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിധവ, മരിച്ച ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കാൻ ബാധ്യസ്ഥയാണെന്ന് ചിലർ വിശ്വസിക്കുന്നു. ചിലരുടെ ആചാരപ്രകാരം വിധവകൾക്ക് പുനർവിവാഹം നിഷിദ്ധമാണ്. വിധവ സ്വപ്നം വിരിയുന്ന പ്രായത്തിലാണെങ്കിൽപോലും, മരിച്ച ഭർത്താവിനൊപ്പം ഒരു ദിവസമേ ജീവിച്ചിട്ടുള്ളൂവെങ്കിലും വീണ്ടുമൊരു ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുവാൻ അവൾക്കനുവാദമില്ല. നിരാലംബരായ ഈ സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിന് ജാഹിലിയ്യാ അറബികൾക്ക് വിചിത്രമായ പല വ്യവസ്ഥകളും നിയമങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. അവ തലമുറകൾ തലമുറകളിലേക്ക് പകർന്നുവന്നു. ചില ഹദീസുകളിൽ അവ രേഖപ്പെടുത്തിയിരിക്കുന്നത് കാണുക:
ഒന്ന്: ബുഖാരി, അബൂദാവൂദ്, നസാഈ എന്നിവർ ഇബ്‌നു അബ്ബാസിൽനിന്ന് ഉദ്ധരിക്കുന്നു: ‘ഒരു പുരുഷൻ മരിച്ചാൽ വിധവയുടെ മേൽ ഏറ്റവുമധികം അവകാശമുണ്ടായിരുന്നത് അയാളുടെ ബന്ധുക്കൾക്കായിരുന്നു. അവരിലൊരാൾ ഇച്ഛിക്കുന്ന പക്ഷം അവളെ വിവാഹം ചെയ്യും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കും. ചിലപ്പോൾ തീരെ വിവാഹം ചെയ്തുകൊടുത്തില്ലെന്നും വരും. അവളുടെ ബന്ധുക്കളെക്കാൾ ഭർത്താവിന്റെ ബന്ധുക്കൾക്കായിരുന്നു അവളുടെ മേൽ അവകാശം.’
സൈദുബ്‌നു ഹാത്തിമിൽനിന്ന് ഇബ്‌നു അബീഹാത്തിം ഉദ്ധരിക്കുന്നു: ‘ജാഹിലിയ്യാകാലത്ത് യസ്‌രിബ് നിവാസികളിലൊരു പുരുഷൻ മരിച്ചാൽ വിധവയായിത്തീരുന്ന സ്ത്രീയെ മരിച്ചയാളുടെ സ്വത്തിന്റെ അവകാശികൾ അനന്തരമെടുക്കുകയായിരുന്നു പതിവ്. അവരിൽ ആരെങ്കിലും അവളെ വിവാഹം ചെയ്യുകയോ അവരിച്ഛിക്കുന്ന മറ്റാർക്കെങ്കിലും വിവാഹം ചെയ്തുകൊടുക്കുകയോ ചെയ്യുംവരെ അവർ അവളെ മുടക്കിനിർത്തുമായിരുന്നു.’ ഇതും തത്തുല്യമായ മറ്റു സമ്പ്രദായങ്ങളും മുൻനിർത്തി ഖുർആൻ അവതരിക്കുകയുണ്ടായി. സൂറതുന്നിസാഇലെ ഒരു സൂക്തം അത് പരാമർശിക്കുന്നു: ”വിശ്വസിച്ചവരേ, സ്ത്രീകളെ ബലാൽക്കാരം അനന്തരസ്വത്തുപോലെ ഉടമപ്പെടുത്തുവാൻ നിങ്ങൾക്ക് പാടുള്ളതല്ല. നിങ്ങളവർക്കു നൽകിയതിൽ ഒരു ഭാഗം തട്ടിയെടുക്കുവാനായി അവരെ മുടക്കി നിർത്തുകയുമരുത്…”
രണ്ട് : ഭർത്താവിന്റെ സ്വത്തിൽ വിധവകൾക്ക് അവകാശമുണ്ടായിരുന്നില്ല- ഭർത്താവ് എത്ര വലിയ സമ്പന്നനായിരുന്നെങ്കിലും, വിധവക്ക് അതെത്ര തന്നെ ആവശ്യമുണ്ടെങ്കിലും ശരി. അവളെ മൃഗങ്ങളെയും മറ്റു വസ്തുക്കളെയും പോലെ അനന്തരമെടുക്കപ്പെടുന്ന ഒരു സ്വത്ത് മാത്രമായി പരിഗണിച്ച ഒരു സമൂഹത്തിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അനന്തരമെടുക്കപ്പെടാവുന്ന ഒന്ന് അനന്തരസ്വത്തിന് അവകാശിയാവുന്നതെങ്ങനെ? സ്ത്രീകൾക്ക് പൈതൃകസ്വത്തിനവകാശമില്ല എന്നായിരുന്നു അറബികളുടെ സിദ്ധാന്തം. ആയുധമേന്തുകയും ഗോത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്നവർക്കു മാത്രമേ സ്വത്തിന് അർഹതയുണ്ടായിരുന്നുള്ളൂ. പുരുഷന്മാരല്ലാതെ സ്ത്രീകളും കുട്ടികളും ആ കർത്തവ്യം നിർവഹിച്ചിരുന്നില്ല.
ഖുർആൻ വ്യാഖ്യാതാക്കൾ ഒരു സംഭവം ഇവ്വിഷയകമായുദ്ധരിക്കുന്നു: മഅ്‌നുബ്‌നു ആസ്വിമിന്റെ പുത്രി കബീശയുടെ കഥ. ഭർത്താവ് അബൂഖൈസുബ്‌നുൽ അസ്‌ലത് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു പുത്രൻ അവരോട് അതിക്രമം ചെയ്യാനൊരുമ്പെട്ടു. അവർ തിരുദൂതരെ സമീപിച്ച് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് എന്റെ ഭർത്താവിന്റെ അനന്തരസ്വത്തൊന്നും ലഭിച്ചില്ല. മറ്റൊരു വിവാഹം കഴിക്കുവാൻ അവരെന്നെ വിടുന്നുമില്ല.’ ഇതേത്തുടർന്നാണ് മുൻചൊന്ന സൂക്തം അവതരിച്ചത്. ഇബ്‌നുകസീർ പറയുന്നു: ‘ജാഹിലിയ്യാ കാലത്തെ സമ്പ്രദായങ്ങളെയെല്ലാം മൊത്തത്തിൽ സൂചിപ്പിക്കുന്നതാണീ സൂക്തം. കബീശാ സംഭവം ആ ഇനത്തിൽ ഒന്നാണ്.’
ഇസ്‌ലാം ഏതവസ്ഥയിലും വിധവക്ക് അനന്തരാവകാശം നൽകുന്നു. നാലിലൊന്നോ എട്ടിലൊന്നോ അവർക്ക് ലഭിക്കും. ഭർത്താവിന് സന്താനങ്ങളില്ലെങ്കിൽ നാലിലൊന്നും ഉണ്ടെങ്കിൽ എട്ടിലൊന്നും.
മൂന്ന്: ജാഹിലിയ്യാകാലത്ത്, വിധവകൾ ഒരു വർഷത്തേക്ക് ഏറ്റവും മോശമായ വസ്ത്രങ്ങൾ ധരിച്ച് വളരെ മ്ലേച്ഛമായ ഇടങ്ങളിൽ താമസിക്കുവാൻ നിർബന്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത് സുഗന്ധം പൂശാനോ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുവാനോ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരു വർഷം പൂർത്തിയായാൽ അവർ എണ്ണമറ്റ ജോലികൾ ചെയ്യുകയും നിരർഥകമായ കുറേ ആചാരങ്ങൾ അനുഷ്ഠിക്കുകയും വേണമായിരുന്നു. ഒരു നായ കടന്നുപോയാൽ അതിനെ അവൾ കാഷ്ഠമെടുത്തെറിയുക, കഴുത, ആട് തുടങ്ങിയ മൃഗങ്ങളുടെ പുറത്ത് യാത്രചെയ്യുക തുടങ്ങിയവ അതിൽപെടുന്നു.
ഇദ്ദയും ഹിദാദും ഇസ്‌ലാമിൽ
ഇസ്‌ലാം സമാഗതമായതോടെ സ്വകുടുംബത്തിൽ നിന്നോ ഭർത്തൃബന്ധുക്കളിൽനിന്നോ സമൂഹത്തിൽനിന്നോ സ്ത്രീ അനുഭവിച്ചുവന്ന കഷ്ടതകൾക്കും ക്ലേശങ്ങൾക്കും അറുതി വന്നു. ഭർത്താവിന്റെ മരണാനന്തരം രണ്ടു കാര്യങ്ങളേ ഇസ്‌ലാം സ്ത്രീക്ക് ബാധ്യതയാക്കിയുള്ളൂ- ഇദ്ദയും ഹിദാദും.
നാലു മാസവും പത്തു ദിവസവും, പുനർവിവാഹം നടത്താതെയും വീടുവിട്ട് പോകാതെയും ദീക്ഷ പാലിക്കുക എന്നതാണ് ഇദ്ദയുടെ താൽപര്യം. ഭർത്താവ് മരിക്കുമ്പോൾ ഭാര്യ ഗർഭിണിയാണെങ്കിൽ ഈ കാലയളവ് പ്രസവംവരെയാണ്. ഗർഭിണികളല്ലാത്ത വിധവകളുടെ ഇദ്ദാകാലം വിവാഹമുക്തകളുടേതിനെ അപേക്ഷിച്ച് അൽപം കൂടുതലാണെന്നോർക്കുക. വിവാഹമുക്തകളുടേത് മൂന്ന് ആർത്തവ വൃത്തങ്ങളാണ്. വിധവയെ സംബന്ധിച്ചേടത്തോളം ഭർത്താവിന്റെ വേർപാട് അവൾക്കും അവളുടെ ബന്ധുക്കൾക്കും ഒരു വിവാഹമോചനം സാധാരണ നിലയിലുണ്ടാക്കാത്ത ദുഃഖവും മനഃക്ലേശവും സൃഷ്ടിക്കും. അതിനാൽ അവളുടെ ദീക്ഷാകാലം സ്വൽപം ദീർഘമായിരിക്കേണ്ടത് ആവശ്യമായിത്തീർന്നു. ദുഃഖത്തിന്റെ കാഠിന്യവും മനഃക്ലേശവും അൽപം കുറയുവാൻ അത് പ്രയോജനപ്പെടുന്നു.
ഭർത്താവ് മരണപ്പെട്ട സ്ത്രീ ബാഹ്യമായ സൗന്ദര്യപ്രകടനങ്ങൾ ഒഴിവാക്കുക എന്നതാണ് ‘ഹിദാദ്’ കൊണ്ടുദ്ദേശിക്കുന്നത്. ഭർത്താവിനുവേണ്ടി അണിഞ്ഞൊരുങ്ങുമ്പോഴുപയോഗിക്കുന്ന സുറുമ, വിവിധ ഇനം ചായങ്ങൾ, മൈലാഞ്ചി, സുഗന്ധദ്രവ്യങ്ങൾ, ആഭരണം, മോടിയാർന്ന വസ്ത്രങ്ങൾ ആദിയായവ ഉദാഹരണം. പ്രവാചകപത്‌നിമാരായ സൈനബ്, ഉമ്മുഹബീബ എന്നിവരിൽനിന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസാണിതിന് നിദാനം. തിരുദൂതർ പറയുകയുണ്ടായി: ‘ഭർത്താവിന്റെ മരണം നിമിത്തമല്ലാതെ, മൂന്ന് ദിവസത്തിലേറെ ഹിദാദ് സ്വീകരിക്കുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല. ഭർത്താവ് മരിച്ചാൽ അത് നാലു മാസവും പത്ത് ദിവസവും വേണം.’
ബുഖാരിയും മുസ്‌ലിമും ഉമ്മുസലമയിൽനിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: ഒരു സ്ത്രീ തിരുദൂതരോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ പുത്രിയുടെ ഭർത്താവ് മരിച്ചു. അവൾക്കാണെങ്കിൽ കണ്ണിന് അസുഖം. അവൾക്ക് സുറുമയിട്ടു കൂടേ?’ ‘ഇല്ല’- തിരൂദുതർ പറഞ്ഞു. സ്ത്രീ മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും അതുതന്നെയായിരുന്നു മറുപടി. തുടർന്ന് അദ്ദേഹം പറഞ്ഞു: ‘അത് നാലു മാസവും പത്തു ദിവസവുമാണ്. ജാഹിലിയ്യാ കാലത്ത് നിങ്ങൾ ഒരു വർഷം കാത്തിരിക്കേണ്ടി വന്നിരുന്നില്ലേ?’
ഉമ്മു അത്വിയ്യ നിവേദനം ചെയ്ത മറ്റൊരു ഹദീസ്: തിരുദൂതർ പറഞ്ഞു: ‘ഭർത്താവിന് വേണ്ടിയല്ലാതെ ഒരു സ്ത്രീയും മൂന്നു ദിവസത്തിലേറെ ഹിദാദ് ആചരിക്കരുത്. ഭർത്താവ് മരിച്ചാൽ നാലുമാസവും പത്തു ദിവസവും അത് ആചരിക്കുകയും വേണം. ‘ഉസ്ബി’ ( യമനിൽ വളരുന്ന ഒരുതരം ചെടിയാണ് ‘ഉസ്ബ്.’ അതുപയോഗിച്ച് നിർമിക്കുന്ന ചായത്തിൽ മുക്കി നിറംകൊടുത്ത വസ്ത്രങ്ങളാണ് ‘ഉസ്ബിന്റെ തുണി.’) ന്റെ വസ്ത്രങ്ങളല്ലാതെ നിറം കൊടുത്ത വസ്ത്രങ്ങളൊന്നും അക്കാലത്ത് ധരിക്കരുത്. സുറുമയെഴുതരുത്; സുഗന്ധം പൂശുകയുമരുത്. എന്നാൽ ആർത്തവ ശുദ്ധീകരണവേളയിൽ അൽപം സുഗന്ധം ഉപയോഗിക്കുന്നത് ഇതിൽപെടുന്നില്ല.’
അബൂദാവൂദും നസാഇയും ഉമ്മുസലമയിൽ നിന്ന് ഉദ്ധരിക്കുന്നു: ‘ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീയോട് തിരുദൂതർ ഇപ്രകാരം പറയുകയുണ്ടായി: ‘ചുവന്ന നിറമുള്ളതും, ചിത്രപ്പണികളുള്ളതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. മൈലാഞ്ചി അണിയരുത്, സുറുമയിടരുത്.’
ഉമ്മു സലമയുടേതായി അബൂദാവൂദ് രേഖപ്പെടുത്തിയ മറ്റൊരു ഹദീസ്: തിരുദൂതർ പറഞ്ഞു: ‘സുഗന്ധം പുരട്ടി മുടി ചീകരുത്. മൈലാഞ്ചിയും അരുത്. കാരണം അതൊരു ചായമിടലാണ്.’ ഞാൻ ചോദിച്ചു: ‘പിന്നെയെന്തുപയോഗിച്ചാണ് മുടി ചീകേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘സിദ്ർ കൊണ്ട് തലമൂടുക.’ ( ഒരുതരം വൃക്ഷത്തിന്റെ ഇലയാണ് ‘സിദ്ർ.’ താളിയായി ഉപയോഗിക്കുന്നു. സുഗന്ധത്തിന് പകരം സിദ്ർ ഉപയോഗിച്ച് ചീകിക്കെട്ടാനാണ് നിർദേശം.)
ഭർത്താവ് മരണപ്പെട്ട സ്ത്രീയോട് ഒരു കാര്യം കൂടി ഇസ്‌ലാം ആവശ്യപ്പെടുന്നു. മരിച്ച ഭർത്താവിന്റെ വീട്ടിൽതന്നെ താമസിക്കുക. ഇദ്ദയുടെ കാലാവധി തീരുവോളം അവൾ വീടുവിട്ട് പോകരുത്. അബൂസഈദിൽ ഖുദ്‌രിയുടെ സഹോദരി, ഫരീഅയിൽനിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: അവർ തിരുദൂതരെ സമീപിച്ച്, ഓടിപ്പോയ ഒരടിമയെ തേടിപ്പുറപ്പെട്ട തന്റെ ഭർത്താവ് കൊല്ലപ്പെട്ട വിവരം അറിയിക്കുകയും സ്വഭവനത്തിലേക്ക് തിരിച്ചുപോകാൻ അനുമതി ചോദിക്കുകയുമുണ്ടായി. ‘എന്റെ ഭർത്താവ് ജീവിതച്ചെലവോ മറ്റു സ്വത്തുക്കളോ എനിക്കുവേണ്ടി വീട്ടിൽ വിട്ടേച്ചുപോയിട്ടില്ല’- അവർ ബോധിപ്പിച്ചു. പക്ഷേ, തിരുദൂതർ അതനുവദിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘ഇദ്ദയുടെ കാലാവധിയെത്തുന്നതുവരെ നീ ഭർത്താവിന്റെ വീട്ടിൽ താമസിക്കുക.’ അങ്ങനെ അവർ നാലുമാസവും പത്തു ദിവസവും ഭർത്തൃഗൃഹത്തിൽതന്നെ താമസിച്ചു. നിർബന്ധമായും ആചരിക്കേണ്ടുന്ന ഹിദാദിന്റെ കാലാവധി കഴിച്ചുകൂട്ടുവാൻ ഏറ്റവും യോജിച്ച ഇടം ഭർത്തൃഗൃഹമാണ് എന്നതാണ് ഇതിനു കാരണം. ഭർത്താവിന്റെ ബന്ധുക്കൾക്ക് ആശ്വാസം പകരാനും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാനും അതാണ് ഉചിതം.
പക്ഷേ, ഒരാവശ്യത്തിനുവേണ്ടി വീടുവിട്ടുപോകാം. ചികിൽസ സ്വീകരിക്കുക, അത്യാവശ്യസാധനങ്ങൾ വാങ്ങുക- വാങ്ങിക്കൊടുക്കുവാൻ മറ്റാരുമില്ലെങ്കിൽ- അധ്യാപിക, ഡോക്ടർ, നഴ്‌സ് തുടങ്ങിയ ജോലിക്കാരായ സ്ത്രീകൾ ജോലിക്ക് ഹാജരാകാൻ നിർബന്ധിതരാവുക ആദിയായവ ഉദാഹരണം. ഒരാവശ്യത്തിനുവേണ്ടി പകൽ സമയത്ത് പുറത്തുപോകാമെങ്കിലും രാത്രി വീടുവിട്ടുപോകാൻ പാടുള്ളതല്ല. മുജാഹിദ് റിപ്പോർട്ടു ചെയ്യുന്നു: ‘ഉഹുദിൽ കുറേ യോദ്ധാക്കൾ രക്തസാക്ഷികളായി. അവരുടെ ഭാര്യമാർ തിരുദൂതരെ സമീപിച്ച് പറഞ്ഞു: ‘തിരുദൂതരേ, ഞങ്ങൾക്ക് രാത്രി ഏകാന്തത അനുഭവപ്പെടുന്നു. ഞങ്ങളെല്ലാവരും ഞങ്ങളിൽ ഒരാളുടെ വീട്ടിൽ അന്തിയുറങ്ങിക്കൊള്ളട്ടെയോ? നേരം പുലർന്നാൽ ഞങ്ങൾ വേഗം സ്വഭവനങ്ങളിലേക്ക് പോയ്‌ക്കൊള്ളാം?’ തിരുദൂതർ പറഞ്ഞു: ‘നിങ്ങളെല്ലാവരും കൂടി ഒരാളുടെ വീട്ടിൽ വേണ്ടുവോളം സംസാരിച്ചിരുന്നുകൊൾക. ഉറങ്ങാറായാൽ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയ്‌ക്കൊള്ളണം.’ രാത്രികാലത്ത് പുറത്തുപോകുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കുവാനിടയുള്ളതിനാൽ ഒരു നിർബന്ധിത സാഹചര്യത്തിലല്ലാതെ അത് അനുവദിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിനായി പള്ളിയിൽ പോകുവാനോ, ഹജ്ജിനോ ഉംറക്കോ മറ്റു വല്ല കാര്യങ്ങൾക്കോ വേണ്ടി യാത്രചെയ്യാനോ പാടുള്ളതല്ല. കാരണം ഹജ്ജ് നഷ്ടപ്പെട്ടു പോകയില്ല. ഇദ്ദാകാലം നഷ്ടപ്പെട്ടുപോകുന്നതാണ്. എന്തെന്നാൽ അത് സമയബന്ധിതമാണ്.
ഇദ്ദയും ഹിദാദും സംബന്ധിച്ച് ഈ മൂന്ന് കാര്യങ്ങളേ ഇസ്‌ലാം ആവശ്യപ്പെട്ടിട്ടുള്ളൂ. ഇദ്ദയും ഹിദാദും ആചരിക്കുന്ന സ്ത്രീകളോട് മറ്റുള്ളവർ സ്വീകരിക്കേണ്ടുന്ന നിലപാട് ഖുർആൻ വിശദീകരിക്കുന്നുണ്ട്. ഭർത്താവ് മരിച്ച സ്ത്രീകളുടെ ഇദ്ദ കഴിയും മുമ്പ് സ്പഷ്ടമായ വിവാഹാന്വേഷണം നടത്തുന്നത് നിഷിദ്ധമാണ്. എന്നാൽ പ്രതീകാത്മകമായും സൂചനയിലൂടെയും അതാവാം. ഖുർആൻ പറയുന്നു: ‘(ഇദ്ദയുടെ കാലത്ത്) ആ വിധവകളുമായുള്ള വിവാഹാലോചന സൂചിപ്പിക്കുന്നതിലോ മനസ്സിൽ മറച്ചുവെക്കുന്നതിലോ നിങ്ങൾക്ക് കുറ്റമൊന്നുമില്ല. അവരെ നിങ്ങൾ പിന്നീട് ഓർമിക്കുമെന്ന് അല്ലാഹുവിനറിയാം. എന്നാൽ മര്യാദയനുസരിച്ചുള്ള വല്ല വാക്കും പറയാമെന്നല്ലാതെ നിങ്ങളവരോട് രഹസ്യമായി യാതൊരു നിശ്ചയവും ചെയ്തുപോകരുത്. നിശ്ചിത കാലം കഴിയുന്നതുവരെ വിവാഹബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കുകയും അരുത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും അവനെ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണ് എന്നും അറിയുക.’ ( അൽബഖറ 235)
വിവാഹക്കാര്യം സൂചിപ്പിക്കുന്നതോ അസ്പഷ്ടമായി അവതരിപ്പിക്കുന്നതോ ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിൽ തെറ്റോ കുറ്റമോ അല്ല. ഉദാഹരണമായി ‘എനിക്ക് ഒരു വിവാഹം ആവശ്യമായിരിക്കുന്നു’, ‘പുണ്യവതിയായ ഒരു സ്ത്രീയെ അന്വേഷിക്കുകയാണ് ഞാൻ’ എന്നിങ്ങനെ തന്നെയുദ്ദേശിച്ചാണിതു പറയുന്നതെന്ന് വിധവക്ക് തോന്നത്തക്കവിധത്തിലുള്ള സൂചനകളാണുദ്ദേശ്യം. അതുപോലെ വിവാഹക്കാര്യം മനസ്സിൽ കൊണ്ടുനടക്കുന്നതിലും ഖുർആൻ തെറ്റു കാണുന്നില്ല. മനുഷ്യന് സ്വമനസ്സിന്റെ നിയന്ത്രണം സാധ്യമല്ല എന്നതുതന്നെ കാരണം. ആകെക്കൂടി നിരോധിക്കപ്പെട്ടിരിക്കുന്നത് പരസ്യമായ വിവാഹാന്വേഷണവും രഹസ്യമായ കരാറുകളുമാണ്. കാരണം, അത് സംശയത്തിനിട നൽകുകയും അപവാദ പ്രചരണത്തിന് വഴിയൊരുക്കുകയും ചെയ്യും. എന്നാൽ അവരോട് നല്ല വാക്ക് പറയുന്നതിൽ കുഴപ്പമൊന്നുമില്ല.
ഇദ്ദ കഴിയുന്നതോടെ സ്ത്രീ സ്വതന്ത്രയായിത്തീരുന്നു. ഇഷ്ടപ്പെടുന്ന ആരെയും അവൾക്ക് വിവാഹം കഴിക്കാം. ഭർത്തൃഗൃഹത്തിൽ നിന്ന് പുറത്തുപോകാം. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം. ഇഷ്ടംപോലെ സൗന്ദര്യാലങ്കാരങ്ങൾ നടത്താം. വിവാഹം ആഗ്രഹിക്കുന്നവർക്ക് അവളോട് പരസ്യമായിത്തന്നെ വിവാഹാന്വേഷണം നടത്താം. അല്ലാഹു പറയുന്നു: ‘നിങ്ങളിൽ ആരെങ്കിലും ഭാര്യമാരെ വിട്ട് മരിച്ചുപോയാൽ അവർ (ഭാര്യമാർ) നാലുമാസവും പത്തു ദിവസവും സ്വദേഹങ്ങളെ തടഞ്ഞുവെക്കേണ്ടതാണ്. അങ്ങനെ ഇദ്ദയുടെ കാലാവധി പ്രാപിച്ചു കഴിഞ്ഞാൽ അവർ സ്വദേഹങ്ങളുടെ കാര്യത്തിൽ മര്യാദയനുസരിച്ച് പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക് യാതൊരു കുറ്റവുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്മമായി അറിയുന്നവനാണല്ലാഹു.’ (അൽബഖറ 235)
ജാഹിലിയ്യാ കാലത്ത് ചെയ്തിരുന്നപോലെ ഇദ്ദ കഴിഞ്ഞ സ്ത്രീകളോട് കഠിനമായ ജോലികൾ വല്ലതും ചെയ്യുവാൻ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. ഇത്രയും പറഞ്ഞതിൽനിന്ന് പല നാടുകളിലും പ്രചരിച്ചുവരുന്ന വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ശർഇയ്യായ യാതൊരടിസ്ഥാനവുമില്ലെന്ന് വ്യക്തമാണല്ലോ. ഇദ്ദയും ഹിദാദും ആചരിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരോട് മര്യാദപ്രകാരം സംസാരിക്കാം. പുരുഷന്മാർക്ക് അങ്ങോട്ടുമാവാം. വിവാഹം നിഷിദ്ധമായവരും അല്ലാത്തവരുമായ വിശ്വസ്തരായ പുരുഷന്മാർക്ക് അവളെ സന്ദർശിക്കാം- അത് ഏകാന്തതയിലാവരുതെന്നേയുള്ളൂ. കണ്ണാടി നോക്കരുത്; ചന്ദ്രനെ കാണരുത്; ഉപ്പ് തൊടരുത്; മണ്ണിൽ ചവിട്ടരുത്; ഇദ്ദ കഴിഞ്ഞാൽ കടലിൽ പോകണം തുടങ്ങിയവ ഉഗ്രൻ അന്ധവിശ്വാസങ്ങളാണ്. ദീനിൽ അവക്ക് ഒരു തെളിവുമില്ല. ഒരൊറ്റ പണ്ഡിതനും ഒരൊറ്റ മദ്ഹബും അതൊന്നും പറഞ്ഞിട്ടുമില്ല. തന്നിമിത്തം ഒരു മുസ്‌ലിംനാട്ടിലും ഇതൊന്നും പരിചിതമല്ല. അവരതൊന്നും കേട്ടിട്ടുപോലുമില്ല. ‘നമ്മുടെ നിർദേശമില്ലാത്ത ഒരു കൃത്യം ഒരാൾ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്’ എന്നത്രെ തിരുമൊഴി.