Monday, May 13, 2024
Homeവിശേഷദിനം- ആഘോഷംപെരുന്നാളിലെ മൃഗബലി

പെരുന്നാളിലെ മൃഗബലി

ചോദ്യം-  ബലികർമം ബാധ്യതയാകുന്നതെപ്പോൾ? കഴിവുള്ളവർ ബലിയറുക്കാതിരിക്കാൻ പാടുണ്ടോ? ഒരു കുടുംബം ഒരു ആടിനെ ബലിയറുത്താൽ മതിയാകുമോ? ബലിയറുത്ത മാംസം എങ്ങനെ വിതരണം ചെയ്യണം. ബലിയറുക്കാതെ മൃഗത്തിന്റെ വില ദാനം ചെയ്താൽ സ്വീകാര്യമാവുമോ?

ഉത്തരം-  പെരുന്നാളിലെ മൃഗബലി പ്രബലമായ സുന്നത്താണ്. നബി(സ) തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി രണ്ട് ആടുകളെ ബലിയറുക്കുകയുണ്ടായി. ഇമാം അബൂഹനീഫയുടെ അഭിപ്രായത്തിൽ മൃഗബലി ‘വാജിബ്’ ആണ്. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം ഫർദിന്റെയും സുന്നത്തിന്റെയും ഇടയിലുള്ള ബാധ്യതയാണ് ‘വാജിബ്’. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കഴിവുണ്ടായിട്ടും ബലി അറുക്കാതിരിക്കുന്നത് കുറ്റമാണ്. ‘കഴിവുണ്ടായിട്ടും മൃഗബലി നടത്താത്തവർ നമ്മുടെ നമസ്‌കാരസ്ഥലത്തെ സമീപിക്കരുത്’ എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തിലാണ് അത് ‘വാജിബാ’ണെന്ന് അദ്ദേഹം പറയുന്നത്. വാജിബാണെന്ന് സ്ഥിരീകരിക്കപ്പെടുന്നില്ലെങ്കിൽപോലും അത് ഒരു പ്രബല സുന്നത്താണെന്ന കാര്യത്തിൽ സംശയമില്ല.

പെരുന്നാൾ നമസ്‌കാരത്തിനു ശേഷമാണ് മൃഗബലി ആരംഭിക്കേണ്ടത്. ഒരു പ്രദേശത്ത് ഒന്നിലേറെ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഒരിടത്ത് നമസ്‌കാരം അവസാനിച്ച ഉടനെ ബലി തുടങ്ങാം. നമസ്‌കാരത്തിനുമുമ്പ് മൃഗബലി പാടില്ല. പെരുന്നാൾ നമസ്‌കാരത്തിനു മുമ്പ് നടത്തുന്ന മൃഗബലി ഭക്ഷ്യാവശ്യത്തിനുള്ള ഒരു കശാപ്പ് മാത്രമായേ പരിഗണിക്കപ്പെടൂ എന്ന് തിരുദൂതർ അരുളിയിട്ടുണ്ട്. അത് മൃഗബലി എന്ന അനുഷ്ഠാനമല്ല. അതിന്റെ മാംസം മുഴുവൻ ദാനം ചെയ്താലും അയാൾക്ക് ദാനത്തിന്റെ പ്രതിഫലമല്ലാതെ മൃഗബലിയുടെ പുണ്യം ലഭിക്കുന്നതല്ല. കാരണം, മൃഗബലി ഒരു ആരാധനയാണ്. ആരാധനക്ക് നിയമദാതാവ് ഒരു രീതിയും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് ലംഘിച്ചുകൂടാ. നമസ്‌കാരത്തിന്റെ സമയം ആഗതമാവുംമുമ്പ് അത് നിർവഹിച്ചുകൂടല്ലോ. അതുപോലെയാണ് ബലിയും. അതിനൊരു നിശ്ചിത സമയമുണ്ട്. ചില നാടുകളിൽ പെരുന്നാൾരാത്രിയിൽ ബലി നടത്തുന്നതായി കേട്ടിട്ടുണ്ട്. ഇത് തെറ്റാണ്. ഒരു നബിചര്യയും അതിനുള്ള പ്രതിഫലവും പാഴാക്കുകയാണവർ. ബലിയുടെ പ്രതിഫലം ലഭിക്കണമെങ്കിൽ നമസ്‌കാരാനന്തരം അത് വീണ്ടും നിർവഹിക്കണം. വല്ല നേർച്ചയും ഉണ്ടെങ്കിൽ നിർബന്ധമായും ചെയ്‌തേ പറ്റൂ. ബലികർമം പെരുന്നാൾ ദിവസത്തിൽ തന്നെയോ പിറ്റേന്നോ അതിനടുത്ത ദിവസമോ ആകാം. നാലാം ദിവസവും ആവാമെന്ന് ഒരഭിപ്രായമുണ്ട്- അതായത് അയ്യാമുത്തശ്‌രീഖിലെ അവസാന ദിനം. മധ്യാഹ്നത്തിനു മുമ്പ് ബലി നടത്തുന്നതാണ് ഏറ്റവും ഉത്തമം. ളുഹ്‌റിന്റെ സമയമായാൽ പിന്നെ അറുക്കരുത്. അങ്ങനെ വന്നാൽ അടുത്ത ദിവസത്തേക്ക് നീട്ടിവെക്കണം. ളുഹ്‌റിനുശേഷം അറുത്താലും സ്വീകാര്യമാവുമെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. രാത്രിയും പകലും ബലി നടത്താമെന്നാണ് അവരുടെ പക്ഷം. ഈ അടിസ്ഥാനത്തിൽ തിക്കും തിരക്കും കൂട്ടി പെരുന്നാൾ ദിവസം തന്നെ ബലി നടത്തൽ അനിവാര്യമല്ല എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നിട്ടുള്ളത്. ചിലർ രണ്ടാം ദിവസമോ മൂന്നാം ദിവസമോ ബലി നടത്തിക്കൊള്ളട്ടെ. ചില ആളുകൾക്ക് രണ്ടാം ദിവസമായിരിക്കും മാംസം ആവശ്യമായി വരുന്നത്. അത്തരക്കാർക്ക് ആവശ്യാനുസരണം മാംസം ലഭിക്കാനും അത് ഉതകും.

ബലിയറുക്കുന്ന മൃഗത്തിന്റെ സ്വഭാവം: ഒട്ടകം, പശു, ആട് എന്നീ വർഗങ്ങളേതുമാകാം. ആടാകുമ്പോൾ ഒരാൾ അയാൾക്കും സ്വകുടുംബത്തിനും വേണ്ടി ഒരാടിനെ അറുക്കണം. ‘ഇത് മുഹമ്മദിനും കുടുംബത്തിനും വേണ്ടിയാകുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് തിരുദൂതർ ആടിനെയറുത്തത്. അബൂഅയ്യൂബ് പറയുന്നു: ‘തിരുദൂതരുടെ കാലത്ത് ഞങ്ങളിലൊരാൾ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി ഒരാടിനെ അറുക്കുമായിരുന്നു. പിന്നീട് ജനങ്ങൾ പരസ്പരം മൽസരിച്ചുതുടങ്ങി. ഇപ്പോഴിക്കാണുന്ന അവസ്ഥയിലായി.’

പശു, ഒട്ടകം എന്നിവയിൽ ഒരാൾക്ക് ഏഴിലൊരു വിഹിതം മതിയാകും. അതായത് ഏഴുപേർ ചേർന്ന് ഒരു പശുവിനെയോ, ഒട്ടകത്തെയോ അറുത്താൽ മതി. പശുവാണെങ്കിൽ രണ്ടു വയസ്സിലും ഒട്ടകമാണെങ്കിൽ അഞ്ചുവയസ്സിലും കുറഞ്ഞതാവരുത്. അവ തടിച്ചതും നല്ലതും ആവുന്നതാണ് ഏറ്റവും ശ്രേഷ്ഠം. കാരണം അത് അല്ലാഹുവിനുള്ള ബലിയാണ്. താൻ സ്വയം വെറുക്കുന്ന ഒന്ന് അല്ലാഹുവിനായി നീക്കിവെക്കുന്നത് ശരിയല്ല. അതിനാൽ മെലിഞ്ഞൊട്ടിയതും, പ്രായം ചെന്നതും കണ്ണില്ലാത്തതും മുടന്തുള്ളതും കൊമ്പൊടിഞ്ഞതും വികൃതമായ കാതുകളുള്ളതും, രോഗമുള്ളതുമായ മൃഗങ്ങളെ ബലിയറുക്കാൻ പാടില്ല. ഒരു മുസ്‌ലിം ഏറ്റവും നല്ലതാണ് ദൈവസമക്ഷം സമർപ്പിക്കേണ്ടത്. അതാണ് സംശുദ്ധമായ മനസ്സ്. ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ല, ബലി നൽകുന്നവന്റെ ദൈവഭക്തിയാണ് അല്ലാഹുവിലെത്തുന്നത്.

ബലിമൃഗത്തിന്റെ വില നൽകാമോ? മാംസം വിതരണം ചെയ്യുന്നതോ വില നൽകുന്നതോ ശ്രേഷ്ഠം?

ജീവിച്ചിരിക്കുന്നവർക്കുവേണ്ടി നടത്തുന്ന ബലിയാണെങ്കിൽ മൃഗത്തെ അറുത്തു മാംസം വിതരണം ചെയ്യുകയാണ് വേണ്ടത്. കാരണം, ബലി ഒരു ചിഹ്‌നവും ദൈവത്തിനുള്ള അർപ്പണവുമാണ്. ‘നീ നിന്റെ നാഥനുവേണ്ടി നമസ്‌കരിക്കുകയും അറുക്കുകയും ചെയ്യുക’ എന്നത്രെ ഖുർആന്റെ കൽപന. നമ്മുടെ പിതാവ് ഇബ്‌റാഹീമിന്റെ ചര്യ അനുധാവനം ചെയ്യുക എന്നതാണ് ബലിയിലന്തർഭവിച്ച ചൈതന്യം. അതുവഴി നാം ആ മഹാസംഭവം അനുസ്മരിക്കുകയാണ്- ഇബ്‌റാഹീം സ്വപുത്രനെ ബലികൊടുക്കാനൊരുങ്ങിയ സംഭവം! ഓരോ സമുദായവും തങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ ശാശ്വതീകരിക്കുവാനും അതിന്റെ സ്മരണകൾ നിലനിർത്തുവാനും ശ്രമിക്കുന്നതും അത് ആഘോഷിക്കുന്നതും പതിവാണ്. സ്വാതന്ത്ര്യദിനവും യുദ്ധവിജയദിനങ്ങളും മറ്റും ഉദാഹരണം. ബലിപെരുന്നാൾ ദിനമാകട്ടെ അല്ലാഹുവിന്റെ ദിനങ്ങളിൽപെട്ടതാണ്. മാനുഷ്യകത്തിന്റെയും വിശ്വാസത്തിന്റെയും ദിനം. മരണമില്ലാത്ത ഒരു സാഹസികതയുടെ ദിനം. മൃഗബലി എന്ന അനുഷ്ഠാനത്തിലൂടെ അല്ലാഹു അതിനെ അനശ്വരമാക്കി. അതിനാൽ ഒരു മുസ്‌ലിം ഈ ദിനത്തിൽ ബലിയറുക്കുകതന്നെ വേണം. അതാണ് തിരുദൂതരുടെ മാതൃക. മൃഗത്തിന്റെ വില ദാനം ചെയ്യുന്നതിനെക്കാൾ ശ്രേഷ്ഠമായതും അതാണ്. എല്ലാവരും മൃഗത്തിന്റെ വില ദാനംചെയ്തു തുടങ്ങിയാൽ ഈ ചര്യ മരിച്ചുവെന്നാണർഥം. ഇസ്‌ലാം നബിചര്യയെ ജീവിപ്പിക്കുവാനാഗ്രഹിക്കുന്നു. അതിനാൽ മൃഗത്തെ ബലികൊടുത്ത് മാംസം വിതരണം ചെയ്യുന്നതാണ് അതിശ്രേഷ്ഠം എന്ന് നിസ്സംശയം പറയാം.

ഇപ്പറഞ്ഞത് ജീവിച്ചിരിക്കുന്നവർക്കുവേണ്ടി നടത്തുന്ന ബലിയെക്കുറിച്ചാണ്. അതായത് ഒരാൾ തനിക്കും സ്വകുടുംബത്തിനുംവേണ്ടി നടത്തുന്ന ബലി. എന്നാൽ മരിച്ചുപോയ കുടുംബാംഗത്തിന് പരലോകസൗഭാഗ്യം ലഭിക്കുന്നതിനുവേണ്ടി ഒരാൾ ബലി നടത്തുവാൻ ഉദ്ദേശിച്ചാലോ, അയാൾ മൃഗത്തിന്റെ വില ദാനംചെയ്താൽ മതിയാവുകയില്ലേ? ധാരാളം മൃഗബലി നടക്കുന്നതുമൂലം ആവശ്യത്തിലേറെ മാംസം ശേഷിക്കുന്ന ഒരു നാട്ടിൽ, മൃഗത്തിന്റെ വില ദാനം ചെയ്യുന്നതാണ് ശ്രേഷ്ഠം എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. കാരണം, ജനങ്ങളുടെ വശം ആവശ്യത്തിൽ കവിഞ്ഞ മാംസമുണ്ട്. പെരുന്നാളിനോ അതിനടുത്ത രണ്ടു ദിവസങ്ങളിലോ അവർക്കത് ആവശ്യമില്ല. പക്ഷേ, അവരിൽ പലർക്കും വസ്ത്രമോ പലഹാരമോ വാങ്ങാൻ പണം ആവശ്യമുണ്ടാകാം. അപ്പോൾ മരിച്ചയാൾക്കുവേണ്ടി നടത്താനുദ്ദേശിക്കുന്ന മൃഗത്തിന്റെ വില ദാനം ചെയ്യുന്നതാവും നല്ലത്. എന്നാൽ മാംസത്തിന് ദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ, ജനങ്ങൾക്ക് മാംസം ആവശ്യമായിരിക്കും. അവിടങ്ങളിൽ മൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യുന്നതുതന്നെയാണ് ഉത്തമം.

ഇവിടെ മറ്റൊരു കാര്യം പരിഗണിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് മരിച്ചവരുടെ ഗുണത്തിനുവേണ്ടി ദാനധർമങ്ങൾ ചെയ്യാം എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. മരിച്ചവർക്കുവേണ്ടി ചെയ്യാവുന്ന കാര്യങ്ങളിൽ ഒരു പണ്ഡിതന്നും ഭിന്നാഭിപ്രായമില്ലാത്ത രണ്ട് സംഗതികളുണ്ട്. ഒന്ന്: മരിച്ചയാളുടെ ഗുണത്തിനുവേണ്ടി ജീവിച്ചിരിക്കുന്നവർക്ക് ദാനധർമങ്ങൾ ചെയ്യാം. രണ്ട്: മരിച്ചയാൾക്കുവേണ്ടി ജീവിച്ചിരിക്കുന്നവർക്ക് പ്രാർഥിക്കാം. അതല്ലാത്ത എല്ലാ കാര്യങ്ങളിലും- മരിച്ചയാൾക്കുവേണ്ടി ഖുർആൻ പാരായണം ചെയ്യുക, ബലിയറുക്കുക തുടങ്ങിയവയിലെല്ലാം- അഭിപ്രായഭിന്നതയുണ്ട്. പണ്ഡിതർക്കിടയിൽ യോജിപ്പുള്ള കാര്യം സ്വീകരിക്കുന്നതാണ് ഭിന്നാഭിപ്രായമുള്ളവയുടെ പിന്നാലെ പോകുന്നതിനെക്കാൾ ഭേദം. അതിനാൽ നാം ഇപ്രകാരം വിധിനൽകുന്നു: ജീവിച്ചിരിക്കുന്നവർ തനിക്കും കുടുംബത്തിനും വേണ്ടി ബലി നടത്തുമ്പോൾ മൃഗത്തെ അറുത്ത് മാംസം വിതരണം ചെയ്യുന്നതാണ് അതിശ്രേഷ്ഠം. ജീവിച്ചിരിക്കുന്നവർ മരിച്ചവർക്കുവേണ്ടി ബലിയറുക്കാനുദ്ദേശിച്ചാൽ മാംസദൗർലഭ്യം ഉള്ള നാടുകളിൽ മൃഗത്തെ അറുത്ത് മാംസം വിതരണം നടത്തുന്നതും മാംസം സമൃദ്ധമായ ഇടങ്ങളിൽ മൃഗത്തിന്റെ വില വിതരണം ചെയ്യുന്നതുമാണുത്തമം.

വിതരണത്തിന്റെ രീതി: ബലിമൃഗത്തിന്റെ മാംസം മൂന്നായി വിഭജിക്കണം. ഒരുഭാഗം അറുത്തയാൾക്കും കുടുംബത്തിനും രണ്ടാമത്തെ ഓഹരി ചുറ്റുമുള്ള അയൽവാസികൾക്കും മൂന്നാമത്തെ വിഹിതം ദരിദ്രർക്കും വിതരണം നടത്തണം. മുഴുവൻ ദാനമായി നൽകുന്നുവെങ്കിൽ വളരെ നല്ലത്. പക്ഷേ, പുണ്യത്തിനുവേണ്ടി അതിൽനിന്ന് അൽപം സ്വയം ഉപയോഗിച്ചേ പറ്റൂ. അത് കരളോ മറ്റോ ആയിക്കൊള്ളട്ടെ. ‘നിങ്ങൾ അതിൽനിന്ന് ഭക്ഷിക്കുക’ എന്ന ഖുർആൻ വാക്യം അന്വർഥമാക്കുവാൻ അത് ആവശ്യമാണ്. നബി(സ)യും സ്വഹാബികളും അങ്ങനെയാണ് ചെയ്തിരുന്നത്.

ബലിയറുക്കാൻ തീരുമാനിച്ച ഒരാൾ ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ നഖം മുറിക്കുവാനും മുടി വെട്ടുവാനും പാടുണ്ടോ?

ഹമ്പലീ മദ്ഹബ് പ്രകാരം അനുവദനീയമല്ല. ദുൽഹജ്ജ് മാസത്തിലെ ചന്ദ്രനെ കാണുന്നത് മുതൽ അവയെല്ലാം അനുവദനീയമല്ലാതായിത്തീരുന്നു. ഹജ്ജ് നിർവഹിക്കുന്നവരോട് സാമ്യത പുലർത്താനുള്ള ഒരു നടപടിയാണിത്. പുണ്യഭൂമി സന്ദർശിക്കാൻ സൗഭാഗ്യം സിദ്ധിക്കാത്തവർ സ്വന്തം നാട്ടിലും വീട്ടിലുമിരുന്ന് തീർഥാടകരോട് സാമ്യം പുലർത്തുകയാണിതിന്റെ ലക്ഷ്യം; നഖം, മുടി, താടി എന്നിവ നീക്കം ചെയ്യാതെയുള്ള ഒരു സാമ്യം. ഇതിനപ്പുറം മറ്റൊന്നും വിരോധമില്ല. ചിലർ കരുതുന്നതുപോലെ ഭാര്യാ സമ്പർക്കമോ സുഗന്ധദ്രവ്യങ്ങളോ വർജിക്കേണ്ടതില്ല. നഖം, മുടി, താടി എന്നിവ മുറിക്കൽ മാത്രമേ കറാഹത്തുള്ളൂ. ഹജ്ജിന് പോകാത്ത മുസ്‌ലിമിനോട് ഇഹ്‌റാമിലിരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ. വല്ലവരും അത് ചെയ്താൽ അതിന് തെണ്ടം കൊടുക്കേണ്ടതില്ല. മറ്റു നടപടികളും വേണ്ട. ഇനി നഖം, മുടി, താടി എന്നിവയുടെ കാര്യത്തിൽ വല്ലവരും ചട്ടം ലംഘിച്ചാൽ അതിനും തെണ്ടം കൊടുക്കേണ്ടതില്ല. അല്ലാഹുവോട് മാപ്പിരക്കുകയേ വേണ്ടൂ. പണ്ഡിതവീക്ഷണത്തിലിത് കറാഹത്ത് മാത്രമാണ്. നിസ്സാരമായ ഒരാവശ്യമെങ്കിലുമുണ്ടായാൽ കർമങ്ങളിലെ ‘കറാഹിയ്യത്ത്’ നീങ്ങുമെന്നാണ് പണ്ഡിതമതം. ഉദാഹരണത്തിന് നഖമോ മുടിയോ താടിയോ നീക്കാതെ വിട്ടതിനാലുള്ള അസ്വാസ്ഥ്യം മൂലം വല്ലവരും അത് നീക്കുന്നുവെങ്കിൽ അവർക്ക് കുറ്റമൊന്നുമില്ല.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!