Friday, April 26, 2024
Homeഇബാദത്ത്വിഗ്രഹാരാധനയെ എന്തിനെതിർക്കുന്നു?

വിഗ്രഹാരാധനയെ എന്തിനെതിർക്കുന്നു?

ചോദ്യം- ”മുസ്‌ലിംകൾ ധരിക്കുന്നതുപോലെ ഞങ്ങൾ ബഹുദൈവവിശ്വാസികളോ ബഹുദൈവാരാധകരോ അല്ല. ദൈവം ഏകനാണെന്ന് വിശ്വസിച്ച് ദൈവത്തെ ആരാധിക്കുന്നവരാണ്. വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത് ദൈവത്തെ ഓർക്കാനും ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ്. അതിലെന്താണ് കുഴപ്പം?”

ഉത്തരം- ഇസ്‌ലാം ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറയുന്നു. അവനെ മാത്രമേ വിളിച്ചു പ്രാർഥിക്കുകയും ആരാധിക്കുകയും ചെയ്യാവൂ എന്ന് കണിശമായി കൽപിക്കുന്നു. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷങ്ങളിലും അധികാരാവകാശങ്ങളിലും അവനു പങ്കുകാരെ കൽപിക്കുന്നത് അക്ഷന്തവ്യമായ അപരാധമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിരവധി കാരണങ്ങളാൽ വിഗ്രഹാരാധനയോട് വിയോജിക്കേണ്ടിവരുന്നു.

1. ദൈവം അരൂപിയും അദൃശ്യനുമാണെന്ന് ഹിന്ദുമതമുൾപ്പെടെ ലോകത്തിലെ എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നു.
കേനോപനിഷത്തിലിങ്ങനെ കാണാം:

”യന്മനസാ ന മനുതേ യേനാഹുർമനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ” (1: 6)
(മനസ്സിന് അറിവാൻ കഴിയാത്തതും എന്നാൽ മനസ്സിന് അറിവാനുള്ള കഴിവിനെ നൽകുന്നതുമായതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മം എന്നു വിചാരിച്ച് ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

”യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ” (1:7)
(കണ്ണുകൊണ്ട് കാണ്മാൻ കഴിയാത്തതും കണ്ണുകൊണ്ട് വിഷയങ്ങളെ കാണുന്നതിന് ഹേതുഭൂതമായിട്ടുള്ളതുമേതോ അത് ബ്രഹ്മമെന്നറിഞ്ഞാലും. ഇതാണതെന്ന നിലയിൽ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

”യത് ശ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം ശ്രുതം
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ”(1: 8)
(ചെവികൊണ്ട് കേൾക്കാൻ കഴിയാത്തതും എന്നാൽ ചെവിക്ക് കേൾക്കാനുള്ള കഴിവ് നൽകുന്നതുമായതേതോ അതാണ് ബ്രഹ്മമെന്നറിഞ്ഞാലും. അതാണിതെന്ന നിലയിൽ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)

ദൈവം നിരാകാരനാണെന്ന് ഹൈന്ദവദർശനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഉപനിഷത്ത് ദൈവത്തെ വിശേഷിപ്പിച്ചത് ‘നിർഗത ആകാരാത് സ നിരാകാരഃ’- യാതൊരുവന് ആകൃതിയൊന്നുമില്ലയോ അങ്ങനെയുള്ളവൻ- എന്നാണ് (സ്വാമി ദയാനന്ദ സരസ്വതി, സത്യാർഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം 38)

സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: ”ഈശ്വരൻ നിരാകാരനാകുന്നു. എന്തെന്നാൽ സാകാരനാണെങ്കിൽ വ്യാപകനായിരിക്കുന്നതല്ല. വ്യാപകനല്ലെങ്കിൽ സർവജ്ഞത്വം മുതലായ ഗുണങ്ങൾ ഈശ്വരനിൽ ഘടിക്കുകയില്ല. എന്തെന്നാൽ പരിഛിന്നമായ വസ്തുവിലുള്ള ഗുണ-കർമ-സ്വഭാവങ്ങളും പരിഛിന്നങ്ങളായിരിക്കുമല്ലോ. എന്നു മാത്രമല്ല, ഈശ്വരൻ സാകാരനാണെങ്കിൽ ശീതോഷ്ണങ്ങൾ, രോഗങ്ങൾ, ദോഷങ്ങൾ, ഛേദനം, ഭേദനം മുതലായ ക്രിയകളൊന്നുമേൽക്കാത്തവനായിരിപ്പാൻ കഴിയുകയില്ല. അതിനാൽ ഈശ്വരൻ നിരാകാരനാണെന്നുതന്നെയാണ് തീരുമാനിക്കപ്പെടുന്നത്.”(സത്യാർഥപ്രകാശം, പുറം 288)

ഖുർആൻ പറയുന്നു: ”അല്ലാഹു സകല വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവൻ സകല സംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ നാഥനായ ദൈവം. അവനല്ലാതെ ഒരു ആരാധ്യനുമില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ നിങ്ങൾ അവനെ അനുസരിച്ചു ജീവിക്കുക. അവൻ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. കണ്ണുകൾക്കവനെ കാണാനാവില്ല. അവനോ, കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവൻ സൂക്ഷ്മദൃക്കും അഭിജ്ഞനുമല്ലോ”(6:101-103).

അരൂപിയും അദൃശ്യനുമായ ദൈവത്തിന് രൂപം സങ്കൽപിക്കുന്നത് കൃത്രിമമാണ്. മിഥ്യയെ സത്യവുമായി കലർത്തലാണ്. അത് ദൈവത്തെ സംബന്ധിച്ച് വളരെ തെറ്റായ സങ്കൽപം വിശ്വാസികളിൽ വളർത്തുന്നു. അതുകൊണ്ടുതന്നെ അത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്.

ഇതു സംബന്ധമായി ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എഴുതുന്നു: ”നമ്മുടെ പിതാവിന്റെയോ ഗുരുവിന്റെയോ മറ്റോ ഛായയെടുത്തുവെച്ച് അവരുടെ അഭാവത്തിൽ അവരെ കണ്ട് സന്തോഷിക്കുന്നു; വന്ദിക്കുന്നു. അപ്രകാരം ക്ഷേത്രത്തിൽ ദൈവത്തിന്റെ പ്രതിമവെച്ച് പൂജിച്ച് സന്തോഷിക്കുന്നതാകുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ സ്വല്പബുദ്ധികൾക്ക് ദൈവം ഉണ്ടെന്ന് മനസ്സിലാകുന്നത് എങ്ങനെയാണ്? എന്ന് കാർമൻമാർ വാദിക്കുന്നു. ഇതും അസംബന്ധം തന്നെ. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടുംകൊണ്ടാണ് ഫോട്ടോ എടുക്കുന്നത്. ആ ഛായയിൽ അവരുടെ ആകൃതിവടിവും ഉണ്ട്. ദൈവത്തിന് ആകൃതിയില്ല. പിന്നെ എങ്ങനെ ഛായയെടുത്തു? ആർ എടുത്തു? ബിംബപ്പണിക്കാരും മറ്റും കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരക്കുന്നതുമാണോ ദൈവത്തിന്റെ ഛായ? ഇങ്ങനെ നാനാ വിഗ്രഹരൂപത്തിനാൽ ദൈവസ്വരൂപത്തെയും ആരാധനാക്രമത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് മഹാ അനർഥമാകുന്നു.” (വിഗ്രഹാരാധനാഖണ്ഡനം, പ്രസാധകർ: നിർമലാനന്ദയോഗി, പ്രസിഡന്റ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം, ആലത്തൂർ; പുറം 28, 29)

2. നമ്മിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ നമ്മെ ഓർക്കാനോ വേണ്ടി കുരങ്ങന്റെയോ നായയുടെയോ ചിത്രമോ പ്രതിമയോ സ്ഥാപിക്കുന്നത് നാമാരും ഇഷ്ടപ്പെടുകയില്ലല്ലോ. കാരണം, കുരങ്ങനും നായയുമൊക്കെ നമ്മേക്കാൾ നിസ്സാരവും താഴെയുമാണെന്ന് നാം ധരിക്കുന്നു. അവ്വിധം തന്നെ ഈ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ദൈവത്തിന്റെ സൃഷ്ടികളും അവനോട് താരതമ്യം ചെയ്യാനാവാത്ത വിധം നന്നേ നിസ്സാരവുമാണ്. അവയിലേതെങ്കിലും ഒന്നിനെ, ദൈവത്തെ ഓർക്കാനും അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി സ്ഥാപിക്കുന്നത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്; അതുകൊണ്ടുതന്നെ അക്ഷന്തവ്യമായ അപരാധവും.

3. ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് പറയേണ്ടത് ദൈവമാണ്. വിഗ്രഹമോ പ്രതിമകളോ പ്രതിഷ്ഠകളോ സ്ഥാപിച്ചാണ് തന്നെ ആരാധിക്കേണ്ടതെന്ന് ദൈവം പറഞ്ഞിട്ടില്ല. അത്തരമൊരു ആരാധനാരീതി പഠിപ്പിച്ചിട്ടുമില്ല. എന്നല്ല, വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ സ്ഥാപിച്ച് ആരാധന നടത്തരുതെന്ന് കണിശമായി കൽപിക്കുകയും ചെയ്തിട്ടുണ്ട്.

4. സാക്ഷാൽ ദൈവത്തെയല്ലാതെ വിളിച്ചു പ്രാർഥിക്കുന്നതും ആരാധിക്കുന്നതും അരുതാത്തതാണെന്ന് ഇസ്‌ലാമിനെപ്പോലെ ഹിന്ദുമതവും പഠിപ്പിക്കുന്നുണ്ട്. വിഗ്രഹാരാധന ബഹുദൈവാരാധനയല്ലെങ്കിൽ അന്യാരാധനയെ വിമർശിക്കേണ്ടതില്ലല്ലോ. ഛന്ദോഗ്യോപനിഷത്തിൽ ഇങ്ങനെ കാണാം: ”ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത” (ഓംകാരം യാതൊരുവന്റെ നാമധേയമാണോ, യാതൊരുവൻ ഒരിക്കലും നശിക്കയില്ലയോ അവനെയാണ് ഉപാസിക്കേണ്ടത്; മറ്റൊരുവനെയല്ല.)

വിഖ്യാതമായ ഹൈന്ദവസ്‌തോത്രത്തിലിങ്ങനെ കാണാം:
”ത്വമേകം വരണ്യം ത്വമേകം ശരണ്യം
ത്വമേകം ജഗത്കാരണം വിശ്വരൂപം”
(നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങൾ ശരണം തേടുന്നു. ലോകോല്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം.)

ശ്വേതാശ്വതരോപനിഷത്തിലിങ്ങനെ കാണാം:
”തമീശ്വരാണാം പരമം മഹേശ്വരം
തം ദേവതാനാം പരമം ച ദൈവതം
പതിം പതീനാം പരമം പരസ്താത്
വിദാമ ദേവം ഭുവനേശമീഡ്യം” (6-7)
(അത് എല്ലാ ഈശ്വരന്മാരുടെയും മഹാനായ ശാസകനും സർവ ദേവന്മാർക്കും പരമാരാധ്യനും സമസ്ത പതികളുടെയും പതിയും ധസംരക്ഷകൻപ സമസ്ത ബ്രഹ്മാണ്ഡനായകനും ആകുന്നു. സ്തുത്യർഹനും പ്രകാശ സ്വരൂപനുമായ അത് സർവത്തിനും അതീതമാണെന്ന് നാം മനസ്സിലാക്കുന്നു.)

ഗീതയിലിങ്ങനെ കാണാം:
യാന്തി ദേവപ്രതാ ദേവാന് പിതൃന് യാന്തി പിതൃ വ്രതാഃ
ഭൂതാനി യാന്തി ഭൂതേ ജ്യായാന്തി മദ്‌യാജിനോ ള ഹമാം.
(ദേവന്മാരെ ഉപാസിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളെ അണയുന്നു. ഭൂതങ്ങളെ ഉപാസിക്കുന്നവർ ഭൂതങ്ങളിലെത്തുന്നു. എന്നാൽ എന്നെ ഉപാസിക്കുന്നവർ എന്നെ പ്രാപിക്കുന്നു.) (ഉദ്ധരണം: വിദ്യവാചാസ്പതി വി. പനോളി, ‘ശ്രീശങ്കരദർശനം’, പുറം 91)

സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: ”സ്തുതി, പ്രാർഥന, ഉപാസന എന്നിവയെല്ലാം ശ്രേഷ്ഠനായിട്ടുള്ളവനു മാത്രമേ ചെയ്യപ്പെടാറുള്ളൂ. ഗുണം, കർമം, സ്വഭാവം, സത്യവ്യവഹാരം എന്നീ വിഷയങ്ങളിൽ മറ്റെല്ലാവരെക്കാളും ഉൽക്കർഷം ആർക്കുണ്ടോ അവനെയാണ് ശ്രേഷ്ഠൻ എന്നു പറയേണ്ടത്. ആർ ശ്രേഷ്ഠന്മാരിൽ വച്ച് ശ്രേഷ്ഠനാകുന്നുവോ അവനെ പരമേശ്വരൻ എന്നു പറയുന്നു. മറ്റൊരുവനേയുമല്ല. അവന് തുല്യനായിട്ട് ഒരുവൻ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോൾ ഇല്ല. ഇനിമേൽ ഉണ്ടാവുകയുമില്ല. അങ്ങനെയിരിക്കെ അവനെക്കാൾ ഉൽകൃഷ്ടനായി ഒരുവൻ ഉണ്ടാകുന്നത് എങ്ങനെ? സത്യം, ന്യായം, ദയ, സർവകർമസാമർഥ്യം, സർവജ്ഞത്വം മുതലായ അസംഖ്യം ഗുണങ്ങൾ അവന്നുള്ളതുപോലെ മറ്റൊരു ജഡപദാർഥത്തിനോ ജീവാത്മാവിനോ ഇല്ല. സത്യസ്വരൂപമായി വിളങ്ങുന്ന വസ്തുവിന്റെ ഗുണകർമ സ്വഭാവങ്ങളും സത്യങ്ങളായിത്തന്നെയിരിക്കും. അതിനാൽ മനുഷ്യരെല്ലാം പരമേശ്വരനെയാണ് സ്തുതിക്കുകയും പ്രാർഥിക്കുകയും ഉപാസിക്കുകയും ചെയ്യേണ്ടത്. മറ്റൊരുവനെയുമല്ല. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്ന പേരോടു കൂടിയ പുരാതനന്മാരായ വിദ്വാന്മാരും ദൈത്യന്മാർ, ദാനവന്മാർ തുടങ്ങിയ നികൃഷ്ട മനുഷ്യരും മറ്റുള്ള സാധാരണ മനുഷ്യരും പരമേശ്വരനിൽ പൂർണവിശ്വാസത്തോടുകൂടി അദ്ദേഹത്തെത്തന്നെയാണ് സ്തുതിക്കുകയും പ്രാർഥിക്കുകയും ഉപാസിക്കുകയും ചെയ്തിരുന്നത്. വേറൊരുവനെയല്ല. അതുകൊണ്ട് നമ്മളെല്ലാവരും അപ്രകാരം ചെയ്യുന്നതാണുചിതമായിട്ടുള്ളത്”(സത്യാർഥപ്രകാശം, പുറം 12,13).

ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെപ്പോലും സ്തുതിക്കുകയോ പ്രാർഥിക്കുകയോ ഉപാസിക്കുകയോ ചെയ്യരുതെന്നാണല്ലോ ഇതിന്റെയർഥം. ഇക്കാര്യം ശ്രീ വാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (വാഗ്ഭടാനന്ദന്റെ സമ്പൂർണ കൃതികൾ. ഒന്നാം പതിപ്പ്, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. പുറം 357-359).

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി വസിഷ്ഠനിൽനിന്ന് ഉദ്ധരിക്കുന്നു:
നട്ടകല്ലൈത്തൈവമെന്റു നാലു പുഷ്പം ചാർത്തുരിർ
ചുറ്റിവന്തുമൊണന്റു ചൊല്ലുമന്തിരമെതക്കടോ
നട്ടുകല്ലു പേയുമോ നാതതുള്ളിരുക്കയിൽ
ചുട്ടചട്ടിചട്ടുകം കറിച്ചുവൈയറിയുമോ
(ഒരു കല്ലിനെ പ്രതിഷ്ഠിക്കുന്നു. അതിൽ ഈശ്വര ഭാവനയോടു കൂടി പൂജിക്കുന്നു. അതിനെ പ്രദക്ഷിണം വെക്കുന്നു. മന്ത്രം ജപിക്കുന്നു. ആ പ്രതിഷ്ഠിച്ച കല്ലു കേൾക്കുമോ? കറിവെക്കുന്ന ചട്ടിയോ കറിയിളക്കുന്ന ചട്ടുകമോ, കറിയുടെ രസത്തെ അറിയുമോ?) (വിഗ്രഹാരാധനാ ഖണ്ഡനം, പുറം 7)

5. സാധാരണക്കാർക്ക് ആരാധിക്കാൻ വിഗ്രഹം വേണമെന്ന വാദത്തെ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഇങ്ങനെ ഖണ്ഡിക്കുന്നു: ”കുട്ടികൾക്ക് ചെറിയ കുപ്പായം വേണം. വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികൾക്ക് വിഗ്രഹാരാധന വേണം. ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല’ എന്ന് വാദിക്കുന്നു. ഇത് ‘കുട്ടികൾക്ക് കാണ്മാൻ ഒരു ചെറിയ സൂര്യൻ വേണം. വലിയ സൂര്യന്റെ വെളിച്ചം നോക്കിയാൽ കാണുകയില്ല’ എന്നു പറയുന്നപോലെ അസംബന്ധമാകുന്നു.”(വിഗ്രഹാരാധനാഖണ്ഡനം)

6. വിഗ്രഹാരാധകരായ മഹാഭൂരിപക്ഷവും വിഗ്രഹങ്ങൾക്ക് പ്രത്യേകമായ പുണ്യവും ദിവ്യത്വവും കൽപിക്കുന്നവരാണ്. ആരുടെ പ്രതിഷ്ഠയാണോ, അവരുടെ ചൈതന്യം അതിൽ ആവാഹിക്കപ്പെട്ടതായാണ് വിഗ്രഹാരാധകരുടെ വിശ്വാസം. മറിച്ച്, ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമായിരുന്നെങ്കിൽ മുന്നിൽ എന്തെങ്കിലുമൊന്ന് വച്ചാൽ മതിയല്ലോ. എന്നു മാത്രമല്ല, നിലവിലുള്ള വിഗ്രഹം മാറ്റി മറ്റു വല്ലതും വച്ചാൽ എതിർക്കപ്പെടുകയുമില്ല. എന്നാൽ തങ്ങളാരാധിക്കുന്ന വിഗ്രഹത്തെ മാറ്റുന്നത് വിശ്വാസികൾക്ക് സങ്കൽപിക്കുക പോലും സാധ്യമല്ല. അതിനാൽ വിഗ്രഹം ദൈവത്തെ ഓർക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും മാത്രമാണെന്ന വാദം വസ്തുനിഷ്ഠമല്ല. അത് ബഹുദൈവാരാധന തന്നെയാണ്. അതിനാലാണ് ഛന്ദോഗ്യോപനിഷത്തിനും സ്വാമി ദയാനന്ദ സരസ്വതിക്കും വാഗ്ഭടാനന്ദഗുരുവിനുമെല്ലാം അന്യദൈവാരാധനയെ എതിർക്കേണ്ടിവന്നത്.

7. ദൈവം അദ്വിതീയനും അതുല്യനും അസദൃശനുമാണെന്ന് എല്ലാ മതങ്ങളും പറയുന്നു. ദൈവത്തെ സംബന്ധിച്ച് ഇന്നതുപോലെ എന്നുപോലും പറയുക സാധ്യമല്ല. അതോടൊപ്പം മനുഷ്യന്റെ കണ്ണും മനസ്സും എവിടെയാണോ കേന്ദ്രീകരിക്കുന്നത് അതിന്റെ പ്രതിരൂപമാണ് മനസ്സിൽ പതിയുക. വിഗ്രഹാരാധകന്റെ മനസ്സിൽ വിഗ്രഹത്തിന്റെ പ്രതിബിംബമാണ് സ്ഥാനം പിടിക്കുക. അതിനാൽ ആരാധകന്റെ മനസ്സിൽ ദൈവത്തിനു പകരം വിഗ്രഹമാണ് സ്ഥാനം പിടിക്കുക. അങ്ങനെ ദൈവത്തിന്റെ സ്ഥാനം വിഗ്രഹം കൈയടക്കുന്നു.

8. ആരാധ്യനോടുള്ള ആത്യന്തികമായ ആദരവിനാൽ ആരാധകൻ പരമമായ വിനയത്തോടെ നിർവഹിക്കുന്ന കർമമാണല്ലോ ആരാധന. സൃഷ്ടികളിൽ ശ്രേഷ്ഠനായ മനുഷ്യൻ അത് തന്നെപ്പോലുള്ളവർക്കോ തന്നേക്കാൾ താഴെയുള്ളവയ്‌ക്കോ അർപ്പിക്കുന്നത് തന്റെ മഹിതമായ പദവിക്കും മാന്യതക്കും നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ ദൈവേതരർക്കുള്ള ആരാധന സ്വന്തത്തോടുള്ള അതിക്രമം കൂടിയായാണ് ഇസ്‌ലാം കാണുന്നത്. സർവോപരി, സ്വാമി ദയാനന്ദ സരസ്വതി വ്യക്തമാക്കിയപോലെ പരമമായ ആദരവ് അർപ്പിക്കേണ്ടത് അതർഹിക്കുന്നവന്നാണ്. ശ്രേഷ്ഠതയിലും മഹത്വത്തിലും ജ്ഞാനത്തിലും ശക്തിയിലും പൂർണതയുള്ളവൻ ദൈവം മാത്രമാണ്. അതിനാൽ അവൻ മാത്രമേ ആരാധന അർഹിക്കുന്നുള്ളൂ. അതവനുമാത്രം അവകാശപ്പെട്ടതുമാണ്. ദൈവത്തിനു മാത്രം അവകാശപ്പെട്ടത് മറ്റുള്ളവർക്ക് നൽകൽ ദൈവഹിതത്തിനെതിരും അവയെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കലുമാണ്. വിഗ്രഹാരാധന കൊടിയ പാപമാകാനുള്ള കാരണവും അതുതന്നെ.

 

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!