Friday, April 26, 2024
Homeകച്ചവടംകച്ചവടത്തിലെ ലാഭത്തിന് പരിധിയുണ്ടോ?

കച്ചവടത്തിലെ ലാഭത്തിന് പരിധിയുണ്ടോ?

ചോദ്യം- കച്ചവടത്തിലെ ലാഭത്തിന് ശരീഅത്ത് പരിധി നിശ്ചയിച്ചിട്ടുണ്ടോ? അതോ ലാഭത്തിന്റെ പരിധി നിർണയിക്കുന്നതിൽ വ്യാപാരി സ്വതന്ത്രനാണോ?

ഉത്തരം- വിഷയം ചർച്ച ചെയ്യുന്നതിന് മുമ്പ് ഇപ്പറഞ്ഞതിന്റെ താൽപര്യം എന്താണെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കച്ചവടത്തിലെ ലാഭത്തിന്റെ പരിധി നിശ്ചയിക്കേണ്ടത് അധികാരി വർഗത്തിന്റെ കടമയാണെന്ന് ചിലർ വിചാരിക്കുന്നു. എന്നാൽ അതല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. അതാണിവിടെ ഉദ്ദേശ്യമെങ്കിൽ അത് വിലനിർണയം എന്ന തലക്കെട്ടിലാണ് ചർച്ച ചെയ്യേണ്ടത്.

അതോടൊപ്പം വിലനിർണയം കച്ചവടക്കാരിൽ മാത്രം പരിമിതമല്ല. മറിച്ച്, കർഷകരെയും മറ്റുൽപാദകരെയും അതുൾക്കൊള്ളുന്നു. അതേപോലെ ചിലർ കച്ചവടത്തിലെ ലാഭവും വഞ്ചനയുമായി കൂട്ടിക്കലർത്തി മനസ്സിലാക്കുന്നു. ചില കർമശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ലാഭം മൂന്നിൽ ഒന്നിന്റെ പരിധിയിൽ ഒതുങ്ങുമെങ്കിൽ അതനുവദനീയമാണ്. അതിൽ കൂടുതലുള്ളത് അമിത ലാഭവുമാണ്.

പക്ഷേ, ലാഭം വേറെ; അമിത ലാഭം വേറെ. അവക്കിടയിൽ അനിവാര്യമായ ബന്ധമൊന്നുമില്ല. ചിലപ്പോൾ കച്ചവടക്കാരന് അമ്പത് ശതമാനവും ചിലപ്പോൾ നൂറ് ശതമാനവും ലാഭം കിട്ടും. അയാൾ ഉപഭോക്താവിനെ വഞ്ചിക്കുന്നുമില്ല. കാരണം, വിപണിയിൽ അതിന്റെ വില അത്രയോ അതിൽ കൂടുതലോ ആയിരിക്കും.

ചിലപ്പോൾ കുറഞ്ഞ ലാഭത്തിനും ചിലപ്പോൾ ലാഭമില്ലാതെയും മറ്റു ചിലപ്പോൾ നഷ്ടത്തിനും വിൽക്കും. അതോടൊപ്പം അയാൾ ഉപഭോക്താവിനെ വഞ്ചിക്കുകയുമാവും. അതിനാൽ ഇവിടെ കച്ചവടത്തിന്റെയും ലാഭത്തിന്റെയും താൽപര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കച്ചവടവും ലാഭവും
കച്ചവടം: ചരക്ക് വാങ്ങുകയും ലാഭം ഉദ്ദേശിച്ച് അത് വിൽക്കുകയും ചെയ്യുക.

ലാഭം: ചരക്ക് വാങ്ങിയ ശേഷം കച്ചവടച്ചെലവുകളും കൂട്ടി അത് വിൽക്കുമ്പോൾ അധികം വരുന്ന സംഖ്യ.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടെ ചെയ്യുന്ന കച്ചവട ഇടപാട് മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളന്യോന്യം തിന്നരുത്.” (അന്നിസാഅ്: 29)

ആത്മീയമായ കച്ചവടത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”അവരുദ്ദേശിക്കുന്നത് ഒരിക്കലും നഷ്ടം വരാത്ത കച്ചവടമാകുന്നു.”(ഫാത്വിർ: 29)
”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയിൽനിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാൻ നിങ്ങൾക്കറിയിച്ചുതരട്ടെയോ?” (അസ്സ്വഫ്ഫ്: 10)

കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു: ”സന്മാർഗം വിറ്റ് പകരം ദുർമാർഗം വാങ്ങിയവരായിരുന്നു അവർ. എന്നാൽ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.” (അൽബഖറ: 16)

ഇതൊക്കെ സൂചിപ്പിക്കുന്നത്, കച്ചവടമെന്നത് ലാഭം കിട്ടാൻ എന്നതാണ്. ഇനി ഒരാൾക്ക് കച്ചവടത്തിൽ ലാഭം കിട്ടിയില്ലെങ്കിൽ അയാളുടെ ചരക്ക് മോശമാണ്, അല്ലെങ്കിൽ അയാളുടെ ഇടപാട് മോശമാണ് എന്നാണർഥം.

നബി(സ) പറഞ്ഞു: ”പള്ളിയിൽ കച്ചവടം ചെയ്യുന്ന ഒരാളെ കണ്ടാൽ നിങ്ങൾ പറയുക: നിന്റെ കച്ചവടത്തിൽ ലാഭം ഉണ്ടാകാതിരിക്കട്ടെ.” ഇതിന്റെ അർഥം, കച്ചവടം ചെയ്യുന്നത് ലാഭം കിട്ടാനാണ് എന്നതാകുന്നു.

സത്യവിശ്വാസികളായ കച്ചവടക്കാരെക്കുറിച്ച് അല്ലാഹു പറയുന്നു: ”അല്ലാഹുവെ സ്മരിക്കുന്നതിൽനിന്നും നമസ്‌കാരം മുറപോലെ നിർവഹിക്കുന്നതിൽനിന്നും സകാത്ത് നൽകുന്നതിൽനിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ദിവസത്തെ അവർ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു.” (അന്നൂർ: 37)

കച്ചവടം വിൽക്കലും വാങ്ങലുമാണെങ്കിൽ പലിശയും കച്ചവടവും ഒരുപോലെയാണെന്ന് പറയുന്നവരെ വിമർശിച്ച് അല്ലാഹു പറയുന്നു: ”കച്ചവടവും പലിശപോലെത്തന്നെയാണെന്ന് അവർ പറയുന്നതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.” (അൽബഖറ: 275)

തൃപ്തികരമായി ചെയ്യുന്ന കച്ചവടം അല്ലാഹുവിന്റെ ഔദാര്യം തേടലാണെന്ന് ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടുകഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തേടുകയും ചെയ്യുക.” (അൽജുമുഅഃ: 10)

”വേറെ ചിലർ ഭൂമിയിൽ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടുന്നവരാണ്.” (അൽമുസ്സമ്മിൽ: 20)

ഇങ്ങനെ അനുഗ്രഹം തേടുന്നതിനെ ഖുർആൻ വിലക്കിയിട്ടില്ല; അത് ഹജ്ജ് വേളയിലാണെങ്കിൽപോലും. അല്ലാഹു പറയുന്നു: ”(ഹജ്ജിന്നിടയിൽ) നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള ഭൗതികാനുഗ്രഹങ്ങൾ തേടുന്നതിൽ കുറ്റമൊന്നുമില്ല.” (അൽബഖറ: 198)

കച്ചവടത്തിന്റെ താൽപര്യങ്ങൾ
തിരുമേനി പറഞ്ഞു: ”അറിയുക: ആരെങ്കിലും അനാഥയുടെ സംരക്ഷകനാവുകയും, അനാഥന് ധനമുണ്ടാവുകയും ചെയ്താൽ അതുകൊണ്ടയാൾ കച്ചവടം ചെയ്യട്ടെ. സദഖ അതിനെ തിന്നുതീർക്കാൻ വേണ്ടി അയാൾ അത് ഉപേക്ഷിച്ചിടരുത്.” (തിർമിദി)

മറ്റൊരിക്കൽ തിരുമേനി പറഞ്ഞു: ”നിങ്ങൾ അനാഥയുടെ സ്വത്തു കൊണ്ട് കച്ചവടം ചെയ്യുക. സകാത്ത് അതിനെ തിന്നുതീർക്കരുത്.”
ധനത്തിന്റെയും കച്ചവടത്തിന്റെയും രംഗത്ത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഈ ഹദീസുകൾ വിരൽചൂണ്ടുന്നു. അതായത്, വിജയകരമായ കച്ചവടം സാധ്യമാവണമെങ്കിൽ നന്നെ ചുരുങ്ങിയത് ധനത്തിൽ സകാത്ത് നിർബന്ധമാകുന്ന അത്രയും ലാഭമുണ്ടാവുകയും, ധനത്തിന്റെ ഉടമക്കും അയാളുടെ ആശ്രിതർക്കും ചെലവിനുള്ള വകയുണ്ടാവുകയും വേണം.

സകാത്ത് നൽകുന്നതോടെ ധനം ബാഹ്യമായി ചുരുങ്ങിവരും. അപ്പോൾ 100 എന്നത് 97.5 എന്നായി മാറും. അതേപോലെ ഉടമയുടെ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന്റെ തോതനുസരിച്ചും ധനം ചുരുങ്ങിവരും.

കുറച്ച് ധനമുള്ളവർക്ക് കൂടുതൽ ലാഭം ഉണ്ടാവുക അനിവാര്യമായിത്തീരുന്നു. ഒന്നുകിൽ കൂടുതൽ കച്ചവടം നടക്കുന്നതുകൊണ്ട്. അല്ലെങ്കിൽ ലാഭത്തിന്റെ തോത് വർധിക്കുന്നതുകൊണ്ട്. അങ്ങനെ ലാഭംകൊണ്ട് ചെലവുകൾ നികത്താനാവും. അല്ലെങ്കിൽ ചെലവുകൾ മൂലധനത്തെ ഇല്ലാതാക്കുകയാവും ഫലം. എന്നാൽ അധിക ധനമുള്ളവന്റെ കാര്യം വ്യത്യസ്തമാണ്. അയാൾക്ക് കുറഞ്ഞ ലാഭം കിട്ടിയാൽതന്നെ മതിയാകും.

ലാഭത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ?
ധനത്തിൽനിന്ന് ചെലവിനുള്ള ലാഭമുണ്ടാക്കുന്നതിന് വേണ്ടിയും മൂലധനം സംരക്ഷിക്കാൻ വേണ്ടിയും ധനം ഉപയോഗിച്ച് കച്ചവടം ചെയ്യാൻ സുന്നത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും കച്ചവടത്തിന് കൃത്യമായ ലാഭം നിശ്ചയിച്ചിട്ടുണ്ടോ? ഖുർആനും സുന്നത്തും ഖലീഫമാരുടെ ചര്യയും പരിശോധിച്ചാൽ, ലാഭത്തിന് നിശ്ചിതതോത് നിർണയിച്ചതായി കാണാൻ കഴിയുകയില്ല. എല്ലാ ചുറ്റുപാടിലും എല്ലാ സമയത്തും എല്ലാ ജനവിഭാഗത്തിലും എല്ലാ സാധനത്തിനും നിശ്ചിത ലാഭം നിശ്ചയിച്ചാൽ അതിൽ എപ്പോഴും നീതി പുലർത്താൻ കഴിയുകയില്ല എന്നതായിരിക്കാമതിന് കാരണം.

ചില സാധനങ്ങൾ വേഗം ചെലവാകും. ചിലത് ചെലവാകാൻ ഒരു വർഷമോ അതിൽ കൂടുതലോ എടുക്കും. അപ്പോൾ ആദ്യത്തേതിന്റെ ലാഭം രണ്ടാമത്തേതിനെക്കാൾ കുറവായിരിക്കൽ അനിവാര്യമാണ്.

അതുപോലെ കുറച്ച് വിൽക്കുകയും കൂടുതൽ വിൽക്കുകയും ചെയ്യുന്നവർക്കിടയിലും വ്യത്യാസമുണ്ട്. കുറഞ്ഞ മൂലധനം മുടക്കുന്നവനും കൂടുതൽ മൂലധനം മുടക്കുന്നവനും തമ്മിൽ വ്യത്യാസമുണ്ട്. കാരണം, കൂടിയ ധനത്തിൽ കുറഞ്ഞ ലാഭം തന്നെ അധികമുണ്ടാകും.
സാധനം റൊക്കം വിൽക്കുന്നവനും കടം വിൽക്കുന്നവനും തമ്മിലും വ്യത്യാസമുണ്ട്. റൊക്കം കച്ചവടം ചെയ്യുന്നവർക്ക് ലാഭം കുറവായിരിക്കും. എന്നാൽ അവധിക്ക് വിൽക്കുന്നതിന്റെ ലാഭവിഹിതം കൂടുതലായിരിക്കും. ഉപഭോക്താവിൽനിന്ന് ബുദ്ധിമുട്ട് നേരിടാനും അല്ലെങ്കിൽ അവൻ അവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ട് എന്ന പരിഗണനയാലാണത്. അവധി അധികമുണ്ടെങ്കിൽ വില വർധിപ്പിക്കാമെന്ന് ഇരുപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

അവശ്യവസ്തുക്കൾ (പ്രത്യേകിച്ച് ദരിദ്രർക്ക് ആവശ്യമുള്ളവ) വിൽക്കുന്നതും ധനികർ മാത്രം വാങ്ങുന്ന ആഡംബര വസ്തുക്കൾ വിൽക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് ആദ്യം പറഞ്ഞ ഇനത്തിൽ പാവങ്ങളെയും അത്യാവശ്യക്കാരെയും പരിഗണിച്ച് ലാഭം കുറയ്ക്കുകയാണ് വേണ്ടത്. രണ്ടാമത്തേതിൽ ലാഭം കൂട്ടുകയും ചെയ്യാം.

അതുപോലെ ചരക്കുകൾ വേഗത്തിൽ ലഭ്യമാകുന്നതും, പ്രയാസപ്പെട്ട് ചരക്ക് ശേഖരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അപ്രകാരംതന്നെ ചരക്ക് കിട്ടിയതുപോലെ വിൽക്കുന്നതും അതിൽ മാറ്റം വരുത്തി വിൽക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.

ചരക്ക് കുറഞ്ഞ വിലയ്ക്ക് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങുന്നതും ഇടനിലക്കാർ മുഖേന കൂടിയ വിലയ്ക്ക് വാങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അപ്പോൾ ആദ്യത്തെയാൾക്ക് രണ്ടാമത്തെയാളെക്കാൾ ലാഭം കിട്ടും.

ഇപ്പറഞ്ഞതിന്റെയൊക്കെ താൽപര്യം, പ്രമാണങ്ങളുടെ വെളിച്ചത്തിൽ ലാഭത്തിന് നിശ്ചിതപരിധി നിർണയിച്ചിട്ടില്ല എന്നതാണ്. അതൊക്കെ സത്യവിശ്വാസിയുടെ മനഃസാക്ഷിക്കും നാട്ടുനടപ്പിനും വിട്ടിരിക്കുകയാണ്. നീതിയുടെ താൽപര്യം മാനിച്ചും ഒരാൾക്കും ഉപദ്രവമുണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടാവുകയും വേണം എന്നുമാത്രം.

ഇസ്‌ലാം ധനവും ധർമവും തമ്മിൽ വേർതിരിക്കുന്നില്ല. എന്നാൽ മുതലാളിത്ത വ്യവസ്ഥയിലാകട്ടെ, വ്യക്തിയുടെ ലാഭമാണ് സർവപ്രധാനം. ഇസ്‌ലാം സമർപ്പിക്കുന്ന തത്വങ്ങളൊന്നും അതിന് സ്വീകാര്യമല്ല. പലിശ മുഖേനയോ, സാധനങ്ങൾ പൂഴ്ത്തിവെച്ചോ ലാഭമുണ്ടാക്കുന്നതിൽ അവർക്ക് വിരോധമില്ല. ഇസ്‌ലാമിന് കച്ചവടരംഗത്തും ചില നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. എല്ലാ കച്ചവടക്കാരനും അതനുസരിച്ച് പ്രവർത്തിക്കണം. അതല്ലെങ്കിൽ അയാളുടെ ലാഭം ഹറാമോ സംശയാസ്പദമായതോ ആയിത്തീരും.

എന്റെ അറിവിൽ പെട്ടേടത്തോളം കർമശാസ്ത്ര പണ്ഡിതന്മാർ കച്ചവടത്തിൽ നിശ്ചിത ലാഭവിഹിതം നിർണയിച്ചതായി അറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഹനഫീ പണ്ഡിതൻ അല്ലാമാ സൈലഈ ഭക്ഷണസാധനങ്ങൾ പരിധിയിൽ കവിഞ്ഞ വിലയ്ക്ക് വിൽക്കുമ്പോൾ വില നിർണയിക്കേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത് മാത്രമാണിതിന്നപവാദം.

പരിധിയിൽ കവിഞ്ഞ വിലയ്ക്ക് വിൽക്കുക എന്നാൽ വിലയുടെ ഇരട്ടി സംഖ്യക്ക് വിൽക്കുക എന്നാണ് ഉദ്ദേശ്യമെന്ന് സൈലഈ പറഞ്ഞു. പക്ഷേ, വില എന്നാൽ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അത് മാർക്കറ്റിൽ നടപ്പുള്ള വിലയാണോ അതോ ചരക്ക് വാങ്ങിയ വിലയാണോ എന്ന് വ്യക്തമാക്കിയില്ല.

മാലികീ പണ്ഡിതന്മാരിൽ ചിലർ ലാഭവിഹിതം മൂന്നിൽ ഒന്നായി നിർണയിച്ചുവെന്ന അഭിപ്രായവും പ്രചാരത്തിലുണ്ട്. ഈ വാദത്തിന്റെ ഉറവിടം എവിടെയാണെന്നെനിക്കറിയാൻ കഴിഞ്ഞിട്ടില്ല.

പ്രവാചകചര്യയിൽനിന്നും സ്വഹാബിമാരുടെ കർമമാതൃകയിൽനിന്നും എനിക്ക് മനസ്സിലായേടത്തോളം, ലാഭം ഹറാമിന്റെയും സദൃശമായ തിന്മകളുടെയും എല്ലാ കാരണങ്ങളിൽനിന്നും മോചിതമായിട്ടുണ്ടെങ്കിൽ അതനുവദനീയവും നിയമപ്രാബല്യമുള്ളതുമാണ്. അപ്പോൾ ഉടമക്ക് മൂലധനത്തിന്റെ ഇരട്ടി അഥവാ, 100 ശതമാനവും അതിൽ കൂടുതലും ലാഭമെടുക്കാം.

100 ശതമാനം ലാഭമെടുക്കൽ
100 ശതമാനം ലാഭമെടുക്കുന്നത് അനുവദനീയമാണെന്നതിന് തെളിവായി സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്. ഇമാം അഹ്മദ് തന്റെ മുസ്‌നദിൽ ഉർവയിൽനിന്നുദ്ധരിക്കുന്നു: ”തിരുമേനി എനിക്ക് ഒരു ദീനാർ നൽകിയിട്ട് പറഞ്ഞു: നമുക്ക് ഒരാടിനെ വാങ്ങിവരൂ. ഞാൻ ആടിന്റെ ഉടമയോട് വിലപേശി ഒരു ദീനാറിന് രണ്ട് ആടു വാങ്ങി. ഞാൻ അവയെ തെളിച്ച് വരുകയാണ്. അപ്പോൾ ഒരാൾ എന്നോട് അതിലൊരാടിനെ വിൽക്കുമോ എന്നു ചോദിച്ചു. ഞാൻ അയാൾക്ക് ഒരു ദീനാറിന് ഒരാടിനെ വിറ്റു. എന്നിട്ട് ഞാൻ ദീനാറും ആടുമായി പ്രവാചകസന്നിധിയിൽ ചെന്നു. തിരുമേനിയോട് പറഞ്ഞു: പ്രവാചകരേ, ഇതാ താങ്കളുടെ ദീനാർ. ഇതാ താങ്കളുടെ ആട്! അപ്പോൾ തിരുമേനി ചോദിച്ചു: താങ്കൾ എന്താണ് ചെയ്തത്? ഞാൻ തിരുമേനിയോട് സംഭവിച്ചതെല്ലാം പറഞ്ഞു. തിരുമേനി പ്രതിവചിച്ചു: അല്ലാഹുവേ, അദ്ദേഹത്തിന്റെ ഇടപാടിൽ അനുഗ്രഹം ചൊരിയേണമേ! പിൽക്കാലത്ത് ഞാൻ കൂഫയിലെ ഒരൊഴിഞ്ഞ സ്ഥലത്ത് നിൽക്കുകയാണ്. ഞാൻ കുടുംബത്തിലേക്ക് മടങ്ങുന്നതിന് മുമ്പായി എനിക്ക് നാൽപതിനായിരം ലാഭം കിട്ടിയിട്ടുണ്ട്!”

100 ശതമാനത്തിൽ കൂടുതൽ ലാഭമെടുക്കൽ
ചതി, പൂഴ്ത്തിവെപ്പ്, അമിതലാഭം, വഞ്ചന ഇവയൊന്നും കൂടാതെ കച്ചവടം ചെയ്താൽ എത്രയും ലാഭമെടുക്കാം എന്നതിനും തെളിവുണ്ട്. പ്രമുഖ സ്വഹാബിയായ സുബൈറുബ്‌നുൽ അവാം ഒരു വനഭൂമി വാങ്ങി. മദീനയുടെ മുകൾഭാഗത്തുള്ള പ്രധാനപ്പെട്ട സ്ഥലമാണത്. 1,70,000 കൊടുത്താണ് വാങ്ങിയത്. അത് അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ മകൻ ഒരു കോടി അറുപത് ലക്ഷത്തിനു വിറ്റ് ഒമ്പതിരട്ടി ലാഭം നേടി.

സുബൈറുബ്‌നുൽ അവാം ജമൽ യുദ്ധത്തിൽ മരിക്കുമ്പോൾ അദ്ദേഹത്തിന് വലിയ ഒരു സംഖ്യ കടമുണ്ടായിരുന്നു. അത് തീർക്കാനായി മകൻ അബ്ദുല്ല ഭൂമി വീതിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫർ, മുആവിയ എന്നിവർക്ക് വലിയ സംഖ്യക്ക് വിൽക്കുകയായിരുന്നു. അവർ എല്ലാവരും സ്വഹാബിമാരായിരുന്നു. അക്കാലത്ത് ധാരാളം സ്വഹാബിമാർ ജീവിച്ചിരിപ്പുമുണ്ടായിരുന്നു. ആരും അതിനെ എതിർത്തുകണ്ടില്ല. അതുകൊണ്ട് അതനുവദനീയമാണെന്നാണ് സ്വഹാബിമാരുടെ ഏകാഭിപ്രായം.

ഒരു കാര്യം വ്യക്തമാക്കാനുദ്ദേശിക്കുന്നു: തിരുമേനിയുടെയും ഖലീഫമാരുടെയും കാലത്തെ സംഭവങ്ങൾ ഉദ്ധരിച്ചതിൽനിന്ന് എല്ലാ ഇടപാടിലും ലാഭം മൂലധനത്തിന്റെ ഇരട്ടിയും അതിൽകൂടുതലുമാകാം എന്ന് വരുന്നില്ല. ഉർവയുടെ സംഭവത്തിലും അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ സംഭവത്തിലും നാം ഉദ്ധരിച്ച ഹദീസ് യഥാർഥത്തിൽ വ്യക്തിപരമാകുന്നു. അല്ലെങ്കിൽ ഒറ്റപ്പെട്ട സംഭവമാകുന്നു. അവയെ സാമാന്യവൽക്കരിക്കരുത്. അതിൽനിന്ന് പൊതുവായതും സ്ഥായിയായതും നിയമാനുസൃതവുമായ വിധി സ്വീകരിക്കാവതുമല്ല. പ്രത്യേകിച്ച്, പൊതുജനങ്ങൾക്ക് വേണ്ട അവശ്യവസ്തുക്കൾ കച്ചവടം ചെയ്യുന്നവർ ഇതോർക്കേണ്ടതാണ്.

മേൽപറഞ്ഞ സംഭവങ്ങൾ വിലക്കയറ്റമുണ്ടാക്കുക, സാധനം പൂഴ്ത്തിവെക്കുക, ഉപഭോക്താവിനെ വഞ്ചിക്കുക, അയാളുടെ അടിയന്തിരാവശ്യം മുതലെടുക്കുക എന്നീ തരത്തിലാവരുത്.

ശരീഅത്ത് വിലക്കുന്ന വ്യാപാരങ്ങളിൽനിന്നും ലഭിക്കുന്ന ലാഭം ഹറാമാണ്. ഈ ലോകത്ത് ലാഭമുണ്ടാക്കുന്നതിന് പരലോകം നഷ്ടപ്പെടുത്താൻ സത്യവിശ്വാസി ആഗ്രഹിക്കുകയില്ല. അത് ചുരുക്കി വിവരിക്കാം:

ഹറാമായ വസ്തുക്കൾ വിൽക്കുന്നതിലെ ലാഭം
ശർഇൽ ഹറാമാക്കിയ വസ്തുക്കൾ കച്ചവടം ചെയ്യുന്നത് അതിൽ പെടുന്നു. ഉദാ: ലഹരിവസ്തുക്കൾ, മയക്കുമരുന്ന്, ശവം, ബിംബങ്ങൾ എന്നിവ. അതുപോലെ പഴകിയ ഭക്ഷണപാനീയങ്ങൾ, ഉപദ്രവകാരിയായ വസ്തുക്കൾ, നിരോധിക്കപ്പെട്ട മരുന്നുകൾ ഇവയെല്ലാം വിൽക്കുന്നത് അതിൽ പെടുന്നു.

ഹറാമായ വസ്തുക്കൾ കച്ചവടം ചെയ്യുന്നതും അതിന്റെ വില ഉപയോഗിക്കുന്നതും വിലക്കുന്ന ധാരാളം ഹദീസുകൾ കാണാം.
ജാബിറിൽനിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ”കള്ള്, ശവം, പന്നി, ബിംബങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു വിരോധിച്ചു.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം: ”അല്ലാഹു ജൂതന്മാരെ ശപിച്ചു. അല്ലാഹു പന്നിയുടെ കൊഴുപ്പ് അവർക്ക് ഹറാമാക്കിയപ്പോൾ അവരത് ഉരുക്കിയെടുത്ത് വിറ്റ് അതിന്റെ വില തിന്നു.”

ഇബ്‌നു അബ്ബാസിൽനിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ”അല്ലാഹു ജൂതന്മാരെ ശപിച്ചു. അവർക്കവൻ കൊഴുപ്പ് ഹറാമാക്കി. അപ്പോഴവർ അത് വിൽക്കുകയും അതിന്റെ വില തിന്നുകയും ചെയ്തു. അല്ലാഹു ഒരു കൂട്ടർക്ക് ഒരു വസ്തു തിന്നുന്നത് വിലക്കിയാൽ അവർക്കതിന്റെ വിലയും ഹറാമാക്കി.”

ഇബ്‌നു അബ്ബാസ് പറയുന്നു: തിരുമേനി നായയുടെ വില ഹറാമാക്കിയിരിക്കുന്നു. അവിടുന്ന് പറഞ്ഞു: ”ഒരാൾ നിന്റെയടുത്ത് നായയുടെ വില ചോദിച്ചുവന്നാൽ കൈ നിറയെ മണ്ണുവാരിയിട്ട് കൊടുക്കുക.”

ആഇശയിൽനിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ”മദ്യവിൽപന ഹറാമാക്കിയിരിക്കുന്നു.”

ഇബ്‌നു ഉമറിൽനിന്ന് നിവേദനം: ”തിരുമേനി മദ്യത്തെയും അത് കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും അതിന്റെ വിൽപനക്കാരനെയും അത് വാങ്ങുന്നവനെയും അത് പിഴിയുന്നവനെയും പിഴിയാൻ കൽപിക്കുന്നവനെയും അത് ചുമക്കുന്നവനെയും ആർക്കു വേണ്ടിയാണോ ചുമക്കുന്നത് അവനെയും അതിന്റെ വില തിന്നുന്നവനെയും ശപിച്ചിരിക്കുന്നു.”

ഇതിൽനിന്ന് ഇത്തരം നിഷിദ്ധ വസ്തുക്കളുടെ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം നിഷിദ്ധമായ ലാഭമാണെന്ന് വ്യക്തമായി; അതിന്റെ ശതമാനം കൂടിയാലും കുറഞ്ഞാലും ശരി.

ചതിയിലൂടെ ലാഭമുണ്ടാക്കൽ
അപ്രകാരംതന്നെയാണ് കച്ചവടത്തിൽ ചതിച്ചും കള്ളംപറഞ്ഞും ലാഭമുണ്ടാക്കുന്നതും. സാധനത്തിന്റെ ന്യൂനത മറച്ചുവെച്ചും വഞ്ചനാപരമായി അതിനെ പ്രദർശിപ്പിച്ചുകൊണ്ടും അമിതമായ പരസ്യം നൽകിയും ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഇതിൽ പെടുന്നു. തിരുമേനി പറഞ്ഞു: ”ആരെങ്കിലും വഞ്ചന നടത്തിയാൽ അവൻ നമ്മിൽ പെട്ടവനല്ല.”

അത്വിയ്യത്തുബ്ൻ ആമിറിൽനിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ”ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. ഒരു മുസ്‌ലിം ന്യൂനതയുള്ള സാധനം തന്റെ സഹോദരനു വിൽക്കുമ്പോൾ അതിന്റെ ന്യൂനത വ്യക്തമാക്കണം.”

പൂർവികർ സാധനത്തിന്റെ ന്യൂനത വ്യക്തമാക്കുന്നത് ദീനിന്റെ ഗുണകാംക്ഷയിൽ പെട്ടതാണെന്ന് മനസ്സിലാക്കി. ജരീറുബ്‌നു അബ്ദില്ല വല്ല സാധനവും വിൽക്കാനൊരുങ്ങിയാൽ ഉപഭോക്താവിന് അതിന്റെ ന്യൂനതകൾ പറഞ്ഞു കൊടുക്കുകയും ശേഷം അയാൾക്ക് വേണമെങ്കിൽ വാങ്ങാം എന്ന് പറയുകയും ചെയ്തു. അപ്പോൾ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: ”താങ്കൾ ഇങ്ങനെ ചെയ്താൽ താങ്കളുടെ കച്ചവടം മെച്ചപ്പെടില്ലല്ലോ.” അപ്പോൾ അദ്ദേഹം പറഞ്ഞു: ”എല്ലാ മുസ്‌ലിമിനോടും ഗുണകാംക്ഷയുള്ളവരായിരിക്കുമെന്ന് ഞങ്ങൾ തിരുമേനിയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്.”

വാഥിലതുബ്‌നുൽ അസ്ഖഅ് ഒരിടത്ത് നിൽക്കവേ ഒരാൾ മുന്നൂറ് ദിർഹമിന് തന്റെ ഒട്ടകത്തെ വിറ്റു. വാങ്ങിയയാൾ ഒട്ടകത്തെ തെളിച്ചുകൊണ്ടു പോയി. അപ്പോൾ അദ്ദേഹം അയാളുടെ പിറകെ ചെന്നു ചോദിച്ചു. ”നീ അതിനെ അറുക്കാൻ വാങ്ങിയതാണോ അതോ സവാരിക്ക് വാങ്ങിയതോ? അയാൾ പറഞ്ഞു: ഞാൻ സവാരിക്ക് വാങ്ങിയതാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: അതിന്റെ കുളമ്പിന് ഒരു ദ്വാരമുള്ളത് ഞാൻ കണ്ടിട്ടുണ്ട്. അത് തുടർച്ചയായി നടക്കില്ല. അയാൾ അതിനെ തിരിച്ചുനൽകി. കച്ചവടക്കാരൻ നൂറ് ദിർഹം വിലകുറച്ചു. എന്നിട്ടദ്ദേഹം വാഥിലയോട് പറഞ്ഞു: താങ്കൾ എന്റെ കച്ചവടം തുലച്ചു. അദ്ദേഹം പറഞ്ഞു: എല്ലാ മുസ്‌ലിമിനോടും ഗുണകാംക്ഷയുള്ളവരായിരിക്കുമെന്ന് ഞങ്ങൾ തിരുമേനിയോട് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. തിരുമേനി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ”ഒരാൾ ഒരു സാധനം വിൽക്കുമ്പോൾ അതിന്റെ ന്യൂനത വെളിവാക്കണം. അതറിയുന്ന വ്യക്തിയും അത് വ്യക്തമാക്കണം.”

ഈ സംഭവത്തെക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നു: ”ഒരാൾ തനിക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടാവൂ എന്നത് ഗുണകാംക്ഷയിൽപ്പെട്ടതാണെന്ന് അവർ മനസ്സിലാക്കി. ഇത് തങ്ങളുടെ അനുസരണപ്രതിജ്ഞയിൽ ഉൾക്കൊള്ളുന്നുവെന്നും അവർ വിശ്വസിച്ചു. ഇത് അധിക പേർക്കും പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടാണ് അവർ ജനങ്ങളിൽനിന്ന് മാറി ഇബാദത്തിനുവേണ്ടി ഒഴിഞ്ഞിരിക്കാൻ താൽപര്യം കാണിച്ചത്. ജനങ്ങളുമായി കൂടിക്കലർന്ന് അല്ലാഹുവിന്റെ അവകാശം പൂർത്തീകരിക്കുക എന്നത് വലിയ ത്യാഗം തന്നെയാണ്. വളരെ സത്യസന്ധരായവർക്കു മാത്രമേ അതിന് കഴിയുകയുള്ളൂ.” (ഇഹ്‌യാ ഉലൂമിദ്ദീൻ)

കമ്പോള വില മറച്ചുവെക്കൽ
മാർക്കറ്റ് വില മറച്ചുപിടിച്ച് കച്ചവടം ചെയ്യരുത്. ഇമാം ഗസ്സാലി പറഞ്ഞതുപോലെ, മാർക്കറ്റ് വിലയിൽ സത്യം പറയണം. അതിൽ ഒന്നും മറച്ചു വെക്കരുത്. സാധനം മാർക്കറ്റിൽ എത്തുന്നതിനുമുമ്പ് ഇടനിലക്കാരായിച്ചെന്ന് സാധനം വാങ്ങുന്നത് തിരുമേനി വിരോധിച്ചിട്ടുണ്ട്.

താബിഉകളിൽപെട്ട ഒരാൾ ബസറയിലായിരുന്നു താമസം. അദ്ദേഹത്തിന് സൂസിൽ ഒരു ജോലിക്കാരനുണ്ട്. അയാൾ അദ്ദേഹത്തിന് ശർക്കര എത്തിച്ചുകൊടുക്കുമായിരുന്നു. ഒരിക്കൽ അയാൾ ഇപ്രകാരം എഴുതി: കരിമ്പിന് ഇക്കൊല്ലം വ്യാപകമായി കേട് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് താങ്കൾ ശർക്കര വാങ്ങിവെക്കുക. അങ്ങനെ അദ്ദേഹം ധാരാളം ശർക്കര വാങ്ങിക്കൂട്ടി. അത് വിൽക്കുന്ന സമയമായപ്പോൾ അതിൽ അദ്ദേഹത്തിന് മുപ്പതിനായിരം ലാഭം കിട്ടി. അദ്ദേഹം രാത്രിയിൽ വീട്ടിലെത്തി ചിന്തിച്ചു. എനിക്ക് മുപ്പതിനായിരം ലാഭം കിട്ടി. എന്നാൽ ഒരു മുസ്‌ലിമിനോട് ഗുണകാംക്ഷ പ്രകടിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. നേരംവെളുത്തപ്പോൾ അദ്ദേഹം ശർക്കര വ്യാപാരിയുടെ അടുത്ത് ചെന്നു. അയാൾക്ക് മുപ്പതിനായിരം കൊടുത്തുകൊണ്ട് പറഞ്ഞു: ഇത് താങ്കൾക്കുള്ളതാണ്. അപ്പോൾ അയാൾ പ്രതിവചിച്ചു: ഇതെങ്ങനെയാണ് എനിക്ക് അവകാശപ്പെട്ടതാവുക? അദ്ദേഹം പറഞ്ഞു: ഞാൻ യഥാർഥ സംഗതി മറച്ചുവെച്ചു. ശർക്കരക്കിപ്പോൾ വില കൂടിയിരിക്കുന്നു. കച്ചവടക്കാരൻ പറഞ്ഞു: താങ്കൾ ഇപ്പോൾ എന്നെ വിവരം അറിയിച്ചല്ലോ. ഞാനത് താങ്കൾക്ക് പൊരുത്തപ്പെട്ട് തന്നിരിക്കുന്നു. അങ്ങനെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോന്നു. അദ്ദേഹം രാത്രി ഉറങ്ങാതെകിടന്ന് ചിന്തിച്ചു. എന്നിട്ട് ആത്മഗതം ചെയ്തു: ഞാൻ അയാളോട് ഗുണകാംക്ഷ കാണിച്ചില്ല. ചിലപ്പോൾ അയാൾ ലജ്ജ കാരണം എനിക്ക് വിട്ടുതന്നതായിരിക്കും. അങ്ങനെ രാവിലെ വീണ്ടും ചെന്ന് വ്യാപാരിയോട് പറഞ്ഞു: താങ്കൾ ഇത് സ്വീകരിക്കുക. എന്റെ മനസ്സിന് സമാധാനമുണ്ടാവട്ടെ. അങ്ങനെ അയാൾ അദ്ദേഹത്തിൽനിന്ന് മുപ്പതിനായിരം സ്വീകരിച്ചു.

അമിതവില ഈടാക്കൽ
വില കൂട്ടി വിൽക്കുക എന്നത് അടിസ്ഥാനപരമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. കാരണം, കച്ചവടം ലാഭത്തിനു വേണ്ടിയുള്ളതാണ്. എന്തെങ്കിലും തരത്തിൽ വില കൂട്ടിയതുകൊണ്ടേ അത് സാധിക്കുകയുള്ളൂ. പക്ഷേ, അത് സ്വാഭാവികമായിരിക്കണം. ഇനി, ഉപഭോക്താവ് തന്റെ അമിതമായ താൽപര്യം നിമിത്തമോ, അത്യാവശ്യമായതുകൊണ്ടോ കൂടിയ വില നൽകുന്നുവെങ്കിൽ അയാളെ അതിൽനിന്ന് തടയേണ്ടതാണ്.

”യൂനുസുബ്‌നു ഉബൈദിന്റെയടുത്ത് വ്യത്യസ്ത വിലയുള്ള പുതപ്പുകളുണ്ടായിരുന്നു. ഒരിനം പുതപ്പിന്റെ വില നാനൂറ് ദിർഹമും, വേറൊരിനം പുതപ്പിന്റെ വില ഇരുനൂറ് ദിർഹമുമായിരുന്നു. അദ്ദേഹം നമസ്‌കരിക്കാൻ പോയപ്പോൾ സഹോദരപുത്രനെ കടയിൽ നിർത്തി. ഒരു ഗ്രാമീണൻ വന്ന് നാനൂറ് ദിർഹമിന്റെ പുതപ്പാവശ്യപ്പെട്ടു. പയ്യൻ ഇരുനൂറിന്റെ ഇനം പുതപ്പ് കാണിച്ചു. അതയാൾക്ക് ഇഷ്ടപ്പെട്ടു; വാങ്ങി. തിരിച്ചുപോകുമ്പോൾ യൂനുസ് അയാളെ കാണുകയും തന്റെ കടയിൽനിന്ന് വാങ്ങിയ പുതപ്പ് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം ഗ്രാമീണനോട് ചോദിച്ചു: താങ്കൾ എത്ര സംഖ്യക്കാണ് ഈ പുതപ്പ് വാങ്ങിയത്? അയാൾ പ്രതിവചിച്ചു: നാനൂറിന്. യൂനുസ് പറഞ്ഞു. ഇത് ഇരുനൂറിന്റെ പുതപ്പാണ്. അതുകൊണ്ട് താങ്കൾ മടങ്ങിവന്ന് അധികംകൊടുത്ത സംഖ്യ തിരിച്ചുവാങ്ങുക. അപ്പോൾ ഗ്രാമീണൻ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ ഇതിന് അഞ്ഞൂറ് ദിർഹമാണ് വില. ഞാനിത് തൃപ്തിപ്പെട്ടുവാങ്ങിയതാണ്. അപ്പോൾ യൂനുസ് പറഞ്ഞു: താങ്കൾ തിരിച്ചുപോരുക. കാരണം, ഗുണകാംക്ഷ ദുൻയാവിനെക്കാളും അതിലെ സകല വസ്തുക്കളെക്കാളും വിലപ്പെട്ടതാണ്. എന്നിട്ട് അയാളെ കടയിലേക്ക് കൂട്ടി. അയാൾക്ക് ഇരുനൂറ് ദിർഹം തിരിച്ചുകൊടുത്തു. അദ്ദേഹം തന്റെ സഹോദരപുത്രനോട് വഴക്കിടുകയും ചെയ്തു. അദ്ദേഹം അവനോട് പറഞ്ഞു: നിനക്ക് ലജ്ജയില്ലേ? നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ ഇരട്ടി ലാഭമെടുക്കുകയും മുസ്‌ലിംകളോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും ചെയ്തു. അവൻ പറഞ്ഞു: അല്ലാഹുവാണ, ഞാൻ അയാളിൽനിന്ന് സംഖ്യ വാങ്ങിയത് അയാൾ തൃപ്തിപ്പെട്ടതുകൊണ്ടാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിനക്ക് ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് അയാൾക്കുവേണ്ടിയും ഇഷ്ടപ്പെട്ടില്ല?”

സുബൈറുബ്‌നു അദിയ്യ് പറയുന്നു: ഞാൻ പതിനെട്ട് സ്വഹാബിമാരെ പരിചയപ്പെടുകയുണ്ടായി. അവരിലൊരാൾക്കും ഒരു ദിർഹമിന് മാംസം വാങ്ങാൻപോലും സാമർഥ്യമുണ്ടായിരുന്നില്ല. അപ്പോൾ ഇത്തരം സാധുക്കളിൽനിന്ന് അധിക വില വാങ്ങുന്നത് അക്രമമാണ്. ഇത് മിക്കവാറും കബളിപ്പിച്ചുകൊണ്ടും മാർക്കറ്റ് വില മറച്ചുപിടിച്ചുമാണ് ചെയ്യുന്നത്.

കലർപ്പില്ലാത്ത ക്രയവിക്രയത്തിന് ഇമാം ഗസ്സാലി ഉദാഹരണം പറയുന്നു: ”മുഹമ്മദുബ്‌നുൽ മുൻകദിറിന്റെയടുത്ത് കുറച്ച് വസ്ത്രമുണ്ടായിരുന്നു. ചിലതിന് അഞ്ചും ചിലതിന് പത്തും വിലയുള്ളവ. അദ്ദേഹത്തിന്റെ അഭാവത്തിൽ ജോലിക്കാരൻ അഞ്ചിന്റെ വസ്ത്രം പത്തിന് വിറ്റു. വിവരം അറിഞ്ഞപ്പോൾ അദ്ദേഹം അത് വാങ്ങിയ ഗ്രാമീണനെ തേടിയിറങ്ങി. പകൽ മുഴുവൻ അന്വേഷിച്ച ശേഷമാണ് അയാളെ കണ്ടെത്തിയത്. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ജോലിക്കാരന് പിഴവുപറ്റി; അഞ്ചു ദിർഹമിന്റെ വസ്ത്രം പത്തിന് വിറ്റതാണ്. ഗ്രാമീണൻ പറഞ്ഞു: സഹോദരാ, ഞാൻ അത് തൃപ്തിപ്പെട്ടു വാങ്ങിയതാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കൾ തൃപ്തിപ്പെട്ടെങ്കിലും ഞാൻ സ്വന്തത്തിന് ഇഷ്ടപ്പെടാത്തത് താങ്കൾക്കു വേണ്ടിയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് താങ്കൾ മൂന്നിൽ ഒരു കാര്യം ചെയ്യണം: ഒന്നുകിൽ താങ്കൾ തന്ന പണത്തിന് തുല്യമായി പത്തിന്റെ വസ്ത്രം എടുക്കുക. അല്ലെങ്കിൽ താങ്കളുടെ അഞ്ചു ദിർഹം മടക്കി വാങ്ങുക. അതുമല്ലെങ്കിൽ നമ്മുടെ വ്‌സ്ത്രം തിരിച്ചുതരുകയും താങ്കളുടെ സംഖ്യ തിരിച്ചുവാങ്ങുകയും ചെയ്യുക. അപ്പോൾ അയാൾ പറഞ്ഞു: എനിക്ക് അഞ്ച് ദിർഹം തിരിച്ചുതരുക. അങ്ങനെ അയാൾക്ക് സംഖ്യ തിരിച്ചുകൊടുത്തു.”

ഒരാൾ കുറഞ്ഞ ലാഭമെടുത്താൽ അയാളുടെ കച്ചവടം കൂടും. കൂടുതൽ കച്ചവടമുണ്ടാകുമ്പോൾ കൂടുതൽ ലാഭമുണ്ടാവുകയും അതിൽ ബർകത്തുണ്ടാവുകയും ചെയ്യും. അലി(റ) കൂഫയിലെ ചന്തയിലൂടെ നടക്കും. അപ്പോൾ അദ്ദേഹം പറയും: ”ഹേ, കച്ചവടക്കാരേ, നിങ്ങൾ അർഹമായത് സ്വീകരിക്കുക. എന്നാൽ നിങ്ങൾ രക്ഷപ്പെടും. നിങ്ങൾ ചെറിയ ലാഭം വേണ്ടെന്നുവെക്കരുത്. അപ്പോൾ നിങ്ങൾക്ക് വലിയ ലാഭം നഷ്ടമാകും.”

ഒരാൾ അബ്ദുർറഹ്മാനുബ്‌നു ഔഫിനോട് ചോദിച്ചു: ”താങ്കളുടെ ഐശ്വര്യത്തിന്റെ കാരണമെന്താണ്? അപ്പോൾ അദ്ദേഹം പറഞ്ഞു: മൂന്ന് കാര്യങ്ങളുണ്ട്; ഞാൻ ഒരു ലാഭവും വേണ്ടെന്നുവെക്കുകയില്ല. എന്നോട് ഒരു മൃഗത്തെ വിൽക്കുമോ എന്ന് ചോദിച്ചാൽ ഞാനത് താമസിപ്പിക്കുകയില്ല. ഞാൻ അവധിക്ക് കച്ചവടം ചെയ്യുകയുമില്ല.” ഒരിക്കൽ അദ്ദേഹം ആയിരം ഒട്ടകത്തെ വിറ്റു. അതിലെ ലാഭം അവയുടെ കെട്ടുകയർ മാത്രമായിരുന്നു. ഓരോ കെട്ടുകയറും ഓരോ ദിർഹമിന് വിറ്റു. അങ്ങനെ ആയിരം ദിർഹം കിട്ടി. അവയുടെ ഒരു ദിവസത്തെ തീറ്റക്ക് വേണ്ടിവരുന്ന ആയിരം ദിർഹം ലാഭിക്കുകയും ചെയ്തു.

പൂഴ്ത്തിവെപ്പ് മുഖേന ലാഭമുണ്ടാക്കൽ
പൂഴ്ത്തിവെപ്പ് മുഖേന ലാഭമുണ്ടാക്കുന്നത് ഒരു മുസ്‌ലിം കച്ചവടക്കാരന് ചേർന്നതല്ല. അത് ശരീഅത്ത് വിരോധിച്ച കാര്യമാണ്.
തിരുമേനി പറഞ്ഞു: ”കുറ്റവാളിയല്ലാതെ പൂഴ്ത്തിവെക്കുകയില്ല.”

കുറ്റവാളി എന്നാൽ പാപി എന്നാണർഥം. ധിക്കാരികളും അഹങ്കാരികളുമായവരെ അല്ലാഹു ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ”തീർച്ചയായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും കുറ്റവാളികളായിരുന്നു.” (അൽഖസ്വസ്വ്: 8)

തിരുമേനിയിൽനിന്ന് ഇബ്‌നു ഉമറുദ്ധരിച്ച ഹദീസ്: ”ആരെങ്കിലും ഭക്ഷണസാധനം നാൽപതു ദിവസം പൂഴ്ത്തിവെച്ചാൽ അവൻ അല്ലാഹുവിൽനിന്നും അല്ലാഹു അവനിൽനിന്നും മോചിതരായി.”

അലി(റ) പറഞ്ഞു: ”ഒരാൾ ഭക്ഷണസാധനം നാൽപതു ദിവസം പൂഴ്ത്തിവെച്ചാൽ അവന്റെ ഹൃദയം കടുത്തുപോകും.” ഒരാൾ ഭക്ഷണസാധനം പൂഴ്ത്തിവെച്ചതുകണ്ട് അദ്ദേഹമത് കത്തിച്ചുകളഞ്ഞു.

കച്ചവടക്കാരൻ സാധനം കൈവശം വെക്കുന്ന ഏക വ്യക്തിയാണെങ്കിൽ സംഗതിയുടെ ഗൗരവം ഏറും. അല്ലെങ്കിൽ ഒരു സംഘം കച്ചവടക്കാർ ഒത്തുചേർന്ന് സാധനം വെച്ചുതാമസിപ്പിച്ച് വിൽക്കുന്ന രീതിയും ഇപ്രകാരംതന്നെ. അപ്പോൾ സാധനത്തിന് ഡിമാന്റ് കൂടുകയും വില വർധിക്കുകയും ചെയ്യും. ഇതാണ് മുതലാളിത്ത വ്യവസ്ഥയിൽ സംഭവിക്കുന്നത്.

പൂഴ്ത്തിവെപ്പ് ഹറാമായ സാധനങ്ങൾ
പൂഴ്ത്തിവെപ്പ് ഹറാമായ സാധനങ്ങൾ ഏതൊക്കെ? പൂഴ്ത്തിവെപ്പ് ഹറാമായ സമയം ഏത്? ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കർമശാസ്ത്ര പണ്ഡിതന്മാരിൽ ഒരു വിഭാഗംഭക്ഷണ സാധനങ്ങൾ മാത്രം പൂഴ്ത്തിവെക്കരുതെന്ന് പറഞ്ഞു. ഇമാം ഗസ്സാലി പറഞ്ഞു: ”അപ്പോൾ ഭക്ഷണസാധനമല്ലാത്ത മരുന്നുകൾ, കുങ്കുമം എന്നിവയിൽ വിരോധം ഉണ്ടാവുകയില്ല. എന്നാൽ ഭക്ഷ്യാനുബന്ധ സാധനങ്ങളായ മാംസം, പഴങ്ങൾ എന്നിവയെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. നെയ്യ്, തേൻ, പാൽക്കട്ടി, എണ്ണ എന്നിവയുടെ പൂഴ്ത്തിവെപ്പ് ഹറാമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്.”

ഇമാം ഗസ്സാലിയുടെ അഭിപ്രായത്തിൽനിന്ന് മനസ്സിലാകുന്നത്, അവർ ഭക്ഷണസാധനങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് റൊട്ടി, ചോറ് പോലുള്ള വയെക്കുറിച്ചാണ്. പാൽക്കട്ടി, വെളിച്ചെണ്ണ, നല്ലെണ്ണ എന്നിവ ഭക്ഷണത്തിന് പുറത്തുള്ളവയായിട്ടാണ് അവർ കരുതുന്നുത്.

അവർ ഭക്ഷണമായി എണ്ണിയ സാധനങ്ങളെ ആധുനിക വൈദ്യശാസ്ത്രം ആരോഗ്യസമ്പൂർണമായ ഭക്ഷണമായി കണക്കാക്കുന്നില്ല. കാരണം, സമീകൃതാഹാരം എന്നാൽ അതിൽ പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ എന്നിവ കൂടി ഉൾപ്പെടണം. അല്ലെങ്കിൽ മനുഷ്യന് പോഷകാഹാരക്കുറവ് മൂലം രോഗമുണ്ടാകും. അതേപോലെ മരുന്നുകളും ഇക്കാലത്ത് അവശ്യവസ്തുവായിത്തീർന്നിരിക്കുന്നു. അപ്രകാരംതന്നെയാണ് വസ്ത്രവും.

മനുഷ്യന്റെ ജീവിതരീതി പുരോഗമിക്കുന്നതനുസരിച്ച് അവന്റെ ആവശ്യങ്ങളിലും മാറ്റമുണ്ടാകും. എത്രയോ ആഡംബര വസ്തുക്കൾ ആവശ്യ വസ്തുക്കളും, ആവശ്യവസ്തുക്കൾ അത്യാവശ്യ വസ്തുക്കളുമായിത്തീർന്നിട്ടുണ്ട്.

എന്റെ അഭിപ്രായത്തിൽ മനുഷ്യന് ആവശ്യമായ എല്ലാ വസ്തുക്കളും – ഭക്ഷണം, മരുന്ന്, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങിയവയെല്ലാം- പൂഴ്ത്തിവെക്കുന്നത് ഹറാമിന്റെ പരിധിയിൽ പെടും.

‘കുറ്റവാളിയല്ലാതെ പൂഴ്ത്തിവെക്കുകയില്ല’, ‘ആരെങ്കിലും പൂഴ്ത്തിവെച്ചാൽ അവൻ കുറ്റവാളിയാകുന്നു’ തുടങ്ങിയ ഹദീസുകളുടെ പൊതുവായ പരാമർശമാണ് ഇതിന് തെളിവ്. ഭക്ഷ്യവസ്തുക്കളെക്കുറിച്ചാണ് ഹദീസിന്റെ പരാമർശമെങ്കിലും മറ്റു വസ്തുക്കളെ അത് ഒഴിവാക്കുന്നു എന്ന് വരുന്നില്ല.

വിലക്കിന്റെ കാരണം ഇതിനെ ബലപ്പെടുത്തുന്നു. സാധനങ്ങൾ പിടിച്ചുവെച്ചതുകൊണ്ട് ജനങ്ങൾക്ക് പ്രയാസം അനുഭവപ്പെടുന്നു എന്നതാണത്. ഇക്കാലത്ത് മനുഷ്യന് ഭക്ഷണസാധനങ്ങൾ മാത്രമല്ല ആവശ്യമുള്ളത്. മനുഷ്യന് തിന്നുകയും കുടിക്കുകയും വസ്ത്രം ധരിക്കുകയും വീട്ടിൽ താമസിക്കുകയും വിദ്യാഭ്യാസം ചെയ്യുകയും മരുന്ന് കഴിക്കുകയും യാത്ര ചെയ്യുകയും മറ്റുള്ളവരുമായി ബന്ധപ്പെടുകയും എല്ലാം വേണം.

അതുകൊണ്ട് -ഇമാം അബൂയൂസുഫ് പറഞ്ഞതുപോലെ-ഏതെങ്കിലും സാധനം പിടിച്ചുവെച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് പൂഴ്ത്തിവെക്കലാണ് എന്ന അഭിപ്രായമാണെനിക്കുള്ളത്. അപ്പോൾ ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള സാധനം പൂഴ്ത്തിവെക്കുന്നത് കൂടുതൽ കുറ്റകരമായിത്തീരും. ഭക്ഷണസാധനം അതിലൊന്നാമതാണ്.

പൂഴ്ത്തിവെപ്പ് ഹറാമായ സമയം
അതുപോലെ പൂഴ്ത്തിവെപ്പ് ഹറാമായ സമയവുമുണ്ട്. ചില പണ്ഡിതന്മാർ എല്ലാ സമയത്തും അതരുതെന്ന് പറഞ്ഞു. ക്ഷേമത്തിന്റെയും ക്ഷാമത്തിന്റെയും ഏത് സമയത്താണെങ്കിലും ശരി. പൊതുവായ വിലക്കാണതിന് കാരണം. അങ്ങനെയാണ് സൂക്ഷ്മാലുക്കളായ മുൻഗാമികൾ ചെയ്തത്.

ഒരു പൂർവഗാമിയുടെ കഥ: അദ്ദേഹം വാസിത്വിലായിരുന്നു താമസം. അദ്ദേഹം ബസറയിലേക്ക് ഒരു കപ്പൽ നിറയെ ഗോതമ്പുപൊടി അയച്ചു. എന്നിട്ട് ഏജന്റിന് എഴുതി: ഇത് ബസറയിൽ എത്തുന്ന അന്നുതന്നെ വിറ്റുതീർക്കുക; നാളേക്ക് വെക്കരുത്. യാദൃഛികമായി വില അൽപം മോശമായിരുന്നു. അപ്പോൾ കച്ചവടക്കാർ പറഞ്ഞു: സാധനം വെള്ളിയാഴ്ചത്തേക്ക് വെച്ചാൽ വില ഇരട്ടിയാകും. അങ്ങനെ അയാൾ അത് വിൽക്കാതെ സൂക്ഷിച്ചുവെച്ചു. എത്രയോ ഇരട്ടി ലാഭവും കിട്ടി. ഈ വിവരം ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അപ്പോൾ ഉടമസ്ഥൻ എഴുതി: സ്‌നേഹിതാ, നമ്മുടെ ദീൻ (ഇസ്‌ലാമിക ജീവിതം) സുരക്ഷിതമാവുന്നതിനോടൊപ്പം ചെറിയ ലാഭംകൊണ്ട് നാം തൃപ്തിപ്പെടണം. താങ്കൾ അതിനെതിരാണ് പ്രവർത്തിച്ചത്. നമ്മുടെ ദീനിൽ എന്തെങ്കിലും കുറവുവരുത്തി വലിയ ലാഭമെടുക്കാൻ നാം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് എന്റെ ഈ എഴുത്ത് കിട്ടിയാലുടൻ പണം മുഴുവൻ ബസറയിലെ സാധുക്കൾക്ക് ദാനം ചെയ്യുക. അങ്ങനെ ഞാൻ പൂഴ്ത്തിവെപ്പിന്റെ കുറ്റത്തിൽനിന്ന് രക്ഷപ്പെടട്ടെ. (ഇഹ്‌യാഅ്: 2/73)

ചർച്ചയുടെ രത്‌നച്ചുരുക്കം
1. കച്ചവടത്തിൽ ലാഭം കൊതിക്കുന്നത് അനുവദനീയവും നിയമസാധുതയുമുള്ള കാര്യമാണ്. മാത്രമല്ല, അനാഥരെപ്പോലെ കച്ചവടം ചെയ്യാൻ കഴിവില്ലാത്തവർക്കുവേണ്ടി കച്ചവടം ചെയ്തുകൊടുക്കൽ നിർബന്ധവുമാണ്.

2. പ്രമാണങ്ങളിൽ കച്ചവടത്തിലെ ലാഭത്തിന് നിശ്ചിതമായ തോത് നിർണയിച്ചിട്ടില്ല. എന്നല്ല, കച്ചവടത്തിൽ മൂലധനത്തിന്റെ ഇരട്ടിയോ അതിലധികമോ ലാഭമെടുക്കുന്നതിന് അനുവാദമുണ്ടെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

3. കൂടുതൽ ലാഭമെടുക്കുന്നത് അനുവദനീയമാണ് എന്നു പറഞ്ഞതിന്റെ അർഥം, എപ്പോഴും അങ്ങനെ ചെയ്യണമെന്നല്ല. മറിച്ച്, ചെറിയ ലാഭംകൊണ്ട് തൃപ്തിപ്പെടുകയാണ് വേണ്ടത്. അതാണ് പൂർവികരുടെ മാതൃക.

4. മുസ്‌ലിമായ കച്ചവടക്കാരന് ലാഭമെടുക്കണമെങ്കിൽ അയാളുടെ വ്യവഹാരം ഹറാമിൽനിന്ന് മുക്തമാവണം. ഇനി, അത് ഹറാമുമായി കൂടിക്കലരുകയാണെങ്കിൽ തുടർന്നുണ്ടാവുന്ന കച്ചവടം ഹറാമാണ്.

5. മേൽപറഞ്ഞ വ്യവസ്ഥകൾക്ക് വിധേയമായി കച്ചവടം ചെയ്യുന്നയാൾക്ക് എത്രയും ലാഭമെടുക്കാം എന്നു പറഞ്ഞപ്പോൾ ഭരണകൂടത്തിന് ലാഭവിഹിതം നിർണയിച്ചുകൂടാ എന്നർഥമില്ല. പ്രത്യേകിച്ച്, പൊതുജനങ്ങൾക്ക് അത്യാവശ്യമുള്ള സാധനങ്ങളിൽ പൊതുജനതാൽപര്യം മുൻനിർത്തി അവർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ഭരണകൂടം ഇടപെടുകയാണ് വേണ്ടത്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!