ചോദ്യം- നിഷ്ഠയോടെ നമസ്കാരം അനുഷ്ഠിക്കുന്ന ഒരു സ്ത്രീ, താൻ വേഗം മരിക്കേണമേ എന്ന് പ്രാർഥിക്കുന്നു. ഇത് ശരിയാണോ?
ഉത്തരം- ശർഇന്റെ വീക്ഷണത്തിൽ നിയമവിരുദ്ധമാണിത്. ഒരു മനുഷ്യൻ, തന്നെ വേഗം മരിപ്പിക്കുവാൻ അല്ലാഹുവിനോട് പ്രാർഥിക്കുകയോ സ്വയം മരണം കൊതിക്കുകയോ അരുത്. തിരുദൂതർ അത് നിരോധിച്ചിരിക്കുന്നു. ഒരു ഹദീസിൽ ഇപ്രകാരം കാണാം: “”തന്നെ ബാധിച്ച ഒരു വിപത്തിന്റെ പേരിൽ ആരും തന്നെ മരണം കൊതിക്കരുത്. അയാൾ സുകൃതിയാണെങ്കിൽ കൂടുതൽ സുകൃതം ചെയ്യുവാൻ സാധിച്ചേക്കാം. ദുഷ്കർമിയാണെങ്കിൽ പശ്ചാത്തപിക്കുവാനും.”( ബുഖാരിയും മുസ്‌ലിമും മറ്റും അനസിനെ ഉദ്ധരിച്ചത്.)
മനുഷ്യർ ഒന്നുകിൽ സുകൃതവാന്മാരായിരിക്കും. ആയുർദൈർഘ്യം അത്തരക്കാർക്ക് ഏറെയേറെ സത്കർമങ്ങൾ ചെയ്യുവാൻ അവസരമേകുന്നു. അല്ലെങ്കിൽ ദുർന്നടപ്പുകാരാകാം. ദീർഘായുസ്സിലൂടെ ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിക്കുവാനുള്ള സന്ദർഭം അല്ലാഹു അവർക്ക് ഒരുക്കിക്കൊടുത്തു എന്നുവരാം. അപ്പോൾ പിന്നെ മരണത്തെ അന്വേഷിച്ചുപോകുന്നതെന്തിന്? മറ്റൊരു തിരുവചനത്തിൽ ഇങ്ങനെയുണ്ട്: “”ഒരു നിവൃത്തിയുമില്ലെങ്കിൽ ഇപ്രകാരം പറഞ്ഞുകൊള്ളൂ: “അല്ലാഹുവേ, ജീവിതം എനിക്ക് ഉത്തമമായിരിക്കുന്ന കാലത്തോളം നീയെന്നെ ജീവിപ്പിച്ചാലും! മരണമാണ് എനിക്കുത്തമമെങ്കിൽ എന്നെ മരിപ്പിച്ചാലും!”( ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിർമിദി, നസാഈ എന്നിവർ അനസിൽനിന്ന്.)
മരണത്തിന്റെ കാര്യത്തിൽ സ്വയം ഒരു തീരുമാനമെടുക്കാതെ അത് അല്ലാഹുവിന്റെ തീരുമാനത്തിന് വിടുകയാണ് വേണ്ടത് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. “ദീർഘായുസ്സ് ലഭിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ജനങ്ങളിലുത്തമർ’ എന്ന് നബി(സ) ഒരിക്കൽ പറയുകയുണ്ടായി. ഇത്തരക്കാർ കൂടുതൽ കാലം ജീവിച്ചിരിക്കുന്നത് അയാൾക്കും ജനങ്ങൾക്കും പ്രയോജനകരമായിരിക്കും. മരിക്കുന്നതാണ് അയാൾക്ക് നല്ലതെങ്കിൽ അല്ലാഹു അയാളുടെ ജീവിതം അവസാനിപ്പിച്ചുകൊള്ളും. അതിനാൽ ഇക്കാര്യം അല്ലാഹുവിന്റെ അറിവിനും അനുവാദത്തിനും ഇച്ഛക്കും വിട്ടുകൊടുക്കുകയാണ് വേണ്ടത്. ഒരു വിശ്വാസി അല്ലാഹുവിനോട് കാണിക്കേണ്ടുന്ന മര്യാദയും അതാണ്.
ഭാര്യയുടെയോ സന്താനങ്ങളുടെയോ മരണം, രോഗം തുടങ്ങിയ കാര്യങ്ങളുടെ പേരിൽ ജീവിതത്തോട് യാത്രപറയാൻ കൊതിച്ച് കൊതിച്ച് ആയുഷ്കാലം നരകതുല്യമാക്കുന്ന ചിലരുണ്ട്. അതിന്റെ ഉത്തരവാദിത്വം അവർക്കു തന്നെയാണ്. വിശ്വാസവും സംതൃപ്തിയുംകൊണ്ട് ജീവിതത്തെ പരമാവധി സന്തുഷ്ടവും സൗഭാഗ്യപൂർണവുമാക്കുവാൻ മനുഷ്യന് സാധിക്കും. “”വിശ്വാസത്തിലും സംതൃപ്തിയിലും അല്ലാഹു ആഹ്ലാദവും ആശ്വാസവും നിശ്ചയിച്ചിരിക്കുന്നു. ക്രോധത്തിലും സന്ദേഹത്തിലും ദുഃഖവും വേദനയുമാണ് അവൻ ഉണ്ടാക്കിയിട്ടുള്ളത്” എന്ന് നബി(സ) പറയുകയുണ്ടായി. വിശ്വാസവും സംതൃപ്തിയും ആഹ്ലാദജന്യമാണ്. വിശ്വാസി ദൈവനിശ്ചയത്തിൽ സംതൃപ്തനും ദൈവസമക്ഷം ലഭിക്കുന്ന പ്രതിഫലത്തിൽ ഉറച്ച് വിശ്വസിക്കുന്നവനും ആയിരിക്കും. അയാൾ തന്റെ ഇന്നിൽ കൃതാർഥനും നാളെയിൽ പ്രതീക്ഷാനിർഭരനും ആയിരിക്കും. ഈ വിശ്വാസവും പ്രതീക്ഷയുമാണ് അയാൾക്ക് ആഹ്ലാദവും ആശ്വാസവും മനഃശാന്തിയും ആത്മസംതൃപ്തിയും പകരുന്നത്. “നാം സൗഭാഗ്യപൂർണമായ ജീവിതം നയിക്കുന്നവരാണ്; രാജാക്കന്മാർ നമ്മുടെ സൗഭാഗ്യത്തെക്കുറിച്ച് അറിയാൻ ഇടവന്നിരുന്നെങ്കിൽ അവർ ഖഡ്ഗങ്ങളുമായി നമ്മെ ആക്രമിക്കുമായിരുന്നു’ എന്ന് ഒരു പൂർവിക ചിന്തകൻ പറഞ്ഞത് ഈ കാരണത്താലാണ്. കൂമ്പാരം കൂട്ടിയ സമ്പത്തോ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളോ പ്രദാനം ചെയ്യുന്ന ഒന്നല്ല ഈ സൗഭാഗ്യം. മറിച്ച് സംതൃപ്തമായ ഒരു മനസ്സിന്റെ സൃഷ്ടിയാണത്.