Home അനുഷ്ഠാനം നമസ്കാരം ദൈവം കഅ്ബയിലോ?

ദൈവം കഅ്ബയിലോ?

ചോദ്യം- മുസ്ലിംകൾ എന്തിനാണ് നമസ്കാരത്തിൽ കഅ്ബയിലേക്ക് തിരിഞ്ഞുനിൽക്കുന്നത്? കഅ്ബയിലാണോ ദൈവം? അല്ലെങ്കിൽ കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ?

ഉത്തരം- ഇസ്ലാമിന്റെ വീക്ഷണത്തിൽ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല.

“”കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങൾ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സർവജ്ഞനുമത്രെ.”(ഖുർആൻ 2: 115)

“”ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേർ തമ്മിൽ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരിൽ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കിൽ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ നടക്കുന്നില്ല. രഹസ്യംപറയുന്നവർ ഇതിലും കുറച്ചാവട്ടെ കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടൊപ്പമുണ്ടായിരിക്കും.” (58:7)

“”മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. അവന്റെ മനസ്സിലുണരുന്ന തോന്നലുകൾ വരെ നാമറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാൾ അവനോടടുത്തവനത്രെ നാം.”(50: 16)

ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യരെയും അഖില ജീവിത മേഖലകളിലും ഏകീകരിക്കുന്ന സമഗ്ര ജീവിതപദ്ധതിയാണ് ഇസ്ലാം. അതിന്റെ ആരാധനാക്രമം വിശ്വാസികളെ ഏകീകരിക്കുന്നതിൽ അനൽപമായ പങ്കുവഹിക്കുന്നു. ഇതു സാധ്യമാവണമെങ്കിൽ എല്ലാവരുടെയും ആരാധനാരീതി ഒരേവിധമാവേണ്ടതുണ്ടല്ലോ. അതിനാൽ നമസ്കാരത്തിൽ വിശ്വമെങ്ങുമുള്ള വിശ്വാസികൾക്ക് തിരിഞ്ഞുനിൽക്കാൻ ഒരിടം അനിവാര്യമത്രെ. അത് ദൈവത്തെ മാത്രം ആരാധിക്കാനായി ആദ്യമായി നിർമിക്കപ്പെട്ട കഅ്ബയായി നിശ്ചയിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ആ വിശുദ്ധ ദേവാലയം ലോകജനതയെ ഏകീകരിക്കുന്ന കേന്ദ്രബിന്ദുവാണ്. ദൈവം പ്രത്യേകമായി കുടിയിരുത്തപ്പെട്ട ഇടമോ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ ഒന്നുമല്ല. മറിച്ച്, അത് ഏകദൈവാരാധനയുടെ പ്രതീകമാണ്.

“”നിസ്സംശയം, മനുഷ്യർക്കായി നിർമിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയിൽ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകർക്കാകമാനം മാർഗദർശക കേന്ദ്രവുമായിട്ടത്രെ നിർമിക്കപ്പെട്ടിട്ടുള്ളത്.” (ഖുർആൻ 3:96)

“”ഈ മന്ദിരത്തെ നാം ജനങ്ങൾക്ക് ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും സ്മരിക്കുക”(2:125). “”വിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങൾക്ക് (സാമൂഹിക ജീവിതത്തിന്റെ) നിലനിൽപിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു”(5: 97).
അതിനാൽ വിശുദ്ധ ദേവാലയത്തെയല്ല ആരാധിക്കേണ്ടത്, അതിന്റെ നാഥനായ ദൈവത്തെ മാത്രമാണ്. “”അതിനാൽ നിങ്ങൾ ഈ മന്ദിരത്തിന്റെ നാഥനെ വണങ്ങുവിൻ”(106:3).

ചില പ്രമുഖ ചരിത്രകാരന്മാർ പോലും തെറ്റിദ്ധരിക്കുകയും തെറ്റായി രേഖപ്പെടുത്തുകയും ചെയ്തതുപോലെ കഅ്ബ ഒരു കല്ലല്ല. കല്ലുകൊണ്ട് നിർമിക്കപ്പെട്ട പന്ത്രണ്ടു മീറ്റർ നീളവും പത്തുമീറ്റർ വീതിയും പതിനഞ്ചുമീറ്റർ ഉയരവുമുള്ള ഒരു മന്ദിരമാണ്. കഅ്ബ എന്ന പദം തന്നെ ഘനചതുരത്തെ(ക്യൂബ്)യാണ് പ്രതിനിധീകരിക്കുന്നത്. നിർമാണചാതുരിയോ ശിൽപഭംഗിയോ കലകളോ കൊത്തുപണികളോ ഒട്ടുമില്ലാത്ത ലാളിത്യത്തിന്റെ പ്രതീകമാണത്.

എന്നാൽ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭവനമാണത്. നൂറു കോടിയിലധികം മനുഷ്യർ നിത്യവും നന്നെ ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും അതിന്റെ നേരെ തിരിഞ്ഞുനിൽക്കുന്നു. നിരവധി നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കോടാനുകോടി വിശ്വാസികളുടെ മുഖം അന്ത്യവിശ്രമത്തിനായി തിരിച്ചുവയ്ക്കപ്പെട്ടതും കഅ്ബയുടെ നേരെയാണ്. ജനവികാരങ്ങളുമായി ഈവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മന്ദിരവും ലോകത്ത് വേറെയില്ല. ദൈവത്തിന്റെ ഭവനമാണത്. അതുകൊണ്ടുതന്നെ മുഴുവൻ മനുഷ്യരുടേതുമാണ്. ഏകദൈവാരാധനയുടെ പ്രതീകവും എല്ലാ ഏകദൈവാരാധകരുടെയും പ്രാർഥനയുടെ ദിശയുമാണത്.

ചോദ്യം- എന്തിനാണ് മുസ്ലിംകൾ കഅ്ബക്കു ചുറ്റും കറങ്ങുന്നത്? എന്താണ് അതിന്റെ പ്രയോജനം?

ഉത്തരം- ദൈവമാണ് തന്നെ എങ്ങനെ ആരാധിക്കണമെന്ന് തീരുമാനിക്കേണ്ടത്. പൂർവപ്രവാചകനായ ഇബ്റാഹീം നബിയുടെ കാലം തൊട്ടേയുള്ള ദൈവനിശ്ചിതമായ ആരാധനാകർമമാണത്. നമുക്കു തോന്നിയതുപോലെയല്ലല്ലോ നാം ദൈവത്തെ വണങ്ങേണ്ടത്. അങ്ങനെ ആയിരുന്നുവെങ്കിൽ നമുക്ക് യുക്തമെന്ന് തോന്നുന്ന രീതികൾ ആവിഷ്കരിക്കാമായിരുന്നു. എന്നാൽ ആരാധനാകർമങ്ങൾ ഏതൊക്കെയെന്നും എപ്പോൾ, ഏതുവിധമെന്നും ദൈവം കണിശമായി നിർണയിച്ചിട്ടുണ്ട്. തന്റെ ദൂതന്മാരിലൂടെ സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്. അവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ വെട്ടിക്കുറയ്ക്കാനോ മാറ്റംവരുത്താനോ ആർക്കും അനുവാദമോ അവകാശമോ ഇല്ല. കഅ്ബക്കു ചുറ്റുമുള്ള കറക്കവും ഈവിധം നിർണിത രൂപമുള്ള, ദൈവനിർദിഷ്ടമായ ആരാധനാ കർമമാണ്. എന്നാൽ ഇതിന്റെ പിന്നിൽ മഹത്തായ യുക്തിയും അർഥവുമുണ്ടെന്ന് അൽപം ആലോചിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

മനുഷ്യൻ പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; അതിലെ അത്ഭുതകരമായ സംവിധാനത്തോട് ഉൾച്ചേരുന്ന അതിവിശിഷ്ടമായ ആരാധനാകർമമാണത്. വിശുദ്ധ കഅ്ബയാണതിന്റെ കേന്ദ്രബിന്ദു. ജനം അതിനു ചുറ്റും കറങ്ങുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യനു ചുറ്റുമെന്നപോലെ. പരമാണുവിലെ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നതുപോലെ. ഏഴുതവണ ചുറ്റിയാലേ ഒരു പ്രാവശ്യമായി പരിഗണിക്കുകയുള്ളൂ. അഥവാ ഏഴു പ്രാവശ്യം ചുറ്റുന്നതാണ് ഒരു ത്വവാഫ്. ഇവിടെ ഏഴ് എന്നത് പ്രപഞ്ചഘടനയെ പ്രതിനിധീകരിക്കുന്നു. ഭൂഖണ്ഡങ്ങൾ ഏഴാണല്ലോ. സമുദ്രവും ഏഴുതന്നെ. ആകാശവും ഏഴാണെന്ന് ഖുർആൻ പറയുന്നു.

വലതുവശത്തിന് ഏറെ പ്രാമുഖ്യം കൽപിച്ച ഇസ്ലാം ത്വവാഫിൽ കഅ്ബ, തീർഥാടകന്റെ ഇടതുവശത്താവണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഇത് വളരെയേറെ ശ്രദ്ധേയമത്രെ. ഇതുവഴി കഅ്ബക്കു ചുറ്റുമുള്ള കറക്കം പ്രകൃതിവ്യവസ്ഥയുമായി പൂർണമായും പൊരുത്തപ്പെടുന്നു. സൗരയൂഥത്തിലെ ഗോളങ്ങൾ സൂര്യനെ ചുറ്റുന്നത്, അത് ഇടതുവശം വരുംവിധമാണ്. അഥവാ ത്വവാഫിലേതുപോലെ, ഘടികാരത്തിന്റെ സൂചി പിറകോട്ട് തിരിയുംവിധമാണ്. ഗ്രഹങ്ങൾ സ്വന്തം അക്ഷത്തിൽ കറങ്ങുന്നതും ആവിധം തന്നെ. ധൂമകേതുക്കൾ സൂര്യനുചുറ്റും ചലിക്കുന്നതും അതേ ദിശയിലാണ്. അണ്ഡ-ബീജസങ്കലനം നടക്കുംമുമ്പ് പുരുഷബീജങ്ങൾ അണ്ഡത്തിനു ചുറ്റും കറങ്ങുന്നതും ആന്റിക്ലോക്ക് വൈസിലാണ്. അങ്ങനെ വിശിഷ്ടമായ ഈ ആരാധനാകർമം പ്രപഞ്ചവ്യവസ്ഥയോട് വിസ്മയകരമാംവിധം യോജിച്ചുവന്നിരിക്കുന്നു. പരമാണു മുതൽ ഗാലക്സി വരെയുള്ള പ്രവിശാലമായ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് താനെന്നും അവയൊക്കെ സ്രഷ്ടാവായ ദൈവത്തിന് വഴങ്ങി, വണങ്ങുന്നപോലെ താനും അവനെ മാത്രം ആരാധിച്ചും അനുസരിച്ചും ജീവിക്കേണ്ടവനാണെന്നുമുള്ള ബോധമുണർത്തുന്ന ഈ അനുഷ്ഠാനം താനെങ്ങനെ ചെയ്യുമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ്.

കഅ്ബക്കു ചുറ്റുമുള്ള കറക്കത്തിന്റെ അതിമഹത്തരവും അത്യന്തം വിസ്മയകരവുമായ ഈ അർഥതലങ്ങൾ അറിയാൻ സാധിച്ചത് അടുത്തകാലത്ത് മാത്രമാണ്. ഇനിയും പിടികിട്ടാത്ത പല മാനങ്ങളും അതിനുണ്ടായേക്കാം. ദൈവനിർദിഷ്ടമായ ആരാധന അവന്റെ സൃഷ്ടികളായ മനുഷ്യർ അതിന്റെ യുക്തിയും ന്യായവും മനസ്സിലായാലും ഇല്ലെങ്കിലും നിശ്ചിത രൂപത്തിൽ നിർവഹിക്കാൻ ബാധ്യസ്ഥരാണ്.

ക്ഷേത്രപ്രദക്ഷിണവും കഅ്ബാ ത്വവാഫും
ചോദ്യം- ഹിന്ദുക്കൾ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നപോലെത്തന്നെയല്ലേ മുസ്ലിംകൾ കഅ്ബക്കു ചുറ്റും കറങ്ങുന്നത്?

ഉത്തരം- ഇബ്റാഹീം പ്രവാചകനാണ് വിശുദ്ധ കഅ്ബ പുനർനിർമിച്ചത്. ഹജ്ജിന് വിളംബരം ചെയ്തതും അദ്ദേഹം തന്നെ. അദ്ദേഹം പണിത കഅ്ബയിൽ പ്രതിമകളോ പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. എന്നല്ല, ഏകദൈവാരാധനയ്ക്കായാണ് ഇബ്റാഹീം നബിയും പുത്രൻ ഇസ്മാഈൽ പ്രവാചകനും കൂടി അത് പണിതത്. ഹജ്ജിന്റെ ഭാഗമായി അതിനു ചുറ്റും കറങ്ങുന്ന സമ്പ്രദായം അന്നുമുതൽ തന്നെ നിലനിന്നുപോന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ജനം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിപ്പെടുകയും അതേ പ്രവാചകന്മാരുടെ പോലും ചിത്രങ്ങൾ അതിൽ കോറിയിട്ട് അവയെ ആരാധിക്കുകയും ചെയ്തു. കഅ്ബയിലും അതിനു ചുറ്റും നിരവധി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കാൻ തുടങ്ങി. അങ്ങനെ ഏകദൈവാരാധനയുടെ പ്രകാശനമായി നടന്നുവന്നിരുന്ന കഅ്ബക്കു ചുറ്റുമുള്ള കറക്കം വിഗ്രഹാരാധനയായി പരിണമിച്ചു. ഈ ഘട്ടത്തിലാണ് പ്രവാചകനായ മുഹമ്മദ്നബി നിയോഗിതനായി വമ്പിച്ച വിശ്വാസവിപ്ലവത്തിലൂടെ അവരുടെ മനംമാറ്റി അവരെക്കൊണ്ടുതന്നെ കഅ്ബയിലെ വിഗ്രഹങ്ങൾ എടുത്തുമാറ്റി അതിനെ ശുദ്ധീകരിച്ചത്. അങ്ങനെ കഅ്ബക്കു ചുറ്റും കറങ്ങുന്ന ആരാധനാസമ്പ്രദായം ഇസ്ലാം തുടർന്നും നിലനിർത്തി. എന്നാൽ അത് വിഗ്രഹാരാധനയ്ക്കു പകരം ഏകദൈവാരാധനയ്ക്കാക്കി മാറ്റി. നഗ്നരായി നിർവഹിച്ചിരുന്ന പ്രസ്തുത കർമം മാന്യമായി വസ്ത്രം ധരിച്ചു മാത്രമേ നിർവഹിക്കാവൂ എന്ന് നിഷ്കർഷിച്ചു. അപ്രകാരം അതിലെ എല്ലാ തിന്മകളും മ്ലേഛതകളും അവസാനിപ്പിച്ച് അതിനെ ശുദ്ധീകരിച്ചു.

മതങ്ങളുടെയെല്ലാം സ്രോതസ്സ് മൗലികമായി ഒന്നും അത് ദൈവത്തിൽനിന്നുമായതിനാൽ ആരാധനകളിലും അനുഷ്ഠാനങ്ങളിലുമെല്ലാം സമാനത കണ്ടെത്തുക സ്വാഭാവികമാണ്. ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ആര്യന്മാർ ഇബ്റാഹീം പ്രവാചകന്റെ അനുയായികളും പിൻമുറക്കാരുമായിരുന്നുവെന്ന ചില ചരിത്രഗവേഷകരുടെ നിഗമനം ഇവിടെ പ്രത്യേക പരിഗണന അർഹിക്കുന്നു. അതിനാൽ ഇബ്റാഹീം നബിയിലൂടെ നടപ്പാക്കപ്പെട്ട ആരാധനാകർമത്തിന്റെ രൂപപരിണാമത്തിനിടയായ അനുഷ്ഠാനമായിരിക്കാം ഇവിടെ നിലനിന്നുവരുന്ന ക്ഷേത്രപ്രദക്ഷിണം. ഏതായാലും ദൈവത്തെ പ്രതിനിധീകരിക്കാൻ പ്രതിമകളും പ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുന്നതിനെയും അവയെ ആരാധിക്കുന്നതിനെയും അതിന്റെ ഭാഗമായി അവ സ്ഥാപിച്ച ഭവനങ്ങളെ ചുറ്റുന്നതിനെയും ഇസ്ലാം അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല; ശക്തമായി വിലക്കുകയും ചെയ്യുന്നു.

ആരാധനാനുഷ്ഠാനങ്ങളിലെ സമാനത മതങ്ങളുടെ സ്രോതസ്സിനെ സംബന്ധിച്ച സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണത്തിനും അതുവഴി മതപരമായ ഏകത കണ്ടെത്താനും കൈവരിക്കാനും കഴിഞ്ഞാൽ അത് അതിമഹത്തായ നേട്ടമായിരിക്കും.

Previous articleമരണം കൊതിക്കാമോ?
Next articleനല്ലതു പറയുക; അല്ലെങ്കിൽ മൗനം പാലിക്കുക
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.
error: Content is protected !!