Sunday, July 21, 2024
Homeപെരുമാറ്റ മര്യാദകൾനല്ലതു പറയുക; അല്ലെങ്കിൽ മൗനം പാലിക്കുക

നല്ലതു പറയുക; അല്ലെങ്കിൽ മൗനം പാലിക്കുക

ചോദ്യം- “നല്ലതു പറയുക; അല്ലെങ്കിൽ മൗനം പാലിക്കുക” എന്ന ഒരു തിരുവചനം ഉണ്ടല്ലോ, ഇതിന്റെ വെളിച്ചത്തിൽ കൂടുതൽ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് വരുമോ?

ഉത്തരം- സംസാരം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ധാരാളം തിരുവചനങ്ങളുണ്ട്. “”നല്ലത് സംസാരിച്ച് പ്രതിഫലം കരസ്ഥമാക്കുകയും മൗനം പാലിച്ച് ശിക്ഷയിൽ നിന്ന് രക്ഷ പ്രാപിക്കുകയും ചെയ്ത മനുഷ്യനിൽ അല്ലാഹുവിന്റെ കാരുണ്യവർഷമുണ്ടാകുമാറാകട്ടെ”, “”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ നല്ലതു പറയട്ടെ; അല്ലെങ്കിൽ മൗനം പാലിക്കട്ടെ” തുടങ്ങിയ തിരുവചനങ്ങൾ അതിൽ പെടുന്നു. നിയന്ത്രണം വിട്ട സംസാരം മനുഷ്യനെ പല പാപങ്ങളിലും ചെന്ന് ചാടിക്കും. ഇമാം ഗസ്സാലി നാവു വരുത്തിവെക്കുന്ന ഇരുപതോളം കുറ്റങ്ങൾ എണ്ണിപ്പറയുന്നുണ്ട്. നുണ, പരദൂഷണം, ഏഷണി, കള്ളസാക്ഷ്യം, കള്ളസത്യം, അന്യരുടെ കാര്യങ്ങളിൽ ഇടപെടൽ, ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കൽ, അന്യരെ പരിഹസിക്കൽ, നിന്ദിക്കൽ തുടങ്ങിയവ അതിൽ പെടുന്നു. അശൈ്ശഖ് അബ്ദുൽ ഗനി അന്നാബിലിസിയുടെ വീക്ഷണത്തിൽ നാവുമൂലം ഉണ്ടാകുന്ന വിപത്തുകൾ എഴുപത്തിരണ്ടോളം വരും. അദ്ദേഹം അവ സവിശദം പ്രതിപാദിച്ചിരിക്കുന്നു.

ജനങ്ങൾ നിയന്ത്രണമില്ലാതെ സംസാരിച്ചു തുടങ്ങിയാൽ അത് പാപങ്ങൾക്ക് വേദിയൊരുക്കും. അന്യരുടെ അഭാവത്തിൽ അവരുടെ പച്ചമാംസം ഭുജിക്കുന്നതിനും മാനം ഹനിക്കുന്നതിനും അത് ഇടവരുത്തും. അതുകൊണ്ടാണ് മൗനത്തിൽ രക്ഷയുണ്ടെന്ന് പറയുന്നത്. മനുഷ്യർ ചുണ്ടുകൾ തുന്നിക്കൂട്ടണമെന്നല്ല ഇതിനർഥം; അല്ലാഹു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉരിയാടിപ്പോവാതിരിക്കാനും നല്ലതുമാത്രം ഉരിയാടുവാനും ശ്രദ്ധിക്കണം എന്നു മാത്രമാണ്.

ഇതു കൊണ്ടാണ് “സംസാരം വെള്ളിയാണെങ്കിൽ മൗനം കനകമാണ്’ എന്ന ചൊല്ല് പണ്ടേ കേട്ടുവരുന്നത്. ഒരു കവി പാടുകയുണ്ടായി: “മനുഷ്യാ നീ നാവു സൂക്ഷിച്ചാലും! അത് നിന്നെ കടിച്ചേക്കും. അത് മൂർഖൻ പാമ്പാണ്! നാവുകൊണ്ട് കൊല്ലപ്പെട്ട എത്രയെത്ര പേരുണ്ടെന്നോ ഖബ്റുകളിൽ! അവരെ നേരിടാൻ ധീരൻമാർക്ക് പോലും ഭയമായിരുന്നു!’

പാരത്രികലോകമിരിക്കട്ടെ, ഇഹലോകത്തുതന്നെ മനുഷ്യൻ നാവുചെയ്യുന്ന കുറ്റത്തിന്റെ ശിക്ഷ പേറേണ്ടി വരും. “നാവിന്റെ പിഴവു കൊണ്ട് മനുഷ്യൻ മരിച്ചെന്നുവരും. മനുഷ്യന്റെ പിഴവ് മരണകാരണമാകണമെന്നില്ല. വായിലുള്ളതിന്റെ പിഴവ് ശിരസ്സിനെയാണ് ബാധിക്കുക; മനുഷ്യൻ ഏൽപിക്കുന്ന പരിക്കുകൾ കാലാന്തരേണ സുഖപ്പെട്ടെന്നു വരാം’ എന്ന കവി വാക്യം എത്ര അന്വർഥമാണ്. “നാവിന്റെ ഉടമ നീയാണ്; പക്ഷേ സംസാരിച്ചുകഴിഞ്ഞാൽ വാക്കുകൾ നിന്നെ ഉടമപ്പെടുത്തും’ എന്നു പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. അതിനാൽ മനുഷ്യൻ നിയന്ത്രണം വിട്ട് സംസാരിച്ചുകൂടാ.

അധികം സംസാരിക്കുന്നവരിൽ ഏറെപ്പേരും അബദ്ധം വരുത്തുന്നു. അതിനാൽ അല്ലാഹുവെ ഭയപ്പെടുന്നവർ, തന്റെ സംസാരം അല്ലാഹു അറിയുന്നുണ്ടെന്നും അതിന്റെ പേരിൽ താൻ വിചാരണ ചെയ്യപ്പെടുമെന്നും മനസ്സിലാക്കണം. “”നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിക്കുന്നത് പോലും നാം അറിയുന്നുണ്ട്. അവനോട് അവന്റെ കണ്ഠനാഡിയെക്കാൾ അടുത്താണ് നാം. ഇടത്തും വലത്തും ഇരുന്നുകൊണ്ട് രണ്ട് മാലാഖമാർ അവനെ നിരീക്ഷിക്കുന്നുണ്ട്. റഖീബും അതീദും അടുത്തുണ്ടായിക്കൊണ്ടല്ലാതെ അവൻ ഒരു വാക്കും ഉരിയാടുന്നില്ല.”( അൽ ഖാഫ് 16-18 )

തന്റെ സംസാരവും ഇതര കർമങ്ങൾ പോലെ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതിന്റെ പേരിൽ താൻ വിചാരണ ചെയ്യപ്പെടുമെന്നും അറിയുന്നവൻ, തനിക്കാവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുകൊള്ളട്ടെ, അതാണ് രക്ഷയുടെ വഴി. നല്ലത് പറയുക, നിനക്ക് ഫലം സിദ്ധിക്കും. മൗനം പാലിക്കുക, നിനക്ക് ദോഷത്തിൽ നിന്ന് രക്ഷനേടാം!

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!