ചോദ്യം- സുന്നത്തു നമസ്കാരങ്ങൾ തീരെ ഒഴിവാക്കി ഫർദ് നമസ്കാരം മാത്രം നിർവഹിച്ചാൽ മതിയാവുകയില്ലേ?
ഉത്തരം- അഞ്ചു നേരത്തെ ഫർദ് നമസ്കാരങ്ങൾ ഒാരോ മുസ്ലിം പുരുഷന്നും സ്ത്രീക്കും ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. എന്നാൽ തിരുദൂതർ പതിവായി ചെയ്തിരുന്നതും പതിവായി ചെയ്യുവാൻ മുസ്ലിംകളോട് നിർദേശിച്ചിരുന്നതുമായ പ്രബലമായ ഏതാനും സുന്നത്തു നമസ്കാരങ്ങളുമുണ്ട്. ഈ റവാതിബ് സുന്നത്തുകൾ നിർവഹിക്കുവാൻ ഒരു മുസ്ലിം ശ്രദ്ധവെക്കണം. കാരണം സുന്നത്ത് നമസ്കാരങ്ങൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്.
ഒന്ന്: സുന്നത്തു നമസ്കാരങ്ങൾ ഒരടിമയെ ദൈവത്തോട് അടുപ്പിക്കുകയും ദൈവസമക്ഷത്തിങ്കലുള്ള തന്റെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്നു. ബാങ്കുകളിൽ തന്റെ നിക്ഷേപത്തുക കൂട്ടുവാൻ ഒാരോ മനുഷ്യന്നും കൊതിയുണ്ട്. എങ്കിൽ ഒരു മുസ്ലിം, ദൈവത്തിന്റെ ബാങ്കിൽ സത്കർമങ്ങളുടെ നിക്ഷേപസംഖ്യ വർധിപ്പിക്കുവാൻ ആഗ്രഹിക്കേണ്ടതല്ലേ? സമ്പത്തും സന്താനങ്ങളും ഉപകരിക്കാത്ത ആ ദിനത്തിൽ ഉപകരിക്കുന്ന ശാശ്വത സമ്പത്ത് അതുമാത്രമാണ്. ഒരു ഖുദ്സീ ഹദീസിൽ ഇങ്ങനെയുണ്ട്: “”ഞാൻ നിർബന്ധമാക്കിയ കാര്യങ്ങൾക്ക് തുല്യമായ മറ്റൊന്നുകൊണ്ടും ഒരു ദാസന്ന് എന്റെ സാമീപ്യം സിദ്ധിക്കുന്നില്ല. എന്നാൽ, സുന്നത്തുകൾ നിർവഹിക്കുന്നതു മൂലം, എന്റെ സ്നേഹം അയാളിൽ പതിക്കുന്നതുവരെ അയാൾ എന്നിലേക്കു അടുത്തുകൊണ്ടേ വരും. ഞാനയാളെ സ്നേഹിച്ചു കഴിഞ്ഞാൽ അയാൾ കേൾക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈകളും ഞാനായിരിക്കും….(ബുഖാരി)
രണ്ട്: റവാത്തിബുകൾ അവഗണിക്കുന്നത് തിരുദൂതരുടെ സ്നേഹം അവഗണിക്കുന്നതിന്ന് തുല്യമാണ്. ദൈവദൂതനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. തിരുദൂതരെ സ്നേഹിക്കുന്നവൻ അദ്ദേഹത്തിന്റെ ചര്യ സ്വീകരിക്കുകയും അതിനെ സജീവമായി നിലനിർത്തുകയും ചെയ്യും. തിരുദൂതർ റവാത്തിബ് സുന്നത്തുകൾ പതിവായി അനുഷ്ഠിച്ചിരുന്നുവെങ്കിൽ അതിനെ ജീവിപ്പിക്കുകയും അനുധാവനം ചെയ്യുകയുമാണ് നമ്മുടെ ബാധ്യത.
മൂന്ന്: ഫർദ് നമസ്കാരങ്ങളിൽ സംഭവിച്ചിരിക്കാവുന്ന പോരായ്മകൾക്കും ന്യൂനതകൾക്കും ഒരു പരിഹാരമാണ് സുന്നത്തു നമസ്കാരങ്ങൾ. ഫർദു നമസ്കാരം അതിന്റെ പൂർണമായ നിബന്ധനകളോടും തികഞ്ഞ ഭയഭക്തിയോടും കൂടിയാണ് താൻ നിർവഹിച്ചത് എന്ന് അവകാശപ്പെടാൻ ആർക്ക് കഴിയും? മനസ്സ് അലസമാവുകയും ഹൃദയത്തിൽ ഭയഭക്തി കുറയുകയും ശരീരം അനാവശ്യമായി ചലിക്കുകയും ചെയ്തിരിക്കാം. നമസ്കാരത്തിൽ അനിവാര്യമായ അടക്കം (ത്വുമഅ്നീനത്ത്) പാലിച്ചില്ലെന്ന് വരാം. അന്ത്യദിനത്തിൽ ആദ്യം വിചാരണചെയ്യപ്പെടുന്ന മനുഷ്യകർമം നമസ്കാരമാണ്.
norgerx.com
ഫർദു നമസ്കാരങ്ങൾ അതിന്റെ സമ്പൂർണതയോടെ നിർവഹിച്ചിട്ടുണ്ടെങ്കിൽ അതു മതി. ഇല്ലെങ്കിൽ അയാളുടെ സുന്നത്തു നമസ്കാരങ്ങളെക്കുറിച്ചാവും അന്വേഷണം. ഫർദു നമസ്കാരത്തിലെ പോരായ്മകൾ അങ്ങനെ പരിഹരിക്കപ്പെടുന്നു.
എന്നാൽ ഫർദ് മാത്രം നമസ്കരിക്കുന്ന ഒരു മുസൽമാൻ കുറ്റക്കാരനോ ശിക്ഷാർഹനോ അല്ല, ഫർദുകൾ അവയുടെ ചിട്ടയും വ്യവസ്ഥയും സമ്പൂർണമായി പാലിച്ചുകൊണ്ടാണ് നിർവഹിക്കുന്നതെങ്കിൽ.