Wednesday, May 22, 2024
Homeഅനുഷ്ഠാനംനമസ്കാരത്തിൽ ഭയഭക്തി

നമസ്കാരത്തിൽ ഭയഭക്തി

ചോദ്യം- നമസ്കാരത്തിൽ ഭയഭക്തി ഇല്ലാതിരുന്നാൽ അത് നമസ്കാരത്തെ ദുർബലവും നിഷ്ഫലവും ആക്കുമോ?

ഉത്തരം- നമസ്കാരത്തിൽ ഭയഭക്തിയുടെ അഭാവം പലരൂപത്തിൽ പ്രത്യക്ഷപ്പെടാം. നമസ്കാരത്തിന്നിടയിലുണ്ടാവുന്ന അധികചലനങ്ങൾ അതിലൊന്നാണ്. ചൊറിയുക, വാച്ചിൽനോക്കുക, തിരിഞ്ഞുനോക്കുക, ശിരോവസ്ത്രം ശരിപ്പെടുത്തുക തുടങ്ങിയവ ഉദാഹരണം. പലരും ഇങ്ങനെ ചെയ്യുന്നത് കാണാം. ഇമ്മട്ടിലുള്ള അധികചലനങ്ങൾ നമസ്കാരത്തെ ദുർബലപ്പെടുത്തും. കാരണം സ്വന്തം മനസ്സും ചിന്തയും സ്വനാഥന്റെ സവിധത്തിലേക്ക് തിരിച്ചുവെക്കുകയും നമസ്കാരത്തെ മാനിക്കുകയും അതിന്റെ വില മനസ്സിലാക്കുകയും ചെയ്യുന്ന ഒരു മുസ്ലിമിൽനിന്ന് പ്രതീക്ഷിക്കാനാവാത്ത പ്രവർത്തനങ്ങളാണവ. എന്നാൽ, അപൂർവമായി സംഭവിക്കുന്ന നിസ്സാരമായ ചലനങ്ങളോ ചിന്തയുടെ കടിഞ്ഞാണില്ലായ്മയോ മനസ്സാന്നിധ്യത്തിന്റെ അഭാവമോ നമസ്കാരത്തെ ദുർബലപ്പെടുത്തുകയില്ലെങ്കിലും അതിന്റെ ആത്മാവിനെ ഹനിച്ചുകളയും. യഥാർഥത്തിൽ നമസ്കാരത്തിന്റെ ആത്മാവ് ഭയഭക്തിയാണ്. “”നമസ്കാരത്തിൽ ഭയഭക്തിയുള്ള വിശ്വാസികൾ വിജയിച്ചു” എന്നതത്രേ ദിവ്യസൂക്തം.

ഭയഭക്തി രണ്ടുവിധമുണ്ട്: ഒന്ന്, മനസ്സാന്നിധ്യം. രണ്ട്, ശാരീരികമായ അടക്കം. അല്ലാഹു തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധവും അവന്റെ മഹത്ത്വത്തെക്കുറിച്ച ധാരണയും മനസ്സിൽ നിറഞ്ഞുനിൽക്കുക എന്നതാണ് മനസ്സിലെ ഭയഭക്തി. നമസ്കാരത്തിൽ ഉരുവിടുന്ന ഖുർആൻ വാക്യങ്ങളുടെയും പ്രാർഥനകളുടെയും അർഥത്തെക്കുറിച്ച ബോധവും അതിൽപെടും. ഉരുവിടുന്ന പ്രാർഥനകളുടെയും കേൾക്കുന്ന ഖുർആൻ വാക്യങ്ങളുടെയും ആശയം മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരാൾക്ക് താൻ അല്ലാഹുവിന്റെ തിരുസമക്ഷത്തിലാണ് നിൽക്കുന്നതെന്ന അനുഭൂതിയുണ്ടാകുമെന്ന് തീർച്ച. അത്തരത്തിലുള്ള നമസ്കാരം ആരെയും മ്ലേച്ഛതകളിൽനിന്ന് അകറ്റുമെന്നതിൽ സംശയമില്ല.

പൂർവികരിൽപെട്ട ഒരാളോട് എങ്ങനെയാണദ്ദേഹം നമസ്കരിക്കാറുള്ളതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“”വളരെ സൂക്ഷ്മതയോടെ ഞാൻ തക്ബീർ ചൊല്ലും; തികഞ്ഞ അവധാനതയോടെ ഖുർആൻ പാരായണം ചെയ്യും; നിറഞ്ഞ ഭക്തിയോടെ റുകൂഅ് ചെയ്യും; പൂർണവിനയത്തോടെ സുജൂദ് ചെയ്യും; എന്റെ വലത്ത് സ്വർഗവും ഇടത്ത് നരകവും കാൽക്കീഴിൽ “സ്വിറാതും’ പുരികങ്ങൾക്കിടയിൽ കഅ്ബയും ശിരസ്സിൽ മരണത്തിന്റെ മാലാഖയും ചുറ്റും എന്റെ പാപങ്ങളും ഉണ്ടെന്നും ദൈവം എനിക്കുനേരേ നോക്കുന്നുണ്ടെന്നും എന്റെ ആയുസ്സിലെ അന്ത്യനമസ്കാരമാണിതെന്നും ഉള്ള ബോധത്തോടെ, തികഞ്ഞ ആത്മാർഥതയോടെ ഞാൻ നമസ്കരിക്കും. പിന്നെ സലാം വീട്ടും. അല്ലാഹു എന്നിൽനിന്ന് അത് സ്വീകരിക്കുമോ, അതോ, “ആ നമസ്കാരത്തെ അവന്റെ മുഖത്തെറിയുക’ എന്നു പറയുമോ? എന്ന് എനിക്കറിഞ്ഞുകൂടാ.”

നമസ്കാരത്തിന്നായി നിൽക്കുന്നതോടെ ഭൗതികജീവിതത്തിന്റെ സർവപ്രശ്നങ്ങളും കൂട്ടത്തോടെ മനസ്സിലോടിയെത്തുകയും നമസ്കാരത്തിലൊഴിച്ച് മറ്റെല്ലാറ്റിലും മനസ്സ് വ്യാപരിക്കുകയും ചെയ്യുന്ന നമസ്കാരം മുസ്ലിമിൽനിന്ന് ഉണ്ടായിക്കൂടാത്തതാണ്. മനുഷ്യരെ കീഴ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. നമസ്കാരവേളയിൽ അത്തരം പ്രശ്നങ്ങളെ മനസ്സിൽനിന്ന് അകറ്റിനിറുത്തുകയും തനിക്ക് ദൈവചിന്ത പ്രദാനം ചെയ്യുന്ന ഒരിടത്ത് നില്പുറപ്പിക്കുകയും ഉരുവിടുന്ന പ്രാർഥനകളുടെ ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാധ്യതയുടെ പരമാവധി ചിന്തയെ നിയന്ത്രിച്ചു നിറുത്തുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. മാനുഷികമായ കഴിവുകൾക്കതീതമായത് അല്ലാഹു പൊറുത്തുതരും. ഇതാണ് മനസ്സാന്നിധ്യം എന്നതുകൊണ്ടുദ്ദേശ്യം.

ശാരീരികമായ ഭക്തി അവയവങ്ങളുടെ അച്ചടക്കമാണ്. ആന്തരിക ഭക്തിയുടെ പൂരണവും അതിന്റെ ബാഹ്യചിഹ്നവുമാണിത്. ഹൃദയത്തിൽ ഭയഭക്തിയുണ്ടെങ്കിൽ അവയവങ്ങളും ഭയഭക്തികാണിക്കും. നമസ്കാരത്തിൽ കുറുക്കനെപ്പോലെ അങ്ങുമിങ്ങും നോക്കാതിരിക്കുക, കൊച്ചുകുട്ടികളെപ്പോലെ കളിക്കാതിരിക്കുക, ഭക്തിപ്രകടനത്തിന്ന് തടസ്സമാവുകയും നമസ്കാരത്തിന്റെ ആത്മാവിനെ ഹനിക്കുകയും ചെയ്യുംവിധം അധികചലനങ്ങൾ നടത്താതിരിക്കുക തുടങ്ങിയവയാണ് അവയവങ്ങൾ പാലിക്കേണ്ടുന്ന അച്ചടക്കം.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!