ചോദ്യം- മറ്റിടമൊന്നും കണ്ടില്ലെങ്കിൽ ഒരു മുസ്ലിമിന്ന് ജൂത-കൈ്രസ്തവരുടെ പള്ളിയിൽ നമസ്കരിക്കാമോ?
ഉത്തരം- തിരുദൂതർ ഇപ്രകാരം പറയുകയുണ്ടായി: എനിക്ക് മുമ്പ് ആർക്കും ലഭിച്ചിട്ടില്ലാത്ത അഞ്ചുകാര്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം എണ്ണിപ്പറഞ്ഞ അഞ്ച് കാര്യങ്ങളിലൊന്ന് ഇതാണ്: “”ഭൂമിയാകെ എനിക്ക് പള്ളിയായും ശുദ്ധമായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എന്റെ സമുദായത്തിൽ വല്ലവനും നമസ്കാരത്തിന്റെ സമയമെത്തിയാൽ (എവിടെവെച്ചും) നമസ്കരിച്ചുകൊള്ളട്ടെ!”( ബൂഖാരിയും മുസ് ലിമും ജാബറിൽ നിന്ന് ഉദ്ധരിച്ചത് ) ഈ തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഭൂമിയാകെ പള്ളിയാണ്. ഏതിടവും അയാൾക്ക് സുജൂദ് ചെയ്യുവാനും നമസ്കരിക്കുവാനും പറ്റിയതുമാണ്. പക്ഷേ, വല്ല തെറ്റിദ്ധാരണക്കും ഇടം നൽകുമെങ്കിൽ ചർച്ച് പോലുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതാണുത്തമം. എന്നാൽ അതല്ലാത്ത മറ്റൊരിടവും ലഭിച്ചില്ലെങ്കിൽ അവിടെവെച്ചു നമസ്കരിക്കാം. കാരണം, ഭൂമിയാകെ ദൈവത്തിന്റേതാണ്. ഭൂമിയാകെ മുസ്ലിംകൾക്ക് ആരാധനാലയമായി ഉപയോഗിക്കാവുന്നതുമാണ്. കൈ്രസ്തവർ ഒരിക്കൽ തങ്ങളുടെ പള്ളിയിൽ വെച്ച് നമസ്കരിക്കുവാൻ ഉമറുബ്നുൽ ഖത്ത്വാബിന് അനുമതി നൽകുകയുണ്ടായി. പക്ഷേ ഉമർ നമസ്കരിച്ചില്ല. അദ്ദേഹം പറഞ്ഞു: “”ഞാൻ ഇവിടെ നമസ്കരിച്ചാൽ എനിക്കുശേഷം മുസ്ലിംകൾ, “ഉമർ ഇവിടെ നമസ്കരിച്ചിട്ടുണ്ട്’ എന്ന ന്യായം പറഞ്ഞ് ഇതവരുടെ പള്ളിയാക്കി മാറ്റിയേക്കാനിടയുണ്ട്.” ഈയൊരു ഭീതിമൂലമാണ് ഉമർ ചർച്ചിൽ വെച്ച് നമസ്കരിക്കാതിരുന്നത്. അല്ലാതെ അത് വേദക്കാരുടെ ദേവാലയമായിരുന്നതുകൊണ്ടല്ല.