ചോദ്യം- ഞാൻ അഞ്ചുമാസം പ്രായമുള്ള ഒരു ശിശുവായിരിക്കെ എന്നെ പിതാവിന്റെ കൈകളിലേൽപിച്ച് മാതാവ് അദ്ദേഹവുമായി വേർപിരിഞ്ഞു. പിതൃസഹോദരിയാണ് പിന്നീട് എന്നെ വളർത്തിയത്. ഇപ്പോഴെനിക്ക് പതിനാല് വയസ്സായി. മക്കൾക്ക് മാതാപിതാക്കളോട് ബാധ്യതയുണ്ടെന്നും സ്വർഗം മാതാക്കളുടെ കാൽക്കീഴിലാണെന്നും ഞാൻ പഠിച്ചിട്ടുണ്ട്. എന്റെ മാതാവ് എന്നെ കൈവെടിഞ്ഞിരിക്കെ, മാതാവിനോടുള്ള ബാധ്യത നിറവേറ്റാൻ കഴിയാതെ വന്നതിൽ ഞാൻ കുറ്റക്കാരിയാകുമോ?
ഉത്തരം- മാതാപിതാക്കൾക്ക് പൊതുവെയും മാതാവിന് പ്രത്യേകമായും ഇസ്ലാം ശ്രേഷ്ഠത കൽപിച്ചരുളിയിട്ടുണ്ട്. അവരോടുള്ള കടപ്പാടുകൾ സംബന്ധിച്ച് ദൈവിക ഗ്രന്ഥം ധാരാളം ഉപദേശങ്ങൾ നൽകുന്നു. സർവമതങ്ങളും ഒരുപോലെ പ്രഘോഷിക്കുന്ന സനാതന സുകൃതങ്ങളിൽ ഒന്നാണത്. യഹ്യാനബി(അ)യെ പ്രകീർത്തിച്ചുകൊണ്ട് ഖുർആൻ പറയുന്നു: “അദ്ദേഹം തന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്തിരുന്നു; അദ്ദേഹം അഹങ്കാരിയായ ധിക്കാരിയായിരുന്നില്ല.'( മർയം 14) ഈസാ(അ)യെയും ഖുർആൻ ഇപ്രകാരം വിശേഷിപ്പിക്കുന്നു: തൊട്ടിലിൽ കിടന്ന് അദ്ദേഹം പറഞ്ഞു: “എന്റെ മാതാവിനോട് കരുണ കാട്ടുവാനും അവൻ എന്നോട് കൽപിച്ചിരിക്കുന്നു. അവൻ എന്നെ അഹംഭാവിയായ ധിക്കാരി ആക്കിയിട്ടില്ല.'( മർയം 32)
ഇബാദത്ത് അല്ലാഹുവിന് മാത്രമാക്കിത്തീർക്കുക എന്ന മൗലിക ബാധ്യത പരാമർശിച്ച ശേഷം, മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചാണ് ഖുർആൻ പറയുന്നത്: “നിങ്ങൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; അവന് മറ്റു സമന്മാരെ കൽപിക്കാതിരിക്കുക; മാതാപിതാക്കളോട് നന്മ പ്രവർത്തിക്കുകയും ചെയ്യുക.'( അന്നിസാഅ് 36) “എനിക്കും നിന്റെ മാതാപിതാക്കൾക്കും നന്ദി ചെയ്യുവാൻ നാം മനുഷ്യനോടുപദേശിച്ചിരിക്കുന്നു.'( ലുഖ്മാൻ 14) “നിന്റെ നാഥൻ ഇപ്രകാരം വിധിച്ചിരിക്കുന്നു: അവന് മാത്രം ഇബാദത്ത് ചെയ്യുക; മാതാപിതാക്കൾക്ക് നന്മ ചെയ്യുക.'( അൽഇസ്റാഅ് 23)
മാതാവിന്റെ കാര്യം ഖുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ക്ലേശം സഹിച്ച് ഗർഭം പേറുകയും ക്ലേശം സഹിച്ച് പ്രസവിക്കുകയും ചെയ്യുന്നത് മാതാവാണ്. ഏറെ പ്രയാസങ്ങൾ സഹിച്ച് ശിശുവിനെ പാലൂട്ടുകയും വളർത്തുകയും ചെയ്യുന്നതും മാതാവത്രെ. സന്താനങ്ങൾക്ക് മാതാപിതാക്കളിൽ ആരോടാണ് കൂടുതൽ കടപ്പാടുള്ളത് എന്നു ചോദിച്ചപ്പോൾ മാതാവിന് മൂന്ന്, പിതാവിന് ഒന്ന് എന്ന തോത് തിരുദൂതർ സ്വീകരിച്ചതിന്റെ കാരണം മറ്റൊന്നല്ല. സ്വന്തം കുഞ്ഞിനോട് വാൽസല്യം കാണിക്കാതെ, ശൈശവം തൊട്ടേ അതിനെ കയ്യൊഴിഞ്ഞ മാതാവും ഇതിലുൾപ്പെടുന്നു. കാരണം, മാതാവ് എന്നും മാതാവാണ്. രക്തം വെള്ളമായി മാറില്ലല്ലോ.
ബഹുദൈവവിശ്വാസികളായ മാതാപിതാക്കളോട് പോലും സന്താനങ്ങൾക്ക് കടപ്പാടുണ്ടെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. അബൂബക്റിന്റെ പുത്രി അസ്മാഅ് ഒരിക്കൽ തിരുദൂതരോട് ചോദിച്ചു: “ബഹുദൈവവിശ്വാസിനിയായ എന്റെ മാതാവ് എന്നെ സന്ദർശിക്കാറുണ്ട്. ഞാൻ അവരോട് കുടുംബബന്ധം ചേർക്കണമോ?’ അതു സംബന്ധിച്ചാണ് താഴെ പറയുന്ന ഖുർആൻ വാക്യം അവതരിച്ചത്: “മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളെ സ്വഭവനങ്ങളിൽനിന്ന് പുറത്താക്കാത്തവരുമായ അവിശ്വാസികളോട് കരുണ കാട്ടുകയും നീതി പാലിക്കുകയും ചെയ്യുന്നത് അല്ലാഹു വിലക്കുന്നില്ല. നിശ്ചയമായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'( അൽമുംതഹിന 8) അല്ലാഹുവിന് സമന്മാരെ കൽപിക്കുവാൻ മക്കളെ പ്രേരിപ്പിക്കുന്ന മാതാപിതാക്കളോട് സ്വീകരിക്കേണ്ടുന്ന നിലപാട് “ലുഖ്മാൻ’ അധ്യായത്തിൽ ഖുർആൻ ഇപ്രകാരം വിശദീകരിക്കുന്നു: “നിനക്ക് അറിവില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കുവാൻ നിന്റെ മാതാപിതാക്കൾ നിന്നെ നിർബന്ധിക്കുന്ന പക്ഷം നീ അവരെ അനുസരിച്ചു പോകരുത്. എന്നാൽ, ലൗകിക കാര്യങ്ങളിൽ നീ അവരുമായി മര്യാദപൂർവം ഇടപെടുക.'( ലുഖ്മാൻ 15) ബഹുദൈവ വിശ്വാസത്തിന് പ്രേരിപ്പിക്കുകയും ഏകദൈവ വിശ്വാസത്തിന്റെ മാർഗത്തിൽ വിലക്ക് സൃഷ്ടിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ “അനുസരിക്കരുത്’ എന്ന് പറയുന്നതോടൊപ്പം ലൗകിക കാര്യങ്ങളിൽ അവരുമായി മര്യാദപൂർവം വർത്തിക്കുവാൻ ഖുർആൻ ആജ്ഞാപിക്കുന്നു. ഇതാണ് ഇസ്ലാമിന്റെ നിലപാട്. മനുഷ്യൻ എല്ലായ്പ്പോഴും സ്വന്തം മാതാപിതാക്കളോട് ദയവുകാട്ടണം. അവർ അവനോട് അക്രമവും ക്രൂരതയും കാണിച്ചാലും ശരി. ബന്ധം മുറിച്ചവനോട് ബന്ധം ചാർത്തുകയും തനിക്ക് നന്മ നിഷേധിച്ചവർക്ക് നന്മ ചെയ്യുകയും തന്നോട് അതിക്രമം കാണിച്ചവർക്ക് മാപ്പു കൊടുക്കുകയും തന്നെ ദ്രോഹിച്ചവർക്ക് ഉപകാരം ചെയ്യുകയുമാണ് സുജനശീലം. ഈ നിലപാടാണ് ജനങ്ങളോട് പൊതുവിൽ സ്വീകരിക്കേണ്ടതെങ്കിൽ രക്തബന്ധുക്കളുടെയും മാതാപിതാക്കളുടെയും കാര്യം പറയാനെന്തിരിക്കുന്നു? സ്വർഗം ആരുടെ കാൽക്കീഴിലാണോ അല്ലാഹു ഒതുക്കിവെച്ചത് ആ മാതാക്കളുടെ കാര്യം പ്രത്യേകം ഉണർത്താനെന്തിരിക്കുന്നു?
ചോദ്യകർത്താവ് സ്വന്തം മാതാവിന് നന്മ ചെയ്യണമെന്ന് ഞാൻ ഉപദേശിക്കുന്നു. ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള സംശയങ്ങൾ ദൂരീകരിച്ച് പെരുമാറുക- സ്നേഹത്തിന്റെ അറ്റുപോയ കണ്ണി അല്ലാഹു വിളക്കിച്ചേർത്തേക്കാം. ഏതവസ്ഥയിലും മാതാവ് മാതാവുതന്നെ. ചോദ്യകർത്താവിന് ഇപ്പോൾ ഗ്രഹിക്കാൻ അസാധ്യമായ സാഹചര്യങ്ങൾ മാതാവിന് ഉണ്ടായിരുന്നിരിക്കാം. ഭാവിയിൽ അത് ഗ്രഹിക്കാൻ സാധിച്ചേക്കും. മാതാവിനോട് മാതൃവാൽസല്യത്തെക്കുറിച്ച് ഉപദേശിക്കേണ്ട കാര്യമില്ല. അതിന് ഒരു വിശദീകരണവും വേണ്ട. ഉപദേശം വേണ്ടതുണ്ടെങ്കിൽ അത് മക്കൾക്കാണ്. മാതൃഹൃദയം സ്നേഹകാരുണ്യങ്ങളുടെ നിധികുംഭങ്ങളാണ്. വല്ല മാതാവിന്റെയും ഹൃദയത്തിൽ അതിന്റെ അഭാവം ദൃശ്യമാകുന്നുവെങ്കിൽ അസാധാരണമായ അത്തരം ഒരു സ്ഥിതിവിശേഷം സംജാതമായതിന് ശക്തമായ കാരണങ്ങൾ ഇല്ലാതിരിക്കില്ല. ബാല്യം പിന്നിടുകയും മാതാവിനോട് ബന്ധം പുലർത്തുകയും ചെയ്തു തുടങ്ങുമ്പോൾ ഈ വിചിത്ര നടപടിക്ക് മാതാവിനെ പ്രേരിപ്പിച്ച കാര്യം എന്തെന്ന് അറിയാൻ കഴിഞ്ഞേക്കും.