Tuesday, March 26, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംഭർത്തൃപുത്രനുമായുള്ള ബന്ധം

ഭർത്തൃപുത്രനുമായുള്ള ബന്ധം

ചോദ്യം- സ്ത്രീക്ക് ഭർത്തൃപുത്രനുമായി തനിച്ചാകാമോ? വിശിഷ്യാ ഭർത്താവ് പ്രായാധിക്യമുള്ളയാളും പുത്രൻ യുവാവുമാകുമ്പോൾ?

ഉത്തരം- ഒരു സ്ത്രീക്ക് സ്വന്തം സൗന്ദര്യം വെളിപ്പെടുത്താവുന്ന വിഭാഗങ്ങളെ ഖുർആൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. സ്വന്തം ഭർത്തൃപുത്രന്മാർ അക്കൂട്ടത്തിൽ പെടുന്നു. സ്ത്രീകളുടെ ക്ലേശവും ബുദ്ധിമുട്ടും കുറക്കുകയാണ് ഈ അനുവാദത്തിന്റെ പൊരുൾ. ഭർത്തൃപുത്രന്മാരോടൊത്ത് ഒരേ ഭവനത്തിൽ താമസിക്കുന്ന സ്ത്രീയോട്, അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ മൂർധാവുതൊട്ട് പാദതലം വരെ മറച്ചിരിക്കണമെന്നാജ്ഞാപിച്ചാൽ അത് എന്തുമാത്രം പ്രയാസകരമായിരിക്കും? അതുകൊണ്ട് ഖുർആൻ പറഞ്ഞു: “”ഭർത്താവ്, പിതാവ്, ഭർത്തൃപിതാവ്, പുത്രന്മാർ, ഭർത്തൃപുത്രൻമാർ… എന്നിവർക്കല്ലാതെ അവർ സ്വന്തം സൗന്ദര്യം പ്രകടിപ്പിക്കരുത്.”( അന്നൂർ 31 )

ഇതുവഴി ഭർത്തൃപുത്രനെ സദാ ഇടപഴകുകയും സഹവസിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ പെടുത്തി. ഒരന്യപുരുഷന്റെ കാര്യത്തിലെന്നപോലെ ഭർത്തൃപുത്രന്മാരുടെ കാര്യത്തിൽ പൂർണമായ മുൻകരുതലെടുക്കാൻ സ്ത്രീയോട് ആവശ്യപ്പെട്ടില്ല. ഉദാഹരണമായി, അവരുടെ മുമ്പിൽ തലമുടി മറയ്ക്കുവാനോ കണങൈ്ക വെളിവാക്കാതിരിക്കുവാനോ കഴുത്തോ മറ്റോ ആവരണം ചെയ്യാനോ ആജ്ഞാപിച്ചില്ല. കാരണം, അതെല്ലാം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. അല്ലാഹു ഈ ദീനിൽ ഒരു ക്ലേശവും ഉണ്ടാക്കിയിട്ടില്ല.

ഭർത്തൃപുത്രൻ തീർത്തും സ്വപുത്രനെയോ സഹോദരനെയോ പോലെയാണെന്ന് ഇപ്പറഞ്ഞതിന് അർഥമില്ല. തീർച്ചയായും അവർ തമ്മിലന്തരമുണ്ട്. ഇമാം ഖുർത്വുബിയെപ്പോലുള്ള സൂക്ഷ്മാലുക്കളായ പണ്ഡിതർ അതുണർത്തിയിരിക്കുന്നു. പ്രായാധിക്യമുള്ള ഒരാൾ ഒരു യുവതിയെ വിവാഹം ചെയ്യാനിടവരികയും അയാൾക്ക്, അവളുടെ പ്രായമുള്ള ഒരു മകൻ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ വിശേഷിച്ചും. ഇത്തരം സാഹചര്യങ്ങൾ സദാചാരലംഘനം ആശങ്കിക്കാവുന്നവയാണ്. ഇതുസംബന്ധിച്ച് കർമശാസ്ത്രപണ്ഡിതർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവർ പറയുന്നു: “ഇത്തരം വിഷയങ്ങളിൽ അനുവദനീയമായ കാര്യങ്ങളെല്ലാം സദാചാരലംഘനത്തിന് സാധ്യതയുള്ള ഘട്ടങ്ങളിൽ നിഷിദ്ധമായിത്തീരും.’ വനിതാ ഡോക്ടറുടെ അഭാവത്തിൽ ഒരു സ്ത്രീ പുരുഷനായ ഡോക്ടറെ സമീപിക്കുന്നത് ഒരു ഉദാഹരണം. മറിച്ചുമാവാം. സദാചാരലംഘനത്തിന് സാധ്യതയുള്ള ഘട്ടങ്ങളിൽ തടയപ്പെടേണ്ടതാണിത്. നമ്മുടെ പരിഗണനയിലിരിക്കുന്ന വിഷയവും ഇതുപോലുള്ള ഒന്നാണ്.

ഭർത്താവ് യാത്രയിലാണെന്ന് സങ്കൽപിക്കുക. അപ്പോൾ ഭാര്യ യുവഭർത്തൃപുത്രനോടൊത്ത് തനിച്ചിരിക്കുന്നത് അനുവദനീയമാണെന്ന് പറയാനാവുമോ? ഒരിക്കലുമില്ല. നിയമം സ്ത്രീക്ക് ഇളവു നൽകുന്നത് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മാത്രമാണ്. സംശയജന്യവും തെറ്റിന് സഹായകവുമായ ഏകാന്തസഹവാസം അനുവദനീയമല്ല. അപ്രകാരം തന്നെ ഭാര്യയെ തെറ്റിന് പ്രേരിപ്പിക്കുന്ന സാഹചര്യത്തിൽ വിട്ടേക്കുവാൻ ഭർത്താവിനും പാടില്ല. അതിനാൽ ഇത്തരം ചുറ്റുപാടുകളിൽ, വിപത്തൊഴിവാക്കുവാൻ സൂക്ഷ്മത കൈക്കൊള്ളുകയും മുൻകരുതലെടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!