Thursday, May 16, 2024
Homeപെരുമാറ്റ മര്യാദകൾതുമ്മലും തശ്മീത്തും*

തുമ്മലും തശ്മീത്തും*

ചോദ്യം – ഇസ്ലാമിക നിയമങ്ങളിലെല്ലാം ഒരു യുക്തി അടങ്ങിയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർക്ക് അത് മനസ്സിലാകും. ചിലർക്ക് മനസ്സിലാവില്ല. ചിലത് ആർക്കും മനസ്സിലാവില്ല. അത് ഒരു പരീക്ഷണം. അതേസമയം ദൈവിക നിയമങ്ങളിലടങ്ങിയ യുക്തി വിവരമുള്ളവരോട് അന്വേഷിക്കുന്നതിൽ തെറ്റില്ല എന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് മുസ്ലിംകൾക്ക് ചിരപരിചിതമായ ഒരു നിയമത്തിന്റെ യുക്തി അറിയുവാൻ ഞാൻ അങ്ങയെ ആശ്രയിക്കുന്നത്. തുമ്മിയാൽ ഉടനെ “അൽഹംദുലില്ലാ’എന്ന് പറയുന്നത് എന്തിനാണ്? അതു കേൾക്കുന്നവർ “യർഹമുക്കല്ലാഹു’ എന്നും? ആരോഗ്യവാന്മാരും അല്ലാത്തവരുമായ സർവമനുഷ്യർക്കും അനുഭവപ്പെടുന്ന തികച്ചും സ്വാഭാവികമായ ശാരീരികധർമം മാത്രമല്ലേ തുമ്മൽ? തുമ്മിയാൽ ഉടനെ അല്ലാഹുവെ സ്തുതിക്കലും തുടർന്നുള്ള “തശ്മീത്തും’ അതിനുള്ള മറുപടിയും മറ്റും നിർബന്ധ കാര്യങ്ങളാണോ?

ഉത്തരം- ഒരു യുക്തിയോ പ്രയോജനമോ മുൻനിർത്തിയല്ലാതെ അല്ലാഹു ഒന്നും നിയമമാക്കുകയില്ല എന്നു വിശ്വസിക്കുന്ന താങ്കൾ പ്രശംസയർഹിക്കുന്നു. ഹകീം (യുക്തിജ്ഞൻ) എന്നത് അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ്- ഖുർആനിൽ ഏറെ ആവർത്തിച്ചുവന്ന ഒരു വിശേഷണം. അല്ലാഹു യുക്തിനിഷ്ഠയോടെയാണ് നിയമം നിർമിക്കുകയും ആജ്ഞ നൽകുകയും ചെയ്യുന്നത്. താൻ സൃഷ്ടിക്കുകയും രൂപം നൽകുകയും ചെയ്ത സർവ വസ്തുക്കളിലും അവൻ യുക്തി ദീക്ഷിച്ചിരിക്കുന്നു. ഒരുദ്ദേശ്യവുമില്ലാതെ അവൻ ഒരു നിയമം ആവിഷ്കരിക്കുകയില്ല. ഇതാണ് “നാഥാ, നീയിത് വൃഥാ സൃഷ്ടിച്ചതല്ല, നീ പരിശുദ്ധൻ’ എന്ന് ബുദ്ധിമാന്മാർ പറയുന്നതിന്റെ പൊരുൾ. ഇമാം ഇബ്നുൽ ഖയ്യിം പറയുന്നു: “”നിയമങ്ങളിലന്തർഭവിച്ച യുക്തിയെയും പ്രയോജനത്തെയും പറ്റിയുള്ള പ്രതിപാദനങ്ങളും അവ സൃഷ്ടികളെ തെര്യപ്പെടുത്തുവാനുള്ള വിശദീകരണങ്ങളും ഖുർആനിലും സുന്നത്തിലും ഉടനീളം കാണാം. പ്രസ്തുത നിയമങ്ങൾ ഏതൊരു യുക്തി മുൻനിർത്തിയാണോ ആവിഷ്കരിച്ചിരിക്കുന്നത് അത് സംബന്ധിച്ചുണർത്തുവാനുള്ള ശ്രമങ്ങളും അതിൽ നിറയെ ഉണ്ട്.” അദ്ദേഹം തുടരുന്നു: “”ഖുർആനിലും സുന്നത്തിലും നൂറോ ഇരുന്നൂറോ ഇടങ്ങളിൽ മാത്രമേ അതുണ്ടായിരുന്നുള്ളൂവെങ്കിൽ നമുക്കിവിടെ ഉദ്ധരിക്കാമായിരുന്നു. പക്ഷേ, വിവിധ രൂപത്തിൽ ആയിരത്തിലേറെയിടങ്ങളിൽ അത് പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.”( മിഫ്താഹു ദാരിസ്സആദ, ഭാഗം 2, പുറം 24)

ദൈവദീക്ഷിതയുക്തികളിൽ ചിലത് ചിലർക്ക് ദുർഗ്രഹമായിരിക്കുമെന്ന ചോദ്യകർത്താവിന്റെ വിശ്വാസവും ശരിയാണ്. എല്ലാവർക്കും ദുർഗ്രഹമായതും അവയിലുണ്ടാകാം. ദൈവദാസന്മാരെന്ന നിലയിലുള്ള മനുഷ്യരുടെ അർപ്പണബോധം പരീക്ഷണവിധേയമാക്കുകയാണതിലെ യുക്തി. ആരൊക്കെയാണ് ദൈവദാസന്മാരെന്നും ആരൊക്കെയാണ് സ്വന്തം യുക്തിയുടെ ദാസന്മാരെന്നുമുള്ള പരീക്ഷണം! നിയമങ്ങളുടെ ഉള്ളിൽ ദൈവമൊളിച്ചുവെച്ച യുക്തികളും പ്രയോജനങ്ങളും പുറത്തുകൊണ്ടുവരാനുള്ള തീവ്രയത്നത്തിലൂടെ മനുഷ്യബുദ്ധിയുടെ പ്രവർത്തനത്തിന് വേദിയൊരുക്കുക എന്നതും അതിന്റെ ലക്ഷ്യമാണ്. ബുദ്ധിയുടെ പ്രവർത്തനത്തിനും മനുഷ്യകഴിവുകളുടെ വിനിയോഗത്തിനും ധാരാളം സദ്ഫലങ്ങളുണ്ട്. സൃഷ്ടിപ്പിലും നിയമനിർമാണത്തിലും അന്തർലീനമായ സർവയുക്തികളും അല്ലാഹുതന്നെ സ്പഷ്ടമാക്കിയിരുന്നെങ്കിൽ പ്രസ്തുത ഫലങ്ങൾ പാഴായിപ്പോയേനെ.

മൂന്നാമതായി, തനിക്ക് ദുർഗ്രഹമായ യുക്തി അതു സംബന്ധിച്ച് അറിവുള്ളവരെന്ന് താൻ കരുതുന്ന ആളുകളോട് അന്വേഷിച്ചറിയുവാനുള്ള ചോദ്യകർത്താവിന്റെ വാഞ്ഛയും ശ്രമവും പ്രശംസാർഹമാണ്. ഈ വാഞ്ഛ അദ്ദേഹത്തെ ഗ്രസിച്ച സന്ദേഹത്തെയല്ല, മറിച്ച് സ്വമനസ്സിന് സംതൃപ്തി ലഭ്യമാക്കാനുള്ള വ്യഗ്രതയെയാണ് കുറിക്കുന്നത്. ഇബ്റാഹീം നബിപോലും ഇപ്രകാരം പറയുകയുണ്ടായില്ലേ: “”നാഥാ, നീ എങ്ങനെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നതെന്ന് എനിക്ക് കാണിച്ചുതന്നാലും” അല്ലാഹു ചോദിച്ചു: “”നീ വിശ്വസിച്ചവനല്ലയോ?” അദ്ദേഹം പറഞ്ഞു: “”തീർച്ചയായും, പക്ഷേ, എന്റെ മനസ്സിന് പൂർണസംതൃപ്തി പകരുവാനാണിത്.”( അൽബഖറ 260) മറ്റൊരു വശം പരിഗണിച്ചാൽ, ഈ വാഞ്ഛ സ്വന്തം വിജ്ഞാനം വർധിപ്പിക്കുവാനുള്ള അതീവതാൽപര്യത്തെക്കുറിക്കുന്നു എന്ന് കാണാം. അതാകട്ടെ, ഖുർആനും സുന്നത്തും ആജ്ഞാപിച്ചിട്ടുള്ളതുമാണ്. അല്ലാഹു പറയുന്നു: “”എന്റെ നാഥാ, എനിക്ക് നീ അറിവ് ഏറ്റിത്തരേണമേയെന്ന് നീ പ്രാർഥിക്കുക.”( ത്വാഹാ 114) തിരുദൂതർ പറയുന്നു: “”ഒരു നന്മയും വിശ്വാസിയുടെ ഉള്ള് നിറക്കില്ല- അവൻ സ്വർഗം കരഗതമാക്കുവോളം”( തിർമിദി, ഇബ്നുഹിബ്ബാൻ) (ഇവിടെ “നന്മ’യുടെ ഉദ്ദേശ്യം അറിവാണ്).

തുമ്മലും തശ്മീത്തും: മര്യാദകൾ
തുമ്മലിന്റെ വിധിയിലന്തർഭവിച്ച യുക്തി പ്രതിപാദിക്കുന്നതിന് ആമുഖമായി പ്രസ്തുത വിധികളുടെ യഥാർഥ സ്വഭാവത്തിലേക്ക് തെല്ല് വെളിച്ചം വീശുന്നത് പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു.

ഒന്ന്: തുമ്മിയാലുടനെ “അൽഹംദുലില്ലാ’ (സർവസ്തുതിയും അല്ലാഹുവിന്നാകുന്നു) എന്നു പറയണം. ഇത് “അൽഹംദു ലില്ലാഹി അലാ കുല്ലിഹാലിൻ’ (എല്ലാ അവസ്ഥയിലും സർവസ്തുതിയും അല്ലാഹുവിന്നാകുന്നു) എന്നോ, “അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ’ (സർവസ്തുതിയും ലോകനാഥനായ അല്ലാഹുവിന്നാകുന്നു) എന്നോ ആവാം. ഈ വാക്യങ്ങളിലേതും ആവാമെന്ന് തിരുവചനങ്ങൾ വന്നിട്ടുണ്ട്. ഇമാം നവവി പറഞ്ഞതുപോലെ, ഇങ്ങനെ പറയുന്നത് സുന്നത്താണെന്ന കാര്യത്തിൽ അഭിപ്രായഭേദമില്ല.

രണ്ട്: തുമ്മലിൽ ശബ്ദം കുറക്കുക അതിന്റെ മര്യാദകളിലൊന്നാണ്. സ്വശരീരത്തിനും തന്റെ സമീപമുള്ളവർക്കും അസ്വാസ്ഥ്യം ജനിപ്പിക്കുന്നത് ഒഴിവാക്കുവാൻ അത് ഉതകും. അതേയവസരം “അൽഹംദുലില്ലാ’ എന്നു പറയുന്നത് ചുറ്റുമുള്ളവർക്ക് കേൾക്കത്തക്കവിധം ഉച്ചത്തിൽ ആവുകയും വേണം. തുമ്മുമ്പോൾ മുഖം പൊത്തിപ്പിടിക്കുകയാണ് മറ്റൊരു മര്യാദ. തുമ്മുമ്പോൾ വായിൽനിന്നും മൂക്കിൽനിന്നും നിർഗമിക്കുന്ന ദ്രാവകം ഇതരർക്ക് ശല്യമാവരുതല്ലോ. “നബി(സ) തുമ്മുമ്പോൾ തന്റെ കൈകൊണ്ട് വായ പൊത്തുകയും ശബ്ദം കുറക്കുകയും ചെയ്തിരുന്നു'( അബൂദാവൂദ്, തിർമിദി) എന്ന് അബൂഹുറയ്റ നിവേദനം ചെയ്തതായി കാണാം.

മൂന്ന്: തുമ്മിയാൽ “അൽഹംദുലില്ലാ’ പറയുന്നത് കേൾക്കാനിടവരുന്നവർ അയാൾക്കുവേണ്ടി “തശ്മീത്ത്’ ചൊല്ലണം. “യർഹമുക്കല്ലാഹു'(അല്ലാഹു നിന്നിൽ കരുണ ചൊരിയട്ടെ) എന്ന് പ്രാർഥിക്കുന്നതിനാണ് “തശ്മീത്ത്’ എന്നു പറയുന്നത്. ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു തിരുവചനത്തിൽ ഇപ്രകാരം കാണാം: “”നിങ്ങളിൽ വല്ലവരും തുമ്മിയാൽ “അൽഹംദുലില്ലാ’ എന്നു പറയുക; അപ്പോൾ അയാളുടെ സമീപമുള്ളവർ “യർഹമുക്കല്ലാ'( അഹ്മദ്, അബൂയഅ്ലാ) എന്നും. ഇത് മുസ്ലിംകളുടെ അന്യോന്യ ബാധ്യതകളിൽ പെട്ടതാണ്.”

ഈ ഹദീസിന്റെ ബാഹ്യാർഥം ഇതൊരു “ഫർദ് ഐൻ'( വ്യക്തിനിഷ്ഠമായ നിർബന്ധ ബാധ്യത.) ആണെന്ന് കുറിക്കുന്നു. ഇതിനെ ബലപ്പെടുത്തുന്ന ധാരാളം ഹദീസുകൾ വേറെയുമുണ്ട്. ചിലതിൽ “നിങ്ങൾക്ക് നിർബന്ധമാകുന്നു’ എന്ന പ്രയോഗം തന്നെ കാണാം. മറ്റു ചിലതിൽ “ബാധ്യത’ (ഹഖ്ഖ്) എന്ന പദമാണുള്ളത്. “ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോട് ആറ് ബാധ്യതകളുണ്ട്’ എന്ന ഹദീസ് ഉദാഹരണം. “റസൂൽ ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു’ എന്നു തുടങ്ങുന്ന ഹദീസുകളും ഇവ്വിഷയത്തിലുണ്ട്.

ഇമാം ഇബ്നുൽ ഖയ്യിം പറഞ്ഞതുപോലെ, ഇത്തരം പദപ്രയോഗങ്ങളൊന്നുമില്ലാതെത്തന്നെ കർമശാസ്ത്രപണ്ഡിതന്മാർ പല കാര്യങ്ങളെ സംബന്ധിച്ചും “നിർബന്ധം’ എന്ന് വിധിച്ചിട്ടുണ്ട്. ഇവ്വിഷയത്തിൽ ഭൂരിപക്ഷം ളാഹിരീ പണ്ഡിതന്മാരുടെയും അഭിപ്രായവും അത് “ഫർദ് ഐനാ’ണ് എന്നത്രെ. മറ്റു പണ്ഡിതരിൽ ഒരു വിഭാഗവും ഇതേ വീക്ഷണം പുലർത്തുന്നു.

ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായത്തിൽ തശ്മീത്ത് “ഫർദ്കിഫായ'( സമൂഹനിഷ്ഠമായ നിർബന്ധ ബാധ്യത.) ആകുന്നു. സമൂഹത്തിൽ വല്ലവരും അത് നിർവഹിച്ചാൽ എല്ലാവരും ബാധ്യതയിൽനിന്ന് ഒഴിവാകും. മാലികീ പണ്ഡിതന്മാരായ ഇബ്നുറുശ്ദ്, ഇബ്നുൽ അറബി എന്നിവരും, ഹനഫീ പണ്ഡിതർ എല്ലാവരും, ഹമ്പലീ പണ്ഡിതരിൽ ഭൂരിപക്ഷവും ഈ അഭിപ്രായം പുലർത്തുന്നവരാണ്. മാലികീ മദ്ഹബിലെ വലിയൊരു ഭാഗം പണ്ഡിതരുടെ വീക്ഷണത്തിൽ അത് അഭികാമ്യം (മുസ്തഹബ്ബ്) മാത്രമാണ്. ഒരു സമൂഹത്തിൽ ഒരാൾ അത് ചെയ്താൽ മതിയാകും. ശാഫിഈ മദ്ഹബിന്റെ നിലപാടും ഇതുതന്നെ.

തെളിവുകൾ വിശകലനം ചെയ്യുമ്പോൾ, “ഫർദ്കിഫായ’ എന്ന അഭിപ്രായത്തിനാണ് പ്രാബല്യം. അൽഹാഫിളുബ്നു ഹജർ അത് സംബന്ധിച്ച് പറയുന്നത് കാണുക: “”നിർബന്ധമെന്ന് കുറിക്കുന്ന ഹദീസുകൾ അതൊരു “ഫർദുകിഫായ’ ആകുന്നത് നിരാകരിക്കുന്നില്ല, തശ്മീത്തിനുള്ള കൽപന അഭിസംബോധിതരെ മൊത്തത്തിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും അതൊരു ഫർദുകിഫായ മാത്രമാണ്. എല്ലാവരെയും അഭിസംബോധന ചെയ്ത് ആജ്ഞാപിക്കുന്ന അക്കാര്യം വല്ലവരും നിർവഹിച്ചാൽ എല്ലാവരും ബാധ്യതയിൽനിന്ന് ഒഴിവാകും എന്നുള്ളതാണ് ശരി.”
നാല്: തശ്മീത്തിന്റെ ബാധ്യതയിൽനിന്ന് താഴെ പറയുന്ന വിഭാഗങ്ങൾ ഒഴിച്ചുനിർത്തപ്പെടുമെന്ന് പ്രസ്തുത കൽപനയുടെ വ്യാപകാർഥം സ്പഷ്ടമാക്കുന്നു: 1. തുമ്മിയ ശേഷം “അൽഹംദുലില്ലാ’ പറയാത്തവൻ. തശ്മീത്ത് ബാധ്യതയാകുന്നതിന് തുമ്മിയവൻ “അൽഹംദുലില്ലാ’ എന്ന് പറയണമെന്ന നിബന്ധനയുണ്ട്. ബുഖാരി അനസിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒരു തിരുവചനത്തിൽനിന്ന് ഇക്കാര്യം വ്യക്തമാകും. അനസ് പറയുന്നു: നബി(സ)യുടെ സമീപത്തുവെച്ച് രണ്ടാളുകൾ തുമ്മി. ഒരാൾക്ക് വേണ്ടി മാത്രമേ റസൂൽ “തശ്മീത്ത്’ ചെയ്തുള്ളൂ. അതേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “”ഇയാൾ “അൽഹംദുലില്ലാ’ പറഞ്ഞു. മറ്റേയാൾ “ഹംദ്’ പറഞ്ഞില്ല.” അഭിപ്രായഭേദമില്ലാത്ത ഒരു നിബന്ധനയത്രെ ഇത്.

2. ജലദോഷം ബാധിച്ചവൻ മൂന്നിലേറെ തവണ തുമ്മിയാൽ “തശ്മീത്ത്’ ബാധ്യതയില്ല. കാരണം, ഓരോതവണ തുമ്മുമ്പോഴും തശ്മീത്ത് ചൊല്ലുന്നത് ഇതരർക്ക് ബുദ്ധിമുട്ടാണ്. അപ്പോൾ തശ്മീത്തിന്റെ അംഗീകൃത പ്രാർഥനക്കുപകരം അനുയോജ്യമായ മറ്റു പ്രാർഥനകൾ നടത്തുന്നതിൽ വിരോധമില്ല. ഉദാഹരണമായി “അയാളുടെ രോഗം സുഖപ്പെടുത്തേണമേ’ എന്ന് പ്രാർഥിക്കാം.

3. അമുസ്ലിം തുമ്മിയാൽ തശ്മീത്ത് വേണ്ട. അബൂമൂസൽ അശ്അരി പറയുന്നു: “”തിരുദൂതർ “യർഹമുക്കല്ലാ’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച് ജൂതന്മാർ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വെച്ച് തുമ്മുമായിരുന്നു. പക്ഷേ, അദ്ദേഹം “യഹ്ദീക്കുമുല്ലാഹു വ യുസ്വ്ലിഹു ബാലക്കും'(അല്ലാഹു നിങ്ങളെ സന്മാർഗത്തിലാക്കുകയും നിങ്ങളുടെ സ്ഥിതിഗതികൾ നന്നാക്കുകയും ചെയ്യട്ടെ) എന്ന് പറയുകയേ ചെയ്തിരുന്നുള്ളൂ”( അബൂദാവൂദ് ഉദ്ധരിച്ചത്. ഇത് സ്വീകാര്യമാണെന്ന് ഹാകിം സ്ഥിരീകരിച്ചിട്ടുള്ളതായി ഹാഫിള് പറഞ്ഞിരിക്കുന്നു.) അവർക്കുള്ള “തശ്മീത്ത്’ വേറെത്തന്നെയാണെന്നും “തശ്മീത്ത്’ ചൊല്ലാനുള്ള പൊതു കൽപനയിൽ നിന്ന് അവർ ഒഴിച്ചുനിർത്തപ്പെട്ടിട്ടില്ലെന്നുമാണിതിനർഥം.

4. വെള്ളിയാഴ്ച ദിവസം ഖുത്വുബ നടക്കവേ തുമ്മുന്നവർക്കുവേണ്ടി തശ്മീത്ത് ചൊല്ലേണ്ടതില്ല. എന്നാൽ അയാൾക്കുവേണ്ടി പ്രസംഗാനന്തരം തശ്മീത്ത് ചൊല്ലാം. കാരണം, ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ സംസാരിക്കുന്നത് നിഷിദ്ധമാണ്.

5. തനിക്ക് തശ്മീത്ത് ചൊല്ലിയവർക്കുവേണ്ടി പ്രാർഥിക്കുക തുമ്മിയവന് നിർബന്ധമാണ്. അബൂഹുറയ്റയെ ഉദ്ധരിച്ച് ബുഖാരിയും മറ്റും രേഖപ്പെടുത്തിയ ഹദീസ് കാണുക: “”വല്ലവരും തുമ്മിയാൽ അവർ “ഹംദ്’ ചൊല്ലട്ടെ. അപ്പോൾ അവന്റെ സഹോദരനോ കൂട്ടുകാരനോ “യർഹമുക്കല്ലാ’ എന്ന് പറയണം. അതിന് മറുപടിയായി തുമ്മിയവൻ “യഹ്ദീക്കുമുല്ലാഹു വ യുസ്വ്ലിഹു ബാലക്കും’ എന്നും.”( ബുഖാരി, ത്വബ്റാനി)

അല്ലെങ്കിൽ തനിക്കും അപരർക്കും വേണ്ടി പാപമോചനത്തിനായി പ്രാർഥിക്കുകയുമാവാം. ഇബ്നു മസ്ഉൗദ് നിവേദനം ചെയ്ത ഒരു ഹദീസിൽ “യഗ്ഫിറുല്ലാഹു ലനാ വലക്കും’ എന്നാണ് പ്രസ്തുത പ്രാർഥന. ചില പണ്ഡിതന്മാർ രണ്ടു പ്രാർഥനാവാക്യങ്ങളും ചേർത്തുപറയാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നു ഉമറിന്റെ ഒരു വചനം “മുവത്ത്വ’യിൽ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: “”ഞാൻ തുമ്മിയാൽ, “യർഹമുക്കല്ലാ’ എന്ന് പറയുന്നവരോട് “യർഹമുനല്ലാഹു വഇയ്യാക്കും, വ യഗ്ഫിറുല്ലാഹു ലനാ വലക്കും’ (അല്ലാഹു നമ്മിലും നിങ്ങളിലും കരുണ വർഷിക്കുകയും നമുക്കും നിങ്ങൾക്കും പൊറുത്തുതരുകയും ചെയ്യുമാറാകട്ടെ) എന്നാണ് മറുപടി പറഞ്ഞിരുന്നത്.”

ഹംദിലെയും തശ്മീത്തിലെയും യുക്തി
“ഹംദി’ലും “തശ്മീത്തി’ലും പ്രധാനമായും മൂന്ന് പ്രയോജനങ്ങളുണ്ട്:
ഒന്ന്: ഇസ്ലാം നിശ്ചയിക്കുന്ന ആചാരങ്ങളുടെ പൊതു ലക്ഷ്യം ജീവിതത്തിന്റെ സർവരംഗങ്ങളിലും വ്യക്തിയെ ദൈവവുമായി ബന്ധിപ്പിക്കുക എന്നതാണ്. ഇതിനുവേണ്ടി പ്രതിദിനം ആവർത്തിച്ചുവരുന്ന പ്രകൃതിസഹജമായ അവസരങ്ങളും സ്വാഭാവിക കാര്യങ്ങളും അത് ഉപയോഗപ്പെടുത്തുന്നു. ഇത്തരം അവസരങ്ങളിലെല്ലാം ഒരു വിശ്വാസി ദൈവത്തെ പ്രകീർത്തിച്ചോ വാഴ്ത്തിയോ പ്രാർഥിച്ചോ ദൈവസ്മരണ സജീവം നിലനിർത്തുകയും ദൈവവുമായുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കുകയും ചെയ്യണം. ആഹാരപാനീയങ്ങൾ കഴിച്ചു തുടങ്ങുമ്പോഴും, അതിൽനിന്ന് വിരമിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും സംഭോഗവേളയിലും സംഭോഗാനന്തരവും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രയിലും യാത്രാനന്തരവും ഉരുവിടുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിക്റുകളും ദുആകളും ഇൗ ഉദ്ദേശ്യം മുൻനിർത്തിയത്രെ. തുമ്മിയാൽ ഹംദ് ചൊല്ലുന്നതും അതിന് “തശ്മീത്ത്’ ചൊല്ലുന്നതും ഇക്കൂട്ടത്തിൽ പെടുന്നു. ഇതുവഴി മുസ്ലിമിന്റെ വ്യക്തിജീവിതത്തിലെന്നപോലെ ഇസ്ലാമിക സാമൂഹികാന്തരീക്ഷത്തിലും ദൈവിക ചിന്തയും ആശയങ്ങളും പച്ചപിടിച്ചുനിൽക്കുകയും വ്യാപരിക്കുകയും ചെയ്യുന്നു.

തുമ്മിയ ഉടനെ “ഹംദ്’ ചൊല്ലുന്നതിലടങ്ങിയ യുക്തി സംബന്ധിച്ച് അൽ അല്ലാമാ അൽഹലീമി പറയുന്നു: “”തുമ്മൽ മസ്തിഷ്കത്തിന്റെ ഒരു സുരക്ഷാ കവചമാണ്. മനുഷ്യന്റെ ചിന്താശക്തിയുടെയും ഇന്ദ്രിയാനുഭവങ്ങളുടെ വാഹകരായ നാഡികളുടെയും കേന്ദ്രം മസ്തിഷ്കമാണല്ലോ. അതിന്റെ രക്ഷയാണ് ശരീരത്തിന്റെ രക്ഷ. അതിനാൽ തുമ്മൽ മഹത്തായ ഒരനുഗ്രഹമാണെന്ന് സ്പഷ്ടം. പ്രസ്തുത അനുഗ്രഹദാതാവിന് ഒരു സ്തുതി പകരം നൽകുക എന്നത് തികച്ചും സംഗതമത്രെ. ദൈവത്തിന്റെ സൃഷ്ടിവൈഭവത്തിനും ശക്തിമാഹാത്മ്യത്തിനും നൽകുന്ന അംഗീകാരമാണത്. സൃഷ്ടിമാഹാത്മ്യത്തെ പ്രാപഞ്ചിക പ്രതിഭാസമായി വ്യാഖ്യാനിക്കുന്നതിന് പകരം ദൈവികസിദ്ധിയായി സമ്മതിച്ചുകൊടുക്കുന്ന ഒന്ന്.”

തുമ്മുന്നവന്റെ ദൈവകീർത്തനം കേൾക്കുന്നവൻ ചൊല്ലേണ്ട തശ്മീത്തിനെക്കുറിച്ച് അൽഖാദി ഇബ്നുൽ അറബി പറയുന്നു: “”തുമ്മുന്ന അവസരത്തിൽ ശിരസ്സിലെയും അതിനോട് ബന്ധപ്പെട്ട കഴുത്ത് തുടങ്ങിയവയിലെയും സൂക്ഷ്മാംഗങ്ങൾക്ക് ക്ഷതം പറ്റുന്നു. അപ്പോൾ തുമ്മിയവനോട് നിന്നിൽ അല്ലാഹുവിന്റെ കാരുണ്യവർഷമുണ്ടാവട്ടെ എന്ന് പറയുന്നതിനർഥം നിന്റെ ശരീരത്തിന് തുമ്മുന്നതിന് മുമ്പുള്ള അവസ്ഥ കൈവരിക്കാനും ആ സ്ഥിതി മാറാതെനിൽക്കാനും ദൈവകാരുണ്യം ലഭിക്കുമാറാകട്ടെ എന്നത്രെ.”

ഇബ്നു അബീജംറ പറയുന്നു: “സ്വദാസന്മാർക്ക് ദൈവം നൽകിയ മഹത്തായ അനുഗ്രഹങ്ങളുടെ ഒരു സൂചന തുമ്മുക എന്ന പ്രക്രിയയിലടങ്ങിയിട്ടുണ്ട്. തുമ്മൽ എന്ന അനുഭവത്തിലൂടെ ദ്രോഹകാരിയായ ഒരവസ്ഥയിൽനിന്ന് മനുഷ്യന് മോചനം നൽകുകയാണവൻ. എന്നിട്ട് അതിന് ദൈവത്തിന് സ്തുതിയോതണമെന്ന് നിയമം വെച്ചു. ആ സ്തുതിയോതലാകട്ടെ പ്രതിഫലാർഹവും. തുടർന്ന്, കാരുണ്യവർഷത്തിനായുള്ള പ്രാർഥനക്കുശേഷം നന്മ വരുത്താനൊരു പ്രാർഥന. തുടരെത്തുടരെയുള്ള അനുഗ്രഹാശംസകളെല്ലാം സംഭവിക്കുന്നതോ ചുരുങ്ങിയ സമയത്തിനകവും! ഇത് അല്ലാഹുവിന്റെ വിശാലമനസ്കതയുടെ ഫലമായും അവങ്കൽനിന്നുള്ള അനുഗ്രഹം എന്ന നിലയിലും ലഭിക്കുന്നതത്രെ.

രണ്ട്: മുസ്ലിംകളെ പരസ്പരം ബന്ധിപ്പിച്ചുനിർത്തുക എന്നതാണ് ഇസ്ലാമികാചാരങ്ങളുടെ മറ്റൊരു ലക്ഷ്യം. അവർക്കിടയിൽ സ്നേഹസാഹോദര്യങ്ങളുടെയും ഐക്യബോധത്തിന്റെയും വികാരം വളർത്തിയെടുക്കുക. ജീവിതത്തിന് രസം പകരുകയും സത്കർമങ്ങൾക്ക് ഉത്തേജനം ലഭിക്കുകയും സമൂഹത്തിൽനിന്ന് ദുഃഖവും ആശങ്കയും അകറ്റുകയും ചെയ്യുവാൻ പ്രസ്തുത വികാരം അനിവാര്യമത്രെ. അഹന്തയും താൻപോരിമയും അസൂയയും വിദ്വേഷവും, തിരുദൂതർ പറഞ്ഞതുപോലെ സമൂഹങ്ങളുടെ വ്യാധിയും മതബോധത്തിന്റെ അന്തകനുമാണ്.

ഇസ്ലാം തശ്മീത്തിലൂടെ, സംസ്കൃതമായ ഒരു സമൂഹത്തിന് ചേർന്ന വിനയത്തിന്റെയും സുജനമര്യാദയുടെയും ഒരു രീതി വളർത്തിയെടുക്കുകയാണ്. അനൈക്യവും അന്യവത്കരണവും ബന്ധവിച്ഛേദവും സ്വീകാര്യമല്ലാത്തതും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യവായ്പിന്റെയും വികാരവിചാരങ്ങളെ അനശ്വരമാക്കാൻ ആഗ്രഹിക്കുന്നതുമായ ഒരു സമൂഹത്തിന് അവശ്യം വേണ്ടുന്ന ഒന്ന്. ഇബ്നു ദഖീഖിൽ ഈദ് പറയുന്നു: “”മുസ്ലിംകളിൽ സ്നേഹവികാരവും എെക്യബോധവും സംജാതമാക്കുക എന്നത് തശ്മീത്തിന്റെ പ്രയോജനങ്ങളിൽപെടുന്നു. തുമ്മിയാൽ ദൈവത്തിന്റെ കാരുണ്യവർഷത്തിനായി പ്രാർഥിക്കുക എന്ന മര്യാദ അഹന്തയുടെ രോഗാണുക്കളെ വംശനാശം വരുത്തുകയും ഹൃദയത്തിൽ വിനയത്തിന്റെ ബീജാവാപം നടത്തുകയും ചെയ്യുന്നു.”

മൂന്ന്: തശ്മീത്ത് ആചാരമാക്കുകവഴി ഇസ്ലാം, തുമ്മൽ സംബന്ധിച്ച് ജാഹിലിയ്യാകാലത്ത് നിലനിന്ന പല അന്ധവിശ്വാസങ്ങൾക്കും പ്രസ്തുത വിശ്വാസങ്ങൾ രൂപംകൊടുത്ത ദുഷിച്ചതും ആപൽക്കരവുമായ ആചാരസമ്പ്രദായങ്ങൾക്കും അറുതിവരുത്തി. ജാഹിലിയ്യാ അറബികൾ തുമ്മലിനെ ഒരു അശുഭലക്ഷണമായി പരിഗണിച്ചുവന്നു. “ഒരു തുമ്മൽകാരനെയും ഭയക്കാതെ ഞാനതു തരണം ചെയ്തു’ എന്ന് ഒരു മരുഭൂയാത്രയെപ്പറ്റി റുഅ്യതുബ്നുൽ അജാജ് പറയുകയുണ്ടായി. “വല്ലവരും ഉണർന്ന് തുമ്മുന്നതിനു മുമ്പ് ഞാനെന്റെ അശ്വമേറി യാത്രയായി’ എന്ന് ഇംറുൽഖൈസ് പാടിയത് കാണാം. ഉറക്കമുണർന്നവർ തുമ്മുന്ന ശബ്ദം കേൾക്കുന്നത് ദുശ്ശകുനമാകയാലാണ് അദ്ദേഹം അവരുണരുംമുമ്പേ വേട്ടക്ക് പുറപ്പെട്ടത്. ഇഷ്ടജനങ്ങൾ തുമ്മിയാൽ, “ദീർഘായുസ്സായിരിക്കട്ടെ’ എന്നവർ ആശംസിച്ചു. ശത്രു ജനങ്ങളാണ് തുമ്മിയതെങ്കിൽ മറുപടി “വർയൻ വ ഖുഹാബൻ’ എന്ന ശാപവാക്യമായിരുന്നു. നിനക്ക് കരൾരോഗവും ചുമയും പിടികൂടട്ടെ എന്നർഥം. ഒരു തുമ്മൽ കേട്ടാൽ “ബിക ലാ ബീ'(എനിക്കല്ല നിനക്ക്) എന്നും പറഞ്ഞിരുന്നു അവർ. നിന്റെ തുമ്മലിന്റെ ദുശ്ശകുനം നിന്നെ മാത്രം ബാധിക്കുവാനും എന്നെ ബാധിക്കാതിരിക്കാനും ഞാൻ ദൈവത്തിൽ ശരണം തേടുന്നു എന്ന് സാരം. ചുരുക്കത്തിൽ തുമ്മൽ ഒരു ദുശ്ശകുനമാണെന്ന അവരുടെ വിശ്വാസം അതിതീവ്രമായിരുന്നു.

ഇസ്ലാമിന്റെ ആഗമനം ഇത്യാദി വിശ്വാസങ്ങളുടെ വേരറുത്തു. തുമ്മൽ അടിസ്ഥാനമാക്കി ലക്ഷണം നോക്കുന്നതും അതിനെ ദുശ്ശകുനമായിക്കരുതുന്നതും നിരോധിച്ചു. തുമ്മിയവനെ ശപിക്കുന്നതിന് പകരം അവന്റെ നന്മക്കുവേണ്ടി പ്രാർഥിക്കുവാൻ പഠിപ്പിച്ചു. തുമ്മിയവനോടുള്ള അവരുടെ നിലപാട് അന്യായവും അതിക്രമവും ആയിരുന്നതുകൊണ്ട് ഇസ്ലാം അവർക്കുവേണ്ടി കാരുണ്യപ്രാർഥന നടത്താനാവശ്യപ്പെട്ടു. കാരുണ്യപ്രാർഥന നടത്തിയവന് പാപമോചനവും മാർഗദർശനവും സൗഖ്യവും ആശംസിക്കുവാൻ തുമ്മിയവനോടും ആജ്ഞാപിച്ചു.

————-
* തുമ്മുന്നവൻ “അൽഹംദുലില്ലാ’ എന്ന് പറയണം. അതുകേൾക്കുന്നവൻ “യർഹമുക്കല്ലാഹു’ (അല്ലാഹു നിന്നിൽ കരുണ ചൊരിയട്ടെ) എന്നും. ഇതിനെ “തശ്മീത്ത്’ എന്നു പറയുന്നു.)
ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!