Home ഫിഖ്ഹ് ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നതിന്റെ വിധിയെന്ത്?

ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നതിന്റെ വിധിയെന്ത്?

ചോദ്യം: കുട്ടിക്കാലം മുതല്‍ക്കെ ഞങ്ങള്‍ ഖിബ്‌ലയിലേക്ക് കാല്‍ നീട്ടാതിരിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ഇപ്പോള്‍ വലുതായ സമയത്ത് അതിന്റെ ഇസ്ലാമിക വിധി എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നതിന്റെ വിധിയെന്താണ്?

മറുപടി: ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നത് കറാഹത്താണെന്ന് (വെറുക്കപ്പെട്ടത്) പ്രവാചക സുന്നത്തില്‍നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍, മയ്യിത്തിന്റെ കാല്‍ ഖിബ്‌ലയിലേക്ക് നീട്ടിവെക്കുന്നത് സുന്നത്താണ്. വിശിഷ്ട വ്യക്തികള്‍ക്ക് നേരെ കാല്‍ നീട്ടുന്നത് ഉര്‍ഫ് (നടപ്പുരീതി, നാട്ടുശീലം) പരിഗണിച്ച് മോശമായി കാണാറുണ്ട്. എന്നാല്‍, അത് വെറുക്കപ്പെട്ടതോ നിഷിദ്ധമോ അല്ല. കാരണം കറാഹത്തും തഹ്‌രീമും തെളിവുകള്‍ കൊണ്ട് സ്ഥരിപ്പെടുന്ന ശറഈയായ വിധികളാണ്.

അല്ലാമ ഇബ്നു മുഫ്‌ലിഹ് ‘അല്‍ആദാബ് അശ്ശറഇയ്യ’യില്‍ പറയുന്നു: ‘ഉറക്കത്തിലും അല്ലാത്തപ്പോഴും ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നത് വെറുക്കപ്പെട്ടതാണെന്ന് ഹനഫീ മദ്ഹബിലെ ഒന്നില്‍ കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.’

ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നതില്‍ പ്രശനമില്ലെന്ന് ഇബ്നു ബാസ് അഭിപ്രായപ്പെടുന്നു. അത് മസ്ജിദുല്‍ ഹറാമില്‍ ഖിബ്‌ലക്ക് നേരെയാണെങ്കിലും. പ്രവാചകന്‍(സ) കഅ്ബയിലേക്ക് മുതുക് ചാരി ഇരിന്നിട്ടുണ്ട്.

ഖിബ്‌ലയിലേക്ക് കാല്‍ നീട്ടിയിരുക്കുന്നത് ഖിബ്‌ലയോട് കാണിക്കുന്ന അനാദരവാണെന്ന് ചിലര്‍ കാണുന്നു. അത് ശരിയല്ല. കാരണം, ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നത് അനുവദനീയമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. കിടപ്പ് രോഗിയെ കിടത്തേണ്ടത് ഖിബ്‌ലയിലേക്ക് കാല്‍ നീട്ടിവെച്ചുകൊണ്ടായിരക്കണമെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കുന്നു. അതുപോലെ, മയ്യിത്തിനെ കിടത്തേണ്ടതും, മറമാടേണ്ടതും ഖിബ്‌ലക്ക് നേരെയാണന്നും പണ്ഡിതര്‍ പറയുന്നുണ്ട്. ഖിബ്‌ലക്ക് നേരെ കാല്‍ നീട്ടുന്നത് നിഷിദ്ധമാണെങ്കില്‍ അല്ലെങ്കില്‍ ഖിബ്‌ലയോട് കാണിക്കുന്ന അനാദരവാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഖിബ്‌ലയിലേക്ക് നീട്ടുന്നത് എങ്ങനെ അനുവദനീയമാകും.

ഉറങ്ങുന്ന സമയത്ത് ഖിബ്‌ലയിലേക്ക് കാല്‍ വെക്കുന്നതിനെ കുറിച്ച് ഇബ്നു ഉസൈമീന്‍ ചോദിക്കപ്പെട്ടു: ‘ഖിബ്‌ലക്ക് നേരെ കാല്‍ വെച്ച് ഉറങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല.’ (ഫതാവ ഇബ്നു ഉസൈമീന്‍: 976/2)

error: Content is protected !!