Friday, April 26, 2024
Homeകച്ചവടംപൂച്ചയെ വിൽക്കുന്നതും വാങ്ങുന്നതും?

പൂച്ചയെ വിൽക്കുന്നതും വാങ്ങുന്നതും?

ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?

മറുപടി: പൂച്ചയെ വിൽക്കുന്നത് അനുവദനീയമാണെന്നാണ് അധിക പണ്ഡിതരും കാണുന്നത്. ചില പണ്ഡിതർ – ദാഹിരികൾ, ഇമാം അഹ്മദിനെ തൊട്ട് ഒരു റിപ്പോർട്ട്, അബൂഹുറൈറയിൽ നിന്ന് ഇബ്‌നു മുൻദിർ റിപ്പോർട്ട് ചെയ്യുന്നത് – നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, പൂച്ചയെ വിൽക്കുന്നത് നിഷിദ്ധമാണെന്ന അഭിപ്രായമാണ് പ്രബലമായിട്ടുള്ളത്. പൂച്ചയെ വിൽക്കുന്നത് നിഷിദ്ധമാണെന്ന് അല്ലാഹുവിന്റെ റസൂലിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന് വിരുദ്ധമായതൊന്നും കാണാൻ കഴിയുന്നില്ല. മുസ്‌ലിം (1569), അബൂ സുബൈറിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ‘അദ്ദേഹം പറയുന്നു: പൂച്ചയുടെയും നായയുടെയും വിലയെ (വിൽക്കുന്നത്) സംബന്ധിച്ച് ഞാൻ ജാബിറിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അത് പ്രവാചകൻ(സ) നിഷിദ്ധമാക്കിയിരുന്നു.’ അബൂ ദാവൂദ് (3479), തുർമുദി (1279), ജാബിർ ബിൻ അബ്ദുല്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: ‘നായക്കും പൂച്ചക്കും വില നിർണയിക്കുന്നത് (വിൽക്കുന്നത്) അല്ലാഹുവിന്റെ റസൂൽ നിഷിദ്ധമാക്കിയിരിക്കുന്നു.’ അൽബാനി സ്വഹീഹ് അബൂദാവൂദിൽ ഹദീസ് സ്വഹീഹാണെന്ന് അഭിപ്രായപ്പെടുന്നു. (ഹദീസിൽ വന്നിട്ടുള്ള ‘സിന്നൗർ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൂച്ചയാണ്.)

ചില പണ്ഡിതർ ഈ ഹദീസ് ദുർബലമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, അവരുടെ അഭിപ്രായം തള്ളിക്കളയേണ്ടതാണ്. ഇമാം നവവി അൽമജ്മൂഇൽ (9/269) പറയുന്നു: ‘എന്നാൽ, ഖത്വാബിയും ഇബ്‌നു മുൻദിറും ഹദീസ് ദുർബലമാണെന്ന് പറഞ്ഞത് അവർക്ക് അബദ്ധം പിണഞ്ഞതാണ്. കാരണം, സ്വഹീഹ് മുസ്‌ലിമിലെ ഹദീസ് സ്വഹീഹായ പരമ്പരയോടെയാണ് വന്നിട്ടുള്ളത്.’

ഹദീസിലെ നഹ്‌യിനെ (നിരോധത്തെ) കറാഹത്തു തൻസീഹായി (പൂർണാർഥത്തിലുള്ള നിഷിദ്ധമല്ല, ചെറിയ രീതിയിൽ വിലക്കിയത്) കാണുന്ന ഭൂരിപക്ഷ പണ്ഡിതർക്ക് മറുപടി ഇമാം ശൗക്കാനി നൈലുൽ അൗത്താറിൽ (6/227) നൽകുന്നുണ്ട്. പൂച്ചയെ വിൽക്കുകയെന്നത് നല്ല സ്വഭാവവും നല്ല ശീലവുമല്ല. അദ്ദേഹം പറയുന്നു: ‘ഒരാവശ്യവുമില്ലാതെ അതിന്റെ യഥാർഥ അർഥത്തിൽ നിന്ന് നഹ്‌യിനെ പുറത്തുകൊണ്ടുവരികയാണെന്നത് കൃത്യമാണ്.’

സാദുൽ മആദിൽ (5/773) ഇബ്‌നുൽ ഖയ്യിം നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘അപ്രകാരം അബൂഹുറൈറ(റ) ഫത്‌വ നൽകിയിരിക്കുന്നു. ഇതാണ് ത്വാവൂസിന്റെയും, മുജാഹിദിന്റെയും, ജാബിർ ബിൻ സൈദിന്റെയും, മുഴുവൻ ദാഹിരികളുടെയും അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള രണ്ട് റിപ്പോർട്ടുകളിൽ ഒന്നുമാണിത്. ഈ സ്വഹീഹായ ഹദീസിനെ അടിസ്ഥാനപ്പെടുത്തി അതാണ് ശരിയായ അഭിപ്രായം. അതിനോട് വിരുദ്ധമാകുന്നില്ലെങ്കിൽ അത് പറയൽ നിർബന്ധവുമാണ്.’

ഇബ്‌നു മുൻദിർ പറയുന്നു: ‘അതിനെ (പൂച്ചയെ) വിൽക്കുന്നത് അല്ലാഹുവിന്റെ റസൂലിൽ നിന്ന് നിഷിദ്ധമാണെന്ന് സ്ഥിരപ്പെടുകയാണെങ്കിൽ അത് ബാത്വിലാണ്. അല്ലെങ്കിൽ അനുവദനീയമാണ്.’ (അൽമജ്മൂഅ്: 9/269)
മുമ്പ് സ്വഹീഹ് മുസ്‌ലിമിൽ വന്നതുപോലെ, പൂച്ചയെ വിൽക്കുന്നത് നിഷിദ്ധമാണെന്നത് സ്ഥിരപ്പെട്ടതാണ്.

ഫതാവ അല്ലജ്‌ന അദ്ദാഇമയിൽ (13/37) ഇപ്രകാരം കാണാവുന്നതാണ്: ‘പൂച്ച, നായ, കുരങ്ങൻ, മറ്റു തേറ്റയുള്ള മൃഗങ്ങൾ എന്നിവ വിൽക്കുന്നത് അനുവദനീയമല്ല. കാരണം പ്രവാചകൻ(സ) വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിഷിദ്ധാക്കിയിരിക്കുന്നത് പണം ദുർവ്യയം ചെയ്യുകയെന്നതിനാലാണ്. അല്ലാഹുവിന്റെ റസൂൽ അത് വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു.’

അവലംബം: islamqa.info
വിവ- അർശദ് കാരക്കാട്

Recent Posts

Related Posts

error: Content is protected !!